Input your search keywords and press Enter.

കൊല്ലം ജില്ലാ വാർത്തകൾ (16/12/2022)

ക്രിസ്മസ് – പുതുവത്സരാഘോഷം: ജില്ലയില്‍ പരിശോധന ശക്തമാക്കി വിവിധ വകുപ്പുകള്‍

ക്രിസ്മസ് – പുതുവത്സരാഘോഷത്തോടനുബന്ധിച്ച് ജില്ലയില്‍ പരിശോധന ശക്തമാക്കി വിവിധ വകുപ്പുകള്‍. എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ഡിസംബര്‍ അഞ്ച് മുതല്‍ പ്രത്യേക ഡ്രൈവ് ആരംഭിച്ചിട്ടുണ്ട്. കടകള്‍, വീടുകള്‍, വൈന്‍ ഷോപ്പുകള്‍, വാഹനങ്ങള്‍, ട്രെയിന്‍ എന്നിവ കേന്ദ്രീകരിച്ച് കര്‍ശന പരിശോധന തുടരുന്നു. ജില്ലാ ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. വിവിധ താലൂക്കുകളെ ഏകോപിപ്പിച്ച് മൂന്ന് സ്‌ട്രൈക്കിംഗ് ഫോഴ്‌സുകള്‍ പ്രവര്‍ത്തന സജ്ജമാണ്. തമിഴ്‌നാട്- കേരള പോലീസ് വകുപ്പുകള്‍ സംയുക്തമായി അതിര്‍ത്തി പ്രദേശങ്ങളില്‍ പരിശോധന ഊര്‍ജ്ജിതമാക്കി. എക്‌സൈസ് വകുപ്പിന്റെ ലൈസന്‍സില്ലാതെ വൈനുകള്‍ നിര്‍മിക്കുന്നത് നിയമലംഘനമാണ്. ഇത്തരം അനധികൃത വൈന്‍ നിര്‍മാണം ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കും.

തദ്ദേശസ്ഥാപനതലങ്ങളിലെ ഹെല്‍ത്ത് സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ യോഗം നിര്‍ദേശിച്ചു. മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ വാഹന പരിശോധന ശക്തമാക്കി. ലഹരിക്കെതിരായ 75 ബോര്‍ഡുകള്‍ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കും. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനും ഗുണനിലവാരം ഉറപ്പാക്കുന്നതിനും ഭക്ഷ്യസുരക്ഷാ വകുപ്പും ലീഗല്‍ മെട്രോളജി വകുപ്പും പ്രത്യേക ശ്രദ്ധ നല്‍കണം. പോലീസ്, എക്‌സൈസ്, വനം വകുപ്പ് എന്നിവരുമായി ചേര്‍ന്ന് അതിര്‍ത്തികളില്‍ നിരീക്ഷണം ശക്തമാക്കും. ഡോഗ് സ്‌ക്വാഡ് സേവനം ലഭ്യമാക്കും. ആഘോഷത്തിന്റെ മറവില്‍ നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും യോഗം വ്യക്തമാക്കി.

എ.ഡി.എമ്മിന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ ജില്ലയിലെ എന്‍ഫോഴ്സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. വകുപ്പുതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

 

ഏകോപനസമിതി രൂപീകരിച്ചു

കേന്ദ്ര കൃഷിമന്ത്രാലയം നടപ്പിലാക്കുന്ന പതിനൊന്നാമത് കാര്‍ഷിക സെന്‍സസിന്റ പ്രവര്‍ത്തനങ്ങള്‍ക്കായി ആസൂത്രണ സാമ്പത്തികകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ചെയര്‍മാനായി സംസ്ഥാന ഏകോപന സമിതിയും ജില്ലാ കളക്ടര്‍ ചെയര്‍മാനായി ജില്ലാതല ഏകോപന സമിതിയും രൂപീകരിച്ച് ഉത്തരവായി.

 

മികച്ച ജന്തുക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് പുരസ്‌കാരം

ജില്ലയില്‍ മികച്ച ജന്തുക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിയ വ്യക്തി/ സംഘടനയ്ക്ക് മൃഗസംരക്ഷണ വകുപ്പ് 10,000 രൂപ ക്യാഷ് അവാര്‍ഡ് നല്‍കുന്നു. നിശ്ചിത മാതൃകയില്‍ പൂരിപ്പിച്ച അപേക്ഷകളും അനുബന്ധ രേഖകളും പ്രവര്‍ത്തനങ്ങളുടെ വിവരങ്ങളും ബന്ധപ്പെട്ട വെറ്ററിനറി ഡോക്ടറുടെ ശുപാര്‍ശ സഹിതം ഡിസംബര്‍ 24 നകം ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ സമര്‍പ്പിക്കണം. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ അവാര്‍ഡ് ലഭിച്ചവരെ പരിഗണിക്കില്ല. അപേക്ഷ ഫോറം സര്‍ക്കാര്‍ മൃഗാശുപത്രികളില്‍ ലഭിക്കും. ഫോണ്‍: 0474 2795076.

 

സര്‍ട്ടിഫിക്കറ്റ് വിതരണം

വിവിധ കാലയളവുകളില്‍ ഓള്‍ ഇന്ത്യ അപ്രന്റീസ്ഷിപ്പ് പരീക്ഷ വിജയിച്ച ട്രെയിനികളുടെ 2017 ഒക്ടോബര്‍ വരെയുള്ള പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റും 2018 മെയ് വരെയുള്ള നാഷണല്‍ അപ്രന്റീസ്ഷിപ്പ് സര്‍ട്ടിഫിക്കറ്റും ആര്‍.ഐ. സെന്ററില്‍ നിന്ന് ഡിസംബര്‍ 31 നകം കൈപ്പറ്റണം. ഫോണ്‍: 0474 2713332.

 

ഉത്സവമേഖല

മയ്യനാട് പുല്ലിച്ചിറ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രം വാര്‍ഷിക തീര്‍ത്ഥാടന മഹോത്സവത്തോട് അനുബന്ധിച്ച് ഇന്നുമുതല്‍( ഡിസംബര്‍ 17) ഡിസംബര്‍ 19 വരെ പുല്ലിച്ചിറ അമലോത്ഭവമാതാ ദേവാലയവും രണ്ട് കിലോമീറ്റര്‍ ചുറ്റളവിലെ പ്രദേശങ്ങളും ഉത്സവമേഖലയായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ അഫ്‌സാന പര്‍വീണ്‍ ഉത്തരവിട്ടു. ഹരിതചട്ടം കര്‍ശനമായി പാലിക്കണം. ഭക്ഷ്യസുരക്ഷാ നിയമലംഘനം, ശബ്ദ-പരിസര മലിനീകരണം എന്നിവയ്‌ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ക്രമസമാധാനപാലനം, ഗതാഗത നിയന്ത്രണം എന്നിവയ്ക്ക് ആവശ്യമായ പൊലീസ് സംവിധാനം ഏര്‍പ്പെടുത്തും. അനധികൃത മദ്യവിലപ്പന, ലഹരി വസ്തുക്കളുടെ വിതരണം എന്നിവ തടയുന്നതിന് എക്സൈസ് കമ്മീഷണര്‍ക്ക് ചുമതല നല്‍കി.

error: Content is protected !!