Input your search keywords and press Enter.

കേന്ദ്ര മന്ത്രിസഭ തീരുമാനങ്ങള്‍ ( 04/10/2024 )

കേന്ദ്ര മന്ത്രിസഭ തീരുമാനങ്ങള്‍ ( 04/10/2024 )

പ്രധാന തുറമുഖങ്ങള്‍, ഡോക്ക് ലേബര്‍ ബോര്‍ഡ് ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും 2020-21 മുതല്‍ 2025-26 വരെയുള്ള പരിഷ്‌കരിച്ച ഉല്‍പ്പാദന ബന്ധിത പാരിതോഷികം (പി.എല്‍.ആര്‍) പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

 

പ്രധാന തുറമുഖങ്ങള്‍, ഡോക്ക് ലേബര്‍ ബോര്‍ഡ് ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും 2020-21 മുതല്‍ 2025-26 വരെയുള്ള കാലത്തേയ്ക്ക് നിലവിലുള്ള ഉല്‍പ്പാദന ബന്ധിത പാരിതോഷിക (പി.എല്‍.ആര്‍) പദ്ധതി പരിഷ്‌ക്കരിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

2020-21 മുതല്‍ 2025-26 വരെ ബാധകമായ പരിഷ്‌ക്കരിച്ച പി.എല്‍.ആര്‍ പദ്ധതി പ്രധാന പോര്‍ട്ട് അതോറിറ്റികളിലെയും ഡോക്ക് ലേബര്‍ ബോര്‍ഡിലെയും ജീവനക്കാരും തൊഴിലാളികളികളുമായ ഏകദേശം 20,704 ജീവനക്കാര്‍ക്ക് പ്രയോജനം ചെയ്യും. ഈ കാലയളവിലെയാകെ മൊത്തം സാമ്പത്തിക ആഘാതം ഏകദേശം 200 കോടി രൂപയായിരിക്കും.

2020-21 മുതല്‍ 2025-26 വരെയുള്ള വര്‍ഷങ്ങളില്‍ എല്ലാ പ്രധാന തുറമുഖ അതോറിറ്റികള്‍ക്കും ഡോക്ക് ലേബര്‍ ബോര്‍ഡ് ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കുമുള്ള ഉല്‍പ്പാദന ബന്ധിത പാരിതോഷികത്തി (പി.എല്‍.ആര്‍) ല്‍ തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയം മാറ്റം വരുത്തിയിട്ടുണ്ട്. പി.എല്‍.ആര്‍ കണക്കാക്കുന്നതിനുള്ള വെയിറ്റേജ് അഖിലേന്ത്യാ പ്രകടനത്തിന് പകരം തുറമുഖ അടിസ്ഥാന പ്രകടനമായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പ്രതിമാസം 7000 രൂപ ബോണസ് കണക്കാക്കുന്നതിന് വേണ്ടിയുള്ള ശമ്പള പരിധിയിലാണ് ഉല്‍പ്പാദന ബന്ധിത പാരിതോഷികവും കണക്കാക്കുന്നത്. തുറമുഖ നിര്‍ദ്ദിഷ്ട പ്രകടന വെയ്‌റ്റേജ് 50% ല്‍ നിന്ന് 55% ആക്കിയും തുടര്‍ന്ന് 60% ആക്കി വര്‍ദ്ധിപ്പിച്ചുകൊണ്ടും പ്രതിവര്‍ഷം പി.എല്‍.ആര്‍ നല്‍കും. ഓള്‍ ഇന്ത്യ പോര്‍ട്ട് പെര്‍ഫോമന്‍സ് വെയ്‌റ്റേജ് 2025-26 വരെയുള്ള കാലയളവില്‍ 40% ആയി കുറയും, ഓള്‍ ഇന്ത്യ പോര്‍ട്ട് പ്രകടനത്തിനും നിര്‍ദ്ദിഷ്ട തുറമുഖ പ്രകടനത്തിനും നിലവിലുള്ള 50% തുല്യ വെയിറ്റേജിന് പകരമാണ് ഇത്. നിര്‍ദിഷ്ട പരിഷ്‌ക്കരണം പ്രധാന തുറമുഖങ്ങള്‍ തമ്മിലുള്ള മത്സരത്തോടൊപ്പം കാര്യക്ഷമത ഘടകവും കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു.

ഈ പി.എല്‍.ആര്‍ പദ്ധതി മികച്ച ഉല്‍പ്പാദനക്ഷമത ഉത്തേജിപ്പിക്കുന്നതിന് പുറമെ, തുറമുഖ മേഖലയില്‍ മികച്ച വ്യാവസായിക ബന്ധവും യോജിച്ച തൊഴില്‍ അന്തരീക്ഷവും വളര്‍ത്തും.

മേജര്‍ പോര്‍ട്ട് ട്രസ്റ്റുകളിലെയും ഡോക്ക് ലേബര്‍ ബോര്‍ഡിലെയും ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കുമായി നിലവിലുള്ള ഒരു പദ്ധതിയാണ് ഉല്‍പ്പാദന ബന്ധിത പാരിതോഷികം (പി.എല്‍.ആര്‍). മാനേജ്‌മെന്റും ലേബര്‍ ഫെഡറേഷനും തമ്മിലുള്ള ഒത്തുതീര്‍പ്പിന്റെ അടിസ്ഥാനത്തില്‍ ജീവനക്കാര്‍ക്ക്/തൊഴിലാളികള്‍ക്ക് വാര്‍ഷികാടിസ്ഥാനത്തില്‍ പ്രധാന തുറമുഖ അതോറിറ്റികള്‍ സാമ്പത്തിക പ്രതിഫലം അനുവദിക്കും.

റെയില്‍വേ ജീവനക്കാര്‍ക്ക് 78 ദിവസത്തെ ഉല്‍പ്പാദന ബന്ധിത ബോണസ് (പി.എല്‍.ബി) അംഗീകരിച്ച് കേന്ദ്ര മന്ത്രിസഭ പ്രഖ്യാപിച്ചു

 

റെയില്‍വേ ജീവനക്കാരുടെ മികച്ച പ്രകടനത്തെ മാനിച്ച്, 11,72,240 റെയില്‍വേ ജീവനക്കാര്‍ക്ക് 78 ദിവസത്തെ പി.എല്‍.ബിയായി 2028.57 കോടിരൂപ നല്‍കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

ട്രാക്ക് പരിപാലകര്‍, ലോക്കോ പൈലറ്റുമാര്‍, ട്രെയിന്‍ മാനേജര്‍മാര്‍ (ഗാര്‍ഡുകള്‍), സ്‌റ്റേഷന്‍ മാസ്റ്റര്‍മാര്‍, സൂപ്പര്‍വൈസര്‍മാര്‍, ടെക്നീഷ്യന്‍മാര്‍, സാങ്കേതിക സഹായികള്‍, പോയിന്റ്സ്മാന്‍, മിനിസ്റ്റീരിയല്‍ സ്റ്റാഫ്, മറ്റ് ഗ്രൂപ്പ് സി ജീവനക്കാര്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലെ റെയില്‍വേ ജീവനക്കാര്‍ക്കാണ് ഈ തുക നല്‍കുന്നത്. റെയില്‍വേയുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കുന്നതിന് റെയില്‍വേ ജീവനക്കാരെ പ്രചോദിപ്പിക്കുന്നതിനുള്ള ഒരു പ്രോത്സാഹനമായാണ് പി.എല്‍.ബി നല്‍കുന്നത്.

ഓരോ വര്‍ഷവും ദുര്‍ഗാ പൂജ/ദസറ അവധിക്ക് മുമ്പാണ് അര്‍ഹരായ റെയില്‍വേ ജീവനക്കാര്‍ക്കുള്ള പി.എല്‍.ബി തുക നല്‍കുന്നത്. ഈ വര്‍ഷവും ഏകദേശം 11.72 ലക്ഷം നോണ്‍ ഗസറ്റഡ് റെയില്‍വേ ജീവനക്കാര്‍ക്ക് 78 ദിവസത്തെ വേതനത്തിന് തുല്യമായ പി.എല്‍.ബി തുക നല്‍കും.

അര്‍ഹതയുള്ള ഒരു റെയില്‍വേ ജീവനക്കാരന് 78 ദിവസത്തേക്ക് നല്‍കാവുന്ന പരമാവധി തുക 17,951/ രൂപയാണ്. ട്രാക്ക് പരിപാലകര്‍, ലോക്കോ പൈലറ്റുമാര്‍, ട്രെയിന്‍ മാനേജര്‍മാര്‍ (ഗാര്‍ഡുകള്‍), സ്‌റ്റേഷന്‍ മാസ്റ്റര്‍മാര്‍, സൂപ്പര്‍വൈസര്‍മാര്‍, ടെക്നീഷ്യന്‍മാര്‍, സാങ്കേതിക സഹായികള്‍, പോയിന്റ്സ്മാന്‍, മിനിസ്റ്റീരിയല്‍ സ്റ്റാഫ്, മറ്റ് ഗ്രൂപ്പ് സി ജീവനക്കാര്‍ തുടങ്ങിയ വിവിധ വിഭാഗങ്ങള്‍ക്ക് മുകളില്‍ പറഞ്ഞ തുക നല്‍കും.

റെയില്‍വേ 2023-2024 വര്‍ഷത്തില്‍ റെയില്‍വേയുടെ പ്രകടനം വളരെ മികച്ചതായിരുന്നു. 1588 ദശലക്ഷം ടണ്‍ ചരക്ക് കയറ്റി റെക്കാര്‍ഡിടുകയും ഏകദേശം 6.7 ബില്യണ്‍ യാത്രക്കാരെ വഹിച്ചുകൊണ്ടുപോകുകയും ചെയ്തിട്ടുണ്ട്.

ഈ റെക്കോര്‍ഡ് പ്രകടനത്തിന് നിരവധി ഘടകങ്ങള്‍ സംഭാവന നല്‍കിയിട്ടുണ്ട്. ഗവണ്‍മെന്റ് റെയില്‍വേയില്‍ നിവേശിപ്പിച്ച റെക്കോഡ് കാപെക്സ് കാരണം അടിസ്ഥാന സൗകര്യങ്ങളിലുണ്ടായ പുരോഗതി, പ്രവര്‍ത്തനങ്ങളിലെ കാര്യക്ഷമത, മികച്ച സാങ്കേതികവിദ്യ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.

മറാഠി, പാലി, പ്രാകൃത്, അസമീസ്, ബംഗാളി ഭാഷകൾക്കു ശ്രേഷ്ഠഭാഷാപദവി നൽകുന്നതിനു കേന്ദ്രമന്ത്രിസഭാംഗീകാരം

മറാഠി, പാലി, പ്രാകൃത്, അസമീസ്, ബംഗാളി ഭാഷകൾക്ക് ശ്രേഷ്ഠഭാഷാപദവി നൽകുന്നതിനു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്നുചേർന്ന കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നൽകി. ഓരോ സമൂഹത്തിന്റെയും ചരിത്രപരവും സാംസ്കാരികവുമായ നാഴികക്കല്ലിന്റെ സത്ത ഉൾക്കൊള്ളുന്ന, ഭാരതത്തിന്റെ അഗാധവും പുരാതനവുമായ സാംസ്കാരിക പൈതൃകത്തിന്റെ സൂക്ഷിപ്പുകാരായാണു ശ്രേഷ്ഠഭാഷകൾ ന‌ിലകൊള്ളുന്നത്.

വസ്തുതകളുടെ അടിസ്ഥാനത്തിലുള്ള വിശദാംശങ്ങളും പശ്ചാത്തലവും:

2004 ഒക്‌ടോബർ 12നു “ശ്രേഷ്ഠഭാഷകൾ” എന്ന പേരിൽ ഭാഷകൾക്കു പുതിയ വിഭാഗം സൃഷ്ടിക്കാൻ കേന്ദ്രഗവണ്മെന്റ് തീരുമാനിച്ചു. തമിഴിനു ശ്രേഷ്ഠഭാഷാപദവി നൽകുകയും ശ്രേഷ്ഠഭാഷാപദവി ലഭിക്കാൻ ഇനിപ്പറയുന്ന മാനദണ്ഡങ്ങൾ നിശ്ചയിക്കുകയും ചെയ്തു:

A. ആദ്യകാല ഗ്രന്ഥങ്ങളുടെ ഉയർന്ന പൗരാണികത/ ആയിരം വർഷക്കാലയളവിനപ്പുറമുള്ള രേഖപ്പെടുത്തപ്പെട്ട ചരിത്രം.

B. ഈ ഭാഷ സംസാരിക്കുന്നവരുടെ വിവിധ തലമുറകൾ വിലപ്പെട്ട പൈതൃകമായി കണക്കാക്കുന്ന പ്രാചീന സാഹിത്യങ്ങളുടെ/ഗ്രന്ഥങ്ങളുടെ ബൃഹദ് ശേഖരം.

C. മറ്റൊരു ഭാഷ സംസാരിക്കുന്ന സമൂഹത്തിൽനിന്നു കടമെടുത്തതല്ലാത്ത മൗലികമായ സാഹിത്യ പാരമ്പര്യം.

ശ്രേഷ്ഠഭാഷാപദവിക്കായി നിർദിഷ്ട ഭാഷകൾ പരിശോധിക്കാൻ 2004 നവംബറിൽ സാഹിത്യ അക്കാദമിയുടെ കീഴിൽ സാംസ്കാരിക മന്ത്രാലയം ഭാഷാ വിദഗ്ധസമിതിക്കു (എൽഇസി) രൂപം നൽകി.

2005 നവംബറിൽ ഇനിപ്പറയുന്ന രീതിയിൽ മാനദണ്ഡങ്ങൾ പരിഷ്കരിക്കുകയും സംസ്കൃതം ശ്രേഷ്ഠഭാഷയായി പ്രഖ്യാപിക്കുകയും ചെയ്തു:

I. ആദ്യകാല ഗ്രന്ഥങ്ങളുടെ ഉയർന്ന പൗരാണികത/ 1500-2000 വർഷക്കാലയളവിനപ്പുറമുള്ള രേഖപ്പെടുത്തപ്പെട്ട ചരിത്രം

II. ഈ ഭാഷ സംസാരിക്കുന്നവരുടെ വിവിധ തലമുറകൾ വിലപ്പെട്ട പൈതൃകമായി കണക്കാക്കുന്ന പ്രാചീന സാഹിത്യങ്ങളുടെ/ഗ്രന്ഥങ്ങളുടെ ബൃഹദ് ശേഖരം.

III. മറ്റൊരു ഭാഷ സംസാരിക്കുന്ന സമൂഹത്തിൽനിന്നു കടമെടുത്തതല്ലാത്ത മൗലികമായ സാഹിത്യ പാരമ്പര്യം.

IV. ശ്രേഷ്ഠഭാഷയും സാഹിത്യവും ആധുനിക ഭാഷയിൽനിന്നു വ്യത്യസ്തമായതിനാൽ, ശ്രേഷ്ഠഭാഷയും അതിന്റെ പിൽക്കാല രൂപങ്ങളോ അല്ലെങ്കിൽ ശാഖകളോ തമ്മിൽ തുടർച്ചയില്ലായ്മയുണ്ടാകാം.

ഇന്ത്യാഗവൺമെന്റ് ഇതുവരെ ശ്രേഷ്ഠഭാഷാപദവി നൽകിയിട്ടുള്ളത് ഇനിപ്പറയുന്ന ഭാഷകൾക്കാണ്:

ഭാഷ

വിജ്ഞാപനം പുറപ്പെടുവിച്ച തീയതി

 

തമിഴ്

12/10/2004

സംസ്കൃതം

25/11/2005

തെലുങ്ക്

31/10/2008

കന്നഡ

31/10/2008

മലയാളം

08/08/2013

ഒഡിയ

01/03/2014

 

മറാഠിക്കു ശ്രേഷ്ഠഭാഷാപദവി നൽകണമെന്ന് ആവശ്യപ്പെട്ട് 2013ൽ മഹാരാഷ്ട്ര ഗവണ്മെന്റിൽനിന്നു മന്ത്രാലയത്തിനു നിർദേശം ലഭിച്ചിരുന്നു. അത് എൽഇസിക്കു കൈമാറി. മറാഠിയെ ശ്രേഷ്ഠഭാഷയാക്കാൻ എൽഇസി ശുപാർശ ചെയ്തു. മറാഠി ഭാഷയ്ക്കു ശ്രേഷ്ഠപദവി നൽകുന്നതിനുള്ള 2017-ലെ മന്ത്രിസഭായോഗത്തിന്റെ കരടുകുറിപ്പിനെക്കുറിച്ചുള്ള അന്തർ-മന്ത്രാലയ കൂടിയാലോചനകളിൽ, മാനദണ്ഡങ്ങൾ പരിഷ്കരിച്ചു കർശനമാക്കാൻ ആഭ്യന്തരമന്ത്രാലയം നിർദേശിച്ചു. മറ്റ് എത്ര ഭാഷകൾക്കു യോഗ്യത ലഭിക്കാൻ സാധ്യതയുണ്ടെന്നു കണ്ടെത്താനുള്ള പ്രവർത്തനങ്ങൾ നടത്തണമെന്നു പിഎംഒ പ്രസ്താവിച്ചു.

ഇതിനിടെ പാലി, പ്രാകൃത്, അസമീസ്, ബംഗാളി എന്നിവയ്ക്കു ശ്രേഷ്ഠഭാഷാപദവി നൽകുന്നതിനുള്ള നിർദേശം ബ‌ിഹാർ, അസം, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽനിന്നു ലഭിച്ചു.

അതനുസരിച്ച്, സാഹിത്യ അക്കാദമിയുടെ കീഴിലുള്ള ഭാഷാശാസ്ത്ര വിദഗ്ധസമിതി 25.07.2024ൽ യോഗം ചേർന്നു താഴെപ്പറയുന്ന രീതിയിൽ മാനദണ്ഡങ്ങൾ ഏകകണ്ഠമായി പരിഷ്കരിച്ചു. എൽഇസിയുടെ നോഡൽ ഏജൻസിയായി സാഹിത്യ അക്കാദമിയെ നിയോഗ‌ിച്ചു.

I. ആദ്യകാല ഗ്രന്ഥങ്ങളുടെ ഉയർന്ന പൗരാണികത/ 1500-2000 വർഷക്കാലയളവിനപ്പുറമുള്ള രേഖപ്പെടുത്തപ്പെട്ട ചരിത്രം

II. ഈ ഭാഷ സംസാരിക്കുന്നവരുടെ വിവിധ തലമുറകൾ വിലപ്പെട്ട പൈതൃകമായി കണക്കാക്കുന്ന പ്രാചീന സാഹിത്യങ്ങളുടെ/ഗ്രന്ഥങ്ങളുടെ ബൃഹദ് ശേഖരം.

III. വിജ്ഞാന ഗ്രന്ഥങ്ങൾ, പ്രത്യേകിച്ച് കവിത, ശിലാരേഖ, ലിഖിത തെളിവുകൾ എന്നിവയ്ക്കു പുറമേയുള്ള ഗദ്യഗ്രന്ഥങ്ങൾ.

IV. ശ്രേഷ്ഠഭാഷകളും സാഹിത്യവും നിലവിലെ രൂപത്തിൽനിന്നു വ്യത്യസ്തമായതിനാൽ, ശ്രേഷ്ഠഭാഷയും അതിന്റെ പിൽക്കാല രൂപങ്ങളോ അല്ലെങ്കിൽ ശാഖകളോ തമ്മിൽ തുടർച്ചയില്ലായ്മയുണ്ടാകാം.

ശ്രേഷ്ഠഭാഷയായി പരിഗണിക്കുന്നതിനുള്ള പുതുക്കിയ മാനദണ്ഡങ്ങൾ ഇനിപ്പറയുന്ന ഭാഷകൾ പാലിക്കുന്നുണ്ടോ എന്നു പരിശോധിക്കാനും സമിതി ശുപാർശ ചെയ്തു.

I. മറാഠി

II. പാലി

III. പ്രാകൃത്

IV. അസമീസ്

V. ബംഗാളി

നടപ്പാക്കൽ തന്ത്രവും ലക്ഷ്യങ്ങളും:

ശ്രേഷ്ഠഭാഷകൾ പ്രോത്സാഹിപ്പിക്കുന്നതിനു വിദ്യാഭ്യാസ മന്ത്രാലയം വിവിധ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സംസ്കൃത ഭാഷയുടെ പ്രോത്സാഹനത്തിനായി പാർലമെന്റ് നിയമത്തിലൂടെ 2020-ൽ മൂന്നു കേന്ദ്ര സർവകലാശാലകൾ സ്ഥാപിക്കപ്പെട്ടു. പുരാതന തമിഴ് ഗ്രന്ഥങ്ങളുടെ വിവർത്തനം സുഗമമാക്കുന്നതിനും ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനും സർവകലാശാലാവിദ്യാർഥികൾക്കും തമിഴ് ഭാഷാ പണ്ഡിതർക്കും കോഴ്സുകൾ വാഗ്ദാനം ചെയ്യുന്നതിനുമായി ശ്രേഷ്ഠ തമിഴ് കേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചു. ശ്രേഷ്ഠഭാഷകളുടെ പഠനവും സംരക്ഷണവും കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി, മൈസൂരുവിലെ ഇന്ത്യൻ ഭാഷകൾക്കായുള്ള കേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ ശ്രേഷ്ഠഭാഷകളായ കന്നഡ, തെലുങ്ക്, മലയാളം, ഒഡിയ എന്നിവയിലെ പഠനത്തിനായ‌ി മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിച്ചു. ഈ സംരംഭങ്ങൾക്കു പുറമേ, ശ്രേഷ്ഠഭാഷാ മേഖലയിലെ നേട്ടങ്ങളെ അംഗീകരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി നിരവധി ദേശീയ-അന്തർദേശീയ പുരസ്കാരങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ശ്രേഷ്ഠഭാഷകൾക്കുള്ള ദേശീയ പുരസ്കാരങ്ങൾ, സർവകലാശാലകളിലെ ചെയറുകൾ, ശ്രേഷ്ഠഭാഷകൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്രങ്ങൾ എന്നിവ വിദ്യാഭ്യാസ മന്ത്രാലയം ശ്രേഷ്ഠഭാഷകൾക്കായി നൽകുന്ന വിപുലപ്പെടുത്തിയ ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു.

തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ ഉൾപ്പെടെയുള്ള പ്രധാന ഗുണഫലങ്ങൾ:

ഭാഷകളെ ശ്രേഷ്ഠഭാഷയായി ഉൾപ്പെടുത്തുന്നത് ഗണ്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കും, പ്രത്യേകിച്ച് അക്കാദമിക-ഗവേഷണ മേഖലകളിൽ. കൂടാതെ, ഈ ഭാഷകളിലെ പുരാതന ഗ്രന്ഥങ്ങളുടെ സംരക്ഷണം, രേഖപ്പെടുത്തൽ, ഡിജിറ്റൽ രൂപത്തിലാക്കൽ എന്നിവ ആർക്കൈവിങ്, പരിഭാഷ, പ്രസിദ്ധീകരണം, ഡിജിറ്റൽ മീഡിയ എന്നിവയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും.

ഉൾപ്പെടുന്ന സംസ്ഥാനങ്ങൾ/ജില്ലകൾ:

മഹാരാഷ്ട്ര (മറാഠി), ബിഹാർ, ഉത്തർപ്രദേശ്, മധ്യപ്രദേശ് (പാലി, പ്രാകൃത്), പശ്ചിമ ബംഗാൾ (ബംഗാളി), അസം (അസമീസ്) എന്നിവയാണ് ഉൾപ്പെട്ട പ്രാഥമിക സംസ്ഥാനങ്ങൾ. വിശാലമായ സാംസ്കാരികവും അക്കാദമികവുമായ സ്വാധീനം ദേശീയതലത്തിലും അന്തർദേശീയതലത്തിലും വ്യാപിക്കും.

 

ഉദ്ദേശ്യപത്രത്തിൽ ഒപ്പുവച്ച് അന്താരാഷ്ട്ര ഊർജകാര്യക്ഷമതാ ഹബ്ബിൽ അംഗമാകുന്നതിന് ഇന്ത്യക്കു കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

തന്ത്രപരമായ ഊർജസമ്പ്രദായങ്ങളും നൂതന പ്രതിവിധികളും പങ്കിടുന്ന 16 രാജ്യങ്ങളുടെ പ്രത്യേക സംഘത്തിലേക്കു പ്രവേശനം നേടാൻ തീരുമാനം ഇന്ത്യയെ സഹായിക്കും
പോസ്റ്റഡ് ഓണ്‍: 03 OCT 2024 8:25PM by PIB Thiruvananthpuram
ഇന്ത്യയെ ‘ഊർജകാര്യക്ഷമതാ ഹബ്ബി’ൽ ചേരാൻ പ്രാപ്തമാക്കുന്നുതിനുള്ള ‘​ഉദ്ദേശ്യപത്രം’ ഒപ്പിടുന്നതിനു പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ഇന്നു ചേർന്ന കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നൽകി.

സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനും ലോകമെമ്പാടും ഊർജകാര്യക്ഷമത പ്രോത്സാഹിപ്പിക്കുന്നതിനുമായി സമർപ്പിച്ചിരിക്കുന്ന ആഗോളവേദിയായ അന്താരാഷ്ട്ര ഊർജകാര്യക്ഷമതാ ഹബ്ബിൽ (ഹബ്) ഇന്ത്യ ഭാഗമാകും. ഈ നീക്കം സുസ്ഥിരവികസനത്തിനായുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത ഉറപ്പിക്കുകയും ഹരിതഗൃഹവാതക പുറന്തള്ളൽ കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളുമായി പൊരുത്തപ്പെടുകയും ചെയ്യുന്നു.

ഇന്ത്യ അംഗമായിരുന്ന ഊർജകാര്യക്ഷമതാ സഹകരണത്തിനായുള്ള അന്താരാഷ്ട്ര പങ്കാളിത്തം (IPEEC) പിന്തുടർന്ന് 2020-ൽ സ്ഥാപിതമായ ഹബ്, അറിവും മെച്ചപ്പെട്ട പ്രവർത്തനങ്ങളും നൂതന പ്രതിവിധികളും പങ്കിടുന്നതിനു ഗവണ്മെന്റുകളെയും അന്താരാഷ്ട്ര സംഘടനകളെയും സ്വകാര്യമേഖലയിലെ സ്ഥാപനങ്ങളെയും ഒരുമിച്ചു കൊണ്ടുവരുന്നു. ഹബ്ബിൽ ഭാഗമാകുന്നതിലൂടെ, വിദഗ്ധരുടെയും വിഭവങ്ങളുടെയും വലിയ ശൃംഖലയിലേക്ക് ഇന്ത്യക്കു പ്രവേശനം ലഭിക്കും. ഇതു രാജ്യത്തിന്റെ ആഭ്യന്തര ഊർജകാര്യക്ഷമതാ സംരംഭങ്ങൾ മെച്ചപ്പെടുത്തുന്നതിനു സഹായകമാകും. ജൂലൈ 2024 വരെ, 16 രാജ്യങ്ങൾ (അർജന്റീന, ഓസ്ട്രേലിയ, ബ്രസീൽ, ക്യാനഡ, ചൈന, ഡെന്മാർക്ക്, യൂറോപ്യൻ കമ്മീഷൻ, ഫ്രാൻസ്, ജർമനി, ജപ്പാൻ, കൊറിയ, ലക്സംബർഗ്, റഷ്യ, സൗദി അറേബ്യ, അമേരിക്ക, ബ്രിട്ടൺ) ഹബ്ബിന്റെ ഭാഗമായി.

ഹബ്ബിലെ അംഗമെന്ന നിലയിൽ, മറ്റ് അംഗരാജ്യങ്ങളുമായി സഹകരിക്കാനും സ്വന്തം വൈദഗ്ധ്യം പങ്കിടാനും അന്താരാഷ്ട്രതലത്തിലെ മികച്ച സമ്പ്രദായങ്ങളിൽനിന്നു പഠിക്കാനുമുള്ള അവസരങ്ങളിൽനിന്ന് ഇന്ത്യക്കു പ്രയോജനം ലഭിക്കും. ഊർജകാര്യക്ഷമമായ സാങ്കേതികവിദ്യകളും സമ്പ്രദായങ്ങളും പ്രോത്സാഹിപ്പിക്കുന്നതിലൂടെ കാലാവസ്ഥാവ്യതിയാനത്തെ നേരിടാനുള്ള ആഗോള ശ്രമങ്ങൾക്കും രാജ്യം സംഭാവനയേകും.

നിയമപരമായ ഏജൻസിയായ ഊർജകാര്യക്ഷമതാ ബ്യൂറോ (BEE) ഇന്ത്യയെ പ്രതിനിധാനംചെയ്ത് ഹബ്ബിന്റെ നടപ്പാക്കൽ ഏജൻസിയായി പ്രവർത്തിക്കും. ഹബ്ബിന്റെ പ്രവർത്തനങ്ങളിൽ ഇന്ത്യയുടെ പങ്കാളിത്തം സുഗമമാക്കുന്നതിലും ഇന്ത്യയുടെ സംഭാവനകൾ ദേശീയ ഊർജകാര്യക്ഷമതാ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിലും BEE നിർണായക പങ്കുവഹിക്കും.

ഹബ്ബിൽ ചേരുന്നതിലൂടെ, കൂടുതൽ സുസ്ഥിരമായ ഭാവിയിലേക്കുള്ള സുപ്രധാന ചുവടുവയ്പു നടത്തുകയാണ് ഇന്ത്യ. ഈ ആഗോളവേദിയിലെ രാജ്യത്തിന്റെ പങ്കാളിത്തം കാർബൺ കുറഞ്ഞ സമ്പദ്‌വ്യവസ്ഥയിലേക്കുള്ള മാറ്റം ത്വരിതപ്പെടുത്തുന്നതിനും ഊർജസുരക്ഷ മെച്ചപ്പെടുത്തുന്നതിനും സഹായിക്കും.

 

മൂന്ന് ഇടനാഴികള്‍ ഉള്‍ക്കൊള്ളുന്ന ചെന്നൈ മെട്രോ റെയില്‍ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി – (i) മാധവരം മുതല്‍ സിപ്കോട്ട് വരെ (ii) ലൈറ്റ് ഹൗസ് മുതല്‍ പൂനമല്ലി വരെയുള്ള ബൈപാസ്, (iii) മാധവരം മുതല്‍ ഷോളിങ്ങനല്ലൂര്‍ വരെ

രണ്ടാം ഘട്ടത്തില്‍ 128 സ്റ്റേഷനുകളും 118.9 കിലോമീറ്റര്‍ പുതിയ ലൈനുകളും കൂട്ടിച്ചേര്‍ക്കുക വഴി ചെന്നൈയില്‍ 173 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മെട്രോ റെയില്‍ ശൃംഖല സാധ്യമാക്കും.

സാമ്പത്തികച്ചെലവ് 63,246 കോടി രൂപ

21 ഇടങ്ങളില്‍ സ്ഥിരം യാത്രികർ സൗഹൃദ ബഹുതല സംയോജനം

അംഗീകൃത ഇടനാഴികള്‍ ചെന്നൈയുടെ വടക്കുനിന്ന് തെക്കുവരെയും കിഴക്കുനിന്ന് പടിഞ്ഞാറു വരെയും ബന്ധിപ്പിക്കുന്നു

 

മൂന്ന് ഇടനാഴികള്‍ ഉള്‍പ്പെടുന്ന ചെന്നൈ മെട്രോ റെയില്‍ പദ്ധതിയുടെ രണ്ടാം ഘട്ടത്തിനുള്ള ഭവന, നഗരകാര്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. 128 സ്റ്റേഷനുകളിലായി 118.9 കിലോമീറ്ററാണ് അംഗീകൃത ലൈനുകളുടെ ആകെ നീളം.

63,246 കോടി രൂപയാണ് പദ്ധതി പൂര്‍ത്തീകരണ ചെലവ്, 2027-ഓടെ പൂര്‍ത്തിയാക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. രണ്ടാം ഘട്ടം പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമാകുന്നതോടെ ചെന്നൈ നഗരത്തിന് 173 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മെട്രോ റെയില്‍ ശൃംഖലയുണ്ടാകും. രണ്ടാംഘട്ട പദ്ധതിയില്‍ ഇനിപ്പറയുന്ന മൂന്ന് ഇടനാഴികള്‍ ഉള്‍പ്പെടുന്നു:

ഇടനാഴി-(i): മാധവരം മുതല്‍ സിപ്കോട്ട് വരെ 50 സ്റ്റേഷനുകളുള്ള 45.8 കി.മീ.
ഇടനാഴി-(ii): ലൈറ്റ് ഹൗസ് മുതല്‍ പൂനമല്ലെ വരെയുള്ള ബൈപാസ് 30 സ്റ്റേഷനുകളുള്ള 26.1 കി.മീ.
ഇടനാഴി-(iii): മാധവരം മുതല്‍ ഷോളിങ്ങനല്ലൂര്‍ വരെ 48 സ്റ്റേഷനുകളുള്ള 47 കി.മീ.

രണ്ടാം ഘട്ടം പൂര്‍ണ്ണമായി പ്രവര്‍ത്തനക്ഷമമായാല്‍, ചെന്നൈ നഗരത്തിന് 173 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മെട്രോ റെയില്‍ ശൃംഖല ഉണ്ടാകും.

നേട്ടങ്ങളും വളര്‍ച്ചയും:
ചെന്നൈ മെട്രോ റെയില്‍ പദ്ധതിയുടെ രണ്ടാം ഘട്ടം നഗരത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിലുള്ള ഗണ്യമായ പുരോഗതിയെ പ്രതിനിധീകരിക്കുന്നു. നഗരത്തിലെ മെട്രോ റെയില്‍ ശൃംഖലയുടെ പ്രധാന വിപുലീകരണമായി രണ്ടാം ഘട്ടം വര്‍ത്തിക്കുന്നു.

മെച്ചപ്പെടുത്തിയ കണക്റ്റിവിറ്റി: രണ്ടാം ഘട്ടത്തില്‍ ഏകദേശം 118.9 കിലോമീറ്റര്‍ പുതിയ മെട്രോ ലൈനുകള്‍ കൂട്ടിച്ചേര്‍ക്കും. മാധവരം, പെരമ്പൂര്‍, തിരുമയിലൈ, അഡയാര്‍, ഷോളിങ്ങനല്ലൂര്‍, സിപ്കോട്ട്, കോടമ്പാക്കം, വടപളനി, പോരൂര്‍, വില്ലിവാക്കം, അണ്ണാനഗര്‍, സെന്റ് തോമസ് തുടങ്ങിയ പ്രധാന മേഖലകളിലൂടെ കടന്നുപോകുന്ന ചെന്നൈയുടെ വടക്കുനിന്ന് തെക്കുവരെയും കിഴക്കുനിന്നു പടിഞ്ഞാറുവരെയും ബന്ധിപ്പിക്കുന്നതാണ് രണ്ടാം ഘട്ട ഇടനാഴി. നിരവധി വ്യവസായ, വാണിജ്യ, പാര്‍പ്പിട, സ്ഥാപനങ്ങളെ ബന്ധിപ്പിക്കുന്നതും ഈ മേഖലയിലെ തൊഴിലാളികള്‍ക്ക് ഫലപ്രദമായ പൊതുഗതാഗതം ഉറപ്പുവരുത്തുന്നതും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കണക്റ്റിവിറ്റി നല്‍കുന്നതും ആയിരിക്കും. ദക്ഷിണ ചെന്നൈ ഐടി ഇടനാഴിയുടെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഷോളിങ്ങനല്ലൂര്‍ പോലുള്ള അതിവേഗം വളരുന്ന പ്രദേശങ്ങളിലേക്ക് ഇത് കണക്റ്റിവിറ്റി വ്യാപിപ്പിക്കും. ഷോളിംഗനല്ലൂരിനെ എല്‍കോട്ട് വഴി ബന്ധിപ്പിക്കുന്നതിലൂടെ, ഐടി തൊഴിലാളികളുടെ ഗതാഗത ആവശ്യങ്ങള്‍ നിറവേറ്റാന്‍ മെട്രോ ഇടനാഴി സഹായിക്കും.

ഗതാഗതക്കുരുക്ക് കുറയ്ക്കല്‍: റോഡ് ഗതാഗതത്തിനു കാര്യക്ഷമമായ ഒരു ബദലായ മെട്രോ റെയില്‍, ചെന്നൈയുടെ രണ്ടാം ഘട്ട വിപുലീകരണത്തിലൂടെ ഗതാഗതക്കുരുക്ക് ലഘൂകരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഇത് നഗരത്തിലെ തിരക്കേറിയ റൂട്ടുകളില്‍ പ്രത്യേകിച്ച് സ്വാധീനം ചെലുത്തും. റോഡ് ഗതാഗതം കുറയുന്നത് വാഹനങ്ങളുടെ സുഗമമായ സഞ്ചാരത്തിനും യാത്രാ സമയം കുറയ്ക്കുന്നതിനും മൊത്തത്തിലുള്ള റോഡ് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും ഇടയാക്കും.

പാരിസ്ഥിതിക നേട്ടങ്ങള്‍: രണ്ടാം ഘട്ട മെട്രോ റെയില്‍ പദ്ധതിയും ചെന്നൈ നഗരത്തിലെ മൊത്തത്തിലുള്ള മെട്രോ റെയില്‍ ശൃംഖലയുടെ വര്‍ദ്ധനവും, പരമ്പരാഗത ഫോസില്‍ ഇന്ധനത്തെ അടിസ്ഥാനമാക്കിയുള്ള ഗതാഗതവുമായി താരതമ്യപ്പെടുത്തുമ്പോള്‍ കാര്‍ബണ്‍ പുറംതള്ളല്‍ ഗണ്യമായി കുറയ്ക്കാന്‍ കഴിയും.

സാമ്പത്തിക വളര്‍ച്ച: കുറഞ്ഞ യാത്രാ സമയവും നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കുന്നതും വ്യക്തികളെ അവരുടെ ജോലിസ്ഥലങ്ങളില്‍ കൂടുതല്‍ കാര്യക്ഷമമായി എത്തിച്ചേരാന്‍ അനുവദിക്കുന്നതിലൂടെ ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കും. രണ്ടാം ഘട്ടത്തിന്റെ നിര്‍മ്മാണവും പ്രവര്‍ത്തനവും നിര്‍മ്മാണ തൊഴിലാളികള്‍ മുതല്‍ ഭരണവിഭാഗം ഉദ്യോഗസ്ഥന്‍, പരിപാലന ഉദ്യോഗസ്ഥര്‍ വരെ വിവിധ മേഖലകളിലായി നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. കൂടാതെ, മെച്ചപ്പെടുത്തിയ കണക്റ്റിവിറ്റിക്ക് പ്രാദേശിക ബിസിനസുകളെ ഉത്തേജിപ്പിക്കാന്‍ കഴിയും, പ്രത്യേകിച്ച് പുതിയ മെട്രോ സ്റ്റേഷനുകള്‍ക്ക് സമീപമുള്ള പ്രദേശങ്ങളില്‍, മുമ്പ് എത്തിപ്പെടാന്‍ ബുദ്ധിമുട്ടായിരുന്ന പ്രദേശങ്ങളില്‍ നിക്ഷേപവും വികസനവും ആകര്‍ഷിക്കാന്‍ കഴിയും.

സാമൂഹിക നേട്ടം: ചെന്നൈയിലെ രണ്ടാം ഘട്ട മെട്രോ റെയില്‍ ശൃംഖലയുടെ വിപുലീകരണം പൊതുഗതാഗതത്തില്‍ കൂടുതല്‍ തുലത ഉറപ്പാക്കും. വൈവിധ്യമാര്‍ന്ന സാമൂഹിക-സാമ്പത്തിക വിഭാഗങ്ങള്‍ക്ക് പ്രയോജനം ചെയ്യും, ഗതാഗത അസമത്വങ്ങള്‍ കുറയ്ക്കുകയും ചെയ്യും. ഇത് യാത്രാ സമയം കുറയ്ക്കുകയും അവശ്യ സേവനങ്ങള്‍. എളുപ്പത്തില്‍ ലഭ്യമാക്കുകയും വഴി ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ സഹായകമാകും.

രണ്ടാം ഘട്ടം ചെന്നൈ മെട്രോ റെയില്‍ പദ്ധതി നഗരത്തിന്റെ പരിവര്‍ത്തനം കുറിക്കുന്ന വികസനം ആയിരിക്കും. മെച്ചപ്പെട്ട കണക്റ്റിവിറ്റി, കുറഞ്ഞ ഗതാഗതക്കുരുക്ക്, പാരിസ്ഥിതിക നേട്ടങ്ങള്‍, സാമ്പത്തിക വളര്‍ച്ച, മെച്ചപ്പെട്ട ജീവിത നിലവാരം എന്നിവ വാഗ്ദാനം ചെയ്യുന്നു. പ്രധാന നാഗരിക വെല്ലുവിളികളെ അഭിമുഖീകരിക്കുകയും ഭാവി വിപുലീകരണത്തിന് അടിത്തറ നല്‍കുകയും ചെയ്യുന്നതിലൂടെ, നഗരത്തിന്റെ വികസന പാതയും സുസ്ഥിരതയും രൂപപ്പെടുത്തുന്നതില്‍ രണ്ടാം ഘട്ടം നിര്‍ണായക പങ്ക് വഹിക്കും.

സുസ്ഥിര കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള പിഎം രാഷ്ട്രീയ കൃഷി വികാസ് യോജനയ്ക്കും (പിഎം-ആർകെവിവൈ) സ്വയംപര്യാപ്തതയ്ക്കായി ഭക്ഷ്യസുരക്ഷ കൈവരിക്കുന്നതിനുള്ള കൃഷോന്നതി യോജനയ്ക്കും (കെവൈ) കേന്ദ്രമന്ത്രിസഭാംഗീകാരം
സംസ്ഥാനങ്ങൾക്ക് നിർദിഷ്ട ആവശ്യകത അടിസ്ഥാനമാക്കി ഒരു ഘടകത്തിൽനിന്നു മറ്റൊന്നിലേക്കു ധനസഹായം പുനർവിന്യസിക്കാൻ അവസരം

കൃഷി- കർഷകക്ഷേമ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന എല്ലാ കേന്ദ്രാവിഷ്കൃത പദ്ധതികളും (സിഎസ്എസ്) രണ്ടു പ്രധാന പദ്ധതികൾക്കു കീഴിലാക്കി യുക്തിസഹമാക്കുന്നതിനുള്ള കൃഷി-കർഷകക്ഷേമ വകുപ്പിന്റെ (DA&FW) നിർദേശത്തിനു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്നുചേർന്ന കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നൽകി. വിവിധ ആനുകൂല്യങ്ങളേകുന്ന പദ്ധതിയായ പ്രധാൻ മന്ത്രി രാഷ്ട്രീയ കൃഷി വികാസ് യോജന (PM-RKVY), കൃഷോന്നതി യോജന (KY) എന്നിവയാണ് ഈ സുപ്രധാന പദ്ധതികൾ. PM-RKVY സുസ്ഥിര കൃഷിയെ പ്രോത്സാഹിപ്പിക്കുമ്പോൾ, KY ഭക്ഷ്യസുരക്ഷയെയും കാർഷിക സ്വയംപര്യാപ്തതയെയും അഭിസംബോധന ചെയ്യും. വിവിധ ഘടകങ്ങളുടെ കാര്യക്ഷമവും ഫലപ്രദവുമായ നിർവഹണം ഉറപ്പാക്കാൻ എല്ലാ ഘടകങ്ങളും സാങ്കേതികവിദ്യ പ്രയോജനപ്പെടു​ത്തും.

മൊത്തം 1,01,321.61 കോടി രൂപ ചെലവിലാണു പിഎം രാഷ്ട്രീയ കൃഷി വികാസ് യോജന (PM-RKVY), കൃഷോന്നതി യോജന (KY) എന്നിവ നടപ്പാക്കുന്നത്. സംസ്ഥാന ഗവണ്മെന്റുകൾ മുഖേന ഈ പദ്ധതികൾ നടപ്പാക്കും.

നിലവിലുള്ള എല്ലാ പദ്ധതികളും തുടരുന്നുവെന്ന് ഇതുറപ്പാക്കുന്നു. കർഷകരുടെ ക്ഷേമത്തിനായി ഏതെങ്ക‌ിലും മേഖലയ്ക്ക് ഉത്തേജനം നൽകേണ്ടതുണ്ട് എന്നു കരുതുന്നിടത്തെല്ലാം, പദ്ധതി ദൗത്യമെന്ന തരത്തിൽ ഏറ്റെടുത്തിട്ടുണ്ട്. ഭക്ഷ്യ എണ്ണയ്ക്കായുളള ദേശീയ ദൗത്യം-ഓയിൽ പാം [NMEO-OP], സംശുദ്ധ സസ്യ പരിപാടി, ഡിജിറ്റൽ കൃഷി, ഭക്ഷ്യ എണ്ണയ്ക്കായുള്ള ദേശീയ ദൗത്യം-എണ്ണക്കുരുക്കൾ [NMEO-OS] എന്നിവ ഇതിനുദാഹരണമാണ്.

വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കു നിർണായക വെല്ലുവിളികൾ നേരിടാൻ സൗകര്യമൊരുക്കുന്ന MOVCDNER- വിശദമായ പദ്ധതിറിപ്പോർട്ട് (MOVCDNER-DPR) എന്ന അധിക ഘടകം ചേർത്താണ് KY-​ക്കു കീഴിലുള്ള ‘വടക്കുകിഴക്കൻ മേഖലയ്ക്കുള്ള ജൈവ മൂല്യശൃംഖല വികസനദൗത്യം’ (MOVCDNER) എന്ന പദ്ധതി പരിഷ്കരിക്കുന്നത്.

പദ്ധതികൾ യുക്തിസഹമാക്കുന്നതിലൂടെ, സംസ്ഥാനത്തിന്റെ കാർഷിക മേഖലയെക്കുറിച്ചുള്ള സമഗ്രമായ തന്ത്രപ്രധാനരേഖ സമഗ്രമായ രീതിയിൽ തയ്യാറാക്കാൻ സംസ്ഥാനങ്ങൾക്ക് അവസരം ലഭിക്കും. തന്ത്രപ്രധാനരേഖ വിളകളുടെ ഉൽപ്പാദനത്തിലും ഉൽപ്പാദനക്ഷമതയിലും മാത്രമല്ല, കാലാവസ്ഥാവ്യതിയാനത്തെ ചെറുക്കുന്ന കൃഷിയുടെ ഉയർന്നുവരുന്ന പ്രശ്നങ്ങളിലും കാർഷിക ഉൽപ്പന്നങ്ങൾക്കായുള്ള മൂല്യശൃംഖലയുടെ വികസനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. തന്ത്രപരമായ ചട്ടക്കൂടിൽനിന്നു വരുന്ന ലക്ഷ്യങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള മൊത്തത്തിലുള്ള തന്ത്രവും പദ്ധതികളും / പരിപാടികളും ആവിഷ്കരിക്കുന്നതിനാണ് ഈ പദ്ധതികൾ വിഭാവനം ചെയ്തിട്ടുള്ളത്.

വിവിധ പദ്ധതികളുടെ യുക്തിസഹമാക്കൽ ഇനിപ്പറയുന്നവയ്ക്കായാണ് ഏറ്റെടുത്തത്:

ഇരട്ടിപ്പ് ഒഴിവാക്കലും സംയോജനം ഉറപ്പാക്കലും സംസ്ഥാനങ്ങൾക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കലും
പോഷകാഹാര സുരക്ഷ, സുസ്ഥിരത, കാലാവസ്ഥാവ്യതിയാനം ചെറുക്കൽ, മൂല്യശൃംഖല വികസനം, സ്വകാര്യമേഖലയുടെ പങ്കാളിത്തം എന്നിങ്ങനെ കാർഷിക മേഖലയിലെ ഉയർന്നുവരുന്ന വെല്ലുവിളികളിൽ ശ്രദ്ധ കേന്ദ്രീകരിക്കൽ
കാർഷിക മേഖലയിലെ ആവശ്യങ്ങൾക്ക് അനുയോജ്യമായ സമഗ്ര തന്ത്രപ്രധാനപദ്ധതി തയ്യാറാക്കാൻ സംസ്ഥാന ഗവണ്മെന്റുകൾക്ക് കഴിയും
ഓരോ പദ്ധതിക്കും വെവ്വേറെ അംഗീകാരം നൽകുന്നതിനുപകരം സംസ്ഥാനങ്ങളുടെ വാർഷിക കർമപദ്ധതിക്ക് (എഎപി) ഒറ്റത്തവണ അംഗീകാരം നൽകാം
PM-RKVY യിൽ, സംസ്ഥാന ഗവണ്മെന്റുകൾക്കു സംസ്ഥാനത്തിന്റെ നിർദിഷ്ട ആവശ്യകതകൾ അടിസ്ഥാനമാക്കി ഒരു ഘടകത്തിൽനിന്നു മറ്റൊന്നിലേക്കു ധനസഹായം പുനർവിന്യസിക്കുന്നതിനുള്ള സൗകര്യം നൽകുന്നു എന്നതാണു പ്രധാന മാറ്റം.

മൊത്തം നിർദിഷ്ട ചെലവായ 1,01,321.61 കോടി രൂപയിൽ DA & FW ന്റെ കേന്ദ്രവിഹിതത്തിലേക്കുള്ള പദ്ധതിച്ചെലവ് 69,088.98 കോടി രൂപയും സംസ്ഥാന വിഹിതം 32,232.63 കോടി രൂപയുമാണ്. ഇതിൽ RKVYയുടെ 57,074.72 കോടി രൂപയും KYയുടെ 44,246.89 കോടിരൂപയും ഉൾപ്പെടുന്നു.

PM-RKVY ഇനിപ്പറയുന്ന പദ്ധതികൾ ഉൾക്കൊള്ളുന്നു:

i. മണ്ണിന്റെ ആരോഗ്യപരിപാലനം

ii. മഴയെ ആശ്രയിച്ചുള്ള പ്രദേശത്തി​ന്റെ വികസനം

iii. കാർഷിക വനവിജ്ഞാനം

iv. പരമ്പരാഗത് കൃഷി വികാസ് യോജന

v. വിള അവശിഷ്ട പരിപാലനം ഉൾപ്പെടെയുള്ള കാർഷിക യന്ത്രവൽക്കരണം

vi. ഓരോ തുള്ളിയിലും കൂടുതൽ വിളവ്

vii. വിള വൈവിധ്യവൽക്കരണ പരിപാടി

viii. RKVY DPR ഘടകം

ix. കാർഷിക സ്റ്റാർട്ടപ്പുകൾക്ക് ഊർജം പകരുന്നതിനുള്ള ധനസഹായം

ഭക്ഷ്യ എണ്ണകള്‍ – എണ്ണക്കുരുക്കള്‍ (എന്‍.എം.ഇ.ഒ-എണ്ണക്കുരുക്കള്‍) എന്നിവയ്ക്ക് 2024-25 മുതല്‍ 2030-31 വരെയുള്ള ദേശീയ ദൗത്യത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
എണ്ണക്കുരു ഉല്‍പ്പാദനത്തില്‍ ഏഴു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയെ സ്വയം പര്യാപ്തമാക്കുകയാണ് ദൗത്യം ലക്ഷ്യമിടുന്നത്
ഗുണമേന്മയുള്ള വിത്തുകളുടെ സമയോചിതമായ ലഭ്യത പങ്കാളികളുമായി ഏകോപിപ്പിക്കുന്നതിന് സംസ്ഥാനങ്ങളെ പ്രാപ്തരാക്കുന്ന സതി പോര്‍ട്ടല്‍ ദൗത്യംഅവതരിപ്പിക്കും

 

ആഭ്യന്തര എണ്ണക്കുരു ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും ഭക്ഷ്യ എണ്ണകളില്‍ സ്വയംപര്യാപ്തത (ആത്മനിര്‍ഭര്‍ ഭാരത്) കൈവരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള നാഴികകല്ല് മുന്‍കൈയായി ഭക്ഷ്യ എണ്ണകള്‍ – എണ്ണക്കുരുക്കള്‍ (എന്‍.എം.ഇ.ഒ-എണ്ണക്കുരുക്കള്‍) എന്നിവയുടെ ദേശീയ ദൗത്യത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. മൊത്തം 10,103 കോടി രൂപയുടെ അടങ്കലോടെ 2024-25 മുതല്‍ 2030-31 വരെയുള്ള ഏഴ് വര്‍ഷത്തെ കാലയളവിലാണ് ദൗത്യം നടപ്പാക്കുക.
പ്രധാന പ്രാഥമിക എണ്ണക്കുരു വിളകളായ റാപ്പിസീഡ്-കടുക്, നിലക്കടല, സോയാബീന്‍, സൂര്യകാന്തി, എള്ള് എന്നിവയുടെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിലും പരുത്തി, നെല്ല്, തവിട്, ട്രീ ബോര്‍ണ്‍ ഓയിലുകള്‍. (എണ്ണലഭിക്കുന്ന വിത്തുകള്‍)തുടങ്ങിയ ദ്വിതീയ സ്രോതസ്സുകളില്‍ നിന്നുള്ള ശേഖരണവും വേര്‍തിരിച്ചെടുക്കല്‍ കാര്യക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതിലും പുതിയതായി അംഗീകരിച്ച എന്‍.എം.ഇ.ഒ-എണ്ണക്കുരുക്കള്‍ ശ്രദ്ധ കേന്ദ്രീകരിക്കും. 2030-31 ഓടെ പ്രാഥമിക എണ്ണക്കുരു ഉല്‍പ്പാദനം 39 ദശലക്ഷം ടണ്ണില്‍ നിന്ന് (2022-23) 69.7 ദശലക്ഷം ടണ്ണായി ഉയര്‍ത്താനാണ് ദൗത്യം ലക്ഷ്യമിടുന്നത്. എന്‍.എം.ഇ.ഒ-ഒ.പി (ഓയില്‍ പാം) യുമായി ചേര്‍ന്ന്, 2030-31 ഓടെ നമ്മുടെ ആഭ്യന്തര ഭഷ്യഎണ്ണയുടെ ഉല്‍പ്പാദനം ആവശ്യത്തിന്റെ 75%മായ 25.45 ദശലക്ഷം ടണ്‍ ആയി ഉയര്‍ത്താന്‍ ദൗത്യം ലക്ഷ്യമിടുന്നു. ഉയര്‍ന്ന വിളവ് നല്‍കുന്ന ഉയര്‍ന്ന എണ്ണ അടങ്ങിയ വിത്ത് ഇനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും നെല്ല് കൃഷി കഴിഞ്ഞശേഷം തരിശായി കിടക്കുന്ന പ്രദേശങ്ങളിലേക്ക് കൃഷി വ്യാപിപ്പിക്കുന്നതിലൂടെയും ഇടവിള കൃഷി പ്രോത്സാഹിപ്പിക്കുന്നതിലൂടെയും ഇത് കൈവരിക്കാനാകും. ജീനോം എഡിറ്റിംഗ് പോലുള്ള അത്യാധുനിക ആഗോള സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ഉയര്‍ന്ന ഗുണമേന്മയുള്ള വിത്തുകള്‍ വികസിപ്പിക്കുന്നതിനായി ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ദൗത്യം കൈവരിക്കും.

ഗുണമേന്മയുള്ള വിത്തുകളുടെ സമയോചിതമായ ലഭ്യത ഉറപ്പാക്കാന്‍, സഹകരണസ്ഥാപനങ്ങള്‍, കാര്‍ഷികോല്‍പ്പാദന സംഘടനകള്‍ (എഫ്.പി.ഒ) ഗവണ്‍മെന്റ് അല്ലങ്കില്‍ സ്വകാര്യ വിത്ത് കോര്‍പ്പറേഷനുകള്‍ എന്നിവ ഉള്‍പ്പെടുന്ന വിത്ത് ഉല്‍പ്പാദിപ്പിക്കുന്ന ഏജന്‍സികളുമായുള്ള കൂടുതല്‍ മികച്ച ബന്ധം സ്ഥാപിക്കാന്‍ സംസ്ഥാനങ്ങളെ പ്രാപ്തരാക്കുന്നതിനായി ”സീഡ് ഓതന്റിക്കേഷന്‍, ട്രേസബിലിറ്റി ഹോളിസ്റ്റിക് ഇന്‍വെന്ററി (സാഥി)” എന്ന പോര്‍ട്ടലിലൂടെ ദൗത്യം 5 വര്‍ഷത്തെ ഒരു ഓണ്‍ലൈന്‍ റോളിംഗ് സീഡ് പ്ലാന്‍ അവതരിപ്പിക്കും. വിത്തുല്‍പാദന അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി പൊതുമേഖലയില്‍ 65 പുതിയ വിത്ത് ഹബ്ബുകളും 50 വിത്ത് സംഭരണ യൂണിറ്റുകളും സ്ഥാപിക്കും.

ഇതിനുപുറമെ, 347 അതുല്യ ജില്ലകളിലായി 600-ലധികം മൂല്യ ശൃംഖല ക്ലസ്റ്ററുകള്‍ വികസിപ്പിക്കും, പ്രതിവര്‍ഷം ഇത് 10 ലക്ഷം ഹെക്ടറിലധികം വ്യാപിപ്പിക്കും. എഫ്.പി.ഒകള്‍, സഹകരണ സ്ഥാപനങ്ങള്‍, പൊതു അല്ലെങ്കില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവ പോലുള്ള മൂല്യ ശൃംഖല പങ്കാളികളാണ് ഈ ക്ലസ്റ്ററുകള്‍ നിയന്ത്രിക്കുന്നത്. ഈ ക്ലസ്റ്ററുകളിലെ കര്‍ഷകര്‍ക്ക് ഉയര്‍ന്ന ഗുണമേന്മയുള്ള വിത്തുകളും, നല്ല കാര്‍ഷിക രീതികളെക്കുറിച്ചുള്ള പരിശീലനവും (ജി.എ.പി), കാലാവസ്ഥയും കീടനിയന്ത്രണവും സംബന്ധിച്ച ഉപദേശക സേവനങ്ങളും ലഭിക്കും.
നെല്ലും ഉരുളക്കിഴങ്ങും കൃഷിചെയ്തശേഷം തരിശായി കിടക്കുന്ന നിലങ്ങള്‍ ലക്ഷ്യമാക്കിയും ഇടവിളകളും വിള വൈവിദ്ധ്യവല്‍ക്കരണവും പ്രോത്സാഹിപ്പിച്ചും 40 ലക്ഷം ഹെക്ടറില്‍ അധിക എണ്ണക്കുരുക്കൃഷി വ്യാപിപ്പിക്കാനും ദൗത്യം ശ്രമിക്കും.

എഫ്.പി.ഒകള്‍, സഹകരണ സ്ഥാപനങ്ങള്‍, വ്യവസായ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് പരുത്തിവിത്ത്, അരിയുടെ തവിട്, കോണ്‍ ഓയില്‍ , ട്രീ-ബോണ്‍ ഓയിലുകള്‍ (ടി.ബി.ഒകള്‍) തുടങ്ങിയ സ്രോതസ്സുകളില്‍ നിന്നുള്ളള വീണ്ടെടുപ്പ് വര്‍ദ്ധിപ്പിക്കുന്നതിനായി വിളവെടുപ്പിന് ശേഷമുള്ള യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനോ നവീകരിക്കുന്നതിനോ പിന്തുണ നല്‍കും.

അതിനുപുറമെ, വിവരം ലഭ്യമാക്കല്‍, വിദ്യാഭ്യാസം, ആശയവിനിമയം (ഐ.ഇ.സി) കൂട്ടായപ്രവര്‍ത്തനത്തിലൂടെ ശിപാര്‍ശചെയ്യപ്പെടുന്ന ഭക്ഷ്യ എണ്ണകളുടെ ഭക്ഷണ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെക്കുറിച്ചുള്ള അവബോധവും ദൗത്യം പ്രോത്സാഹിപ്പിക്കും.
ആഭ്യന്തര എണ്ണക്കുരു ഉല്‍പ്പാദനം ഗണ്യമായി വര്‍ദ്ധിപ്പിക്കുക, ഭക്ഷ്യ എണ്ണകളില്‍ ആത്മനിര്‍ഭരത (സ്വയം പര്യാപ്തത) ലക്ഷ്യം കൈവരിക്കുന്നതില്‍ മുന്നേറുക, അതുവഴി ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുന്നതിനൊപ്പം വിലപ്പെട്ട വിദേശനാണ്യം സംരക്ഷിക്കുക, കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുക എന്നിവയാണ് ദൗത്യം ലക്ഷ്യമിടുന്നത്. കുറഞ്ഞ ജല ഉപഭോഗം, മെച്ചപ്പെട്ട മണ്ണിന്റെ ആരോഗ്യം, വിളവിന് ശേഷം തരിശുകിടക്കുന്ന പ്രദേശങ്ങള്‍ ഉല്‍പ്പാദനക്ഷമമാക്കല്‍ എന്നിവയുടെ രൂപത്തിലും ഈ ദൗത്യം ഗണ്യമായ പാരിസ്ഥിതിക നേട്ടങ്ങള്‍ കൈവരിക്കും.

പശ്ചാത്തലം:

ഭക്ഷ്യ എണ്ണകളുടെ ആഭ്യന്തര ആവശ്യത്തിന് 57% വരുന്ന ഇറക്കുമതിയെയാണ് രാജ്യം പ്രധാനമായും ആശ്രയിക്കുന്നത്. ഈ ആശ്രിതത്വത്തെ അഭിസംബോധന ചെയ്യുന്നതിനും സ്വയംപര്യാപ്തത പ്രോത്സാഹിപ്പിക്കുന്നതിനുമായി, ഭക്ഷ്യ എണ്ണകളുടെ ആഭ്യന്തര ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് രാജ്യത്ത് ഓയില്‍ പാം (എണ്ണക്കുരു) കൃഷി വര്‍ദ്ധിപ്പിക്കുന്നതിന് 2021ല്‍ ആരംഭിച്ച 11,040 കോടി അടങ്കലോടുകൂടിയ ഭക്ഷ്യ എണ്ണകളുടെ ദേശീയ ദൗത്യം – ഓയില്‍ പാം (എന്‍.എം.ഇ.ഒ-ഒ.പി)ക്ക് സമാരംഭം കുറിച്ചതുള്‍പ്പെടെ കേന്ദ്ര ഗവണ്‍മെന്റ് നിരവധി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്, .

അതുകൂടാതെ, എണ്ണക്കുരു കര്‍ഷകര്‍ക്ക് ആദായകരമായ വില ഉറപ്പാക്കാന്‍ നിര്‍ബന്ധിത ഭക്ഷ്യ എണ്ണക്കുരുക്കള്‍ക്കുള്ള മിനിമം താങ്ങുവില (എം.എസ്.പി) ഗണ്യമായി വര്‍ദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വില പിന്തുണ പദ്ധതിയിലൂടെയും വിലസ്ഥിരതാ (പ്രൈസ് ഡിഫിഷ്യന്‍സി പേയ്‌മെന്റ് സ്‌കീം) പദ്ധതിയിലൂടെയും എണ്ണക്കുരു കര്‍ഷകര്‍ക്ക് എം.എസ്.പി ലഭിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി അന്നദാതാ ആയ് സംരക്ഷണന്‍ അഭിയാന്റെ (പി.എം-ആഷ) തുടര്‍ച്ച, ഉറപ്പാക്കുന്നു. കൂടാതെ, കുറഞ്ഞ നിരക്കിലുള്ള ഇറക്കുമതിയില്‍ നിന്ന് ആഭ്യന്തര ഉല്‍പ്പാദകരെ സംരക്ഷിക്കുന്നതിനും പ്രാദേശിക കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുമായി ഭക്ഷ്യ എണ്ണകള്‍ക്ക് 20% ഇറക്കുമതി തീരുവയും ചുമത്തിയിട്ടുണ്ട്.

error: Content is protected !!