സമ്മതിദാനം വിനിയോഗിച്ച് കരുത്തുറ്റ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകണം: ജില്ലാ കളക്ടര്‍
പത്തനംതിട്ട: സമ്മതിദാനം വിനിയോഗിക്കുന്നതിലൂടെ നമ്മള് ഓരോരുത്തരും കരുത്തുറ്റ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ദേശീയ സമ്മതിദായക ദിനാഘോഷത്തിന്റെ ഉദ്ഘാടനം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍. നമ്മുടെ രാജ്യത്തിന്റെ നിലനില്പിന്റെ അടിസ്ഥാനം ജനാധിപത്യമാണ്. ജനാധിപത്യമില്ലാത്ത ഒരു കാലഘട്ടത്തെ കുറിച്ച് ആലോചിക്കാന്‍ കഴിയില്ല. അത്രത്തോളം ജനാധിപത്യത്തില്‍ വേരൂന്നി നാം അതിന്റെ ഗുണഭോക്താക്കളായി മാറിക്കഴിഞ്ഞു. ദേശീയ സമ്മതിദായക ദിനാചരണം എന്നതിന് അപ്പുറം ഈ ദിവസം ആഘോഷമായി മാറുന്നതും അതുകൊണ്ടാണ്. ജനാധിപത്യത്തെ കാര്യക്ഷമമാക്കാനും നീതിബോധത്തോടെ എല്ലാവരിലേക്കും അതിന്റെ നന്മ എത്തിക്കുവാനും വ്യക്തിപരമായി എന്ത് സംഭാവന നല്കാന് കഴിയുമെന്നും ഈ ദിവസം നാം ചിന്തിക്കണം.
ജനിച്ച് വീഴുന്ന സമയം മുതല്‍ നാം ഈ ജനാധിപത്യത്തിന്റെ ഭാഗമാണ്. അതിന്റെ മൂല്യം തിരിച്ചറിഞ്ഞ് ഓരോ ദിവസവും ആഘോഷമാക്കുന്നതിനൊപ്പം ജനാധിപത്യത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കാമെന്ന് കൂടി പ്രതിജ്ഞയെടുക്കണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. ചടങ്ങില്‍ മികച്ച ബില്‍ഒ, ഇഎല്‍സിമാരായി തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കും ക്വിസ് മത്സര വിജയികള്‍ക്കുമുള്ള സമ്മാനവിതരണം ജില്ലാകളക്ടര്‍ നിര്‍വഹിച്ചു.
കരുത്തുള്ള ജനാധിപത്യത്തിന് എല്ലാ മേഖലകളിലുള്ളവരുടേയും പങ്കാളിത്തം ആവശ്യമാണെന്ന് അധ്യക്ഷത വഹിച്ച് സംസാരിച്ച എഡിഎം ബി. രാധകൃഷ്ണന് പറഞ്ഞു. 1950 ജനുവരി 25 നാണ് തിരഞ്ഞെടുപ്പ് കമ്മിഷന് ഇന്ത്യയില്‍ നിലവില്‍ വന്നത്. അതിന്റെ ഓര്‍മ്മ പുതുക്കലാണ് ദേശീയ സമ്മതിദായക ദിനമായി ആചരിക്കുന്നത്. ഒരു വോട്ട് പോലും നഷ്ടപ്പെടരുതെന്നും അതിനായുള്ള അവബോധം സൃഷ്ടിക്കലാണ് ഈ ദിവസത്തിന്റെ പ്രാധാന്യമെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ ബാഡ്മിന്റണ്‍ താരം അപര്‍ണ ബാലന് വിശിഷ്ടാതിഥി ആയിരുന്നു. ഇലക്ഷന് ഡെപ്യുട്ടി കളക്ടര്‍ ആര്. രാജലക്ഷ്മി സമ്മതിദായകരുടെ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കോഴഞ്ചേരി തഹസില്‍ദാരും ഇആര്‍ഒയുമായ ജോണ്‍ സാം, ഇലക്ടറല്‍ ലിറ്ററസി ക്ലബ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പ്രൊഫ. വിവേക് ജേക്കബ് ഏബ്രഹാം, കെഎഎസ് ഉദ്യോഗസ്ഥരായ രാരാ രാജ്, രാഹുല്‍ എ. രാജ്, എഡിസി ജനറലും സ്വീപ് നോഡല്‍ ഓഫീസറുമായ കെ.ഇ. വിനോദ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഫോട്ടോ: വോട്ടേഴ്സ് ഡേ – ദേശീയ സമ്മതിദായക ദിനാഘോഷത്തിന്റെ ഉദ്ഘാടനം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിച്ച് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ സംസാരിക്കുന്നു.