Input your search keywords and press Enter.

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 19/02/2022 )

 

 

യഥാര്‍ഥ സേവനം സാധ്യമാക്കുന്നത് പങ്കുവയ്ക്കലിലൂടെ: ജില്ലാ കളക്ടര്‍

 

പരസ്പരം പങ്കുവയ്ക്കുമ്പോഴാണ് യഥാര്‍ഥസേവനം സാധ്യമാക്കുന്നതെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ കോവിഡ് വാരിയേഴ്‌സ് പ്രവര്‍ത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനവും ലോഗോ പ്രകാശനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍.
സന്നദ്ധ സേവനം ജീവിത മനോഭാവമാണെന്ന് തിരിച്ചറിയണം. മറ്റുള്ളവരുടെ ജീവിതത്തില്‍ വെളിച്ചം വീശാന്‍ കഴിയുന്നത് അത്തരമാളുകള്‍ക്ക് ആണെന്നും അതിന് കോവിഡ് വാരിയര്‍ പോലെ ഉള്ള പരിപാടികള്‍ മാര്‍ഗരേഖ ആയി തീരണമെന്നും കളക്ടര്‍ പറഞ്ഞു. ദുരന്തകാലത്ത് ഡി സി വോളന്റിയേഴ്‌സിന്റെയും സന്നദ്ധ സേവകരുടേയും പങ്ക് ജില്ലയ്ക്ക് മുതല്‍ക്കൂട്ടായിരുന്നു. കോവിഡ് വാരിയേഴ്‌സിന്റെ പാതയിലൂടെ സഞ്ചരിക്കുമ്പോള്‍ മറ്റുള്ളവരുടെ സന്തോഷത്തിലും ദു:ഖത്തിലും പങ്ക്‌ചേരാന്‍ പരിശ്രമിക്കണമെന്നും എന്‍എസ്എസ് വോളന്റിയര്‍മാരോട്് കളക്ടര്‍ പറഞ്ഞു.

 

കോവിഡ് വാരിയര്‍ ജില്ല കമാന്റിംഗ് ഓഫിസര്‍ ഹരിത ആര്‍. ഉണ്ണിത്താന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന തല കമാന്റിംഗ് ഓഫിസര്‍ ഡോ. ആര്‍.എന്‍. അന്‍സര്‍, ഡെപ്യൂട്ടി കമാന്റഡര്‍ ബ്രഹ്മനായകം മഹാദേവന്‍, സബ് കമാന്റിംഗ്ഓഫീസര്‍ സജിത്ത് ബാബു, കോര്‍ കമാന്റിംഗ് അംഗം സൗരവ് സന്തോഷ്, വിജീഷ് വിജയന്‍, ഡി സി വോളന്റിയേഴ്‌സ്, വിവിധ കോളജുകളിലെ എന്‍ എസ് എസ് അംഗങ്ങളും പരിപാടിയില്‍ പങ്കെടുത്തു. കോവിഡ് മൂന്നാം തരംഗത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജില്ലയിലെ 15 കോളജുകളിലായി 300 ഓളം വോളന്റിയേഴ്‌സ് ആണ് പ്രവര്‍ത്തിക്കുന്നത്.

 

പത്തനംതിട്ട ജില്ലയിലെ നാല് ആശുപത്രികളുടെ വികസനത്തിന് 44.42 കോടി രൂപയുടെ ഭരണാനുമതി

പത്തനംതിട്ട ജില്ലയിലെ നാല് ആശുപത്രികളുടെ വികസനത്തിനായി 44.42 കോടി രൂപയുടെ നബാര്‍ഡ് ധനസഹായത്തിന് ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പത്തനംതിട്ട ജനറല്‍ ആശുപത്രി 22.17 കോടി രൂപ, എഴുമറ്റൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം കെട്ടിടം എട്ടു കോടി രൂപ, കൂടല്‍ കുടുംബാരോഗ്യ കേന്ദ്രം 6.62 കോടി രൂപ, മലയാലപ്പുഴ കുടുംബാരോഗ്യ കേന്ദ്രം 7.63 കോടി രൂപ എന്നിങ്ങനെയാണ് തുക അനുവദിച്ചത്.

പത്തനംതിട്ട ജില്ലയിലെ കോന്നി മെഡിക്കല്‍ കോളജ് ഉള്‍പ്പെടെ വിവിധ ആശുപത്രികളുടെ വികസനത്തിന് അടുത്തിടെ കിഫ്ബി 79.31 കോടി രൂപ അനുവദിച്ചിരുന്നു. കോന്നി മെഡിക്കല്‍ കോളജ് 18.72 കോടി, കോഴഞ്ചേരി ജില്ലാ ആശുപത്രി 30.35 കോടി രൂപ, റാന്നി താലൂക്ക് ആശുപത്രി 15.60 കോടി രൂപ, അടൂര്‍ ജനറല്‍ ആശുപത്രി 14.64 കോടി രൂപ എന്നിങ്ങനെയാണ് തുക അനുവദിച്ചത്. ഇവയെല്ലാം പൂര്‍ത്തിയാകുന്നതോടെ പത്തനംതിട്ട ജില്ലയില്‍ മികച്ച ആരോഗ്യ സേവനങ്ങള്‍ ലഭ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി.

പത്തനംതിട്ട ജനറല്‍ ആശുപത്രിയുടെ ഒപി ബ്ലോക്ക് നിര്‍മാണത്തിന്റെ ആദ്യഘട്ടമായാണ് തുക അനുവദിച്ചത്. ആദ്യഘട്ടമായി മൂന്ന് നില കെട്ടിടമാണ് നിര്‍മിക്കുക. ഉപകരണങ്ങള്‍ക്കും ഫര്‍ണിച്ചറുകള്‍ക്കുമായി 1.09 കോടി രൂപയും എംആര്‍ഐ മെഷീന് 8.28 കോടി രൂപയുമാണ് അനുവദിച്ചത്. സ്പെഷ്യാലിറ്റി ഒപികള്‍, ലാബ്, ഫാര്‍മസി എന്നിവയാണ് ഇവിടെ സജ്ജമാക്കുന്നത്.

എഴുമറ്റൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ പുതിയ ആശുപത്രി കെട്ടിടത്തിനാണ് തുക അനുവദിച്ചത്. മൂന്ന് നില കെട്ടിടമാണ് നിര്‍മിക്കുന്നത്. ഒപി ബ്ലോക്ക്, ലാബ്, ഫാര്‍മസി, പ്രീചെക്ക് ഏരിയ, വെയിറ്റിംഗ് ഏരിയ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്, പബ്ലിക്ക് ഹെല്‍ത്ത് വിംഗ്, കോണ്‍ഫറന്‍സ് ഹാള്‍, ഫിസിയോ തെറാപ്പി യൂണിറ്റ് എന്നിവയാണ് സജ്ജമാക്കുന്നത്.

കൂടല്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിനാണ് തുക അനുവദിച്ചത്. മൂന്ന് നില കെട്ടിടമാണ് നിര്‍മിക്കുന്നത്. ഉപകരണങ്ങള്‍ വാങ്ങുന്നതിനായി 60 ലക്ഷം രൂപയാണ് അനുവദിച്ചത്. ലാബ്, പാലിയേറ്റീവ് കെയര്‍ റൂം, കോണ്‍ഫറന്‍സ് ഹാള്‍, ഓഫീസ്, വിഷന്‍ സെന്റര്‍ എന്നിവയുണ്ടാകും.
മലയാലപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ രണ്ട് നില കെട്ടിടത്തിനാണ് തുക അനുവദിച്ചത്. 60 ലക്ഷം രൂപ ഉപകരണങ്ങള്‍ക്കായുള്ളതാണ്. ഒപി, ലാബ്, ഫാര്‍മസി, പ്രീ ചെക്ക് ഏരിയ, വെയിറ്റിംഗ് ഏരിയ, കോണ്‍ഫറന്‍സ് ഹാള്‍, ഓഫീസ്, പബ്ലിക്ക് ഹെല്‍ത്ത് വിംഗ് എന്നിവയുണ്ടാകും.

 

പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്

പറക്കോട് ബ്ലോക്ക് പഞ്ചായത്തില്‍ പ്രോജക്ട് അസിസ്റ്റന്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ഥികള്‍ പട്ടികജാതി വിഭാഗത്തില്‍പെട്ടവര്‍ ആയിരിക്കണം. നിര്‍മാണ പ്രവര്‍ത്തികളുടെ ജിയോ ടാഗിംഗ് നടത്തുക, ഇ-ഗ്രാംസ്വരാജ് പോര്‍ട്ടലില്‍ ബില്ലുകള്‍ തയാറാക്കുക എന്നിവയാണ് ചുമതലകള്‍.

പ്രായപരിധി 18 മുതല്‍ 33 വയസു വരെ. മൂന്നു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഴ്സ്യല്‍ പ്രാക്ടീസ്/ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്മെന്റ് അഥവാ ബിരുദവും ഒരു വര്‍ഷത്തില്‍ കുറയാതെ ഉള്ള അംഗീകൃത ഡിസിഎ / പിജിഡിസിഎ യോഗ്യത ഉണ്ടായിരിക്കണം. ഈ മാസം 26ന് വൈകിട്ട് അഞ്ചിനു മുന്‍പായി സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് ഉള്‍പ്പെടെ ബ്ലോക്ക് പഞ്ചായത്തില്‍ നേരിട്ടോ തപാല്‍ മാര്‍ഗമോ അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍ 04734-217150.

 

അപേക്ഷ ക്ഷണിച്ചു

സ്വയംതൊഴില്‍ പദ്ധതി പ്രകാരം വിമുക്തഭടന്മാര്‍ നടത്തുന്ന സംരംഭങ്ങളില്‍ ബാങ്കുകളില്‍ നിന്നോ കേന്ദ്ര-സംസ്ഥാന ഏജന്‍സികളില്‍ നിന്നോ സ്വീകരിച്ചിരിക്കുന്ന ലോണുകളില്‍ ഒറ്റത്തവണ ടോപ് അപ്പ് ആയി തുക നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. സ്വയം തൊഴില്‍ പദ്ധതികള്‍ നടത്തിവരുന്ന വിമുക്തഭടന്മാര്‍, അവരുടെ വിധവകള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷയോടൊപ്പം ഇഎസ്എം ഐഡികാര്‍ഡ്, ഡിസ്ചാര്‍ജ് ബുക്ക്, പിപിഒ(ലഭ്യമാണെങ്കില്‍), സ്വയംതൊഴില്‍ സംരംഭത്തിന് ലോണ്‍ എടുത്തിട്ടുണ്ട് എന്ന് കാണിക്കുന്ന രേഖ എന്നിവ സമര്‍പ്പിക്കണം. ഫോണ്‍ 0468 2961104.

പദ്ധതി നിര്‍വഹണം: പത്തനംതിട്ട നഗരസഭ ഒന്നാം സ്ഥാനത്ത്

സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി നിര്‍വഹണത്തില്‍ പത്തനംതിട്ട നഗരസഭ ഒന്നാം സ്ഥാനത്ത്. ഫെബ്രുവരി 19ലെ കണക്ക് പ്രകാരമാണ് പത്തനംതിട്ട ഒന്നാം സ്ഥാനത്തെത്തിയത്. പദ്ധതി വിഹിതത്തിലെ ജനറല്‍ വിഭാഗത്തില്‍ 98 ശതമാനം തുകയും ചെലവഴിച്ചു കഴിഞ്ഞു.

 

മൊത്തം 7.56 കോടിയില്‍ 5.46 കോടി രൂപ ചെലവഴിച്ച് 72.17 ശതമാനമാണ് മൊത്തം പദ്ധതി വിഹിതത്തില്‍ പത്തനംതിട്ട നഗരസഭ ചെലവഴിച്ചത്. തൊട്ടടുത്ത സ്ഥാനത്ത് ചാവക്കാട് നഗരസഭയാണ്. പദ്ധതി വിഹിതത്തില്‍ ഇനി തുക അനുവദിച്ചാല്‍ മാത്രമേ ബില്ലുകള്‍ പാസാക്കാന്‍ കഴിയുകയുള്ളൂ.

 

സ്പില്‍ ഓവര്‍ തുകയായി 1.25 കോടി രൂപ ലഭിക്കാനുണ്ട്. സെന്‍ട്രല്‍ ഫിനാന്‍സ് കമ്മീഷന്‍ ഗ്രാന്‍ഡിന് ഒന്നാം ഗഡു തുക മാത്രമാണ് ലഭിച്ചിട്ടുള്ളത്. ഇനിയും ഒന്നരക്കോടി രൂപ കൂടി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നഗരസഭയ്ക്ക് ലഭ്യമായ തുക സമയബന്ധിതമായി ചെലവഴിക്കാന്‍ ശ്രമം നടത്തിയിട്ടുള്ള എല്ലാ ഉദ്യോഗസ്ഥരെയും നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ അഭിനന്ദിച്ചു.

മുട്ടക്കോഴി

മൃഗ സംരക്ഷണ വകുപ്പിന്റെ 2020-21 വര്‍ഷത്തെ (സ്പില്‍ ഓവര്‍) പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വനിതകള്‍ക്ക് മുട്ടക്കോഴി എന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 600 രൂപ ഗുണഭോക്തൃ വിഹിതം നല്‍കി 45-60 ദിവസം പ്രായമായ 10 മുട്ടക്കോഴി കുഞ്ഞുങ്ങളെ വാങ്ങാം. വളര്‍ത്താന്‍ താല്പര്യം ഉള്ളതും സ്വന്തമായി സുരക്ഷിതമായി കൂടുള്ളതുമായ വനിത ഗുണഭോക്താക്കള്‍ക്ക് ഇതിനായി അപേക്ഷിക്കാം. അപേക്ഷകള്‍ ഫെബ്രുവരി 21ന് രാവിലെ 10ന് മുന്‍പ് മൃഗാശുപത്രിയില്‍ എത്തിക്കണം. അപേക്ഷയോടൊപ്പം റേഷന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ കോപ്പി, ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവ സമര്‍പ്പിക്കണം.

സബ് കമ്മിറ്റി യോഗം

സങ്കല്‍പ്പ് പദ്ധതിയുടെ ഭാഗമായി മാര്‍ച്ച് 19ന് പത്തനംതിട്ട കാത്തോലിക്കേറ്റ് കോളജില്‍ നടത്താന്‍ നിശ്ചയിച്ചിട്ടുള്ള ജോബ് ഫെയറിന്റെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഫെബ്രുവരി 25ന് രാവിലെ 11.30ന് ജില്ലാ കളക്ടറുടെ ചേംബറില്‍ സബ് കമ്മിറ്റി യോഗം ചേരും. ജോബ് ഫെയര്‍ സബ് കമ്മിറ്റി അംഗങ്ങള്‍ പങ്കെടുക്കണം.

മികവിന്റെ വഴികള്‍ പരിപാടിക്കു തുടക്കമായി

പത്തനംതിട്ട ഡയറ്റിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന നൂതന പരിപാടിയായ മികവിന്റെ വഴികള്‍ ഉജ്ജ്വലം 2022ന് തുടക്കമായി. ഡയറ്റ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന തിരുവല്ല വിദ്യാഭ്യാസ ജില്ലയുടെ അവലോകന യോഗം പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ പി. തോമസ് ഉദ്ഘാടനം ചെയ്തു. തിരുവല്ല ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ. മിനികുമാരി അധ്യക്ഷത വഹിച്ചു.

 

ഡയറ്റ് പ്രിന്‍സിപ്പല്‍ പി.പി. വേണുഗോപാലന്‍ പരിപാടികള്‍ വിശദീകരിച്ചു. ജില്ലയിലെ അന്‍പതില്‍ അധികം വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന നൂതന പരിപാടികളുടെ അവതരണവും ചര്‍ച്ചയും തുടര്‍ പ്രവര്‍ത്തനങ്ങളുടെ ആസൂത്രണവും യോഗത്തില്‍ നടന്നു. വെണ്ണിക്കുളം എഇഒ സുധാകരന്‍ ചന്ദ്രോത്ത്, മല്ലപ്പള്ളി എഇഒ എം.ആര്‍. സുരേഷ് എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. സമാപന യോഗത്തില്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.എസ്. ബീനാ റാണി, ഡയറ്റ് ഫാക്കല്‍റ്റി അംഗങ്ങളായ കെ.കെ. ദേവി, പി.വി. ശുഭ എന്നിവര്‍ സംസാരിച്ചു.

മിഴിവ് – 2022 ഓണ്‍ലൈന്‍ വീഡിയോമത്സരം: എന്‍ട്രികള്‍ ക്ഷണിച്ചു

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് പൊതുജനങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന മിഴിവ് – 2022 ഓണ്‍ലൈന്‍ വീഡിയോ മത്സരത്തിലേയ്ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ വികസന ക്ഷേമപ്രവര്‍ത്തനങ്ങള്‍, നേട്ടങ്ങള്‍, വിജയഗാഥകള്‍, സ്വപ്നപദ്ധതികള്‍ തുടങ്ങിയ വിഷയങ്ങള്‍ വീഡിയോകള്‍ക്ക് ആധാരമാക്കാം. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്ന വീഡിയോകള്‍ക്ക് യഥാക്രമം ഒരുലക്ഷം, അന്‍പതിനായിരം, ഇരുപത്തയ്യായിരം എന്നിങ്ങനെ കാഷ് അവാര്‍ഡ് ലഭിക്കും. പ്രോത്സാഹന സമ്മാനമായി അഞ്ച് പേര്‍ക്ക് അയ്യായിരം രൂപ വീതവും ലഭിക്കും. എന്‍ട്രികള്‍ ഫെബ്രുവരി 28 വരെ അപ്‌ലോഡ് ചെയ്യാം.

 

പ്രൊഫഷണല്‍ ക്യാമറയോ മൊബൈലോ ഉപയോഗിച്ച് വീഡിയോകള്‍ ഷൂട്ട് ചെയ്യാം. ഫിക്ഷന്‍/ ഡോക്യുഫിക്ഷന്‍/ അനിമേഷന്‍, മ്യൂസിക് വീഡിയോ, മൂവിംഗ് പോസ്റ്റേഴ്‌സ് തുടങ്ങി ഏത് രീതിയില്‍ നിര്‍മിച്ച വീഡിയോകളും മത്സരത്തിനായി പരിഗണിക്കും. എന്നാല്‍, മേല്‍പ്പറഞ്ഞ വിഷയങ്ങളില്‍ ആധാരമായതും സാധാരണക്കാരന് മനസിലാകുന്ന വിധത്തില്‍ ലളിതവും കൗതുകം നിറഞ്ഞതുമായിരിക്കണം സൃഷ്ടികള്‍. വീഡിയോകളുടെ പരമാവധി ദൈര്‍ഘ്യം 90 സെക്കന്റ്‌സ്.

 

ക്രെഡിറ്റ്‌സ് ഉള്‍പ്പടെ ചേര്‍ത്ത് എച്ച് ഡി(1920×1080) എംപി4 ഫോര്‍മാറ്റില്‍ mizhiv.kerala.gov.in എന്ന വെബ് സൈറ്റിലാണ് വീഡിയോകള്‍ അപ്‌ലോഡ് ചെയ്യേണ്ടത്. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന ലോഗിന്‍ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് വേണം വീഡിയോകള്‍ അപ് ലോഡ് ചെയ്യാന്‍. ഒരാള്‍ക്ക് മൂന്ന് വീഡിയോകള്‍ വരെ മത്സരത്തിനായി സമര്‍പ്പിക്കാം. ഇന്ത്യന്‍ പൗരത്വമുള്ള ഏതൊരാള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം.
മത്സരത്തിലേയ്ക്ക് ലഭിക്കുന്ന വീഡിയോകള്‍ വിദഗ്ധ ജൂറി വിലയിരുത്തി സമ്മാനങ്ങള്‍ നിശ്ചയിക്കും. മിഴിവ് മത്സരത്തിലേയ്ക്ക് ലഭ്യമാകുന്ന എന്‍ട്രികളുടെ മുഴുവന്‍ പകര്‍പ്പവകാശവും ഐ & പിആര്‍ഡിയില്‍ നിക്ഷിപ്തമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ prd.kerala.gov.in എന്ന വെബ് സൈറ്റില്‍ ലഭിക്കും.

തദ്ദേശ സ്ഥാപനങ്ങള്‍ ജനങ്ങളുടെ സ്പന്ദനം മനസിലാക്കി പ്രവര്‍ത്തിക്കണം: ഡെപ്യുട്ടി സ്പീക്കര്‍

 

ജനങ്ങളുടെ സ്പന്ദനം മനസിലാക്കി തദ്ദേശസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ബല്‍വന്ത്റായി മേത്തയുടെ ജന്മദിനത്തോട് അനുബന്ധിച്ച് നടത്തിയ തദ്ദേശ സ്വയംഭരണ ദിനാഘോഷത്തിലെ ജില്ലാതല സെമിനാര്‍ പത്തനംതിട്ടയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

 

പഞ്ചായത്ത് രാജ് ആക്ട് നടപ്പാക്കി പഞ്ചായത്തുകളില്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ജനപ്രതിനിധികള്‍ക്ക് കൂടി അധികാരം വിഭജിച്ച് നല്‍കിയപ്പോഴാണ് നാടിന്റെ സമഗ്രവികസനം സാധ്യമായത്. സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ അധികാരം കേന്ദ്രീകരിച്ചിരിക്കുന്നത് ഗ്രാമപഞ്ചായത്തുകളിലാണ്. ഈ അധികാരം ജനങ്ങള്‍ക്ക് ഗുണപ്രദമായ രീതിയില്‍ ഉപയോഗിക്കണമെന്നും അധികാരം സമൂഹത്തിന്റെ നേട്ടത്തിന് വേണ്ടിയാകണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ എല്ലാ മേഖലയിലും വികസനത്തിന്റെ വിപ്ലവമാണ് ജനകീയാസൂത്രണത്തിലൂടെ സാധ്യമായത്.

 

 

കോവിഡ് മഹാമാരിയുടെ രണ്ട് വര്‍ഷവും തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ മികച്ച പ്രവര്‍ത്തനങ്ങളാണ് നടന്നത്. കേരളം വലിയ മാറ്റത്തിന്റെ പാതയിലേക്ക് പോകുകയാണ്. കാര്‍ഷികമേഖല സ്വയംപര്യാപ്തമാകാനുള്ള തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഓരോ പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ നടന്നു വരികയാണെന്നും പാല്‍, മുട്ട, ഇറച്ചി ഉത്പാദനത്തില്‍ കേരളം ഏറെ മുന്നോട്ട് പോയിക്കഴിഞ്ഞുവെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.

 

തുടര്‍ന്ന് നടന്ന സെമിനാറില്‍ ജില്ലാ ആസൂത്രണസമിതി വൈസ് ചെയര്‍മാന്‍ ആര്‍. അജിത്ത്കുമാര്‍ ജനകീയാസൂത്രണത്തിന്റെ 25 വര്‍ഷങ്ങള്‍ എന്ന വിഷയത്തിലും, ജില്ലാ റിസോഴ്സ് സെന്റര്‍ വൈസ് ചെയര്‍മാന്‍ എം.കെ. വാസു നവകേരളം കര്‍മ്മപരിപാടി എന്ന വിഷയത്തിലും, കില ഹെല്‍പ്പ് ഡെസ്‌ക് കണ്‍സള്‍ട്ടന്റ് സി.പി. സുനില്‍ സംയോജിത തദ്ദേശ സ്വയംഭരണ സര്‍വീസ് എന്ന വിഷയത്തിലും ക്ലാസുകള്‍ നയിച്ചു.

 

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷന്‍ ജില്ലാ കമ്മറ്റി പ്രസിഡന്റ് ആര്‍. തുളസീധരന്‍പിള്ള, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷന്‍ ജില്ലാ കമ്മറ്റി പ്രസിഡന്റ് പി.എസ്. മോഹനന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷന്‍ ജില്ലാ കമ്മറ്റി സെക്രട്ടറി കെ.കെ. ശ്രീധരന്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ആര്‍. സുമേഷ്, പിഎയു പ്രോജക്ട് ഡയറക്ടര്‍ എന്‍. ഹരി തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

error: Content is protected !!