Input your search keywords and press Enter.

ഒരുക്കങ്ങള്‍ അവസാനലാപ്പില്‍; കണ്‍വന്‍ഷന് സജ്ജമായി മാരാമണ്‍

 

ഫെബ്രുവരി 11 മുതല്‍ 18 വരെ നടക്കുന്ന മാരാമണ്‍ കണ്‍വന്‍ഷനുമായി ബന്ധപ്പെട്ടുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കണ്‍വന്‍ഷനുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി മാരാമണ്‍ മാര്‍ത്തോമാ റിട്രീറ്റ് സെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

കണ്‍വന്‍ഷനു മുന്നോടിയായുള്ള ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ നടന്നു വരുന്നു. സംഘാടക സമിതിയുടെ മേല്‍നോട്ടത്തില്‍ കണ്‍വന്‍ഷന്‍ നഗറില്‍ പൂര്‍ണമായി സിസിടിവി സ്ഥാപിച്ചിട്ടുട്ടുണ്ട്. ക്രമീകരണങ്ങളും സുരക്ഷാസന്നാഹങ്ങളും പോലീസ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന പ്രത്യേക സംഘം നേരിട്ടു പരിശോധിച്ച് ഉറപ്പു വരുത്തും. ക്രമാസമാധാനപാലനം, സുരക്ഷ, പാര്‍ക്കിംഗ്, ഗതാഗതം എന്നിവ സംബന്ധിച്ച ക്രമീകരങ്ങള്‍ പോലീസ് വകുപ്പ് സജ്ജമാക്കും. കോഴഞ്ചേരിയിലും നെടുംപ്രയാറിലും കണ്ട്രോള്‍ റൂം സജ്ജമാണ്. അത്യാഹിതങ്ങള്‍ ഒഴിവാക്കുന്നതിന് തീര്‍ത്ഥാടകരും പൊതുജനങ്ങളും സമീപമുള്ള ആറ്റുതീരങ്ങളിലും ജലാശയങ്ങളിലും ഇറങ്ങുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ഇത്തരം മേഖലകളില്‍ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

കണ്‍വന്‍ഷന്‍ നഗറില്‍ ആംബുലന്‍സ് സൗകര്യത്തോട് കൂടി പൂര്‍ണ്ണസജ്ജമായ മെഡിക്കല്‍ ടീമിന്റെ സേവനം ലഭ്യമാക്കണം. അധിക ആംബുലന്‍സ് സേവനം അവശ്യഘട്ടങ്ങളില്‍ ലഭ്യമാക്കും. അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിന് എമര്‍ജന്‍സി എവാക്ക്വേഷന്‍ റൂട്ടുകള്‍ തയാറാക്കും. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ യൂണിറ്റിന്റെയും സ്‌കൂബാ ഡൈവിങ് ടീമിന്റെയും സേവനം ലഭ്യമാക്കും. കോഴഞ്ചേരി ജില്ലാ ആശുപത്രിയും സമീപമുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും പ്രവര്‍ത്തനസമയം ക്രമീകരിച്ച് സജ്ജമാക്കും.

ശുചിമുറികളും കുടിവെള്ളവും അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ തയാറാണ്. കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിന് മണിക്കൂറില്‍ 1000 ലിറ്റര്‍ ശേഷിയുള്ള രണ്ട് ആര്‍.ഓ യൂണിറ്റുകളും താത്കാലിക ടാപ്പുകളും അടക്കമുള്ള ക്രമീകരണങ്ങള്‍ വാട്ടര്‍ അതോറിറ്റി സജ്ജീകരിക്കും. കുടിവെള്ളത്തിന്റെ ശുദ്ധത പരിശോധിച്ച് ഉറപ്പു വരുത്തും.കണ്‍വന്‍ഷന്‍ നഗറിലും സമീപ പ്രദേശങ്ങളിലും വൈദ്യുതി വിതരണം ഉറപ്പാക്കണം. തകരാറിലായ തെരുവുവിളക്കുകള്‍ ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടെ നന്നാക്കുന്നതിനുള്ള നടപടി കെ.എസ്.ഇ.ബി സ്വീകരിക്കും.

കണ്‍വന്‍ഷന്‍ നഗറിലും പരിസര പ്രദേശങ്ങളിലും വ്യാജമദ്യ വില്പന, നിരോധിത ലഹരി വസ്തുക്കളുടെ വില്പന തുടങ്ങിയവ തടയുന്നതിനുള്ള നടപടികള്‍ എക്‌സൈസ് വകുപ്പ് നടത്തി വരുന്നു. പത്തനംതിട്ട, ചെങ്ങന്നൂര്‍, പന്തളം, കൊട്ടാരക്കര, തിരുവല്ല, അടൂര്‍ സ്റ്റേഷനുകളില്‍ നിന്നും അധിക സര്‍വീസുകള്‍ ആവശ്യാനുസരണം കെഎസ്ആര്‍ടിസി നടത്തും.

കോഴഞ്ചേരി വലിയപാലത്തിന്റെ അറ്റകുറ്റപ്പണികളും യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണമെന്ന് മന്ത്രി നിര്‍ദേശം നല്‍കി,യോഗത്തില്‍ ജില്ലാ കളക്ടര്‍ എ. ഷിബു, അഡിഷണല്‍ പോലീസ് സുപ്രണ്ടന്റ് പ്രദീപ്കുമാര്‍, അടൂര്‍ ആര്‍ഡിഒ ജയമോഹന്‍, ദുരന്തനിവാരണ വകുപ്പ് ഡപ്യൂട്ടി കളക്ടര്‍ ടി.ജി ഗോപകുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം സാറാ തോമസ്, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ വത്സല, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയ് ഫിലിപ്പ്, തൊട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എസ് ബിനോയ്, മലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ജിജോ ജോസഫ്, ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ ടി ടോജി, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, മലബാര്‍ മാര്‍ത്തോമ്മ സിറിയന്‍ ക്രിസ്ത്യന്‍ ഇവാഞ്ചലിസ്റ്റിക് അസോസിയേഷന്‍, ജനറല്‍ സെക്രട്ടറി എബി കെ. ജോഷ്വ, ട്രാവല്ലിംഗ് സെക്രട്ടറി റവ. ജിജി വര്‍ഗീസ്, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!