ന്യൂ ഡൽഹി: രണ്ട് പാകിസ്ഥാൻ പൈലറ്റുമാർ ഇന്ത്യൻ സൈന്യത്തിന്റെ പിടിയിലായി എന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നു. ജയ്സാൽമീർ, അഖ്നൂർ എന്നിവിടങ്ങളിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. അഖ്നൂർ ജമ്മു മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്. ഈ രണ്ട് പ്രദേശങ്ങളിലും പാകിസ്ഥാൻ സൈന്യം ആക്രമണം നടത്തിയിരുന്നു. ഈ ആക്രമണങ്ങളിൽ പങ്കെടുത്ത യുദ്ധവിമാനങ്ങളിൽ നിന്നുള്ള പൈലറ്റുമാരാണ് പിടിയിലായിരിക്കുന്നത്. വിമാനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് ഇവർ പുറത്തേക്ക് ചാടിയതാകാം എന്നാണ് പ്രാഥമിക നിഗമനം. പിടികൂടിയ പൈലറ്റുമാരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ സേനാവൃത്തങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ഇന്ത്യ ശക്തമായി തിരിച്ചടിച്ചതിലൂടെ പാകിസ്ഥാനിലെ പല തന്ത്രപ്രധാന ലക്ഷ്യങ്ങളും തകർത്തതായി സൂചനകളുണ്ട്. ഇതിനുപുറമെ, കറാച്ചി തുറമുഖത്തും ആക്രമണം നടന്നതായി ചില റിപ്പോർട്ടുകൾ പറയുന്നു. നിലവിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് വിമാനത്താവളങ്ങളിലെ സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. യാത്രക്കാർ വിമാനം പുറപ്പെടുന്നതിന് മൂന്ന് മണിക്കൂർ മുമ്പെങ്കിലും വിമാനത്താവളത്തിൽ എത്തണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.