ന്യൂ ഡൽഹി: ഇന്ത്യൻ നാവികസേന കറാച്ചി തുറമുഖത്ത് ആക്രമണം നടത്തിയതായി സ്ഥിരീകരിച്ചു. 1971 ലെ യുദ്ധത്തിന് ശേഷം ഇതാദ്യമായാണ് ഇന്ത്യൻ നാവികസേന പാകിസ്ഥാനെതിരെ ഇത്തരമൊരു മുന്നേറ്റം നടത്തുന്നത്. ആക്രമണത്തിൽ വലിയ നാശനഷ്ടം സംഭവിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കര, നാവിക, വ്യോമ സേനകൾ സംയുക്തമായാണ് പാകിസ്ഥാനിൽ തിരിച്ചടി നൽകുന്നത്. ഇതിനുപുറമെ, പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്‍റെ വീടിന് 20 കിലോമീറ്റർ അടുത്ത് സ്ഫോടനമുണ്ടായതായും വിവരങ്ങൾ പുറത്തുവരുന്നു. ഇസ്ലാമാബാദിനെ ലക്ഷ്യമാക്കി ഇന്ത്യ മിസൈൽ ആക്രമണം നടത്തിയെന്നും, സിയാൽകോട്ട്, ലാഹോർ എന്നിവിടങ്ങളിലും തുടർ ആക്രമണങ്ങൾ നടന്നെന്നും റിപ്പോർട്ടുകളുണ്ട്. പാകിസ്ഥാനിലെ പ്രധാന നഗരങ്ങളിൽ ഇന്ത്യൻ വ്യോമാക്രമണം തുടരുകയാണ്. നാല് പാക് പോർവിമാനങ്ങളും മൂന്ന് ഡ്രോണുകളും ഇന്ത്യ തകർത്തു.
കേന്ദ്ര സർക്കാർ സൈന്യത്തിന് പൂർണ്ണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. പാകിസ്ഥാൻ്റെ ഒരു എയർ ഫോഴ്സ് വിമാനം പത്താൻകോട്ടിൽ വെച്ച് ഇന്ത്യൻ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് വെടിവെച്ചിട്ടു. കറാച്ചി തുറമുഖത്തും ആക്രമണം നടന്നതായി റിപ്പോർട്ടുകളുണ്ട്. നിലവിലെ സാഹചര്യത്തിൽ പാകിസ്ഥാനിലെ പ്രധാന നഗരങ്ങളിൽ വൈദ്യുതി ബന്ധം തടസ്സപ്പെട്ടിരിക്കുകയാണ്. ജലന്ധറിലും രണ്ട് ഡ്രോണുകൾ ഇന്ത്യ വെടിവെച്ചിട്ടതായി റിപ്പോർട്ടുകളുണ്ട്.