Input your search keywords and press Enter.

കൊല്ലം ജില്ലാ വാർത്തകൾ (22/03/2025)

പാലിയേറ്റീവ് വൊളന്റിയര്‍ പരിശീലനം

ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിന്റെയും കലയ്ക്കോട് സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ പാലിയേറ്റീവ് വൊളന്റിയര്‍മാര്‍ക്ക് പരിശീലനം നല്‍കി. പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് പാലിയേറ്റീവിന്റെ സഹകരണത്തോടെ കലയ്ക്കോട് സി.എച്ച്.സിയില്‍ നടത്തിയ പരിപാടി മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. സി.വി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം.കെ ശ്രീകുമാര്‍ അധ്യക്ഷനായി.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിര്‍മല വര്‍ഗീസ്, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ സനിത രാജിവ്,പാലിയേറ്റീവ് കെയര്‍ നോഡല്‍ ഓഫീസര്‍ ഡോ. ഐ.പി യാദവ്, ആശുപത്രി ജീവനക്കാര്‍, ബ്ലോക്ക്പഞ്ചായത്ത് അംഗങ്ങള്‍, മറ്റ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

ഗ്രന്ഥശാലകള്‍ക്ക് ഉപകരണങ്ങള്‍ വിതരണംചെയ്തു

ചവറ ബ്ലോക്ക് പഞ്ചായത്തിലെ ഗ്രന്ഥശാലകള്‍ക്ക് 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉപകരണങ്ങള്‍ വിതരണംചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സോഫിയ സലാം, സ്ഥിരം സമിതി അധ്യക്ഷന്‍ പ്രസന്നന്‍ ഉണ്ണിത്താന്‍, മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 3,90,000 രൂപ ചെലവിട്ടാണ് 12 ഗ്രന്ഥശാലകള്‍ക്ക് ഉപകരണങ്ങള്‍ നല്‍കിയത്.

 

ഗോള്‍ഡ് അപ്രൈസര്‍ പരിശീലനത്തിന് തുടക്കം

കേരള കരകൗശലവികസന കോര്‍പറേഷന്റെ ആഭിമുഖ്യത്തില്‍ പരമ്പരാഗത സ്വര്‍ണത്തൊഴിലാളികള്‍ക്കുള്ള ഗോള്‍ഡ് അപ്രൈസര്‍ പരിശീലനത്തിന് തുടക്കമായി. ഉമയനല്ലൂര്‍ ഗോള്‍ഡ് ആന്‍ഡ് അപ്രൈസര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മാര്‍ച്ച് 25 വരെയാണ് പരിശീലനം. 150 പേര്‍ക്കാണ് പരിശീലനം.

ചെയര്‍മാന്‍ നെടുവത്തൂര്‍ സുന്ദരേശന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഡയറക്ടര്‍ ബോര്‍ഡംഗം പി.എല്‍. എബ്രഹാം അധ്യക്ഷനായി. പ്രോജക്ട് മാനേജര്‍ എസ്. ആദര്‍ശ്, കാഡ്കോ ഡയറക്ടര്‍മാരായ പി. വിജയമ്മ, ഡിക്കല്‍ തോമസ് കയ്യത്ര, ആര്‍ട്ട്കോ ചെയര്‍മാന്‍ വി.എസ് അനൂപ്, കെ.എല്‍ മധുസൂദനന്‍, ടി.എസ് ഹരിശങ്കര്‍, കെ. സോമരാജന്‍, സുനില്‍കുമാര്‍, തിരുപ്പതി രാജന്‍, നിഖില്‍ പ്രമോദ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

ക്ഷയരോഗമുക്ത ക്യാമ്പയിന്‍ സമാപനം

ക്ഷയരോഗമുക്ത കേരളത്തിനായി നടത്തുന്ന ജനകീയ ക്യാമ്പയിനിന്റെ ഓച്ചിറ ബ്ലോക്ക്തല സമാപന സമ്മേളനം സി.ആര്‍ മഹേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഗീതകുമാരി അധ്യക്ഷയായി. ജില്ലാ ടി.ബി ഓഫീസര്‍ സാജന്‍ മാത്യൂസ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികള്‍, ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ സംബന്ധിച്ചു.

 

അവധിക്കാലത്ത് ഉല്ലാസയാത്ര പാക്കേജുകളുമായി കെ.എസ്.ആര്‍.ടി.സി

വേനല്‍ അവധിക്കാലത്ത് ഉല്ലാസയാത്ര പാക്കേജുകളുമായി കെ.എസ്.ആര്‍.ടി.സി കൊല്ലം ബജറ്റ് ടൂറിസം. മാര്‍ച്ച് 29ന് മൂന്നാര്‍ യാത്രയോടെയാണ് തുടക്കം. പുലര്‍ച്ചെ അഞ്ചിന് ആരംഭിക്കുന്ന മൂന്നാര്‍ യാത്രയില്‍ ഗ്യാപ്പ് റോഡ്, ചിന്നക്കനാല്‍, പെരിയക്കനാല്‍, കാന്തല്ലൂര്‍, മറയൂര്‍ എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. മൂന്നാര്‍ സ്ലീപ്പര്‍ ബസ് സ്റ്റേ, കാന്തല്ലൂര്‍ റൈഡിങ്, ഉച്ചഭക്ഷണം എന്നിവ ഉള്‍പ്പെടെ 2,380 രൂപയാണ് നിരക്ക്.

അന്നുതന്നെ കൊല്ലത്തുനിന്ന് രാവിലെ 10ന് എ.സി ലോ ഫ്ളോര്‍ ബസിലുള്ള എറണാകുളം യാത്രയില്‍ അഞ്ച് മണിക്കൂര്‍ അറബിക്കടലില്‍ കപ്പല്‍യാത്രയും ഉണ്ടാകും. 4,240 രൂപയാണ് നിരക്ക്.

മാര്‍ച്ച് 30ന് വാഗമണ്‍ യാത്രയും 31ന് തിരുവിതാംകൂറിലെ ശിവക്ഷേത്രങ്ങള്‍ എന്ന തീര്‍ത്ഥാടന യാത്രയും ചാര്‍ട്ട് ചെയ്തിട്ടുണ്ട്. ഏപ്രില്‍ രണ്ടിന് കൊല്ലത്തുനിന്ന് രാത്രി ഒമ്പതിന് ആരംഭിക്കുന്ന സൈലന്റ് വാലി യാത്രയില്‍ കാഞ്ഞിരപ്പുഴ ഡാം, പാലക്കാട് കോട്ട, മലമ്പുഴ, കല്‍പ്പാത്തി അഗ്രഹാരം, വരിക്കാശ്ശേരി മന എന്നിവയും ഉള്‍പ്പെടും. 3080 രൂപയാണ് നിരക്ക്.

ഏപ്രില്‍ അഞ്ചിന്റെ ഇല്ലിക്കല്‍ കലി, ഇലവീഴാപൂഞ്ചിറ യാത്രക്ക് 820 രൂപയാണ് നല്‍കേണ്ടത്. അന്നുതന്നെ പുറപ്പെടുന്ന ഇന്ത്യയിലെ ഏറ്റവും വലിയ അഗ്രോ തീം പാര്‍ക്ക് മാംഗോ മെഡോസ് യാത്രക്ക് രണ്ടുനേരത്തെ ഭക്ഷണം, പാര്‍ക്ക് എന്‍ട്രി ഫീസ്, പാര്‍ക്കിനുള്ളിലെ ആക്ടിവിറ്റികള്‍ ഉള്‍പ്പെടെയുള്ള പാക്കേജിന് 1790 രൂപയാണ് നല്‍കേണ്ടത്. ഏപ്രില്‍ ആറിന് രാമക്കല്‍മേട്, ഒമ്പതിനുള്ള കപ്പല്‍ യാത്ര എന്നിവക്കും ബുക്കിങ് ആരംഭിച്ചു.

ഏപ്രില്‍ 10ന് തിരുനെല്ലി-കൊട്ടിയൂര്‍ യാത്ര വയനാട്, കണ്ണൂര്‍ ജില്ലകളിലെ ക്ഷേത്ര ദര്‍ശന തീര്‍ത്ഥാടന യാത്രയാണ്. രാത്രി മാനന്തവാടിയിലെത്തി വിശ്രമിച്ച ശേഷം രാവിലെ തിരുനെല്ലി, തൃശലേരി കൊട്ടിയൂര്‍, പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രം എന്നിവ കണ്ടശേഷം മടങ്ങുന്ന യാത്രക്ക് 2,800 രൂപയാണ് നല്‍കേണ്ടത്. 11ന് മാമലക്കണ്ടം വഴി മൂന്നാര്‍ യാത്രയും ഉണ്ടാകും. 1730 രൂപയാണ് നിരക്ക്. 13ന് ഗവി, കൃപാസനം, കുമരകം ബോട്ട് യാത്ര എന്നിവയും ഉണ്ടാകും. ഫോണ്‍: 9747969768, 9995554409, 7592928817.

 

ആധാര്‍ കാര്‍ഡ് ലഭ്യമാക്കും

കൊല്ലം മയ്യനാട് എസ്.എസ് സമിതിയിലെ നൂറിലധികം അന്തേവാസികള്‍ക്ക് ആധാര്‍ കാര്‍ഡ് ലഭ്യമാക്കാന്‍ നിര്‍ദേശം. ജില്ലാ നിയമസേവന അതോറിറ്റി സെക്രട്ടറി ആര്‍. ജിഷ മുകുന്ദന്റെ സന്ദര്‍ശനത്തെ തുടര്‍ന്ന് ലഭിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. മാര്‍ച്ച് 27ന് രാവിലെ 10ന് ആണ്ടാമുക്കത്തെ അക്ഷയ സെന്റര്‍ വഴി ആധാര്‍ എന്റോള്‍മെന്റ് നടത്തും.

 

ശില്‍പശാല

സ്റ്റാര്‍ട്ടപ്പുകള്‍ക്കായി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് (കീഡ്) മാര്‍ച്ച് 29ന് കളമശ്ശേരിയിലെ ക്യാമ്പസില്‍ ഏകദിന ശില്‍പശാല സംഘടിപ്പിക്കും. http://kied.info/training-calender/ മുഖേന മാര്‍ച്ച് 26നകം അപേക്ഷിക്കണം. 500 രൂപയാണ് ഫീസ്. തെരഞ്ഞെടുക്കപ്പെടുന്നത് 35 പേര്‍ മാത്രം. ഫോണ്‍: 0484 2532890, 2550322, 9188922785.

 

ഉത്സവ, മദ്യനിരോധിതമേഖല

ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ വിഷു മഹോത്സവത്തോടനുബന്ധിച്ച് ഏപ്രില്‍ 15ന് പ്രദേശം ഉത്സവമേഖലയായും മൂന്ന് കിലോമീറ്റര്‍ ചുറ്റളവ് മദ്യനിരോധിത മേഖലയായും ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. കള്ളുഷാപ്പുകള്‍ ഉള്‍പ്പെടെ എല്ലാ മദ്യശാലകളും അടച്ചിടണം. ഹരിതചട്ടം കര്‍ശനമായി പാലിക്കണം. ശബ്ദ മലിനീകരണം പാടില്ല. ഭക്ഷ്യസുരക്ഷ, ക്രമസമാധാനപാലനം, ഗതാഗതനിയന്ത്രണം, ശുദ്ധജലവിതരണം തുടങ്ങിയവക്ക് ബന്ധപ്പെട്ട വകുപ്പുകളെ നിയോഗിച്ചാണ് ഉത്തരവ്.

 

അഭിമുഖം 27ന്

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ വിവിധ സ്വകാര്യസ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് മാര്‍ച്ച് 27ന് അഭിമുഖം നടത്തും. പ്ലസ് ടു പൂര്‍ത്തിയാക്കിയ 18നും 35നും ഇടയില്‍ പ്രായമുള്ളവര്‍ രാവിലെ 10ന് ആധാര്‍ കാര്‍ഡും മൂന്ന് ബയോഡേറ്റയുമായി എത്തണം. ഫോണ്‍: 8281359930, 8304852968, 9349082258.

 

വോക് ഇന്‍ ഇന്റര്‍വ്യൂ

പുനലൂര്‍ ട്രൈബല്‍ ഡെവലപ്‌മെന്റ്‌റ് ഓഫീസിന്റെ നിയന്ത്രണത്തിലുള്ള ഹോസ്റ്റലുകളിലും കുളത്തൂപ്പുഴ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലും കുക്ക്, വാച്ച്മാന്‍, ഡ്രൈവര്‍, ഗാര്‍ഡനര്‍-കം-സ്‌കാവഞ്ചര്‍, എഫ്.ടി.എസ് തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും. അപേക്ഷകര്‍ പി.എസ്.സി നിഷ്‌കര്‍ഷിച്ച യോഗ്യതയുള്ളവരാകണം. പ്രായപരിധി: 18-36. പട്ടികവര്‍ഗക്കാര്‍ക്ക് മുന്‍ഗണന. യോഗ്യത, ജാതി, വരുമാനം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും സഹിതം മാര്‍ച്ച് 26ന് രാവിലെ 10ന് പുനലൂര്‍ ട്രൈബല്‍ ഡവലപ്പ്മെന്റ് ഓഫീസില്‍ വോക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.

error: Content is protected !!