Input your search keywords and press Enter.

പാലക്കാട് ജില്ലാ വാർത്തകൾ (5/11/2022)

മേലാര്‍ക്കോട് ആഫ്രിക്കന്‍ പന്നിപ്പനി: ഏഴ് പഞ്ചായത്തുകള്‍ നിരീക്ഷണ മേഖലകളായി ജില്ലാ കലക്ടര്‍ ഉത്തരവിറക്കി

ജില്ലയിലെ മേലാര്‍ക്കോട് ഗ്രാമപഞ്ചായത്തില്‍ ആഫ്രിക്കന്‍ പന്നിപ്പനി വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതായി ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ള ചിറ്റിലഞ്ചേരിയിലുള്ള പിപ പന്നിഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ പ്രദേശം രോഗബാധിത പ്രദേശമായും സമീപത്തെ അയിലൂര്‍, കിഴക്കഞ്ചേരി, വണ്ടാഴി, നെന്മാറ, ആലത്തൂര്‍, വടക്കഞ്ചേരി, എലവഞ്ചേരി പഞ്ചായത്തുകള്‍ രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ഉത്തരവിറക്കി. രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പ്രദേശത്ത് മുന്‍കരുതലുകള്‍ സ്വീകരിക്കാനും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.
മേലാര്‍ക്കോട് പഞ്ചായത്തില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച പന്നി ഫാമിലെയും ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പന്നി ഫാമുകളിലെയും എല്ലാ പന്നികളെയും കേന്ദ്ര സര്‍ക്കാരിന്റെ പ്ലാന്‍ ഓഫ് ആക്ഷന്‍ പ്രകാരമുള്ള എല്ലാവിധ പ്രോട്ടോക്കോളുകളും പാലിച്ച് ഉടന്‍ പ്രാബല്യത്തില്‍ ഉന്മൂലനം ചെയ്യണമെന്നും ജഡം സംസ്‌കരിച്ച് ആ വിവരം ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.

നിര്‍ദേശങ്ങള്‍

രോഗബാധിത പ്രദേശങ്ങളില്‍ നിന്നും പന്നി മാംസം വിതരണം ചെയ്യുന്നതും പന്നികള്‍, പന്നിമാംസം, തീറ്റ എന്നിവ ജില്ലയിലെ രോഗബാധിത പ്രദേശങ്ങളില്‍ നിന്നും കൊണ്ടുപോകുന്നതും മറ്റു പ്രദേശങ്ങളില്‍ നിന്ന് രോഗബാധിത മേഖലയിലേക്ക് കൊണ്ടുവരുന്നതും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിര്‍ത്തിവെക്കണം.

മേലാര്‍ക്കോട് ഗ്രാമപഞ്ചായത്തിലെ രോഗം സ്ഥിരീകരിച്ചിട്ടുള്ള പന്നി ഫാമില്‍ നിന്നും മറ്റു പന്നി ഫാമുകളിലേക്ക് കഴിഞ്ഞ രണ്ടു മാസത്തിനിടയില്‍ പന്നികളെ കൊണ്ടുപോയിട്ടുണ്ടോ എന്ന് അന്വേഷിച്ച് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ റിപ്പോര്‍ട്ട് ചെയ്യണം.

രോഗം സ്ഥിരീകരിച്ച തദ്ദേശസ്വയംഭരണ സ്ഥാപന പരിധിയിലെ പോലീസ്, മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ഉദ്യോഗസ്ഥര്‍, വില്ലേജ് ഓഫീസര്‍ എന്നിവര്‍ ഉള്‍പ്പെട്ട റാപ്പിഡ് റെസ്‌പോണ്‍സ് ടീം ഉടന്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കാന്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ക്കും തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്കും നിര്‍ദേശം നല്‍കി.

ജില്ലയില്‍ മറ്റു ഭാഗങ്ങളില്‍ പന്നിപ്പനി വൈറസ് കണ്ടെത്തുന്ന സാഹചര്യത്തില്‍ ബന്ധപ്പെട്ട നഗരസഭ/ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാര്‍, വില്ലേജ് ഓഫീസര്‍മാര്‍, റൂറല്‍ ഡയറി ഡെവലപ്‌മെന്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ബന്ധപ്പെട്ട മൃഗസംരക്ഷണ ഓഫീസറെ അറിയിക്കണം. വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ മൃഗസംരക്ഷണ ഓഫീസര്‍ സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട്.

പന്നി, പന്നി മാംസം, പന്നി മാംസം കൊണ്ടുള്ള ഉത്പന്നങ്ങള്‍ക്ക് നിയന്ത്രണം

വടക്ക്-കിഴക്ക് ഇന്ത്യയിലും ബീഹാറിലും ആഫ്രിക്കന്‍ പനി പടരുന്ന സാഹചര്യത്തില്‍ ഒക്‌ടോബര്‍ 11 മുതല്‍ 30 ദിവസത്തേക്ക് പന്നി, പന്നി മാംസം, പന്നി മാംസം കൊണ്ടുള്ള ഉത്പന്നങ്ങള്‍, പന്നി വളം എന്നിവ കേരളത്തിലേക്കും കേരളത്തില്‍ നിന്ന് മറ്റു സംസ്ഥാനങ്ങളിലേക്കും കൊണ്ടുവരുന്നതിനും കൊണ്ടുപോകുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വൈറസ് സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ കേരളത്തെ നിയന്ത്രിത മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. ആഫ്രിക്കന്‍ പന്നിപ്പനിക്ക് വാക്‌സിനോ മറ്റു പ്രതിരോധമരുന്നുകളോ ഇല്ലാത്തതിനാല്‍ പന്നികള്‍ കൂട്ടത്തോടെ ചത്തു പോകുന്ന സ്ഥിതി ഈ വൈറസ്മൂലം ഉണ്ടാകും. ആഫ്രിക്കന്‍ പന്നിപ്പനി പന്നികളില്‍ മാത്രം കണ്ടുവരുന്ന രോഗമായതിനാല്‍ ഇത് മറ്റ് മൃഗങ്ങളിലേക്കും മനുഷ്യരിലേക്കും പകരാനുള്ള സാധ്യത കുറവാണ്.

 

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം: കൂടിക്കാഴ്ച എട്ടിന്

എളമ്പുലാശ്ശേരി ഗവ ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒരു ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ നവംബര്‍ എട്ടിന് രാവിലെ 11 ന് നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം ഐ.ടി.ഐയില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 9446849581.

 

വിശ്വകര്‍മ്മ പെന്‍ഷന് അപേക്ഷിക്കാം

സംസ്ഥാനത്തെ മറ്റ് പെന്‍ഷനുകള്‍ ഒന്നും ലഭിക്കാത്ത 60 വയസ് കഴിഞ്ഞ പരമ്പരാഗത വിശ്വകര്‍മ്മ വിഭാഗക്കാര്‍ക്ക്് പിന്നോക്ക വിഭാഗ വികസന വകുപ്പ് മുഖേന പെന്‍ഷന്‍ അനുവദിക്കുന്ന പദ്ധതിക്ക് അപേക്ഷിക്കാം. വിശദാംശമടങ്ങിയ വിജ്ഞാപനവും അപേക്ഷ ഫോറത്തിന്റെ മാതൃകയും www.bcdd.kerala.gov.in ല്‍ ലഭിക്കും. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള അപേക്ഷകള്‍ മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍, വിഭാഗ വികസന വകുപ്പ്, കെ.ടി.വി ടവേഴ്‌സ്, യാക്കര, പാലക്കാട്- 678001 എന്ന വിലാസത്തില്‍ നവംബര്‍ 30നകം നല്‍കണം. ഫോണ്‍: 0491 2505663.

 

സ്റ്റാഫ് നേഴ്‌സ്, റേഡിയോഗ്രാഫര്‍ നിയമനം: കൂടിക്കാഴ്ച 11 ന്

കോട്ടത്തറ ഗവ ഡ്രൈവര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ ആശുപത്രി നിര്‍വഹണസമിതിയുടെ കീഴില്‍ സ്റ്റാഫ് നേഴ്‌സ്, റേഡിയോഗ്രാഫര്‍ തസ്തികകളില്‍ കരാര്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നു. കൂടിക്കാഴ്ച നവംബര്‍ 11 ന് ഉച്ചയ്ക്ക് രണ്ടിന് നടക്കും. സ്റ്റാഫ് നഴ്‌സ് തസ്തികയില്‍ ജി.എന്‍.എം/ബി.എസ്.സി നഴ്‌സിങ് ആണ് യോഗ്യത. കേരള മിഡ്വൈവെറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ വേണം. പ്രായപരിധി 18 നും 36 നും മധ്യേ. ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രതിദിനം 700 രൂപ. റേഡിയോഗ്രാഫര്‍ തസ്തികയില്‍ ഡി.ആര്‍.ടി/ എം.ആര്‍.ടി ആണ് യോഗ്യത. കേരള പാരാമെഡിക്കല്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം. പ്രായപരിധി 18 നും 36 നും മധ്യേ. വര്‍ഷത്തെ പ്രവൃത്തി പരിചയം. പ്രതിദിനം 600 രൂപ. ആദിവാസി മേഖലയില്‍ സന്നദ്ധ പ്രവര്‍ത്തനം നേടിയവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണം. ഫോണ്‍: 8129543698, 8921560653.

 

സ്പോട്ട് അഡ്മിഷന്‍ ഏഴിന്

അയലൂര്‍ ഐ.എച്ച്.ആര്‍.ഡി കോളെജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ സെന്‍ട്രലൈസ്ഡ് യു.ജി അഡ്മിഷന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളും ഫീസുമായി നവംബര്‍ ഏഴിന് വൈകീട്ട് മൂന്നിനകം കോളെജില്‍ എത്തി ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബി.എസ്.സി ഇലക്‌ട്രോണിക്സ് കോഴ്സുകളില്‍ പ്രവേശനം നേടാമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 9495069307, 8547005029, 0492324766.

 

പ്രവാസികള്‍ക്കായി നോര്‍ക്ക ലോണ്‍ മേള 10, 11 തീയതികളില്‍

നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്കായി നോര്‍ക്കയുടെ ആഭിമുഖ്യത്തില്‍ കനറാ ബാങ്കിന്റെ സഹകരണത്തോടെ തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നവംബര്‍ 10, 11 തീയതികളില്‍ ലോണ്‍ മേള സംഘടിപ്പിക്കുന്നു. കനറാ ബാങ്ക് റീജണല്‍ ഓഫീസുകളിലാണ് മേള നടക്കുക. രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ വിദേശത്ത് തൊഴില്‍ ചെയ്ത് മടങ്ങി വന്ന് തിരിച്ചു പോകാത്തവര്‍ക്ക് www.norkaroots.org- ല്‍ നവംബര്‍ എട്ട് വരെ അപേക്ഷിക്കാം. നോര്‍ക്ക റൂട്ട്‌സില്‍ നിന്ന് അറിയിപ്പ് ലഭിക്കുന്നവര്‍ക്കാണ് ലോണ്‍ മേളയില്‍ പങ്കെടുക്കാന്‍ അവസരം. നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് പ്രൊജക്റ്റ് ഫോര്‍ റീട്ടേണ്‍ഡ് എമിഗ്രന്‍സ് (NDPREM)പദ്ധതി പ്രകാരമാണ് ലോണ്‍ നല്‍കുന്നത്. ഇതുവഴി 15 ശതമാനം മൂലധന സബ്സിഡിയും മൂന്ന് ശതമാനം പലിശ സബ്സിഡിയും സംരംഭകര്‍ക്ക് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 1800 425 3939 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാം.

 

കുക്ക് ഒഴിവ്

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ കുഴല്‍മന്ദം ഗവ. മോഡല്‍ റെസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ (ആണ്‍കുട്ടികളുടെ) കുക്ക് തസ്തികയില്‍ (പുരുഷന്‍) ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. വാക്ക് ഇന്‍ ഇന്റര്‍വ്യു നവംബര്‍ ഒമ്പതിന് രാവിലെ 11 ന് നടക്കും. പാചകമേഖലയില്‍ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ എത്തണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു. ഫോണ്‍: 04922 217217.

 

സ്വകാര്യമേഖലയില്‍ ഒഴിവ്: തൊഴില്‍മേള എട്ടിന്

എംപ്ലോബിലിറ്റി സെന്റര്‍, ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ സ്വകാര്യ മേഖലയിലെ ഒഴിവുകള്‍ നികത്തുന്നതിനായി നവംബര്‍ എട്ടിന് രാവിലെ 10 ന് തൊഴില്‍മേള നടത്തുന്നു. ബ്രാഞ്ച് ഹെഡ്, ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റ്, ഡീലര്‍, തസ്തികകളില്‍ ബി.എ എക്കണോമിക്‌സ്/ ബി.ബി.എ/ ബി.കോം /എം.ബി.എയാണ് യോഗ്യത. ബ്രാഞ്ച് ഹെഡിന്റെ പ്രായപരിധി 25 നും 35 നും മധ്യേ. ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റ്, ഡീലര്‍ തസ്തികയുടെ പ്രായപരിധി 21 നും 35 നും മധ്യേ. ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ്, അസിസ്റ്റന്റ് ബിസിനസ് മാനേജര്‍, പിനാക്കിള്‍ മാനേജര്‍ അഡൈ്വസര്‍, സെയില്‍സ് കോഡിനേറ്റര്‍ തസ്തികകളില്‍ ഡിഗ്രിയാണ് യോഗ്യത. ബിസിനസ് ഡെവലപ്‌മെന്റ് പ്രായപരിധി 20 നും 30നും മധ്യേ. അസിസ്റ്റന്റ് ബിസിനസ് മാനേജര്‍ പ്രായപരിധി 25 നും 40നും മധ്യേ. പിനാക്കിള്‍ മാനേജര്‍ അഡൈ്വസര്‍, സെയില്‍സ് കോഡിനേറ്റര്‍ പ്രായപരിധി 23 വയസ്.

താത്പര്യമുള്ളവര്‍ ബയോഡാറ്റയും ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും വണ്‍ടൈം രജിസ്‌ട്രേഷന്‍ ഫീസായി 250 രൂപയും സഹിതം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ എത്തണം. എംപ്ലോബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്ത് രസീത് ലഭ്യമായിട്ടുള്ളവര്‍ അത് കാണിക്കണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505435.

 

എ.ബി.സി.ഡി പദ്ധതി: സര്‍വേ പുരോഗതി വിലയിരുത്തല്‍ യോഗം ഏഴിന്

ജില്ലയിലെ എ.ബി.സി.ഡി പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന സര്‍വേ നടപടികളുടെ പുരോഗതി വിലയിരുത്തുന്നതിന് നവംബര്‍ ഏഴിന് രാവിലെ 11.30 ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ യോഗം ചേരുമെന്ന് ഡെപ്യൂട്ടി കലക്ടര്‍ (ജനറല്‍) അറിയിച്ചു.

 

ഓംബുഡ്‌സ്മാന്‍ സിറ്റിങ് നവംബര്‍ പത്തിന്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓംബുഡ്‌സ്മാന്‍ നവംബര്‍ 10 ന് രാവിലെ 11 ന് കണ്ണമ്പ്ര ഗ്രാമപഞ്ചായത്തില്‍ സിറ്റിങ് നടത്തും. സിറ്റിങ്ങില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംബന്ധിച്ച് തൊഴിലാളികള്‍ക്കും പൊതുജനങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കുമുള്ള പരാതികള്‍ നേരിട്ട് കേള്‍ക്കുന്നതിന് അവസരമുണ്ടാകുമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 04922 266223.

 

വല്ലപ്പുഴ ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്റര്‍ ഉദ്ഘാടനം ഇന്ന്

മന്ത്രി ആര്‍. ബിന്ദു നിര്‍വഹിക്കും

സംസ്ഥാനത്തെ ഏറ്റവും വലിയ ബഡ്‌സ് റിഹാബിലിറ്റേഷന്‍ കെട്ടിടമായ വല്ലപ്പുഴ ഗ്രാമപഞ്ചായത്തിലെ സ്‌നേഹ ഭവനത്തിന്റെ ഉദ്ഘാടനം ഇന്ന് (നവംബര്‍ ആറ്) രാവിലെ 11 ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആര്‍. ബിന്ദു നിര്‍വഹിക്കും. വല്ലപ്പുഴ റെയില്‍വേ സ്‌റ്റേഷന് സമീപത്തുള്ള സ്‌നേഹഭവനത്തില്‍ നടക്കുന്ന പരിപാടിയില്‍ മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ അധ്യക്ഷനാകും. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 105 ലക്ഷം രൂപ ഉപയോഗിച്ചാണ് ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്റര്‍ കെട്ടിടം നിര്‍മ്മിച്ചത്. ഗ്രാമപഞ്ചായത്തിന് കീഴിലുള്ള ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ പഠനം, പുനരധിവാസം എന്നിവ ലക്ഷ്യമാക്കിയാണ് സ്‌നേഹ ഭവനം-റീഹാബിലിറ്റേഷന്‍ സെന്റര്‍ ഫോര്‍ മെന്റലി ചലഞ്ച്ഡ് പ്രവര്‍ത്തിക്കുന്നത്.

പുതിയ കെട്ടിടത്തിനായി എം.എല്‍.എയുടെ 2018-19 സാമ്പത്തിക വര്‍ഷത്തെ ആസ്തി വികസന ഫണ്ടില്‍നിന്ന് 99 ലക്ഷം രൂപയും രണ്ടാംഘട്ടത്തില്‍ എം.എല്‍.എയുടെ 2019-20 സാമ്പത്തിക വര്‍ഷത്തെ പ്രത്യേക വികസന നിധിയില്‍ നിന്നും ആറുലക്ഷം രൂപയും അധികമായി അനുവദിച്ചാണ് പ്രവൃത്തി പൂര്‍ത്തീകരിച്ചത്. മൂന്ന് ക്ലാസ് മുറികള്‍, ഒരു അടുക്കള, ഡൈനിങ്, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക ശുചിമുറികള്‍, വരാന്ത, വര്‍ക്കിങ് ഷെഡ്, കൗണ്‍സിലിങ് മുറി, ഓഫീസ് മുറി, റാമ്പ് സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്. നിലവില്‍ 53 പേരാണ് സ്‌നേഹഭവനത്തില്‍ പ്രവേശനം നേടിയിട്ടുള്ളതെന്ന് വല്ലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ അബ്ദുല്‍ ലത്തീഫ് പറഞ്ഞു.

ഉദ്ഘാടന പരിപാടിയില്‍ ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭന രാജേന്ദ്രപ്രസാദ്, വല്ലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ അബ്ദുല്‍ ലത്തീഫ്, പാലക്കാട് കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ രാജേഷ് ചന്ദ്രന്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.

 

സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ നാളെ കലക്കത്ത് ഭവനം സന്ദര്‍ശിക്കും

സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള ലക്കിടി കിള്ളിക്കുറുശ്ശിമംഗലത്തെ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം സാംസ്‌ക്കാരിക വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ നാളെ (നവംബര്‍ ഏഴ്) രാവിലെ 10 ന് സന്ദര്‍ശിക്കും. ഭരണസമിതിയുടെ നേതൃത്വത്തില്‍ മന്ത്രിയെ സ്വീകരിക്കും. കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകത്തിന്റെ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അഡ്വ. കെ. പ്രേംകുമാര്‍ എം.എല്‍.എ, പഞ്ചായത്ത് പ്രസിഡന്റ് കെ. സുരേഷ് അടക്കമുള്ള ഭരണസമിതി അംഗങ്ങളും മറ്റ് ജനപ്രതിനിധികളും സാംസ്‌കാരിക പ്രവര്‍ത്തകരും മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും. ആദ്യമായാണ് മന്ത്രി സ്മാരകം സന്ദര്‍ശിക്കുന്നത്.

 

സ്‌പോട്ട് അഡ്മിഷന്‍ ഏഴിന്

മണ്ണാര്‍ക്കാട്, ചാത്തന്നൂര്‍ ജി.ഐ.എഫ്.ഡി സെന്ററുകളില്‍ ഒഴിവുള്ള ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റസ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് നവംബര്‍ ഏഴിന് ഷൊര്‍ണൂര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. റാങ്ക് ലിസ്റ്റിലുള്ളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റ്, ടി.സി ആന്‍ഡ് സി.സി, സംവരണം/ ഫീസ് ആനുകൂല്യം ബാധകമെങ്കില്‍ അസല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പുമായി എത്തണം. താത്പര്യമുള്ളവര്‍ നവംബര്‍ ഏഴിന് രാവിലെ 11.30 നകം രജിസ്റ്റര്‍ ചെയ്യണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0466 2222197, 9747951979, 8848735903, 9447525135.

 

ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് ഹരിതകര്‍മ്മ സേന ബ്ലോക്ക് സംഗമം ഏഴിന്

മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും

ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് ഹരിതകര്‍മ്മസേന ബ്ലോക്ക് സംഗമം ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നവംബര്‍ ഏഴിന് രാവിലെ 11.30 ന് സഹകരണ-രജിസ്‌ട്രേഷന്‍-സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും. അഡ്വ. കെ. പ്രേംകുമാര്‍ എം.എല്‍.എ അധ്യക്ഷനാകും. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ആറ് ഗ്രാമപഞ്ചായത്തുകളുടെയും ഹരിതകര്‍മ്മ സേനാംഗങ്ങള്‍ പങ്കെടുക്കും. പരിപാടിയുടെ ഭാഗമായി ഘോഷയാത്ര, സെമിനാര്‍, മികച്ച ഹരിതകര്‍മ്മ സേനയെ ആദരിക്കല്‍, കലാപരിപാടികള്‍ എന്നിവ നടക്കും. ഹരിതകര്‍മ്മ സേനയുടെ പ്രവര്‍ത്തനശേഷി ഉയര്‍ത്തുക, തൊഴില്‍ സാധ്യത വര്‍ധിപ്പിക്കുക മുഖേന ആത്മവിശ്വാസം നിലനിര്‍ത്തുകയും അതിലൂടെ സ്ത്രീശാക്തീകരണവും എന്നിവ ലക്ഷ്യമിട്ടാണ് ബ്ലോക്ക് സംഗമം സംഘടിപ്പിക്കുന്നത്. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത ജോസഫ്, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജി. വരുണ്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.

error: Content is protected !!