തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഏതുതരം പ്രവർത്തനങ്ങൾക്കും കുട്ടികളെ ഉപയോഗിക്കുന്നതിനെതിരെ കർശനനിർദ്ദേശങ്ങൾ പുറത്തിറക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. താഴെപ്പറയുന്ന കാര്യങ്ങൾ ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നു
1. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാത്തരം പ്രവർത്തനങ്ങളിലും കുട്ടികൾ പങ്കെടുക്കുന്നതിന് വിലക്ക് :
റാലികൾ, മുദ്രാവാക്യപ്രകടനങ്ങൾ, പോസ്റ്ററുകൾ / ലഘുലേഖകൾ എന്നിവയുടെ വിതരണം തുടങ്ങി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യാതൊരു പ്രവർത്തനങ്ങളിലും കുട്ടികളെ പങ്കെടുപ്പിക്കരുത് എന്ന് രാഷ്ട്രീയ പാർട്ടികൾക്ക് കൃത്യമായ നിർദ്ദേശം നൽകിയിട്ടുണ്ട്. കുട്ടികളെ കൈയ്യിൽ പിടിക്കുക, കുട്ടികളെ വാഹനങ്ങളിൽ കൊണ്ടുപോകുക / റാലികളിൽ പങ്കെടുപ്പിക്കുക തുടങ്ങി ഒരുതരം പ്രചാരണ നടപടികൾക്കും രാഷ്ട്രീയ നേതാക്കളോ സ്ഥാനാർത്ഥികളോ കുട്ടികളെ ഉപയോഗിക്കരുത്.
2. കവിതകൾ, ഗാനങ്ങൾ, വാക്കുകൾ എന്നിവ വഴിയോ, എന്തെങ്കിലും രാഷ്ട്രീയ പാർട്ടിയുടെയോ സ്ഥാനാർത്ഥിയുടെയോ ചിഹ്നങ്ങൾ പേറുന്നതിലൂടെയോ, രാഷ്ട്രീയപാർട്ടികളുടെ ആദർശങ്ങളുടെ പ്രദർശനത്തിലൂടെയോ, ഏതെങ്കിലും പാർട്ടിയുടെ നേട്ടങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലോ, എതിർ സ്ഥാനാർത്ഥികളെയോ പാർട്ടികളെയോ വിമർശിക്കുന്ന തരത്തിലോ ഉള്ള രാഷ്ട്രീയ പ്രചാരണങ്ങൾക്ക് കുട്ടികളെ ഉപയോഗിക്കുന്നതിനും നിരോധനം ഉണ്ട്
എന്നാൽ മാതാപിതാക്കൾക്കൊപ്പമോ, രക്ഷിതാവിന് ഒപ്പമോ എത്തുന്ന, പ്രചാരണ പരിപാടികൾക്ക് പാർട്ടികളാൽ നിയോഗിക്കപ്പെടാത്ത കുട്ടികൾ ഒരു രാഷ്ട്രീയ നേതാവിന്റെ സമീപത്ത് ഉണ്ടായി എന്നത് നിർദ്ദേശങ്ങളുടെ ലംഘനമായി കണക്കാക്കുന്നതല്ല.
3. നിയമവ്യവസ്ഥകളുടെ അനുസരണം
1986ലെ ബാലവേല (നിരോധന-നിയന്ത്രണ) നിയമത്തിൽ ഭേദഗതി ചെയ്ത, 2016 ലെ ബാലവേല (നിരോധന-നിയന്ത്രണ) ഭേദഗതി നിയമത്തിലെ വ്യവസ്ഥകൾ കൃത്യമായി പാലിക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികളും ശ്രദ്ധിക്കേണ്ടതാണ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യാതൊരു പ്രവർത്തികൾക്കും പ്രായപൂർത്തിയാകാത്ത കുട്ടികളെ രാഷ്ട്രീയപാർട്ടികൾ ഉപയോഗിക്കുന്നില്ല എന്നത് ഉറപ്പാക്കണമെന്നതുമായി ബന്ധപ്പെട്ട ബഹുമാനപ്പെട്ട ബോംബെ ഹൈക്കോടതിയുടെ 2014 ഓഗസ്റ്റ് 04 ലെ ഉത്തരവും – 2012ലെ PIL No.127 (ചേതൻ രാംലാൽ ഭുട്ടാടാ vs മഹാരാഷ്ട്ര സംസ്ഥാനവും മറ്റുള്ളവരും) – കമ്മീഷൻ എടുത്തു പറയുന്നു.
ബാലവേലയുമായി ബന്ധപ്പെട്ട എല്ലാ നിയമങ്ങളും പാലിക്കപ്പെടുന്നുണ്ട് എന്നത് ഉറപ്പാക്കാൻ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും, വരണാധികാരികൾക്കും വ്യക്തിപരമായി ഉത്തരവാദിത്തം ഉണ്ടായിരിക്കുന്നതാണ്. തങ്ങളുടെ അധികാരപരിധിയിൽ, ഈ വ്യവസ്ഥകളിന്മേൽ തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്ന ഏതു തരം ലംഘനവും ശക്തമായ അച്ചടക്ക നടപടികൾക്ക് കാരണമാകുന്നതാണ്.