ന്യൂ ഡൽഹി: ഇന്ത്യ-പാക് സംഘർഷം രൂക്ഷമായതിനെ തുടർന്ന് പഞ്ചാബിലെ എല്ലാ സ്കൂളുകളും കോളേജുകളും മൂന്ന് ദിവസത്തേക്ക് അടച്ചിടാൻ സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ഹർജോത് സിംഗ് ബെയിൻസ് ഉത്തരവിട്ടു. നിലവിലെ സാഹചര്യത്തിൽ സർക്കാർ, സ്വകാര്യ, എയ്ഡഡ് സ്ഥാപനങ്ങൾക്ക് ഇത് ബാധകമാണ്. ഇതിനു സമാനമായി ജമ്മു കാശ്മീരിലെ എല്ലാ സ്കൂളുകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, പാകിസ്ഥാനെതിരെ ശക്തമായ തിരിച്ചടി നൽകാൻ സൈന്യത്തിന് പൂർണ്ണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ജമ്മുവിലും അതിർത്തി പ്രദേശങ്ങളിലും പാകിസ്ഥാൻ്റെ ഷെല്ലാക്രമണം തുടരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. ഇതിനിടെ, പാകിസ്ഥാൻ എയർ ഫോഴ്സിൻ്റെ ഒരു വിമാനം പത്താൻകോട്ടിൽ വെച്ച് ഇന്ത്യൻ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് വെടിവെച്ചിട്ടു. പാകിസ്ഥാനിലെ മാധ്യമങ്ങൾ പോലും രാജ്യത്ത് ഡ്രോൺ ആക്രമണങ്ങൾ നടക്കുന്നതായി റിപ്പോർട്ട് ചെയ്യുന്നുണ്ട്.
അതിർത്തിയിൽ പാകിസ്ഥാൻ്റെ കനത്ത ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായിട്ടും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സർക്കാർ അറിയിച്ചു. ജമ്മുവിലും മറ്റ് അതിർത്തി സംസ്ഥാനങ്ങളിലും പാകിസ്ഥാൻ തുടർച്ചയായി ഡ്രോൺ ആക്രമണങ്ങൾ നടത്തുന്നുണ്ടെങ്കിലും, ഇന്ത്യൻ സൈന്യം ശക്തമായ പ്രതിരോധം തീർക്കുന്നുണ്ട്. നിലവിൽ ജമ്മു ഉൾപ്പെടെയുള്ള പല പ്രദേശങ്ങളിലും സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ജനങ്ങൾക്ക് ആവശ്യമായ മുന്നറിയിപ്പുകളും സുരക്ഷാ നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്. പാകിസ്ഥാൻ പ്രധാനമായും മൂന്ന് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് ആക്രമണങ്ങൾ നടത്തുന്നത്.