Input your search keywords and press Enter.

പാലക്കാട് ജില്ലാ വാർത്തകൾ (16/12/2022)

സംസ്ഥാനത്ത് പാല്‍ ഉത്പാദനക്ഷമത വര്‍ധിപ്പിക്കുക സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി ജെ. ചിഞ്ചുറാണി

സംസ്ഥാനത്ത് പാലിന്റെ ഉത്പാദനക്ഷമത വര്‍ധിപ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ക്ഷീര വികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. എടത്തറ കോട്ടയില്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ ജില്ലാ ക്ഷീര സംഗമം സമാപന സമ്മേളന ഉദ്ഘാടനവും ക്ഷീരബന്ധു പുരസ്‌കാര വിതരണവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് പാല്‍, മുട്ട, മാംസം, പച്ചക്കറി എന്നിവയില്‍ സ്വയംപര്യാപ്തത കൈവരിക്കാനുള്ള ലക്ഷ്യവുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പാല്‍ സംഭരിക്കുന്നത് പാലക്കാട് ജില്ലയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ലോകത്തില്‍ ഏറ്റവും കൂടുതലും കുറഞ്ഞ ചെലവിലും പാല്‍ ഉത്പാദിപ്പിക്കുന്നത് ഇന്ത്യയാണെന്നും 60 കോടി ജനങ്ങളാണ് പാല്‍ ഉത്പാദന മേഖലയുമായി ബന്ധപ്പെട്ട് ജീവിക്കുന്നതെന്നും വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. ഗ്രാമപ്രദേശങ്ങളില്‍ പാല്‍ ഉത്പാദന മേഖലയില്‍ മികച്ച പങ്ക് വഹിക്കുന്നത് സ്ത്രീകളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലയിലെ മികച്ച ക്ഷീരകര്‍ഷകര്‍ക്കുള്ള ക്ഷീരദ്യുതി പുരസ്‌കാരം മന്ത്രി കെ. കൃഷ്ണന്‍കുട്ടി വിതരണം ചെയ്തു.

പരിപാടിയില്‍ അഡ്വ. കെ. ശാന്തകുമാരി എം.എല്‍.എ അധ്യക്ഷയായി. എം.എല്‍.എമാരായ മുഹമ്മദ് മുഹ്‌സിന്‍, അഡ്വ. കെ. പ്രേംകുമാര്‍, പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. സേതുമാധവന്‍, ജില്ലാ പഞ്ചായത്തംഗം എം.എച്ച് സഫ്ദര്‍ ഷെരീഫ്, ക്ഷീരവികസന വകുപ്പ് സംസ്ഥാന ഡയറി ലബോറട്ടറി ജോയിന്റ് ഡയറക്ടര്‍ പി.എ ബീന, കേരള ഫീഡ്‌സ് ചെയര്‍മാന്‍ കെ. ശ്രീകുമാര്‍, ജില്ലാ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജെ.എസ് ജയസുജീഷ്, കേരളശ്ശേരി സെന്റര്‍ ക്ഷീര സംഘം പ്രസിഡന്റ് ഇ. ഉണ്ണികൃഷ്ണന്‍, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ക്ഷീരസംഘം പ്രസിഡന്റുമാര്‍-സെക്രട്ടറിമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

 

തൃത്താല ഗവ ആയുര്‍വേദ ആശുപത്രി കെട്ടിടം ഉദ്ഘാടനം ഇന്ന്

മന്ത്രി എം.ബി രാജേഷ് നിര്‍വഹിക്കും

തൃത്താല ഗവ ആയുര്‍വേദ ആശുപത്രി കെട്ടിടം ഉദ്ഘാടനം ഡിസംബര്‍ 17 ന് രാവിലെ 10 ന് മാട്ടായ ബദാംചുവട് ആശുപത്രി കെട്ടിടത്തില്‍ തദ്ദേശ സ്വയംഭരണ- എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് നിര്‍വഹിക്കും. ജില്ലാ പഞ്ചായത്തിന്റെ 20 ലക്ഷം രൂപയും തൃത്താല ഗ്രാമപഞ്ചായത്തിന്റെ 10 ലക്ഷം രൂപയും ചെലവിട്ടാണ് കെട്ടിടം നിര്‍മ്മിച്ചത്. കഴിഞ്ഞ ഒന്‍പത് വര്‍ഷമായി താത്ക്കാലിക കെട്ടിടത്തിലാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നത്. സ്വകാര്യ വ്യക്തി സൗജന്യമായി വിട്ട് നല്‍കിയ സ്ഥലത്താണ് കെട്ടിടം നിര്‍മ്മിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ അധ്യക്ഷയാകുന്ന പരിപാടിയില്‍ തൃത്താല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ ജയ, ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷാബിറ, ജില്ലാ പഞ്ചായത്ത് അംഗം അനു വിനോദ്, തൃത്താല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി ശ്രീനിവാസന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയറാം, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.

 

മേലഴിയം ജി.എല്‍.പി സ്‌കൂള്‍ കെട്ടിടം ശിലാസ്ഥാപനം ഇന്ന്

മന്ത്രി എം.ബി രാജേഷ് നിര്‍വഹിക്കും

മേലഴിയം ജി.എല്‍.പി സ്‌കൂള്‍ കെട്ടിടം ശിലാസ്ഥാപനം ഇന്ന് (ഡിസംബര്‍ 17) വൈകിട്ട് മൂന്നിന് തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് നിര്‍വഹിക്കും. സംസ്ഥാന സര്‍ക്കാരിന്റെ 2021-22 വര്‍ഷത്തെ തനത് ഫണ്ടില്‍ നിന്നും അനുവദിച്ച ഒരു കോടി രൂപ ചെലവഴിച്ചാണ് ആറ് ക്ലാസ് മുറികള്‍ ഉള്‍പ്പെടുന്ന കെട്ടിടം നിര്‍മ്മിക്കുന്നത്. പരിപാടിയില്‍ ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. മുഹമ്മദ് അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് അംഗം വി.പി ഷാനിബ, തൃത്താല ബ്ലോക്ക് പഞ്ചായത്ത് അംഗം പി. സ്‌നേഹ, ആനക്കര ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ ബാലചന്ദ്രന്‍, പ്രധാനധ്യാപകന്‍ ഇ. അഷറഫ് അലി, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.

 

ഊര്‍ജ്ജ സംരക്ഷണ വാരാഘോഷം: ഊര്‍ജ്ജകിരണ്‍ ഉദ്ഘാടനം നടന്നു

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വഹിച്ചു

ഊര്‍ജ്ജ സംരക്ഷണ വാരാഘോഷത്തോടനുബന്ധിച്ച് എനര്‍ജി മാനേജ്‌മെന്റ് സെന്ററും സില്‍കോ സഹകരണ സംഘവും സംയുക്തമായി സംഘടിപ്പിക്കുന്ന ഊര്‍ജ്ജകിരണിന്റെ ഉദ്ഘാടനം കാഴ്ചപറമ്പ് ക്ഷീര സംഘത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വഹിച്ചു. ഊര്‍ജ്ജകിരണിന്റെ ഭാഗമായി സെമിനാര്‍, ശില്‍പശാല, ഊര്‍ജ്ജസംരക്ഷണ റാലി, പ്രതിജ്ഞ, ഒപ്പ് ശേഖരണം, താലൂക്ക് തല ഹ്രസ്വ വീഡിയോ നിര്‍മ്മാണം, നഗരത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ ജീവിതശൈലി-ഊര്‍ജ്ജകാര്യ ശേഷി എന്ന വിഷയത്തില്‍ ഗ്രാഫിക് വാള്‍, പെയിന്റിങ്, ഹോള്‍ഡറുകള്‍, കട്ട് ഔട്ടുകള്‍ തുടങ്ങിയവ സ്ഥാപിക്കല്‍, വൈദ്യുതി വാഹന ഉടമകളുടെ ജില്ലാതല സംഗമം തുടങ്ങിയ പരിപാടികളാണ് നടക്കുന്നത്.

പരിപാടിയോടനുബന്ധിച്ച് നടന്ന റാലി കണ്ണാടി ഗ്രാമപഞ്ചായത്ത് അംഗം എ. രമേഷ് ഫ്‌ളാഗ് ഓഫ് ചെയ്തു. സില്‍ക്കോ പ്രസിഡന്റ് ആര്‍. സേതുമാധവന്‍ അധ്യക്ഷനായ പരിപാടിയില്‍ ‘ജീവിതശൈലിയും ഊര്‍ജ്ജ സംരക്ഷണവും’ വിഷയത്തില്‍ ഇ.എം.സി കേരള റിസോഴ്‌സ് പേഴ്‌സണ്‍ എ. നിയാസ് ക്ലാസെടുത്തു. പരിപാടിയില്‍ കണ്ണാടി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ. നാരായണന്‍, പി. സുശീല, കെ.എസ്.ഇ.ബി എന്‍ജിനീയര്‍ എ. ഷറഫുദ്ദീന്‍, സില്‍ക്കോ ഡയറക്ടര്‍ കെ. മാലി, അനര്‍ട്ട് ജില്ലാ ഓഫീസര്‍ പി.പി പ്രഭ, എം. മോഹനന്‍, ജനപ്രതിനിധികള്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

വോട്ടര്‍ പട്ടിക സംക്ഷിപ്ത പുതുക്കല്‍: പരാതികളും അവകാശവാദങ്ങളും 26 നകം തീര്‍പ്പാക്കാന്‍ നിര്‍ദ്ദേശം

വോട്ടര്‍ പട്ടികയുടെ സംക്ഷിപ്ത പുതുക്കലുമായി ബന്ധപ്പെട്ട് ഡിസംബര്‍ 18 നകം ലഭ്യമാകുന്ന എല്ലാ അപേക്ഷകളും അവകാശ വാദങ്ങളും ഡിസംബര്‍ 26 നകം പരിഹരിക്കണമെന്ന് ജില്ലയിലെ ഇലക്ടറല്‍ റോള്‍ ഒബ്സര്‍വര്‍ വെങ്കിടേശപതി നിര്‍ദ്ദേശിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വോട്ടര്‍ പട്ടിക സംക്ഷിപ്ത പുതുക്കലുമായി ബന്ധപ്പെട്ട് ചേര്‍ന്ന അവലോകന യോഗത്തിലായിരുന്നു നിര്‍ദ്ദേശം. 18, 19 പ്രായമായവരുടെ വിവരങ്ങള്‍ വോട്ടര്‍പ്പട്ടികയില്‍ ചേര്‍ക്കുന്നതിന് രാഷ്ട്രീയപാര്‍ട്ടികള്‍ ഊര്‍ജ്ജിതനടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഒബ്‌സര്‍വര്‍ അറിയിച്ചു. യോഗത്തില്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, ഇലക്ഷന്‍ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ കെ. മധു, ഇ.ആര്‍.ഒ, താലൂക്ക് തല ഉദ്യോഗസ്ഥര്‍, ജില്ലാ ഇലക്ഷന്‍ അസിസ്റ്റന്റ് പി.എ ടോംസ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

 

വാട്ടര്‍ പ്യൂരിഫൈയര്‍ വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു

ഷൊര്‍ണൂര്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് പ്രിന്റിങ് ടെക്‌നോളജി ആന്‍ഡ് ഗവ പോളിടെക്‌നിക്ക് കോളെജില്‍ മെക്കാനിക്കല്‍ എന്‍ജിനിയറിങ് വര്‍ക്ഷോപ്പിലേക്ക് വാട്ടര്‍ പ്യൂരിഫൈയര്‍ വാങ്ങുന്നതിന് ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ഡിസംബര്‍ 28 ന് ഉച്ചയ്ക്ക് രണ്ട് വരെ ക്വട്ടേഷനുകള്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ www.iptgptc.ac.in ല്‍ ലഭിക്കും. ഫോണ്‍: 0466 2220450.

 

എല്‍.ബി.എസില്‍ തൊഴിലധിഷ്ഠിത കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ഡിപ്ലോമ കോഴ്‌സിന് അപേക്ഷിക്കാം

പാലക്കാട് എല്‍.ബി.എസ് സെന്ററില്‍ ഡിസംബറില്‍ ആരംഭിക്കുന്ന ഇന്റഗ്രേറ്റഡ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് കോഴ്‌സിലേക്ക് എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി-പട്ടികവര്‍ഗം, ഒ.ഇ.സി വിഭാഗക്കാര്‍ക്ക് ഫീസാനുകൂല്യം ലഭിക്കും. താത്പര്യമുള്ളവര്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ്, എല്‍.ബി.എസ് സബ് സെന്റര്‍, നൂറണി, പാലക്കാട്-14 എന്ന വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍: 0491 2527425.

 

ക്ലാര്‍ക്ക് നിയമനം: കൂടിക്കാഴ്ച 19 ന്

പിന്നാക്ക വിഭാഗ വികസന വകുപ്പ് പാലക്കാട് മേഖല ഓഫീസില്‍ ക്ലാര്‍ക്ക് തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഹയര്‍സെക്കന്‍ഡറി/തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം. യുണീകോഡ് മലയാളം കമ്പ്യൂട്ടിങ് പരിജ്ഞാനം, ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത, സര്‍ക്കാര്‍ വകുപ്പില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ ഡിസംബര്‍ 19 ന് രാവിലെ 11 ന് പാലക്കാട് യാക്കര റെയില്‍വേ ഗേറ്റിന് സമീപമുള്ള കെ.ടി.വി ടവേഴ്‌സിന്റെ രണ്ടാമത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന പിന്നാക്ക വിഭാഗ വികസന വകുപ്പ് മേഖല ഓഫീസില്‍ ബയോഡാറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0471 2727379.

 

മരം ലേലം 21 ന്

നെന്മാറ ഗവ ഐ.ടി.ഐ കെട്ടിട നിര്‍മ്മാണത്തിന് വല്ലങ്ങി വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 56 റീസര്‍വേ നമ്പര്‍ 497/10ല്‍ അനുവദിച്ച 1.07 ഏക്കര്‍ ഭൂമിയിലെ 18 മരങ്ങള്‍ ഉപയോഗപ്രദമാകുന്ന അളവില്‍ മുറിച്ച് അടുക്കിവെച്ചത് ലേലം ചെയ്യുന്നു. ഡിസംബര്‍ 21 ന് രാവിലെ 11 ന് നെന്മാറ ഐ.ടി.ഐയിലാണ് ലേലം. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ 2500 രൂപ നിരതദ്രവ്യം കെട്ടിവെക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 04923 241010.

 

പടവുകള്‍: വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം

ജില്ലാ വനിതാ ശിശു വികസന വകുപ്പിന്റെ പടവുകള്‍ പദ്ധതി പ്രകാരം വിധവകളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ ട്യൂഷന്‍-ഹോസ്റ്റല്‍-സെമസ്റ്റര്‍-വാര്‍ഷിക ഫീസ് എന്നിവ അനുവദിക്കുന്നതാണ് പദ്ധതി. അപേക്ഷകള്‍ www.schemes.wcd.kerala.gov.in ല്‍ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ വനിതാ ശിശു വികസന വകുപ്പിന്റെ വെബ്‌സൈറ്റിലും അടുത്തുള്ള ഐ.സി.ഡി.എസ് ഓഫീസിലും ലഭിക്കുമെന്ന് ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2911098.

 

ഫോറസ്റ്റ് ട്രൈബ്യൂണല്‍ സിറ്റിങ് 30 ന്

ഫോറസ്റ്റ് ട്രൈബ്യൂണല്‍ സിറ്റിങ് ഡിസംബര്‍ 30 ന് പാലക്കാട് എസ്.ബി.ഐ ജങ്ഷന് സമീപത്തുള്ള ചില്‍ഡ്രന്‍സ് പാര്‍ക്കിനടുത്ത് ഡി.ടി.പി.സി കോമ്പൗണ്ടില്‍ നടത്തുമെന്ന് ഫോറസ്റ്റ് ട്രൈബ്യൂണല്‍ ശിരസ്തദാര്‍ കം സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0495 2365091.

 

ക്വട്ടേഷനുകള്‍ ക്ഷണിച്ചു

ശ്രീകൃഷ്ണപുരം ഗവ എന്‍ജിനീയറിങ് കോളെജില്‍ എന്‍.ബി.എ അക്രഡിറ്റേഷന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിഭാഗത്തില്‍ വിവിധ ലാബുകളിലും മുറികളിലും പ്രിന്റൗട്ട്, ഡിസ്‌പ്ലേ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. 78,640 രൂപയാണ് അടങ്കല്‍ തുക. ക്വട്ടേഷനുകള്‍ പ്രിന്‍സിപ്പാള്‍, ഗവ എന്‍ജിനീയറിങ് കോളെജ്, മണ്ണംപറ്റ (പി.ഒ), ശ്രീകൃഷ്ണപുരം, പാലക്കാട് 678633 വിലാസത്തില്‍ ഡിസംബര്‍ 22 ന് ഉച്ചയ്ക്ക് രണ്ടിനകം നല്‍കണം. 23 ന് വൈകിട്ട് മൂന്നിന് ക്വട്ടേഷനുകള്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ www.gecskp.ac.in ല്‍ ലഭിക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0466 2260565.

 

കേരള നിയമസഭ സഭാ ടി.വി ഹ്രസ്വചിത്ര മത്സരം: ഒന്നും രണ്ടും സ്ഥാനം പാലക്കാടിന്

സംസ്ഥാന സര്‍ക്കാരിന്റെ ലഹരിവിരുദ്ധ പ്രചാരണത്തോടനുബന്ധിച്ച് കേരള നിയമസഭ സഭാ ടി.വിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഹ്രസ്വചിത്ര മത്സരത്തില്‍ പാലക്കാട് ഒന്നും രണ്ടും സ്ഥാനം നേടി. പാലക്കാട് പ്രൈം കോളെജ് ഓഫ് ഫാര്‍മസിയിലെ ബി-ഫാര്‍മസി വിദ്യാര്‍ത്ഥി അന്‍സാഫ് സിദ്ദീദ് ഒന്നാം സ്ഥാനവും നെന്മാറ ഗവ ഗേള്‍സ് വി.എച്ച്.എസ്.സിലെ ആര്‍. രത്യൂഷും സംഘവും രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഒന്നാം സ്ഥാനത്തിന് 10,000 രൂപയും രണ്ടാം സ്ഥാനത്തിന് 5,000 രൂപയും സമ്മാനം ലഭിക്കും.

 

ഡാക് അദാലത്ത് ജനുവരി അഞ്ചിന്

കേരള തപാല്‍ സര്‍ക്കിള്‍ വടക്കന്‍ മേഖലയിലെ ‘ഡാക് അദാലത്ത്’ 2023 ജനുവരി അഞ്ചിന് ഉച്ചയ്ക്ക് 2.30 ന് കോഴിക്കോട് നടക്കാവ് വടക്കന്‍ മേഖല പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ ഓഫീസില്‍ നടക്കും. കാസര്‍ഗോഡ് മുതല്‍ പാലക്കാട് വരെയുള്ള റവന്യു ജില്ലകള്‍ ഉള്‍പ്പെടുന്നതാണ് വടക്കന്‍ മേഖല. തപാല്‍ വകുപ്പ് നല്‍കുന്ന ലെറ്റര്‍ പോസ്റ്റ്, മണിയോര്‍ഡറുകള്‍, പാഴ്‌സലുകള്‍, സ്പീഡ് പോസ്റ്റ്, സേവിങ്‌സ് ബാങ്ക് തുടങ്ങിയ സേവനങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ കവറില്‍ ഡാക് അദാലത്ത് എന്നെഴുതി ഡിസംബര്‍ 20 നകം ബി. സുധ, അസി. ഡയറക്ടര്‍ (1), പോസ്റ്റ്മാസ്റ്റര്‍ ജനറല്‍, വടക്കന്‍ മേഖല, നടക്കാവ്, കോഴിക്കോട്-673011 വിലാസത്തില്‍ നല്‍കണം. ഫോണ്‍: 0495-2765006.

 

കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം ഗവി യാത്ര 18 ന്

പാലക്കാട് കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ ഡിസംബര്‍ 18 ന് ഗവി യാത്ര നടത്തുന്നു. 18 ന് രാത്രി 10 ന് പാലക്കാട് നിന്നും പുറപ്പെട്ട് 19 ന് ഗവി സന്ദര്‍ശിച്ച് 20 ന് പുലര്‍ച്ചെ അഞ്ചോടെ തിരിച്ചെത്തുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. അഞ്ച് പേര്‍ക്കാണ് അവസരം. ഒരാള്‍ക്ക് 2850 രൂപയാണ് ചാര്‍ജ്ജ്. യാത്രാ ദിവസത്തെ ഉച്ചഭക്ഷണം, ഗവി പ്രവേശന ടിക്കറ്റ്, ബോട്ടിങ് ചാര്‍ജ്ജ് എന്നിവ ഉള്‍പ്പെടെയാണിത്. ബുക്കിങ് നമ്പര്‍: 9947086128.

error: Content is protected !!