Input your search keywords and press Enter.

2019 മുതല്‍ കോന്നി ചെങ്കളം ക്വാറിയ്ക്ക് എതിരെ ജില്ലാ കലക്ടര്‍ക്ക് പരാതി :അന്വേഷണം പ്രഹസനം

സര്‍ക്കാര്‍ രാഷ്ട്രീയ പിന്തുണയോടെ എല്ലാ നിയമവും ലംഘിച്ചു കൊണ്ട് പ്രവര്‍ത്തിച്ചു വരുന്ന കോന്നി പയ്യനാമണ്ണിലെ ചെങ്കളം ക്വാറി ഇന്‍ഡസ്ട്രീസ് എന്ന വ്യവസായ സ്ഥാപനം ക്രമ വിരുദ്ധമായി ചെയ്യുന്ന കാര്യങ്ങള്‍ അക്കമിട്ടു നിരത്തി ഉള്ള പരാതികള്‍ പത്തനംതിട്ട ജില്ലാ കലക്ടര്‍ക്ക് ലഭിച്ചു തുടങ്ങിയത് 2019 മുതല്‍.

രാപകല്‍ ഇല്ലാതെ ഇറക്കുമതി ചെയ്ത വലിയ യന്ത്രങ്ങള്‍ ഉപയോഗിച്ച് കരിങ്കല്‍ പൊട്ടിക്കുന്നത് നിലവിലെ നിയമം അനുസരിച്ച് ക്രമവിരുദ്ധമാണെന്ന് ഇരിക്കെ ഈ സ്ഥാപനം എല്ലാ നിയമവും “മാസപ്പടി എന്ന കൈപ്പിടിയില്‍” ഒതുക്കി രാവും പകലും കടത്തിയത് കോടികളുടെ പാറകള്‍. ഇതിനു എതിരെ നാട്ടുകാര്‍ പരാതി നല്‍കിയത് ആദ്യം പത്തനംതിട്ട ജില്ലാ കലക്ടര്‍ക്ക് 2019 ല്‍. അന്ന് പി ബി നൂഹായിരുന്നു ജില്ലാ കലക്ടര്‍. പരാതിയിലെ കാര്യങ്ങള്‍ അന്വേഷിക്കാന്‍ താഴെക്കിടയില്‍ അയച്ചു. പരാതിയില്‍” കഴമ്പ് “ഇല്ലാ എന്ന് അന്വേഷണം നടത്തിയ വകുപ്പ് റിപ്പോര്‍ട്ട്‌ ചെയ്തു. ആ പരാതി അവിടെ ശുഭം.

നാട്ടുകാര്‍ അടങ്ങി ഇരുന്നില്ല. വീണ്ടും പരാതി അയച്ചു. 2021 ല്‍ അന്ന് ജില്ലാ കലക്ടര്‍ ദിവ്യ എസ് അയ്യര്‍. പരാതി നമ്പര്‍ ഇട്ടു പരാതിക്കാരന് ലഭിച്ചു. അതിലും പഴയ അന്വേഷണ റിപ്പോര്‍ട്ട്‌ പുതുക്കി കയറ്റി. പരാതികള്‍ പല വകുപ്പിലും നല്‍കി. എന്നാല്‍ അവിടെയും ചെങ്കളം ക്വാറി ഇന്‍ഡസ്ട്രീസ് എന്ന മഹാ ഭീമനെ സഹായിക്കാന്‍ സഹായം കൈപറ്റിയ സര്‍ക്കാര്‍ ജീവനക്കാര്‍ ഉപകാരം മറന്നില്ല. ഒരു ലംഘനവും ഇല്ല എന്ന് മേല്‍ അധികാരികളെ വാക്കാല്‍ അറിയിച്ചു. എന്നാല്‍ രേഖയായി നല്‍കിയില്ല.

ഇവിടെ നീര്‍ച്ചാലായി ഒഴുകുന്ന മീന്‍മുട്ടി തോട് പോലും രേഖകളില്‍ ഇല്ലാതെയാക്കാന്‍ അണിയറയില്‍ ശ്രമം നടന്നു. രാത്രി യാമങ്ങളില്‍ പാറമടയിലെ മലിന ജലം ഒഴുക്കി കളയുന്നത് മീന്‍ മുട്ടി നീര്‍ച്ചാലിലേക്ക് ആണെന്ന് “പമ്പാ വിഷൻ” മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു. കോന്നി താലൂക്ക് വികസന സമിതിയിൽ പമ്പാ വിഷൻ ചെയർമാൻ, ബാബു വെമ്മേലിയും പല പ്രാവിശ്യം ഈ വിഷയങ്ങളൊക്കെ അവതരിപ്പിച്ചിരുന്നു.

ഇവിടെ ഉള്ള ജനങ്ങളില്‍ ശ്വാസ കോശ സംബന്ധമായ അസുഖങ്ങള്‍ കൂടി വരുന്നു എന്നുള്ള പരാതി ആരോഗ്യ വകുപ്പും ഒരു അന്വേഷണവും കൂടാതെ തള്ളിക്കളഞ്ഞു. നിരോധിത ഉഗ്ര സ്പോടക വസ്തുക്കള്‍ ഉപയോഗിച്ച് ആണ് പാറ പൊട്ടിക്കുന്നത് എന്നുള്ള നേരിട്ടുള്ള നാട്ടുകാരുടെ പരാതി പോലീസും കാര്യമായി എടുത്തില്ല. ജില്ലാ മൈനിംഗ് ജിയോളജി വകുപ്പ് ജീവനക്കാരും കോന്നി മേഖലയിലെ ഒരു പാറമടയിലും, ക്രഷറിലും പരിശോധന ഇല്ല.

രണ്ടു പേരുടെ മരണം നടന്ന പാറമടയെ താല്‍ക്കാലികമായി നിരോധിച്ചു എങ്കിലും ഉടമകള്‍ക്ക് എതിരെ കര്‍ശന നടപടി ഉണ്ടായില്ല. ഈ പാറമട തുറന്നു പ്രവര്‍ത്തിക്കാന്‍ ഉള്ള അണിയറ നീക്കം നടക്കുന്നു എന്ന് പരാതിക്കാര്‍ അറിയിച്ചു. ജനങ്ങള്‍ ഉന്നയിച്ച പരാതികളില്‍ മേല്‍ നടപടി ഇല്ലാത്ത അവസ്ഥ ഉണ്ട്.

സര്‍ക്കാര്‍ ജീവനക്കാരുടെ അനാസ്ഥ പകല്‍ പോലെ വ്യക്തം. ഉത്തരവാദികളായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എതിരെ നടപടി ഉണ്ടായിട്ടില്ല.

ഇത്തരണത്തിൽ, ആറുമാസക്കാലമായി അരുവാപ്പുലം പഞ്ചായത്തിൽ പുതിയ ക്വാറിക്കുവേണ്ടിയുള്ള അപേക്ഷയുമായി പ്രദേശവാസി തന്നെ തലസ്ഥാനം കേന്ദ്രമാക്കി പ്രവർത്തിക്കുന്നു എന്നുള്ള വാർത്തയും കേൾക്കുന്നുണ്ട്. “ജാഗ്രതെ”.

error: Content is protected !!