Input your search keywords and press Enter.

വേനല്‍ കടുക്കുന്നു, ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത വേണം – ഡിഎംഒ

 

 

വേനല്‍ച്ചൂട് കൂടി വരുന്ന സാഹചര്യത്തില്‍ ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍. അനിതാ കുമാരി അറിയിച്ചു. വയറിളക്കരോഗങ്ങള്‍, മഞ്ഞപ്പിത്തം, ടൈഫോയ്ഡ് എന്നിവ ഈ കാലാവസ്ഥയില്‍ ഉണ്ടാകാനുളള സാധ്യത കൂടുതലാണ്. ജില്ലയില്‍ ഈവര്‍ഷം ഇതുവരെ 619 വയറിളക്ക രോഗങ്ങളും മൂന്ന് ഹെപ്പറ്റൈറ്റിസ് എ (മഞ്ഞപ്പിത്തം) കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

 

വയറിളക്ക രോഗങ്ങള്‍ക്ക് ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ ശരീരത്തിലെ ജലവും, ലവണങ്ങളും നഷ്ടപ്പെട്ട് നിര്‍ജലീകരണം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. വയറിളക്ക ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുമ്പോള്‍ തന്നെ പാനീയ ചികിത്സ തുടങ്ങണം. ഇതിനായി ഒ.ആര്‍.എസ് ലായനി, ഉപ്പിട്ട കഞ്ഞിവെളളം, കരിക്കിന്‍വെള്ളം, നാരങ്ങാ വെളളം ഇവ ഇടയ്ക്കിടെ നല്‍കണം. മലത്തില്‍ രക്തം കാണുക, അതിയായ വയറിളക്കവും ഛര്‍ദ്ദിയും, കടുത്തപനി, ക്ഷീണം, മയക്കം എന്നിവയുണ്ടായാല്‍ പാനീയ ചികിത്സ നല്‍കുന്നതോടൊപ്പം വൈദ്യസഹായം തേടേണ്ടത് അത്യാവശ്യമാണ്.

 

ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന പനി, ശരീരവേദന, ക്ഷീണം, വിശപ്പില്ലായ്മ എന്നിവയാണ് ടൈഫോയ്ഡിന്റെ സാധാരണ കണ്ടുവരുന്ന ലക്ഷണങ്ങള്‍. മലിനമായ ഭക്ഷണം, വെളളം, ഇവ കുടിക്കുന്നതും വഴിയോരത്തു നിന്ന് ഐസും ശീതളപാനീയങ്ങളും കഴിക്കുന്നതും ടൈഫോയ്ഡ് പോലെയുളള രോഗങ്ങള്‍ ബാധിക്കാന്‍ കാരണമാകും.
ശരീരവേദനയോടുകൂടിയ പനി, ക്ഷീണം, ഓക്കാനം ഛര്‍ദ്ദി, തലവേദന തുടങ്ങിയവയാണ് മഞ്ഞപ്പിത്തത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍. ഇത്തരം രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്.

ഇവ ശ്രദ്ധിക്കാം

നിര്‍ജലീകരണം ഒഴിവാക്കാന്‍ വേനല്‍ക്കാലത്ത് ധാരാളം വെളളം കുടിക്കണം. നന്നായി തിളപ്പിച്ചാറിയ വെളളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക. പുറമേ നിന്നുളള ഭക്ഷണവും ശീതളപാനീയങ്ങളും കഴിവതും ഒഴിവാക്കുക.
ചടങ്ങുകള്‍ക്കും മറ്റും വെല്‍ക്കം ഡ്രിങ്ക് ഒഴിവാക്കുക. അഥവാ തയാറാക്കുകയാണെങ്കില്‍ ശുദ്ധമായ വെളളവും ഐസും ഉപയോഗിച്ചാണെന്ന് ഉറപ്പു വരുത്തുക. വ്യക്തി ശുചിത്വം പാലിക്കുക. ഭക്ഷണത്തിന് മുന്‍പും ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക. കക്കൂസില്‍ മാത്രം മലമൂത്രവിസര്‍ജനം നടത്തുക.

 

കുടിവെളള സ്രോതസുകള്‍ ക്ലോറിനേറ്റ് ചെയ്ത് ഉപയോഗിക്കണം. ജലദൗര്‍ലഭ്യം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജലം മലിനമാകുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്.

 

ജലജന്യ രോഗങ്ങളോടൊപ്പം മറ്റ് വേനല്‍കാല രോഗങ്ങളും ഈ സമയത്തുണ്ടാകാം. വലിയ പാത്രങ്ങളിലും ടാങ്കുകളിലും മൂടി വയ്ക്കാതെ വെളളം ശേഖരിച്ചു വയ്ക്കുന്നത് കൊതുകുകള്‍ പെരുകുന്നതിന് കാരണമാകും. കൊതുകു ജന്യ രോഗങ്ങളായ ഡെങ്കിപ്പനി, ചിക്കന്‍ ഗുനിയ തുടങ്ങിയവ ഉണ്ടാകാനുളള സാധ്യതയുമുണ്ട്. വേനല്‍ക്കാല രോഗങ്ങളായ ചിക്കന്‍പോക്സ്, മുണ്ടിനീര്, ത്വക്ക് രോഗങ്ങള്‍, അലര്‍ജി എന്നിവയുണ്ടാകാതിരിക്കാന്‍ ശുചിത്വം പാലിക്കണമെന്നും ഡിഎംഒ അറിയിച്ചു.

error: Content is protected !!