Input your search keywords and press Enter.

പാലക്കാട് ജില്ലാ അറിയിപ്പുകള്‍

വനിതാ കമ്മീഷന്‍ അദാലത്തില്‍ 38 പരാതികള്‍ പരിഗണിച്ചു


ഒമ്പത് പരാതികള്‍ തീര്‍പ്പാക്കി

വനിതാ കമ്മീഷന്‍ അദാലത്തില്‍ 38 പരാതികള്‍ പരിഗണിച്ചു. ഒമ്പത് പരാതികള്‍ തീര്‍പ്പാക്കി. കുടുംബ പ്രശ്നങ്ങള്‍ സംബന്ധിച്ച പരാതികളാണ് കമ്മീഷന്‍ മുമ്പാകെ എത്തിയത്. പരിഗണിച്ച കേസുകളില്‍ ആറ് പരാതികള്‍ പോലീസ് റിപ്പോര്‍ട്ടിന് വിട്ടു. ഒരു പരാതി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിക്കും കൈമാറി. തീര്‍പ്പാകാത്ത പരാതികള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കും.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തില്‍ വനിതാ കമ്മീഷന്‍ അംഗം അഡ്വ. ഷിജി ശിവജി, അഡ്വക്കേറ്റ്മാരായ എ. അഞ്ജന, സി. രമിക എന്നിവര്‍ പങ്കെടുത്തു.

 
അട്ടപ്പാടിയിലെ മുരുഗള, കിണറ്റുകര ഊരുകളിലേക്ക് പാലം ഒരുങ്ങുന്നു

കുറുമ്പ വിഭാഗക്കാര്‍ താമസിക്കുന്ന അട്ടപ്പാടിയിലെ മുരുഗള, കിണറ്റുകര ഊരുകളിലേക്ക് ഭാവാനി പുഴക്ക് കുറുകെ പാലം ഒരുങ്ങുന്നു. മഴക്കാലത്തുള്‍പ്പടെ ഉള്‍വനത്തിലൂടെ കിലോമീറ്ററുകളോളം യാത്ര ചെയ്ത് പുഴ കടന്ന് വേണം പ്രദേശവാസികള്‍ക്ക് റേഷനും മറ്റ് ആവശ്യങ്ങള്‍ക്കും റോഡിലേക്കെത്താന്‍. ഇതിനാശ്വാസമായാണ് പാലം നിര്‍മിക്കുന്നത്. രണ്ട് ഊരുകളിലായി 200 ഓളം പേരാണ് പ്രദേശത്ത് താമസിക്കുന്നത്.

ഐ.ടി.ഡി.പി.യുടെ കോര്‍പ്പസ് ഫണ്ടില്‍ നിന്ന് 30 ലക്ഷം ചിലവഴിച്ചാണ് പാലം നിര്‍മിക്കുന്നത്. 100 മീറ്റര്‍ നീളം വരുന്ന രണ്ട് പാലങ്ങളും അയേണ്‍ റോപ്പും അലുമിനിയം ഷീറ്റും ഉപയോഗിച്ച് കോണ്‍ക്രീറ്റിലാണ് നിര്‍മിച്ചിരിക്കുന്നത്. പാലത്തിന്റെ 90 ശതമാനം പണികളും പൂര്‍ത്തിയായി. എത്രയും വേഗം പൂര്‍ത്തീകരിച്ച് മഴക്കു മുന്‍പ് യാത്രാസൗകര്യം ഒരുക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. അട്ടപ്പാടി ഫാമിങ്ങ് സൊസൈറ്റിക്കാണ് പാലത്തിന്റെ നിര്‍മാണ ചുമതല.

പാലം യാഥാര്‍ത്ഥ്യമാവുന്നതോടെ നിരവധി കുടുംബങ്ങള്‍ക്കാണ് യാത്രാ സൗകര്യം ഒരുങ്ങുന്നത്. പാലം പണി പൂര്‍ത്തിയാകുന്നതോടെ മഴക്കാലത്ത് പുഴ കവിഞ്ഞ് ഒഴുകുന്നത് യാത്രയെ ബാധിക്കില്ല. അതോടൊപ്പം വന്യമൃഗങ്ങളെ ഭയക്കാതെ പ്രദേശവാസികള്‍ക്ക് സഞ്ചരിക്കാനും കഴിയും.

കോട്ടത്തറ ഗവ. യു.പി. സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും കരാട്ടെ പരിശീലനം ഒരുക്കി അധ്യാപകര്‍

അട്ടപ്പാടി കോത്തറ സര്‍ക്കാര്‍ യു.പി സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ കരാട്ടെ പരിശീലനം ഒരുക്കി അധ്യാപകര്‍. വിദ്യാര്‍ത്ഥികള്‍ക്ക് സ്വയം പ്രതിരോധ ശേഷി ആര്‍ജ്ജിക്കുന്നതിനായാണ് സ്‌കൂളിലെ മുഴുവന്‍ അധ്യാപകരുടെയും നേതൃത്വത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നത്. അഞ്ച്, ആറ്, എഴ് ക്ലാസുകളിലായി 112 ആണ്‍കുട്ടികളും, 97 പെണ്‍കുട്ടികളുമാണ് സ്‌കൂളില്‍ പഠിക്കുന്നത്. പഠന ശേഷം രാവിലെയും വൈകുന്നേരവുമായി മാസത്തില്‍ നാല് ദിവസമാണ് പരിശീലനം നല്‍കുന്നത്.

പുറത്ത് നിന്ന് പരിശീലകനെ എത്തിച്ച് സ്‌കൂള്‍ ഗ്രൗണ്ടിലാണ് പരിശീലനം നല്‍കുന്നത്. പരിശീലനത്തിന് ആവശ്യമായ മുഴുവന്‍ തുകയും അധ്യാപകരാണ് വഹിക്കുന്നത്. പഠനത്തിനു പുറമെ വിദ്യാര്‍ത്ഥികള്‍ക്ക് ഭാവിയില്‍ ഉപകാരപ്രദമാവുന്ന രീതിയില്‍ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കണമെന്ന അധ്യാപകരുടെ ചിന്തയാണ് ഇത്തരമൊരു ശ്രമത്തിലേക്ക് നയിച്ചതെന്നും ഇത്തരത്തില്‍ കൂടുതല്‍ പാഠ്യേതര പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആലോചിക്കുന്നതായും പ്രധാന അധ്യാപകന്‍ പറഞ്ഞു.

 
 
വായനാപക്ഷാചരണം

കോളേജ് വിദ്യാര്‍ഥികള്‍ക്കായി ‘വായനാ അവതരണ’ മത്സരം സംഘടിപ്പിക്കുന്നു

പി.എന്‍ പണിക്കര്‍ അനുസ്മരണാര്‍ത്ഥം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍, ജില്ലാ സാക്ഷരതാമിഷന്‍ എന്നിവയുടെ സഹകരണത്തോടെ വായനാപക്ഷാചരണത്തോടനുബന്ധിച്ച് ജില്ലയിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ‘വായന അവതരണ’ മത്സരം സംഘടിപ്പിക്കുന്നു. വായിച്ച് മനസില്‍ പതിഞ്ഞ ലേഖനങ്ങളോ നോവലുകളോ സംബന്ധിച്ച് അഞ്ച് മിനിറ്റില്‍ അധികരിക്കാത്ത അവതരണമാണ് നടത്തേണ്ടത്. അവതരണത്തില്‍ വിവാദ പരാമര്‍ശങ്ങള്‍ പാടില്ല. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ജൂണ്‍ 20 ന് രാവിലെ 11 മുതല്‍ തസ്രാക്ക് ഒ.വി വിജയന്‍ സ്മാരകത്തില്‍ നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കാം. വിദ്യാര്‍ത്ഥികള്‍ കോളേജ് ഐ.ഡി, പ്രിന്‍സിപ്പലിന്റെ സാക്ഷ്യപത്രം എന്നിവ സഹിതം രാവിലെ 10.30 ന് എത്തണമെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അറിയിച്ചു. വിജയികള്‍ക്കുള്ള സമ്മാനദാനം ജൂണ്‍ 23 ന് ഉച്ചക്ക് 12.30 ന് ഭാരത് മാതാ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി നിര്‍വഹിക്കും. സമ്മാന വിതരണത്തോടനുബന്ധിച്ച് വിജയികളായവര്‍ സമ്മാനത്തിന് അര്‍ഹമായ വായനാ അവതരണം നടത്തും. ഫോണ്‍: 0491 2505329

വായനാ മാസാചരണം; ജില്ലാതല ഉദ്ഘാടനം ജൂണ്‍ 19 ന്

ജില്ലാ സാക്ഷരതാ മിഷന്‍, ജില്ലാ പഞ്ചായത്ത്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വായനാ മാസാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജൂണ്‍ 19 ന് ഉച്ചയ്ക്ക് രണ്ടിന് ജില്ലാ പഞ്ചായത്ത് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷാബിറ ടീച്ചര്‍ അധ്യക്ഷയാകുന്ന പരിപാടിയില്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി മുഖ്യാതിഥിയാകും. സാഹിത്യകാരന്‍ ഇയ്യംകോട് ശ്രീധരന്‍ മുഖ്യപ്രഭാഷണം നടത്തും. സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. മനോജ് സെബാസ്റ്റ്യന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ.കെ. ഉണ്ണികൃഷ്ണന്‍, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ സെക്രട്ടറി ഡോ. മാന്നാര്‍.ജി.രാധാകൃഷ്ണന്‍, സാക്ഷരതാ സമിതി അംഗം ഒ.വിജയന്‍ മാസ്റ്റര്‍, സാഹിത്യകാരന്‍ ടി.കെ ശങ്കരനാരായണന്‍, സാക്ഷരാ മിഷന്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ പി.വി പാര്‍വ്വതി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം.രാമന്‍കുട്ടി എന്നിവര്‍ പങ്കെടുക്കും.

 
പാസഞ്ചര്‍ ഫോറം രൂപീകരണം; പൊതുജന സമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കുന്നു

പൊതുഗതാഗത രംഗത്ത് കെ.എസ്.ആര്‍.ടി.സി സേവനം, വികസനം, പൊതുജന പങ്കാളിത്തം ഉറപ്പാക്കി യാത്രാ സംവിധാനത്തില്‍ പുതിയ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ ജൂണ്‍ 22 ന് രാവിലെ 10.30 ന് പൊതുജന സമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കുന്നു. പരിപാടിയില്‍ രജിസ്ട്രേഡ് പാസഞ്ചര്‍ അസോസിയേഷന്‍ ഭാരവാഹികള്‍, കെ.എസ്.ആര്‍.ടി.സി. യാത്രാ പ്രേമികള്‍ എന്നിവര്‍ക്ക് പങ്കെടുക്കാം. കെ.എസ്.ആര്‍.ടി.സി യൂണിറ്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ ജൂണ്‍ 20  വൈകിട്ട് നാലിനകം 9947086128 നമ്പറില്‍  രജിസ്റ്റര്‍ ചെയ്യാണമെന്ന് ജില്ലാ ട്രാന്‍സ്പോര്‍്ട് ഓഫീസര്‍ അറിയിച്ചു.

മണക്കടവ് വിയറില്‍ ലഭിച്ചത് 6898.33 ദശലക്ഷം ഘനയടി ജലം

മണക്കടവ് വിയറില്‍ 2021 ജൂലൈ ഒന്ന് മുതല്‍ 2022 ജൂണ്‍ 15 വരെ 6898.33 ദശലക്ഷം ഘനയടി ജലം ലഭിച്ചു. പറമ്പിക്കുളം ആളിയാര്‍ കരാര്‍ പ്രകാരം 351.67 ദശലക്ഷം ഘനയടി ജലം ലഭിക്കാനുള്ളതായി സംയുക്ത ജലക്രമീകരണ വിഭാഗം ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. പറമ്പിക്കുളം ആളിയാര്‍ പദ്ധതി പ്രകാരമുള്ള നിലവിലെ ജലലഭ്യത ദശലക്ഷം ഘനയടിയില്‍ ചുവടെ കൊടുക്കുന്നു. ബ്രാക്കറ്റില്‍ പരമാവധി ജലസംഭരണശേഷി ദശലക്ഷം ഘനയടിയില്‍. ലോവര്‍ നീരാര്‍ 107.35(274), തമിഴ്നാട് ഷോളയാര്‍ 2215.32(5392), കേരള ഷോളയാര്‍ 318.20(5420), പറമ്പിക്കുളം 11843.94(17820), തൂണക്കടവ് 364.11(557), പെരുവാരിപ്പള്ളം 378.43(620), തിരുമൂര്‍ത്തി 819.78(1935), ആളിയാര്‍ 2184.02(3864)

ലേലം

ഷൊര്‍ണൂര്‍ ഐ.പി.ടി ആന്‍ഡ് ഗവ. പോളിടെക്നിക് കോളേജിലെ ജീവനക്കാരുടെ താമസ സ്ഥലത്ത് അപകടാവസ്ഥയിലുള്ള 11 മരങ്ങള്‍,  മരത്തിന്റെ ശിഖരങ്ങള്‍ എന്നിവ ജൂണ്‍ 24 ന് രാവിലെ 11 ന് ഓഫീസ് പരിസരത്ത് ലേലം ചെയ്യുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. 1500 രൂപയാണ് നിരതദ്രവ്യം. ഫോണ്‍: 0466 2220450, 04662 220440

 
പ്രൊജക്റ്റ് ഫെല്ലോ നിയമനം

ഗവ. വിക്ടോറിയ കോളേജിലെ ഫിസിക്സ് വകുപ്പില്‍ ഡി.എസ്.ടി – എസ്.ഇ.ആര്‍.ബി മേജര്‍ റിസര്‍ച്ച് പ്രൊജക്റ്റില്‍ ഗവേഷണം നടത്തുന്നതിന് പ്രോജക്ട് ഫെല്ലോ നിയമനം നടത്തുന്നു. റേഡിയോ തരംഗങ്ങളെ ആഗിരണം ചെയ്യുന്ന മെറ്റാ – മെറ്റീരിയല്‍ റെസൊണേറ്ററുകള്‍ വികസിപ്പിച്ചെടുക്കുന്നതിലാണ് ഗവേഷണം. മൂന്ന് വര്‍ഷത്തേക്ക് ഫെലോഷിപ്പ് ലഭിക്കും. ഫിസിക്സ്, ഇലക്ട്രോണിക്സില്‍ പി.ജി ബിരുദം(സയന്‍സ്) ഉള്ളവര്‍ക്ക് അപേക്ഷിക്കാം. വിശദവിവരങ്ങള്‍ www.gvc.ac.in ല്‍ ലഭിക്കും. അപേക്ഷകള്‍ ജൂണ്‍ 23 വരെ സ്വീകരിക്കും.

കോഴിക്കുഞ്ഞുങ്ങള്‍ വില്‍പ്പനക്ക്

മലമ്പുഴ മേഖലാ കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ രണ്ട് മാസം പ്രായമുള്ള ഗ്രാമശ്രീ ഇനത്തില്‍പ്പെട്ട കോഴിക്കുഞ്ഞുങ്ങള്‍ വില്‍പ്പനയ്ക്ക്. ആവശ്യമുള്ളവര്‍ ഫോട്ടോ പതിപ്പിച്ച ഏതെങ്കിലും തിരിച്ചറിയല്‍ രേഖയും എ.ടി.എം കാര്‍ഡും സഹിതം പ്രവര്‍ത്തി ദിവസങ്ങളില്‍ നേരിട്ട് എത്തണമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 8590663540, 9526126636

ട്യൂട്ടര്‍ നിയമനം

കൊഴിഞ്ഞാമ്പാറ പെണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലേക്ക് ട്യൂട്ടര്‍ നിയമനം നടത്തുന്നു. ഹൈസ്‌കൂള്‍ വിഭാഗം ഇംഗ്ലീഷ്, ഹിന്ദി, ഫിസിക്കല്‍ സയന്‍സ്, നാച്ചുറല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ്, കണക്ക് എന്നിവയാണ് ഒഴിവുകള്‍. ബി.എഡാണ് യോഗ്യത. യു.പി സ്‌കൂള്‍ മൂന്ന് ഒഴിവാണുള്ളത്. ടി.ടി.സിയാണ് യോഗ്യത. അപേക്ഷകര്‍ തമിഴ്, മലയാളം ഭാഷകളില്‍ പ്രാവീണ്യം ഉള്ളവരായിരിക്കണം. ഹോസ്റ്റലിന് സമീപപ്രദേശത്ത് താമസിക്കുന്നവര്‍ക്ക് മുന്‍ഗണന ലഭിക്കും. അപേക്ഷകള്‍ ജൂണ്‍ 25 നകം വിദ്യാഭ്യാസ യോഗ്യത  തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, ബയോഡാറ്റ സഹിതം ചിറ്റൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ നല്‍കണമെന്ന് ചിറ്റൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 8547630128

ക്വട്ടേഷന്‍

കാഞ്ഞിരപ്പുഴ ഉദ്യാനത്തില്‍ പ്രതിമ സ്ഥാപിക്കുന്നതിന് ശില്‍പ നിര്‍മ്മാണത്തില്‍ പരിചയമുള്ളവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, കെ.പി.ഐ.പി ഡിവിഷന്‍ നമ്പര്‍ ഒന്ന്, കാഞ്ഞിരപ്പുഴ വിലാസത്തില്‍ ലഭ്യമാക്കണം. ക്വട്ടേഷന്‍ ജൂണ്‍ 25 ന് വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും. ജൂണ്‍ 30 ന് രാവിലെ 11 ന് തുറക്കും. ഫോണ്‍: 9744445463

 
ആസാദികാ അമൃത് മഹോത്സവ്; അമൃത് സരോവര്‍ അവലോകന യോഗം ജൂണ്‍ 20 ന്

ആസാദികാ അമൃത് മഹോത്സവിന്റെ ഭാഗമായി ഓരോ ജില്ലയിലും 75 ജലാശയങ്ങള്‍(പൊതു കുളങ്ങള്‍) നിര്‍മ്മിക്കുകയോ പുനരുജ്ജീവിപ്പിക്കുകയോ ചെയ്യുന്നതിന് ആവിഷ്‌കരിച്ച ‘അമൃത് സരോവര്‍’ പദ്ധതിയുടെ ജില്ലയിലെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്നതിന് ജൂണ്‍ 20 ന് വൈകിട്ട് 3.30 ന് ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. പ്രസ്തുത വിഷയത്തില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ടുകള്‍ സഹിതം യോഗത്തില്‍ പങ്കെടുക്കണമെന്ന് ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.

അപേക്ഷ ക്ഷണിച്ചു

കേരള ബില്‍ഡിങ് ആന്‍ഡ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ബോര്‍ഡില്‍ അംഗത്വമെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 18 വയസ്സ് പൂര്‍ത്തിയായവരും 55 വയസ്സ് കവിയാത്തവരുമായ നിര്‍മ്മാണ മേഖലയില്‍ ജോലി ചെയ്യുന്ന കോങ്ങാട് നിയോജക മണ്ഡലത്തില്‍ സ്ഥിരതാമസക്കാരായ തൊഴിലാളികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ജൂണ്‍ 27 മുതല്‍ ജൂലൈ 16 വരെ സ്വീകരിക്കുമെന്ന് അഡീഷണല്‍ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2546875

 
അംശദായക കുടിശ്ശിക അടയ്ക്കാന്‍ അവസരം

സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡില്‍ ജില്ലയില്‍ അംഗങ്ങളായിട്ടുള്ള അംശദായക കുടിശ്ശിക വരുത്തിയ അംഗങ്ങള്‍ക്ക് തവണകളായി തുക അടയ്ക്കാമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505358

 
സ്‌കൂള്‍ പ്രവേശന പരീക്ഷ; അപേക്ഷ ക്ഷണിച്ചു

തൃത്താല ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലേക്ക് എട്ട്, ഒമ്പത് ക്ലാസ്സുകളിലെ പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ വിദ്യാര്‍ത്ഥികളില്‍ നിന്നും പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് ഒഴിവുകളാണുള്ളത്. താത്പര്യമുള്ളവര്‍ ജൂണ്‍ 23 ന് രാവിലെ 10.30 ന് അപേക്ഷ സഹിതം സ്‌കൂളില്‍ എത്തണമെന്ന് സീനിയര്‍ സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 9048934271

യു.പി.എസ്.എ ഒഴിവ്

വെണ്ണക്കര ജി.എച്ച്.എസില്‍ യു.പി.എസ്.എ താത്കാലിക ഒഴിവ്. കെ ടെറ്റ് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 20 ന് രാവിലെ 11 ന് സ്‌കൂളില്‍ നടക്കുന്ന അഭിമുഖത്തില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി എത്തണമെന്ന് പ്രധാനാധ്യാപിക അറിയിച്ചു. ഫോണ്‍: 9400925884

 
സീറ്റൊഴിവ്

ഗവ. വിക്ടോറിയ കോളേജില്‍ ഇക്ണോമിക്സ് വകുപ്പില്‍ ബിരുദ രണ്ടാം വര്‍ഷ ഓപ്പണ്‍ വിഭാഗത്തില്‍ രണ്ട് ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. നിശ്ചിത യോഗ്യതയുള്ള വിദ്യാര്‍ത്ഥികള്‍ ജൂണ്‍ 20 ന് രാവിലെ 10:30 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0491 2576773

error: Content is protected !!