ഊട്ടുപാറ: അരുവാപ്പുലം പഞ്ചായത്തിലെ ഊട്ടുപാറയിൽ പുതിയ പാറമട ആരംഭിക്കുന്നതിനുള്ള നീക്കത്തിനെതിരെ ജനകീയ പ്രക്ഷോഭം ആരംഭിക്കുന്നതിന്റെ ഭാഗമായി ഒരു ഷെഡ്ഡ് കെട്ടി പ്രതിഷേധിക്കുന്നതിന് നാട്ടുകാർ തീരുമാനിച്ചു. ഇതിനെതിരെ കോറി മാഫിയ നിയമപാലകരുടെയും PWD യുടേയും സഹായം തേടുകയുണ്ടായി. എന്നാൽ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും, പൊതുജനം പ്രതിഷേധിക്കുന്നതിന് ഷെഡ്ഡ് കെട്ടിയിരിക്കുന്നത് നിയമാനുസരണം ആണെന്നതിനാലും, സമാധാനപരമായി പ്രതിഷേധിക്കുന്നതിന് ആർക്കും അവകാശമുണ്ടെന്നതിനാലും, വകുപ്പ് മേധാവികൾ ഒരഭിപ്രായവും പ്രകടിപ്പിക്കുകയുണ്ടായില്ല.
വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിന്മേൽ, ഈ പ്രദേശത്ത് പാറമട ആരംഭിക്കുന്നതിന് ജിയോളജി വകുപ്പ് നൽകിയ അപേക്ഷ തള്ളിക്കളഞ്ഞതായി അറിയിപ്പ് ലഭിക്കുകയുണ്ടായി. ജലസംഭരണിയും, ഊട്ടുപാറ സ്കൂളും, ആരാധനാലയങ്ങളും, അങ്കണവാടികളും ചുറ്റുമുള്ള ഈ പ്രദേശത്ത് പാറമട പ്രവർത്തനം പൊതുജീവിതത്തെ ദുസ്സഹമാക്കുമെന്ന് സ്ഥലവാസികൾ ഒന്നടങ്കം അഭിപ്രായപ്പെടുന്നു.
ആയതിനാൽ കോറി മാഫിയക്കെതിരെ രാഷ്ട്രീയ വ്യത്യാസം ഇല്ലാതെ ഒന്നടങ്കം ജനം സംഘടിക്കുകയാണ്. അരുവാപ്പുലം പഞ്ചായത്ത് മെമ്പർമാരും, അരുവാപ്പുലം പഞ്ചായത്ത് കമ്മിറ്റിയും, ജനവാസകേന്ദ്രത്തിൽ പാറമടയ്ക്കുള്ള അനുവാദം കൊടുക്കരുതെന്ന് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥന്മാരെ രേഖാമൂലം അറിയിച്ചിട്ടുണ്ട്.
കോറി മാഫിയ ഇതിൽ നിന്നും പിന്മാറിയില്ലെങ്കിൽ കൂടുതൽ സമരപരിപാടികളുമായി പൊതുസമൂഹം മുന്നോട്ടു പോകുമെന്ന് ആക് ഷൻ കമ്മിറ്റി അറിയിച്ചു.