Input your search keywords and press Enter.

ഏകമകൻ ലഹരിക്ക് അടിമ: തിരുവല്ലയില്‍ ദമ്പതികൾ കാറിനുള്ളില്‍ ആത്മഹത്യ ചെയ്തു

ഏകമകൻ ലഹരിക്ക് അടിമ: തിരുവല്ലയില്‍ ദമ്പതികൾ കാറിനുള്ളില്‍ ആത്മഹത്യ ചെയ്തു

പത്തനംതിട്ട: തിരുവല്ല വേങ്ങലിൽ കാറിന് തീപിടിച്ച് ദമ്പതികൾ മരിച്ച സംഭവത്തിൽ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. ഏകമകൻ ലഹരിക്ക് അടിമയായതിന്‍റെ മനോവിഷമം കാരണം ജീവനൊടുക്കുന്നുവെന്നാണ് ആത്മഹത്യാ കുറിപ്പിലുള്ളത്. തിരുവല്ല തുകലശേരി വേങ്ങശേരിൽ രാജു തോമസ് ജോർജ് (69), ഭാര്യ ലൈജി തോമസ് (63) എന്നിവരാണ് മരിച്ചത്.

ഏക മകൻ സ്വകാര്യ ലഹരി വിമുക്ത കേന്ദ്രത്തിൽ ചികിത്സയിൽ കഴിയുകയാണ്. ഇനി ചികിത്സിക്കാൻ പണം ഇല്ലെന്നും പോലീസ് ഇടപെട്ട് തുടർചികിത്സ നൽകണമെന്നും ആത്മഹത്യാ കുറപ്പിൽ പറയുന്നു. മരണത്തിന് മറ്റാരും ഉത്തരവാദികളല്ലെന്നും ദമ്പതികൾ ആത്മഹത്യാക്കുറിപ്പിൽ വെളിപ്പെടുത്തുന്നു. ദമ്പതികളുടെ വീട്ടിൽ നിന്നാണ് കുറിപ്പ് കണ്ടെടുത്തത്. തിരുവല്ല വേങ്ങലിൽ പാടത്തോട് ചേര്‍ന്ന ഒറ്റപ്പെട്ട റോഡിലാണ് തീപിടിച്ച കാർ കണ്ടെത്തിയത്. കാറിനുള്ളിൽ നിന്നു തന്നെയാണ് തീ പടർന്നതെന്നാണ് പോലീസ് കരുതുന്നത് . ആളൊഴിഞ്ഞ പ്രദേശത്തേക്ക് ദമ്പതികൾ എന്തിനെത്തി എന്നതിൽ പോലീസിന് സംശയങ്ങളുണ്ടായിരുന്നു. പിന്നീട് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ഇവർ ജീവനൊടുക്കിയതാവാനാണ് സാധ്യതയെന്ന നിഗമനത്തിലേക്ക് പോലീസ് എത്തിയത്.

മകന്‍റെ മദ്യപാന ശീലം അതിനെ തുടര്‍ന്ന് ഉണ്ടായ ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ, വീട് ജപ്തി തുടങ്ങിയ പ്രശ്നങ്ങളാണ് ദമ്പതികളെ ആത്മഹത്യയിലേക്ക് നയിച്ചത് എന്ന് ബന്ധുക്കളും ചൂണ്ടിക്കാട്ടിയിരുന്നു.

ഇന്ന് ഉച്ചയോടെ വേങ്ങലിൽ പട്രോളിങ് നടത്തുകയായിരുന്ന പോലീസുകാരാണ് കാറിന് തീപിടിച്ചത് കണ്ടത്. പിന്നാലെ വിവരം ഫയർ ഫോഴ്സിനെ അറിയിച്ചു. ഫയർ ഫോഴ്സ് എത്തി തീ അണച്ചെങ്കിലും അപ്പോഴേക്കും കാർ പൂർണമായും കത്തി നശിച്ചിരുന്നു. ഈ സമയത്താണ് കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ 2 മൃതദേഹങ്ങൾ കണ്ടെത്തിയത്. കാറിന്‍റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് രാജു തോമസും ഭാര്യ ലൈജിയുമാണെന്ന് തിരിച്ചറിഞ്ഞത്.

error: Content is protected !!