ലൈന്‍ ട്രാഫിക്കില്‍ ബോധവത്ക്കരണം
സംസ്ഥാനത്തെ ഗതാഗതം സുഗമമാക്കുന്നതിനായി ചേര്‍ത്തല മുതല്‍ വാളയാര്‍ വരെ മോട്ടോര്‍ വാഹന വകുപ്പ് നടപ്പാക്കുന്ന ലൈന്‍ ട്രാഫിക്കിന്റെ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കമായി. ദേശീയപാതയില്‍ നാല് വരിപ്പാതയിലും ആറ് വരിപ്പാതയിലും വാഹനം ഓടിക്കുമ്പോള്‍ പാലിക്കേണ്ട നിയമങ്ങള്‍ സംബന്ധിച്ചുള്ള ലൈന്‍ ട്രാഫിക് ലഘുലേഖകള്‍ ഡ്രൈവര്‍മാര്‍ക്ക് വിതരണം ചെയ്താണ് ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഇന്നലെ (ജനുവരി ഏഴ്) പെട്രോള്‍ പമ്പുകള്‍ കേന്ദ്രീകരിച്ചാണ് ബോധവത്ക്കരണം ആരംഭിച്ചത്. ജില്ലയില്‍ ദേശീയപാത വാളയാര്‍ മുതല്‍ വടക്കഞ്ചേരി വരെയാണ് ലൈന്‍ ട്രാഫിക് നടപ്പാക്കുന്നത്. വേഗം കുറച്ച് സഞ്ചരിക്കേണ്ട ട്രക്ക്, ബസ്, കോണ്‍ട്രാക്ട് ക്യാരേജ് വാഹനങ്ങള്‍ ഉള്‍പ്പെടുന്ന വലിയ വാഹനങ്ങള്‍ റോഡിന്റെ ഇടതുവശം ചേര്‍ന്നാണ് പോകേണ്ടത്. ചെറുവാഹനങ്ങള്‍ സര്‍വീസ് റോഡുകള്‍ ആശ്രയിക്കണം തുടങ്ങിയ നിര്‍ദേശങ്ങള്‍ ബോധവത്ക്കരണത്തിലൂടെ നല്‍കുന്നുണ്ട്.
ലൈന്‍ ട്രാഫിക് നിര്‍ദേശങ്ങള്‍
* റോഡില്‍ പ്രത്യേകം ലൈനുകള്‍ വരച്ചിട്ടുണ്ടെങ്കില്‍ ഡ്രൈവര്‍ തന്റെ വാഹനം ലൈനിനുള്ളില്‍ കൂടി ഓടിക്കണം. ഒരു ലൈനില്‍ നിന്നും അടുത്ത ലൈനിലേക്ക് മാറുമ്പോള്‍ ശരിയായ സിഗ്നല്‍ കാണിച്ചുകൊണ്ട് മാറണം.
* ഒരു ലൈനില്‍ ഏതെങ്കിലും പ്രത്യേകതരം വാഹനങ്ങള്‍ക്ക് മാത്രം പോകാന്‍ അടയാളപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ആ ലൈനില്‍ കൂടി മാത്രമേ ഓടിക്കാവൂ.
* ഏതെങ്കിലും ലൈന്‍ പ്രത്യേകതരം വാഹനങ്ങള്‍ക്ക് മാത്രം പോകാന്‍ അടയാളപ്പെടുത്തിയിട്ടുണ്ടെങ്കില്‍ മറ്റ് വാഹനങ്ങള്‍ അതുവഴി പോകരുത്.
* ടേണിങ് ലൈന്‍ മാര്‍ക്ക് ചെയ്തിട്ടുള്ള ഒരു ഇന്റര്‍ സെക്ഷനിലേക്ക് നിശ്ചലമായിട്ടുള്ള ലൈനാണ് വാഹനത്തിന്റെ സ്ഥാനം എന്ന് ഉറപ്പാക്കണം.
* റോഡിന് നെടുകെ വരച്ചിട്ടുള്ള ഒറ്റ അല്ലെങ്കില്‍ ഇരട്ട വരയുടെയോ പെയിന്റ് ചെയ്തിട്ടുള്ള ട്രാഫിക് ഐലന്റിന്റെയോ മുകളില്‍ കൂടി ഏതെങ്കിലും തടസം ഒഴിവാക്കുന്നതിന് വേണ്ടി അല്ലാതെ മറ്റു സന്ദര്‍ഭങ്ങളില്‍ വാഹനം എടുക്കാന്‍ പാടില്ല.
* ഇടവിട്ട വരയും തുടര്‍ച്ചയായ വരയും പാരലലായി വരച്ചിട്ടുള്ള റോഡില്‍ വാഹനമെടുക്കുമ്പോള്‍ ഇടവിട്ട വരയുടെ ഇടത്ഭാഗത്ത് വാഹനങ്ങള്‍ക്ക് ഓവര്‍ടേക്ക് സമയത്ത് വര മുറിച്ച് വലത് ഭാഗത്തേക്ക് കടക്കാം. എന്നാല്‍ ഓവര്‍ടേക്കിന് ശേഷം റെഗുലേഷന്‍ 12 ല്‍ പറയുന്ന പ്രകാരം സുരക്ഷ മുന്‍കരുതലുകള്‍ എടുത്ത് ഇടത് ഭാഗത്തേക്ക് തിരികെ വരണം.
ജില്ലാ ആസൂത്രണ സമിതി യോഗം 11 ന്
കേരള ഖരമാലിന്യ സംസ്‌കരണ പദ്ധതി പ്രകാരം ജില്ലയിലെ നഗരസഭകള്‍ തയ്യാറാക്കിയ പദ്ധതികള്‍ക്കായി പ്രത്യേക ജില്ലാ ആസൂത്രണ സമിതി യോഗം ജനുവരി 11 ന് വൈകിട്ട് മൂന്നിന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. കേരള ഖരമാലിന്യ സംസ്‌കരണ പദ്ധതി പ്രകാരം പ്രൊജക്ടുകള്‍ വെച്ചിട്ടുള്ള നഗരസഭാ സ്ഥാപനങ്ങള്‍ പദ്ധതികള്‍ ഓണ്‍ലൈനായും വിശദാംശങ്ങള്‍ ഹാര്‍ഡ് കോപ്പിയായും ജനുവരി ഒന്‍പതിന് വൈകിട്ട് അഞ്ചിനകം ജില്ലാ പ്ലാനിങ് ഓഫീസില്‍ നല്‍കണം. ഡി.പി.സിക്ക് അംഗീകാരത്തിനായി പ്രൊജക്ടുകള്‍ നല്‍കിയിട്ടുള്ള സ്ഥാപനത്തിന്റെ അധ്യക്ഷന്മാരും സെക്രട്ടറിമാരും വിശദാംശങ്ങള്‍ സഹിതം യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
ലാബ് ഉപകരണങ്ങള്‍ വാങ്ങുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു
പെരിങ്ങോട്ടുകുറിശ്ശി ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹയര്‍ വിദ്യാഭ്യാസ വകുപ്പില്‍ നിന്നും അനുവദിച്ച രണ്ട് ലക്ഷം രൂപ വിനിയോഗിച്ച് ലാബ് ഉപകരണങ്ങള്‍ വാങ്ങുന്നതിന് അംഗീകൃത ഏജന്‍സി/സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ഉപകരണങ്ങളുടെ പട്ടിക ടെന്‍ഡര്‍ ഫോമിനോടൊപ്പം സ്‌കൂള്‍ ഓഫീസില്‍ നിന്നും ലഭിക്കും. നിരതദ്രവ്യം 2000 രൂപ. ടെന്‍ഡര്‍ ഫോം വില 400 രൂപ. ജനുവരി 19 ന് ഉച്ചയ്ക്ക് ഒന്ന് വരെ ടെന്‍ഡറുകള്‍ സ്വീകരിക്കും. അന്നേദിവസം ഉച്ചയ്ക്ക് രണ്ടിന് ടെന്‍ഡര്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ പ്രവര്‍ത്തിദിവസങ്ങളില്‍ സ്‌കൂള്‍ ഓഫീസില്‍ നിന്നും ലഭിക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 8075167364.
മെഡിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു
ആരോഗ്യകേരളം പാലക്കാട് മുഖേന ജില്ലയിലെ പ്രധാന ആശുപത്രികളിലേക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ആരോഗ്യ കേരളം ജില്ലാ ഓഫീസില്‍ ജനുവരി ഒന്‍പതിന് രാവിലെ 10 മുതല്‍ ടെന്‍ഡര്‍ ഫോമുകള്‍ വിതരണം ചെയ്യും. ടെന്‍ഡറുകള്‍ ജനുവരി 20 ന് ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കുമെന്ന് എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു. ഫോണ്‍: 0491 2504695.
ലാബ് ഉപകരണങ്ങള്‍ വാങ്ങുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു
വെള്ളിനേഴി ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ട് ലക്ഷം രൂപ വിനിയോഗിച്ച് ലാബ് ഉപകരണങ്ങള്‍ വാങ്ങുന്നതിന് അംഗീകൃത ഏജന്‍സി/സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. നിര്‍ദിഷ്ട പട്ടികപ്രകാരം ആവശ്യപ്പെടുന്ന ഉപകരണങ്ങള്‍ നിശ്ചിത സമയത്തിനകം നല്‍കണം. നിരതദ്രവ്യം 2000 രൂപ. ടെന്‍ഡര്‍ ഫോം വില 400 രൂപ. ജനുവരി 25 ന് ഉച്ചയ്ക്ക് ഒന്ന് വരെ ടെന്‍ഡറുകള്‍ സ്വീകരിക്കും. അന്നേദിവസം വൈകിട്ട് മൂന്നിന് ടെന്‍ഡര്‍ തുറക്കും. വിശദ വിവരങ്ങള്‍ സ്‌കൂള്‍ ഓഫീസില്‍ നിന്നും ലഭിക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 9447537381.