തിരഞ്ഞെടുപ്പ് ദിവസം ശമ്പളത്തോടുകൂടി അവധി
തദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് നടക്കുന്ന ഡിസംബര്‍ ഒമ്പത്, 11 തീയതികളില്‍ സ്വകാര്യസ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന വോട്ട് ചെയ്യാന്‍ അര്‍ഹതയുള്ള ജീവനക്കാര്‍ക്ക് ശമ്പളത്തോടുകൂടിയ അവധി അനുവദിക്കണമെന്ന് ബന്ധപ്പെട്ട അധികാരികളോട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശിച്ചു. ജില്ലയ്ക്ക് പുറത്ത് ജോലി ചെയ്യുന്ന വോട്ടര്‍മാര്‍ക്ക് വോട്ടെടുപ്പ് ദിവസം സ്വന്തം ജില്ലയിലെ പോളിങ് സ്റ്റേഷനില്‍ പോയി വോട്ട് ചെയ്യുന്നതിന് പ്രത്യേക അനുമതി നല്‍കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശിച്ചു.
ഡ്യൂട്ടി ലീവ് ലഭിക്കും
തദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പില്‍ അന്യത്രസേവനവ്യവസ്ഥയിലുള്ള പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് പോളിംഗ് ദിവസത്തിന്റെ തൊട്ടടുത്ത ദിവസം ഡ്യൂട്ടി ലീവ് അനുവദിച്ചു നല്‍കണമെന്ന് വകുപ്പ്/ഓഫീസ് മേധാവികളോട് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശിച്ചു.
വെബ്സൈറ്റിലൂടെ സ്ഥാനാര്‍ഥികളെ അറിയാം
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് https://www.sec.kerala.gov.in/election/candidate/viewCandidate ലൂടെ തദേശതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളെ അറിയാം.
ലിങ്ക് ക്ലിക്ക് ചെയ്ത് ജില്ല, തദ്ദേശസ്ഥാപനം, വാര്‍ഡ് എന്നിവ രേഖപ്പെടുത്തി കാപ്ച്ച ടൈപ്പ് ചെയ്ത് സെര്‍ച്ച് ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ ഓരോ വാര്‍ഡിലും മത്സരിക്കുന്ന സ്ഥാനാര്‍ഥിയുടെ പേര്, വയസ്, ജെന്‍ഡര്‍, വീട്ടുപേര്, ഫോട്ടോ, രാഷ്ട്രീയ പാര്‍ട്ടിയും ചിഹ്നവും, സ്ഥാനാര്‍ഥിയുടെ നാമനിര്‍ദേശ പത്രിക, പത്രികയോടൊപ്പം സമര്‍പ്പിച്ച വിശദാംശം എന്നിവ കാണാനാകും.
തദേശസ്ഥാപനത്തിന്റെ പേര് രേഖപ്പെടുത്താനുള്ള കോളത്തില്‍ ഗ്രാമപഞ്ചായത്ത് ‘G’, ബ്ലോക്ക് പഞ്ചായത്ത് ‘B’, ജില്ലാ പഞ്ചായത്ത് ‘D’, മുനിസിപ്പാലിറ്റി ‘M’, കോര്പറേഷന് ‘C’ എന്ന അക്ഷരത്തില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്.
ജില്ലാതല മീഡിയ റിലേഷന്‍സ് സമിതിക്ക് പരാതി നല്‍കാം
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രൂപീകരിച്ച പത്തനംതിട്ട ജില്ലാതല മീഡിയ റിലേഷന്‍സ് സമിതിയിലേക്ക് പരാതി നല്‍കാം. പൊതു തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് പുറപ്പെടുവിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള മാര്‍ഗനിര്‍ദേശം പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നതിനും തുടര്‍നടപടി ശുപാര്‍ശ ചെയ്യുന്നതിനും ജില്ലാ കലക്ടറുടെ അധികാര പരിധിയില്‍ വരുന്ന മാധ്യമ സംബന്ധിയായ കാര്യങ്ങളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറെ സഹായിക്കുന്നതിനാണ് ജില്ലാ മീഡിയ റിലേഷന്‍സ് സമിതി രൂപീകരിച്ചത്.
മാധ്യമങ്ങള്‍ക്കുള്ള നിര്‍ദേശങ്ങളുടെ ലംഘനം സംബന്ധിച്ച പരാതികളില്‍ തീര്‍പ്പുകല്‍പ്പിക്കുന്നത് ഈ സമിതിയായിരിക്കും. ഇമെയില്‍: diopta1@gmail.com ഫോണ്‍: 0468 2222657
സൗജന്യ സ്വയം തൊഴില്‍ പരിശീലനം
പത്തനംതിട്ട എസ് ബി ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ഫാസ്റ്റ് ഫുഡ്, കൂണ് വളര്‍ത്തല്‍, തയ്യല്‍, പേപ്പര്‍ ബാഗ് നിര്‍മാണം എന്നിവയുടെ സൗജന്യ പരിശീലനം ആരംഭിക്കുന്നു. പ്രായം 18 – 49. ഫോണ്‍: 04682270243, 04682992293.
ഗതാഗത നിരോധനം
കുമ്പഴ -കോന്നി- വെട്ടൂര്‍ റോഡില്‍ ടാറിംഗ് നടക്കുന്നതിനാല്‍ ഡിസംബര്‍ ഒന്നുമുതല്‍ ആറു ദിവസത്തേക്ക് വാഹന ഗതാഗതം പൂര്‍ണമായി നിരോധിച്ചു. പുനലൂര്‍ – മൂവാറ്റുപുഴ റോഡ് വഴി വാഹനങ്ങള്‍ പോകണം.
ഗതാഗത നിയന്ത്രണം
റാന്നി -വലിയകാവ് റോഡില്‍ നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാല്‍ പൊന്തന്‍പുഴ മുതല്‍ വലിയകാവ് റോഡിലൂടെയുളള വാഹനഗതാഗതത്തിന് ഡിസംബര്‍ ഒന്നുമുതല്‍ മൂന്നുവരെ നിയന്ത്രണം ഏര്‍പ്പെടുത്തി. വലിയകാവ് റോഡില്‍ നിന്ന് മന്ദമരുതി ഭാഗത്തേക്കുളള റോഡ് വഴി വാഹനങ്ങള്‍ പോകണം.
അംഗത്വം പുന:സ്ഥാപിക്കാന്‍ അവസരം
കര്‍ഷകതൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍ അംഗത്വം നഷ്ടമായ 10 വര്‍ഷം വരെ കുടിശികയുളളവര്‍ക്ക് പിഴ തുക അടച്ച് ഡിസംബര്‍ 10 വരെ അംഗത്വം പുന:സ്ഥാപിക്കാന്‍ അവസരം. കുടിശിക അടയ്ക്കാന്‍ മറ്റൊരു അവസരം ലഭിക്കില്ല. 60 വയസ് പൂര്‍ത്തിയായ തൊഴിലാളികള്‍ കുടിശിക അടയ്ക്കണ്ട. ആധാര്‍കാര്‍ഡ്, ബാങ്ക് പാസുബുക്ക് എന്നിവയുടെ പകര്‍പ്പും ഫോട്ടോയും സഹിതം ഡിസംബര്‍ 10 ന് മുമ്പ് ഓഫീസില്‍ നേരിട്ടെത്തി കുടിശിക അടച്ച് അംഗത്വം പുന:സ്ഥാപിക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468-2327415.
വാഹനപ്രചാരണം : മോട്ടോര്‍വാഹന നിയമം പാലിക്കണം
പ്രചാരണത്തിനായി ഉപയോഗിക്കുന്ന വാഹനങ്ങള്‍ മോട്ടോര്‍വാഹനചട്ടങ്ങള്‍ പാലിച്ചുള്ളവയായിരിക്കണമെന്നും വാഹനത്തിന്റെ നിയമാനുസൃതമായി വേണ്ട രേഖകളെല്ലാം ഉണ്ടായിരിക്കണമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന് അറിയിച്ചു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സ്ഥാനാര്‍ഥിക്ക് ഇരുചക്ര വാഹനമുള്‍പ്പെടെ ഉപയോഗിക്കാം. എന്നാല്‍ വാഹനപ്രചാരണ ചെലവ് സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് ചെലവ് കണക്കിന്റെ പരിധിയില്‍ വരുന്നതാണ്. പ്രചരണ വാഹനത്തിന് വരണാധികാരിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണം. സ്വകാര്യ ആവശ്യങ്ങള്‍ക്കുള്ള വാഹനങ്ങളില്‍ പ്രചാരണം പാടില്ല.
വരണാധികാരിയാണ് പ്രചാരണവാഹനത്തിനുള്ള പെര്‍മിറ്റ് നല്‍കുന്നത്. വാഹനത്തിന്റെ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ്, ടാക്സി / ടൂറിസ്റ്റ് പെര്‍മിറ്റ്, ഡ്രൈവറുടെ ലൈസന്‍സ്, ടാക്സ് അടച്ചതിന്റെ രേഖ, ഇന്‍ഷുറന്‍സ്, പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതമാണ് പെര്‍മിറ്റിനായി ബന്ധപ്പെട്ട വരണാധികാരിക്ക് അപേക്ഷ നല്‍കേണ്ടത്.
വരണാധികാരി നല്കുന്ന ഒറിജിനല്‍ പെര്‍മിറ്റ് വാഹനത്തിന്റെ മുന്‍വശത്ത് കാണത്തക്ക വിധം പ്രദര്‍ശിപ്പിക്കുകയും വേണം. പെര്‍മിറ്റില്‍ വാഹനത്തിന്റെ നമ്പര്‍, സ്ഥാനാര്‍ത്ഥിയുടെ പേര് എന്നിവ ഉണ്ടാകും. തിരഞ്ഞെടുപ്പ് പ്രചരണ വാഹനത്തിന്റെ രൂപമാറ്റം, വാഹനത്തില്‍ തിരഞ്ഞെടുപ്പ് പരസ്യം, കൊടി എന്നിവയുടെ പ്രദര്‍ശനം, വീഡിയോ പ്രചരണ വാഹനം എന്നിവയെല്ലാം മോട്ടോര്‍ വാഹന നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിധേയമായിരിക്കണം.
പ്രചാരണ വാഹനങ്ങളില്‍ ഉച്ചഭാഷിണി ഘടിപ്പിക്കുന്നതിന് പോലീസ് അധികാരിയുടെ അനുമതി വാങ്ങണം. ഇതിനായി വരണാധികാരി നല്കിയ വാഹന പെര്‍മിറ്റ് ഉള്‍പ്പെടെയുള്ള രേഖകളുടെ പകര്‍പ്പ് സഹിതം ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍ അപേക്ഷിക്കണം. വരണാധികാരിയുടേയോ പോലീസ് അധികാരിയുടേയോ പെര്‍മിറ്റ് ഇല്ലാത്ത വാഹനം പ്രചരണത്തിന് ഉപയോഗിക്കാന്‍ പാടില്ല. അത്തരം വാഹനം അനധികൃത പ്രചാരണ വാഹനമായി കണക്കാക്കി നടപടി സ്വീകരിക്കുമെന്ന് കമ്മീഷണര്‍ അറിയിച്ചു.
മാത്യു ടി തോമസ് എംഎല്‍എ യുടെ പേര് വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കാന്‍ കഴിയും
മാത്യു ടി തോമസ് എംഎല്‍എ യുടെ പേര് വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കാന്‍ കഴിയുമെന്ന് പത്തനംതിട്ട ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന് അറിയിച്ചു.
2002 മാര്‍ച്ചിലാണ് തീവ്ര വോട്ടര്‍ പട്ടിക നിലവില്‍ വന്നത്. അതിന് ശേഷം 2002 ഒക്ടോബറിലാണ് മാത്യു ടി തോമസ് എംഎല്‍എ ഇലക്ഷന് തിരിച്ചറിയല്‍ കാര്‍ഡ് എടുത്തിരിക്കുന്നത്. 2002 ല്‍ എസ് ഐ ആര് പ്രസിദ്ധീകരിക്കുമ്പോള്‍ മാത്യു ടി തോമസിന്റെ പേര് വോട്ടര്‍ പട്ടികയില്‍ ഇല്ല. അന്ന് എന്യുമറേഷന് ഫോം പൂരിപ്പിച്ച് നല്‍കാതിരുന്നതാണോ അദ്ദേഹം സ്ഥലത്ത് ഇല്ലാതിരുന്നതാണോ പട്ടികയില്‍ ഇല്ലാത്തതിന് പിന്നില്‍ എന്ന് വ്യക്തമല്ല.
അതേസമയം പ്രോജിനിയില്‍ ചേര്‍ക്കാന്‍ മാത്യു ടി തോമസിന്റെ പിതാവിന്റെ പേര് ലഭിച്ചിട്ടുണ്ട്. പിതാവിന്റെ പേര് ഉള്ളതിനാല്‍ മാത്യു തോമസിന്റെയും മക്കളുടെയും പേര് തീവ്ര വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കുന്നതിന് തടസമില്ലെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.
തദേശ തിരഞ്ഞെടുപ്പ്: പൊതുയോഗങ്ങളും ജാഥകളും നടത്തുന്നത് ക്രമസമാധാനം പാലിച്ചായിരിക്കണം
തദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രചാരണ ജാഥയും പൊതുയോഗവും സംഘടിപ്പിക്കുന്നത് ക്രമസമാധാനം പാലിച്ചും ബന്ധപ്പെട്ട നിയമ വ്യവസ്ഥയും ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും ഉത്തരവും അനുസരിച്ചാകണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന് നിര്‍ദേശിച്ചു.
പൊതുയോഗം നടത്തുന്ന സ്ഥലവും സമയവും ബന്ധപ്പെട്ട രാഷ്ട്രീയപാര്‍ട്ടിയോ സ്ഥാനാര്‍ഥിയോ പൊലീസ് അധികാരിയെ മുന്‍കൂട്ടി അറിയിക്കണം.
മറ്റുകക്ഷികളുടെ യോഗവും ജാഥയും തടസപ്പെടുത്തുന്നില്ലെന്ന് രാഷ്ട്രീയകക്ഷിയും സ്ഥാനാര്‍ഥിയും ഉറപ്പുവരുത്തണം. രാഷ്ട്രീയകക്ഷിയുടെ പ്രവര്‍ത്തകരോ അനുഭാവികളോ തങ്ങളുടെ കക്ഷിയുടെ ലഘുലേഖവിതരണം ചെയ്തോ, നേരിട്ടോ, രേഖാമൂലമോ, ചോദ്യങ്ങള്‍ ഉന്നയിച്ചോ, മറ്റൊരു രാഷ്ട്രീയകക്ഷി സംഘടിപ്പിക്കുന്ന പൊതുയോഗത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ പാടില്ല. ഒരു രാഷ്ട്രീയകക്ഷിയുടെ യോഗം നടക്കുന്ന സ്ഥലത്തു മറ്റൊരു രാഷ്ട്രീയകക്ഷി ജാഥ നടത്തരുത്. ഒരു കക്ഷിയുടെ ചുവര്‍പരസ്യം മറ്റു കക്ഷികളുടെ പ്രവര്‍ത്തകര്‍ നീക്കം ചെയ്യരുത്.
യോഗം നടത്താന്‍ ഉദേശിക്കുന്ന സ്ഥലത്ത് നിയന്ത്രണ ഉത്തരവോ നിരോധനാജ്ഞയോ ഇല്ലെന്ന് രാഷ്ട്രീയകക്ഷിയും സ്ഥാനാര്‍ഥിയും ഉറപ്പുവരുത്തണം. ഉത്തരവ് നിലവിലുണ്ടെങ്കില്‍ അവ കര്‍ശനമായി പാലിക്കണം. പൊതുയോഗം തടസപ്പെടുത്തുകയോ ക്രമരഹിതമായി പ്രവര്‍ത്തിക്കുകയോ ചെയ്യുന്നവര്‍ക്ക് മൂന്നുമാസം വരെ തടവോ ആയിരം രൂപ വരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം. തിരഞ്ഞെടുപ്പ് സമയത്ത് നടക്കുന്ന രാഷ്ട്രീയസ്വഭാവമുള്ള ഏതു പൊതുയോഗത്തിനും ഇത് ബാധകമാണ്. യോഗം നടത്തുന്നതിന് ഉച്ചഭാഷിണിയോ മറ്റുസൗകര്യമോ ഉപയോഗിക്കുന്നതിന് ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് മുന്‍കൂട്ടി അനുമതി വാങ്ങണം. ശബ്ദമലിനീകരണം സംബന്ധിച്ച നിയമ വ്യവസ്ഥകള്‍ക്ക് അനുസൃതമായി അനുവദനീയമായ ശബ്ദത്തില്‍ മാത്രം ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കാവൂ.
ജാഥ സംഘടിപ്പിക്കുന്ന പാര്‍ട്ടിയോ സ്ഥാനാര്‍ഥിയോ ജാഥ ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതുമായ സമയം, സ്ഥലം, കടന്നുപോകുന്ന റൂട്ട് എന്നിവ പ്രദേശത്തെ പൊലീസ് അധികാരിയെ മുന്‍കൂട്ടി അറിയിക്കണം. ജാഥ കടന്നു പോകേണ്ട പ്രദേശങ്ങളില്‍ നിയന്ത്രണ ഉത്തരവ് ഉണ്ടോയെന്ന് സംഘാടകര്‍ പരിശോധിച്ച് നിയന്ത്രണം ബന്ധപ്പെട്ട അധികാരി ഒഴിവാക്കി നല്‍കിയില്ലെങ്കില്‍ അവ കൃത്യമായി പാലിക്കണം. വാഹനഗതാഗതത്തിന് തടസം ഉണ്ടാകാതെ ജാഥ കടന്നുപോകുന്നതിന് സംഘാടകര്‍ മുന്‍കൂട്ടി നടപടി സ്വീകരിക്കണം. ജാഥ ദൈര്‍ഘ്യമേറിയതാണെങ്കില്‍ കനത്ത ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് ചെറിയ വിഭാഗങ്ങളായി സംഘടിപ്പിക്കണം. ഗതാഗത നിയന്ത്രണങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം. ജാഥ നടത്തുന്ന സമയത്ത് ഡ്യൂട്ടിയിലുള്ള പോലീസിന്റെ നിര്‍ദേശം കര്‍ശനമായി പാലിക്കണം. ഒരേ സമയം ഒരേ റൂട്ടില്‍ രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും ജാഥ നടത്തുകയാണെങ്കില്‍ ജാഥ തമ്മില്‍ കൂട്ടിമുട്ടാതിരിക്കാനും ഗതാഗത തടസം ഉണ്ടാകാതിരിക്കാനും സംഘാടകര്‍ മുന്‍കൂട്ടി ബന്ധപ്പെടണം. ആവശ്യമായ ക്രമീകരണത്തിന് ലോക്കല്‍ പൊലീസിന്റെ സഹായം തേടാം.
ജാഥയില്‍ പങ്കെടുക്കുന്നവര്‍ പ്രകോപനപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് സാധ്യതയുള്ള വസ്തുക്കള്‍ കൊണ്ട് പോകുന്നത് ഒഴിവാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടിയും സ്ഥാനാര്‍ഥിയും ശ്രദ്ധിക്കണം. മറ്റ് രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെയോ അംഗങ്ങളുടെയോ കോലം കൊണ്ട് നടക്കുന്നതും പരസ്യമായി അവ കത്തിക്കുന്നതും ഇത്തരത്തിലുള്ള മറ്റ് പ്രകടനം നടത്തുന്നതും കുറ്റകരമാണ്. തദേശ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സമാധാനപൂര്‍ണമായിരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും അതീവ ജാഗ്രത പുലര്‍ത്തണമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നിര്‍ദേശിച്ചു.
ആന്റി ഡിഫേയ്സ്മെന്റ് സ്ക്വാഡ്: 5033 പ്രചാരണ സാമഗ്രി നീക്കം ചെയ്തു
തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്കുള്ള പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആന്റി ഡീഫെയ്സ്മെന്റ് സ്ക്വാഡ് ജില്ലയിലെ വിവിധ ഇടങ്ങളില്‍ അനധികൃതമായി സ്ഥാപിച്ച 5033 പ്രചരണ സാമഗ്രി നീക്കം ചെയ്തു. വിവിധ രാഷ്രീയ പാര്‍ട്ടികള്‍ സ്ഥാപിച്ച ബാനര്‍, ഫ്ളക്സ്, പോസ്റ്റര്‍, ഫ്ളാഗ് ഉള്‍പ്പെടെയാണ് നീക്കം ചെയ്തത്.
അടൂര്‍ 732 പോസ്റ്ററും 15 ഫ്ളക്സും കോന്നിയില്‍ 720 പോസ്റ്ററും 113 ഫ്ളക്സും അഞ്ച് ഫ്ളാഗും കോഴഞ്ചേരിയില്‍ 1282 പോസ്റ്ററും 70 ഫ്ളക്സും തിരുവല്ലയില്‍ 852 പോസ്റ്ററും 193 ഫ്ളക്സും 59 ബോര്‍ഡും മല്ലപ്പള്ളി 143 പോസ്റ്റര്‍, 13 ഫ്ളക്സും റാന്നി 631 പോസ്റ്ററും 118 ഫ്ളക്സും 87 ഫ്ളാഗും നീക്കം ചെയ്തു. കോന്നി, കോഴഞ്ചേരി താലൂക്കുകളിലായി ലഭിച്ച നാല് പരാതി പരിഹരിച്ചു.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ഥികളും നടത്തുന്ന പ്രചാരണ പരിപാടി നിയമപരമാണോ എന്ന് പരിശോധിക്കുകയാണ് സ്ക്വാഡിന്റെ ചുമതല. പ്രചാരണ പരിപാടിയുടെ നിയമ സാധുത സ്ക്വാഡ് പരിശോധിക്കും. നിയമപരമല്ലാത്ത പ്രചാരണ പരിപാടി ഉടന്‍ നിര്‍ത്തിവയ്ക്കാന്‍ സ്ക്വാഡ് നിര്‍ദേശം നല്‍കും. അനധികൃതമായോ നിയമപരമല്ലാതെയോ സ്ഥാപിച്ച നോട്ടീസ്, ബാനര്‍, ചുവരെഴുത്ത്, പോസ്റ്റര്‍, ബോര്‍ഡ് എന്നിവ നീക്കം ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കും. നിര്‍ദേശം പാലിക്കുന്നില്ലെങ്കില്‍ അവ നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിച്ച് അതിന്റെ ചെലവ് ബന്ധപ്പെട്ടവരില്‍ നിന്ന് ഈടാക്കുന്നതിന് തദേശസ്ഥാപന സെക്രട്ടറിമാരുടെയും നിരീക്ഷകരുടെയും ശ്രദ്ധയില്‍പ്പെടുത്തി സ്ക്വാഡ് നടപടി സ്വീകരിക്കും.
ജില്ലാതല ആന്റി ഡിഫെയ്സ്മെന്റ് സ്ക്വാഡ് നമ്പര്‍ : 0469 2601202
ഭിന്നശേഷി കലാമേള ഡിസംബര്‍ മൂന്നിന്
അന്താരാഷ്ട്ര ഭിന്നശേഷി ദിനാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ല പഞ്ചായത്തിന്റേയും സാമൂഹികനീതി വകുപ്പിന്റേയും സംയുക്താഭിമുഖ്യത്തില്‍ ജില്ലാതല ഭിന്നശേഷി കലാമേള ഡിസംബര്‍ മൂന്നിന് കൈപ്പട്ടൂര്‍ സെന്റ് ഇഗ്നേഷ്യസ് ഓര്‍ത്തഡോക്സ് മഹാ ഇടവക പാരിഷ് ഹാളില്‍ നടക്കും. രാവിലെ 8:30ന് വിളംബര ഘോഷയാത്രയോടെ ആരംഭിക്കുന്ന കലാമേള , ജില്ല ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി അരുണ്‍ ബെച്ചു (സെക്രട്ടറി ആന്‍ഡ് സിവില്‍ ജഡ്ജ് ഡിഎല്‍എസ്എ) ഒമ്പതിന് പതാക ഉയര്‍ത്തി നിര്‍വഹിക്കും. 9:30 മുതല്‍ ഭിന്നശേഷി കുട്ടികളുടെ കലാകായിക മേള നടക്കും. വൈകിട്ട് നാലിന് ആരംഭിക്കുന്ന പൊതു സമ്മേളനത്തില്‍ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന് ഉദ്ഘാടനവും സമ്മാനവിതരണവും നിര്‍വഹിക്കും. ജില്ലയിലെ ഭിന്നശേഷി സ്ഥാപനങ്ങളിലെ കുട്ടികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍, ഭിന്നശേഷി സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ കലാമേളയില്‍ പങ്കെടുക്കും.
കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു
മല്ലപ്പളളി കെല്‍ട്രോണില്‍ വിവിധ കമ്പ്യൂട്ടര്‍ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം. ഡിസിഎ, വേഡ് പ്രൊസസിംഗ് ആന്‍ഡ് ഡേറ്റ എന്‍ട്രി, ടാലി എംഎസ് ഓഫീസ്, ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് എന്നീ കോഴ്സുകള്‍ക്കാണ് പ്രവേശനം. ഫോണ്‍ : 0469 2961525, 8281905525.
സാധ്യതാ പട്ടിക
ജില്ലയിലെ ആരോഗ്യവകുപ്പിലെ ഫീല്‍ഡ് വര്‍ക്കര്‍ (കാറ്റഗറി നം. 546/19) തസ്തികയുടെ സാധ്യതാ പട്ടിക നിലവില്‍ വന്നതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.