Input your search keywords and press Enter.

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 04/09/2024 )

തദ്ദേശ അദാലത്ത് സെപ്തംബര്‍ 10 ന്: ഓണ്‍ലൈനായി  (സെപ്തംബര്‍ 5) കൂടി പരാതി നല്‍കാം

അതിവേഗ പരാതിപരിഹാരമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം യാഥാര്‍ഥ്യമാക്കുന്നതിനായി നടത്തുന്ന ജില്ലാതല തദ്ദേശ അദാലത്തിലേക്ക് പൊതുജനത്തിന്  https://adalatapp.lsgkerala.gov.in/  വെബ്‌സൈറ്റ് വഴി പരാതികള്‍ നല്‍കാന്‍ അവസരം. സെപ്തംബര്‍ 10 ന് തദ്ദേശസ്വയംഭരണവും എക്സൈസും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി എം. ബി. രാജേഷിന്റെ നേത്യത്വത്തില്‍ രാവിലെ 8.30 മുതല്‍ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് അദാലത്ത്.

അദാലത്ത്ദിവസം നേരിട്ടെത്തിയും അപേക്ഷകള്‍ നല്‍കാം. ബില്‍ഡിങ് പെര്‍മിറ്റ്, കംപ്ലീഷന്‍, ക്രമവത്ക്കരണം, വ്യാപാര- വാണിജ്യ -വ്യവസായ -സേവന ലൈസന്‍സുകള്‍, സിവില്‍ രജിസ്‌ട്രേഷന്‍ നികുതികള്‍, ഗുണഭോക്തൃ പദ്ധതികള്‍, പദ്ധതി നിര്‍വഹണം, സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍, മാലിന്യസംസ്‌കരണം, പൊതുസൗകര്യങ്ങളും പൊതുസുരക്ഷയും, ആസ്തി മാനേജ്‌മെന്റ്, സ്ഥാപനങ്ങളുടെയും സംവിധാനങ്ങളുടെയും സൗകര്യങ്ങളുടെയും കാര്യക്ഷമത എന്നിവയുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ അപേക്ഷ നല്‍കിയതും സമയപരിധിക്കകം സേവനം ലഭിക്കാത്തതുമായ വിഷയങ്ങളിലെ പരാതികള്‍, വകുപ്പു മന്ത്രിക്ക് ലഭിച്ച നിവേദനങ്ങള്‍, സ്ഥിരം അദാലത്ത് സമിതിയിലും തദ്ദേശ ഓഫീസുകളിലും തീര്‍പ്പാക്കാത്ത പരാതികള്‍, തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പുതിയ പരാതികള്‍/നിര്‍ദ്ദേശങ്ങള്‍ എന്നിവയാണ് പരിഗണിക്കുക.

വനിതാ ഹോംഗാര്‍ഡ് നിയമനം

ജില്ലയില്‍ പോലീസ് / ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ് വകുപ്പുകളില്‍ ഹോംഗാര്‍ഡ് വിഭാഗത്തില്‍ നിലവിലുള്ളതും  ഭാവിയില്‍ പ്രതീക്ഷിക്കുന്നതുമായ ഒഴിവുകളിലേയ്ക്ക് വനിതാ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

അടിസ്ഥാനയോഗ്യത: ആര്‍മി/നേവി/എയര്‍ഫോഴസ്്/ ബി.എസ്.എഫ്/ സിആര്‍.പി.എഫ്/ സി.ഐ.എസ്.എഫ്/ എന്‍.എസ്.ജി/ എസ്.എസ്.ബി/ ആസാം റൈഫിള്‍സ് എന്നീ അര്‍ധ സൈനിക വിഭാഗങ്ങളില്‍ നിന്നും പോലീസ് /ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ്/എക്സൈസ്/ ഫോറസ്റ്റ്/ജയില്‍ എന്നീ സംസ്ഥാന സര്‍വീസുകളില്‍ നിന്നും വിരമിച്ച സേനാംഗമായിരിക്കണം.

വിദ്യാഭ്യാസ യോഗ്യത : എസ്.എസ്.എല്‍.സി /തത്തുല്യ യോഗ്യത. പ്രായപരിധി 35-58.
ദിവസവേതനം 780 രൂപ. അവസാന തീയതി സെപ്റ്റംബര്‍ 13. അപേക്ഷാ ഫോമിന്റെ മാതൃക ജില്ലാ ഫയര്‍ ഓഫീസില്‍ ലഭിക്കും.  യോഗ്യരായ ഉദ്യോഗാര്‍ഥികളെ കായികക്ഷമതാ പരിശോധനയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കും. പ്രായം കുറഞ്ഞ ഉദ്യോഗാര്‍ഥികള്‍ക്ക് നിയമനത്തില്‍ മുന്‍തൂക്കം ലഭിക്കും.

മൂന്ന് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ  (ഒന്ന് അപേക്ഷയില്‍ പതിക്കണം),  ഡിസ്ചാര്‍ജ്ജ് സര്‍ട്ടിഫിക്കറ്റിന്റെ /മുന്‍ സേവനം തെളിയിക്കുന്ന രേഖയുടെ പകര്‍പ്പ്,  എസ്.എസ്.എല്‍.സി/തത്തുല്യ യോഗ്യത തെളിയിക്കുന്ന രേഖയുടെ പകര്‍പ്പ്,  അസിസ്റ്റന്റ് സര്‍ജന്റെ റാങ്കില്‍ കുറയാത്ത ഒരു മെഡിക്കല്‍ ഓഫീസര്‍ നല്‍കിയ ശാരീരിക ക്ഷമതാ സാക്ഷ്യപത്രം എന്നിവ അപേക്ഷയോടൊപ്പം ഹാജരാക്കണം.
ഫോണ്‍ :  9497920097, 9497920112.

ചുരുക്കപട്ടിക നിലവില്‍ വന്നു

പത്തനംതിട്ട ജില്ലയില്‍ ഇന്‍ഷ്വറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പില്‍ സ്റ്റാഫ് നേഴ്സ് ഗ്രേഡ് രണ്ട് ( കാറ്റഗറി നമ്പര്‍ .302/2023) തസ്തികയുടെ ചുരുക്കപട്ടിക നിലവില്‍ വന്നതായി ജില്ലാ പിഎസ്സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

ടെന്‍ഡര്‍

ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട ഭിന്നശേഷിക്കാര്‍ക്ക് സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടര്‍ വിതരണം ചെയ്യുന്നതിന് വാഹന ഡീലര്‍മാരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 18. ഫോണ്‍ : 0468 2362129.

സ്‌കോളര്‍ഷിപ്പ്

പ്രൊഫഷണല്‍ കോഴ്സുകളില്‍ ഉപരിപഠനം നടത്തുന്ന വിമുക്തഭടന്മാരുടെ മക്കള്‍ക് കേന്ദ്രീയ സൈനിക് ബോര്‍ഡില്‍ നിന്നു ലഭിക്കുന്ന പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.  കേന്ദ്രീയ സൈനിക് ബോര്‍ഡിന്റെ വെബ്സൈറ്റില്‍ നവംബര്‍ 30 വരെ അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് ജില്ലാ സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0468 2961104.


കരാര്‍ വാഹനം -റീടെന്‍ഡര്‍

വനിതാശിശു വികസന വകുപ്പിന് കീഴില്‍ പത്തനംതിട്ട വനിതാ പ്രൊട്ടക്ഷന്‍ ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിന് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം  (എസി കാര്‍) വിട്ടു നല്‍കുന്നതിന് വാഹന ഉടമകള്‍ /സ്ഥാപനങ്ങളില്‍ നിന്നു റീടെന്‍ഡര്‍ ക്ഷണിച്ചു . ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 11. വിവരങ്ങള്‍ക്ക് വനിതാ പ്രൊട്ടക്ഷന്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍  -8281999053, 0468 2329053.

ലോഞ്ച് പാഡ് വര്‍ക്ക്‌ഷോപ്പ്

കേരള ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് (കീഡ്) അഞ്ചു ദിവസത്തെ വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കും. സെപ്റ്റംബര്‍  24  മുതല്‍ 28 വരെ കളമശേരിയിലെ കീഡ് ക്യാമ്പസിലാണ് പരിശീലനം. സെപ്റ്റംബര്‍  18 ന് മുമ്പ്  അപേക്ഷിക്കണം. ഫോണ്‍ – 0484 2532890, 2550322, 9188922800.

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്‍ വിപുലമായ മുന്നൊരുക്കങ്ങള്‍; ഒക്ടോബര്‍ രണ്ടിന് തുടക്കം

ശുചിത്വ കേരളം സുസ്ഥിര കേരളം ലക്ഷ്യമിട്ട് സംസ്ഥാനമൊട്ടാകെ അടുത്ത മാസം മുതല്‍ സംഘടിപ്പിക്കുന്ന മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ആസൂത്രണ-മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു.  ഒക്ടോബര്‍ രണ്ട് ഗാന്ധിജയന്തി ദിനത്തിലാരംഭിച്ച് 2025 മാര്‍ച്ച് 30-ലെ അന്താരാഷ്ട്ര ശൂന്യ മാലിന്യ ദിനത്തില്‍ സമ്പൂര്‍ണ മാലിന്യമുക്ത കേരളം എന്ന ലക്ഷ്യം നേടാന്‍ കഴിയുംവിധമാണ് ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നത്.

ശുചിത്വ മാലിന്യ സംസ്‌കരണ മേഖലയിലെ വിവിധ ഘടകങ്ങള്‍ ഏകോപിപ്പിച്ച് സമയബന്ധിതമായി സംസ്ഥാനതലം മുതല്‍ ജില്ലാ-തദ്ദേശ സ്വയംഭരണ സ്ഥാപന-വാര്‍ഡ് തലം വരെയുള്ള പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.  ഹരിതകേരളം മിഷന്‍, ശുചിത്വ മിഷന്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ക്ലീന്‍ കേരള കമ്പനി, കുടുംബശ്രീ മിഷന്‍, കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ട് തുടങ്ങിയവയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ പ്രവര്‍ത്തന രൂപരേഖ അടിസ്ഥാനമാക്കിയാണ് ഏകോപനം.
മാലിന്യ സംസ്‌കരണത്തിന് നിലവില്‍ സജ്ജമാക്കിയിട്ടുള്ള സംവിധാനങ്ങള്‍ വിശകലനം ചെയ്ത് പോരായ്മകള്‍ ഉണ്ടെങ്കില്‍ ക്യാമ്പയിന് മുമ്പായി കണ്ടെത്തും. ഇതു സംബന്ധിച്ച വിവര ശേഖരണം നടന്നു വരുന്നു.
സംസ്ഥാന-ജില്ല-തദ്ദേശ സ്വയംഭരണ സ്ഥാപന തലങ്ങളില്‍ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളില്‍ സൃഷ്ടിച്ച മാതൃകകള്‍ നാടിന് സമര്‍പ്പിച്ചുകൊണ്ടുള്ള ഉദ്ഘാടന പരിപാടിയോടെയാണ് ജനകീയ ക്യാമ്പയിന്‍ ആരംഭിക്കുന്നത്. പൂര്‍ത്തീകരിച്ച മാതൃകാ പരിപാടികള്‍ ഇതിനായി തിരഞ്ഞെടുക്കും. ആറുമാസം കൊണ്ട് വിവിധ ഘട്ടങ്ങളിലായി പൂര്‍ത്തിയാക്കുന്ന ക്യാമ്പയിന്റെ വിജയത്തിനായി വിവിധ സംഘടനകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള യോഗങ്ങളും പരിശീലന പരിപാടികളും ഇതിനകം ആരംഭിച്ചു കഴിഞ്ഞു.

എംബിഎ സ്പോട്ട് അഡ്മിഷന്‍

യൂണിവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (യുഐഎം) ന്റെ അടൂര്‍ സെന്ററില്‍ എംബിഎ സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ സെപ്റ്റംബര്‍ 13 വരെ നടക്കും. 50 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തിലുളള ബിരുദം പാസായ ജനറല്‍ വിഭാഗത്തിനും 48 ശതമാനം ഒബിസി /ഒഇസി വിഭാഗത്തിനും പാസ് മാര്‍ക്ക് നേടിയ എസ്. സി /എസ്. റ്റി വിഭാഗത്തിനും അഡ്മിഷന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അടൂര്‍ സെന്ററില്‍ ഹാജരാകണം. ഫോണ്‍ : 9746998700, 9946514088, 9400300217.

ധീരം-സ്വയം പ്രതിരോധ പരിശീലനം;കലാജാഥ അരങ്ങേറി

സ്ത്രീകളെയും കുട്ടികളെയും സ്വയം പ്രതിരോധത്തില്‍ പ്രാവീണ്യമുള്ളവരാക്കി മാറ്റുകയും അതിലൂടെ സമൂഹത്തിലെ ലിംഗാധിഷ്ഠിത അതിക്രമങ്ങള്‍ കുറയ്ക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷനുമായി (എസ്.കെ.എഫ്) സംയോജിച്ച് ധീരം സ്വയംപ്രതിരോധ പരിശീലനം മൂന്ന് ഘട്ടങ്ങളിലായി സംഘടിച്ചുവരുന്നു. മാസ്റ്റര്‍ പരിശീലകര്‍ക്കുള്ള ആദ്യഘട്ട പരിശീലനവും ജില്ലാതല പരിശീലകര്‍ക്കുള്ള രണ്ടാംഘട്ട പരിശീലനവും പൂര്‍ത്തിയായി. മൂന്നാം ഘട്ടം പ്രാദേശിക തലത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നല്‍കുന്നു.

ജില്ലയിലെ മോഡല്‍ സി.ഡി.എസുകളായ കുറ്റൂര്‍, കൊറ്റനാട്, തോട്ടപ്പുഴശ്ശേരി, നാരങ്ങാനം, സീതത്തോട്, വള്ളിക്കോട്, ഏഴംകുളം, പന്തളം തെക്കേക്കര എന്നിവ കേന്ദ്രീകരിച്ചാണ് സെപ്റ്റംബര്‍ മുതല്‍ 2025 ഫെബ്രുവരി വരെ നീണ്ടു നില്‍ക്കുന്ന
ആറുമാസ പരിശീലനം സംഘടിപ്പിക്കുന്നത്.  ജില്ലയിലെ മാസ്റ്റര്‍ ട്രെയിനര്‍മാരും പരിശീലനം ലഭിച്ച റിസോഴ്‌സ് പേഴ്‌സണ്‍സും ചേര്‍ന്നാണ് പരിശീലനം നല്‍കുന്നത്.
പരിശീലന പരിപാടിയുടെ പ്രചരണാര്‍ഥം നവജ്യോതി രംഗശ്രീ തിയറ്റര്‍ ഗ്രൂപ്പിന്റെ നേത്യത്വത്തില്‍ മോഡല്‍ സി.ഡി.എസുകള്‍ കേന്ദ്രീകരിച്ച് പൊതുവേദികളില്‍  തെരുവ് നാടകം സംഘടിപ്പിച്ചു. ആദ്യദിവസം പന്തളം തെക്കേക്കര, ഏഴംകുളം, വള്ളിക്കോട്, നാരങ്ങാനം പഞ്ചായത്തിലും രണ്ടാം ദിവസം സീതത്തോട്, കൊറ്റനാട്, തോട്ടപ്പുഴശ്ശേരി, കുറ്റൂര്‍ എന്നിവിടങ്ങളിലുമാണ് കലാജാഥ അരങ്ങേറിയത്. ആദ്യവേദിയായ പന്തളംതെക്കേക്കരയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദും അവസാന വേദിയായ കുറ്റൂരില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുരാധ സുരേഷും കലാജാഥ ഉദ്ഘാടനം ചെയ്തു.



ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍  നിയമനം

റാന്നി സര്‍ക്കാര്‍ ഐടിഐ യില്‍ എസിഡി /ഇഎസ് ഇന്‍സ്ട്രക്ടറുടെ താല്‍കാലിക ഒഴിവിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിന് സെപ്റ്റംബര്‍ ഒന്‍പതിന് രാവിലെ 11.30 ന് മുസ്ലീം വിഭാഗ ഉദ്യോഗാര്‍ഥികള്‍ക്ക് അഭിമുഖം നടത്തും. ഏതെങ്കിലും എന്‍ജിനീയറിംഗ് ട്രേഡില്‍ ഡിഗ്രി/ഡിപ്ലോമയും പ്രവര്‍ത്തി പരിചയവുമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഐടിഐയില്‍ ഹാജരാകണം.

error: Content is protected !!