രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയുള്ള വോട്ടെടുപ്പിൽ രണ്ടുലക്ഷത്തോളം വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിക്കും. മൂന്നു മുന്നണികളുടെ ഉൾപ്പെടെ എട്ട് സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്. ഒരുമാസത്തോളം നീണ്ട പൊടിപാറിയ പ്രചാരണത്തിലൂടെ സംസ്ഥാനത്തിന്റെയാകെ ശ്രദ്ധാകേന്ദ്രമായി തൃക്കാക്കര മണ്ഡലം മാറിയിരുന്നു.
പൊതുപ്രചാരണ പരിപാടി ഇല്ലാതിരുന്ന തിങ്കളാഴ്‌ച വീടുകയറിയുള്ള അവസാനവട്ട ക്യാമ്പയിനിലായിരുന്നു മുന്നണികൾ. വ്യക്തികളെ നേരിൽ കണ്ടും ഫോണിലും വോട്ട് ഉറപ്പിച്ച് സ്ഥാനാർഥികൾ തിരക്കിലായിരുന്നു.
തൃക്കാക്കര നഗരസഭയും കൊച്ചി കോർപറേഷന്റെ 22 ഡിവിഷനുകളും ഉൾപ്പെട്ടതാണ് മണ്ഡലം. ആകെ വോട്ടർമാർ: 1,96,805. ഇതിൽ 95,274 പുരുഷന്മാരും 1,01,530 സ്ത്രീകളുമാണ്. ഒരു ട്രാൻസ്‌ജെൻഡർ വോട്ടറുമുണ്ട്. 3633 കന്നിവോട്ടർമാരുണ്ട്. ബൂത്തുകൾ 239. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും വോട്ടെടുപ്പ്.