5.780 കിലോഗ്രാം കഞ്ചാവ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി
കോങ്ങാടിനടുത്ത കവളേങ്ങില്‍ മുച്ചീരിയില്‍ 5.78 കിലോഗ്രാം കഞ്ചാവ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മയക്കു മരുന്നിനെതിരെ പാലക്കാട് ജില്ലാ പൊലീസ് നടത്തുന്ന ഓപ്പറേഷൻ “ഡി ഹണ്ടിന്റെ” ഭാഗമായി കോങ്ങാട് പൊലീസും , പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ട്രാവൽ ബാഗിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു കഞ്ചാവ്. പരിശോധന നടക്കുന്നതറിഞ്ഞ് കഞ്ചാവ് ഉപേക്ഷിച്ചതാണെന്ന നിഗമനത്തിലാണ് പൊലീസ്. കഞ്ചാവ് എത്തിച്ചവരെക്കുറിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
പാലക്കാട് ജില്ലാ പൊലീസ് മേധാവി അജിത്ത് കുമാറിന്റെ നിർദ്ദേശപ്രകാരം മണ്ണാർക്കാട് ഡിവൈ.എസ്.പി. സുന്ദരൻ , പാലക്കാട് നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി അബ്ദുൾ മുനീർ എന്നിവരുടെ നേത്യത്വത്തിൽ സബ്ബ് ഇൻസ്‌പെക്ടർ വി. വിവേകിന്റെ നേതൃത്വത്തിലുള്ള കോങ്ങാട് പൊലീസും, പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പരിശോധന നടത്തി കഞ്ചാവ് കണ്ടെത്തിയത്.
ഡോക്ടറുടെ ഒഴിവ്
കണ്ണമ്പ്ര ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഈവനിങ് ഒ.പി യുടെ പ്രവര്‍ത്തനം തുടങ്ങുന്നതിന് കരാര്‍ അടിസ്ഥാനത്തില്‍ അലോപ്പതി ഡോക്ടറെ നിയമിക്കുന്നു. എം.ബി.ബി.എസ് ഡിഗ്രി, ടി സി എം സി യില്‍ നിന്നുള്ള പെര്‍മനന്റ് രജിസ്‌ട്രേഷന്‍ എന്നീ യോഗ്യതയുള്ളവര്‍ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ സഹിതം കണ്ണമ്പ്ര പഞ്ചായത്ത് ഓഫീസില്‍ മാര്‍ച്ച് 28 ന് വൈകിട്ട് മൂന്നിന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 04922 266223
കിക്മ എം.ബി.എ അഭിമുഖം ഇന്ന്
സഹകരണ വകുപ്പിന് കീഴിലുള്ള സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എം.ബി.എ (ഫുള്‍ടൈം) 2025-27 ബാച്ചിലേയ്ക്കുള്ള അഡ്മിഷന്‍ ഇന്ന് (മാര്‍ച്ച് 22 ന്) രാവിലെ 10 മണി മുതല്‍ കിക്മ കോളേജ് ക്യാമ്പസില്‍ നടക്കും. 50 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള ബിരുദമാണ് യോഗ്യത, കെ-മാറ്റ്/സി-മാറ്റ്/ക്യാറ്റ് പ്രവേശന പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കും അഡ്മിഷനില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ 8547618290/9447002106 എന്നീ നമ്പറുകളിലും, www.kicma.ac.in എന്ന വെബ്‌സൈറ്റിലും ലഭിക്കും.
റാങ്ക് പട്ടിക റദ്ദായി
പാലക്കാട് ജില്ലയില്‍ ആരോഗ്യവകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് II (കാറ്റഗറി നമ്പര്‍: 529/2019) തസ്തികയിലെ നിയമനത്തിനായി 2021 ഡിസംബര്‍ എട്ടിന് നിലവില്‍ വന്ന 452/2021/SSV നമ്പര്‍ റാങ്ക് പട്ടികയുടെ കാലാവധി 2024 ഡിസംബര്‍ ഏഴിന് പൂര്‍ത്തിയായതായും പട്ടിക 2024 ഡിസംബര്‍ എട്ടിന് റദ്ദാക്കിയതായും ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.
ലേലം ചെയ്യും
ഷൊര്‍ണൂര്‍ ഐ.പി.ടി ആന്റ് ഗവ. പോളിടെക്‌നിക് കോളേജ് വിദ്യാര്‍ഥിനികളുടെ ഹോസ്റ്റല്‍ കോമ്പൗണ്ടില്‍ മുറിച്ച തേക്ക് മരം ഏപ്രില്‍ രണ്ടിന് രാവിലെ 11 മണിക്ക് ഓഫീസ് പരിസരത്ത് വെച്ച് പരസ്യമായി ലേലം ചെയ്ത് വില്‍ക്കും. ലേലത്തില്‍ പരിഗണിക്കുന്നതിനായി മുദ്ര വച്ച ക്വട്ടേഷനുകള്‍ ഏപ്രില്‍ ഒന്നിന് വൈകിട്ട് നാല് മണി വരെ ഓഫീസില്‍ നല്‍കാമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 9400006447, 0466-2220450.
ഭൂമി വില കുറച്ച് കാണിച്ചുള്ള ആധാരം രജിസ്ട്രേഷന്‍: അദാലത്ത് 25 ന്
ഭൂമിയുടെ വില കുറച്ച് കാണിച്ച് ആധാരം രജിസ്റ്റര്‍ ചെയ്തവര്‍ക്ക് റവന്യു റിക്കവറി ഉള്‍പ്പടെയുള്ള നിയമ നടപടികളില്‍ നിന്ന് ഒഴിവാകുന്നതിനായി കോമ്പൗണ്ടിങ് സ്‌കീം പ്രകാരം രജിസ്ട്രേഷന്‍ വകുപ്പ് സംഘടിപ്പിക്കുന്ന അദാലത്ത് മാര്‍ച്ച് 25 ന് ജില്ലയിലെ എല്ലാ സബ് രജിസ്ട്രാര്‍ ഓഫീസുകളിലും രാവിലെ പത്ത് മുതല്‍ വൈകീട്ട് അഞ്ച് വരെ നടക്കും. പാലക്കാട് ജില്ലയിലെ വിവിധ സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ 2017 ഏപ്രില്‍ ഒന്നുമുതല്‍ മുതല്‍ 2023 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ രജിസ്റ്റര്‍ ചെയ്ത ആധാരങ്ങളില്‍ വിലകുറച്ച് കാണിച്ച് നോട്ടീസ് ലഭിച്ച കേസുകള്‍ക്ക് പദ്ധതിയുടെ ആനുകൂല്യം പ്രയോജനപ്പെടുത്താം. സബ് രജിസ്ട്രാര്‍ നിശ്ചയിച്ച കുറവ് മുദ്രയുടെ 50 ശതമാനം മാത്രം അടച്ചാല്‍മതിയാകും. ഉത്തരവ് പ്രകാരം മാര്‍ച്ച് 31 നകം കുറവ് തുക ഒടുക്കി റവന്യു റിക്കവറി ഉള്‍പ്പടെയുള്ള നിയമ നടപടികളില്‍ നിന്ന് ഒഴിവാകാം. ആധാരം അണ്ടര്‍വാല്യുവേഷന്‍ നടപടിക്ക് വിധേയമായിട്ടുണ്ടോ എന്ന് പൊതുജനങ്ങള്‍ക്ക് www.pearl.registration.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് പരിശോധിക്കാമെന്ന് ജില്ലാ രജിസ്ട്രാര്‍ (ജനറല്‍) അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ രജിസ്ട്രാര്‍ ഓഫീസുമായോ സബ് രജിസ്ട്രാര്‍ ഓഫീസുമായോ (ഫോണ്‍ 0491 2505201) ബന്ധപ്പെടാം.
റെയില്‍വെ ഗേറ്റ് അടച്ചിടും
പാലക്കാട് ടൗണ്‍- പുതുനഗരം റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലെ റോബിന്‍സണ്‍ റോഡ് റെയില്‍വെ ഗേറ്റ് (ലെവല്‍ ക്രോസിങ് നം. 48) ഇന്ന് (മാര്‍ച്ച് 22) രാത്രി ഒമ്പതു മണി മുതല്‍ മാര്‍ച്ച് 24 വൈകീട്ട് നാലു മണി വരെ അടച്ചിടുമെന്ന് പാലക്കാട് റെയില്‍വെ അസി. ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു. വാഹനങ്ങള്‍ യാത്രയ്ക്കായി ഇംഗ്ലീഷ് ചര്‍ച്ച് റോഡ് ഉപയോഗപ്പെടുത്തണം.
ഖാദി വ്യവസായ ബോര്‍ഡ്: കുടിശ്ശിക തീര്‍പ്പാക്കാന്‍ 31 വരെ അവസരം
കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡില്‍ നിന്നും സി.ബി.സി, പാറ്റേണ്‍ പദ്ധതികള്‍ പ്രകാരം വായ്പയെടുത്ത് ദീര്‍ഘകാലമായി കുടിശ്ശിക വരുത്തിയിട്ടുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കുടിശ്ശിക തീര്‍പ്പാക്കാനുള്ള അവസരം മാര്‍ച്ച് 31 വരെ നീട്ടിയതായി ഖാദി ഗ്രാമ വ്യവസായ ഓഫീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0491 2534392. ഇ.മെയില്‍: popkd@kkvib.org.
ഗതാഗതം നിരോധിച്ചു
നിള ഹോസ്പിറ്റല്‍-ഷൊര്‍ണൂര്‍ ഐ.പി.ടി റോഡില്‍ പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായി ഓങ്ങല്ലൂര്‍ മുതല്‍ കല്പക പള്ളി വരെയുള്ള ഭാഗത്ത് ടാറിങ് നടക്കുന്നതിനാല്‍ ഇന്ന് (മാര്‍ച്ച് 22) പുലര്‍ച്ചെ അഞ്ച് മണി മുതല്‍ മാര്‍ച്ച് 23 രാത്രി 12 മണി വരെ ഗതാഗതം നിരോധിച്ചു. പാലക്കാട് ഭാഗത്തു നിന്ന് പട്ടാമ്പിയിലേക്ക് വരുന്ന വാഹനങ്ങള്‍ വാണിയംകുളത്ത് നിന്നും വലത്തേക്ക് തിരിഞ്ഞ് വല്ലപ്പുഴ വഴി പട്ടാമ്പിയിലേക്കും, തിരിച്ചും പോകേണ്ടതാണ്. പാലക്കാട് ഭാഗത്തുനിന്നും ഗുരുവായൂര്‍, കുന്നംകുളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കുളപ്പുള്ളി, ചെറുതുരുത്തി കൂട്ടുപാത വഴിയും, തിരിച്ചും പോകേണ്ടതാണെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ (കെ.ആര്‍.എഫ്.ബി- പി.എം.യു) അറിയിച്ചു. ഫോണ്‍: 0466 2920090.
സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌ക് : 3333 കത്തുകളുടെ പ്രകാശനം ഇന്ന്
കുടുംബശ്രീ ജെന്‍ഡര്‍ ഹെല്‍പ് ‘ഡെസ്‌ക് സ്‌നേഹിത’ പത്ത് വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി 3333 കത്തുകളുടെ സമാഹാരം പ്രകാശനം ചെയ്യുന്നു. സ്ത്രീ സുരക്ഷയും ശാക്തീകരണവും എന്ന വിഷയത്തില്‍ ജില്ലയിലെ കുടുംബശ്രീ അംഗങ്ങളില്‍ നിന്നും വിവിധ മേഖലകളില്‍ നിന്നുമാണ് കത്തുകള്‍ ശേഖരിച്ചത്. പ്രകാശനത്തിന്റെ ഉദ്ഘാടനം ഇന്ന് (മാര്‍ച്ച് 22) വൈകിട്ട് നാല് മണിക്ക് പാലക്കാട് കോട്ടമൈതാനിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ നിര്‍വഹിക്കും. സമൂഹത്തില്‍ അതിക്രമങ്ങളും, ചൂഷണങ്ങളും നേരിടുന്ന സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും സുരക്ഷ ഉറപ്പാക്കിക്കൊണ്ട് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്‌ക്കാണ് സ്‌നേഹിത.
തിരികെ എത്തിയ പ്രവാസികള്‍ക്കായി ശില്പശാല 23 ന്
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയവര്‍ക്കായി ചെറുകിട /ഇടത്തരം സംരംഭങ്ങള്‍ തുടങ്ങുന്നതിന് പിന്തുണ നല്‍കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന സംരംഭം പദ്ധതിയുടെ ഭാഗമായി മാര്‍ച്ച് 23 ന് ശില്പശാല നടത്തുന്നു. പാലക്കാട് ഹോട്ടല്‍ ഗസാലയില്‍ രാവിലെ 9.30 മുതല്‍ ശില്പശാല നടക്കും. കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷനും അസാപ് കേരളയും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും ഫോണ്‍: 7025908603/ 9746363035