Input your search keywords and press Enter.

ഇന്ത്യ എതിർത്തിട്ടും പാകിസ്ഥാന് ഐഎംഎഫ് സഹായം; 8500 കോടി അനുവദിച്ചു

ന്യൂ ഡൽഹി: ഇന്ത്യയുടെ ശക്തമായ എതിർപ്പിനെ അവഗണിച്ച്, അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) പാകിസ്ഥാന് 8500 കോടി രൂപയുടെ ധനസഹായം അനുവദിച്ചു. രണ്ട് തവണ ഗ്രേ ലിസ്റ്റിൽ ഉൾപ്പെട്ട പാകിസ്ഥാന് സാമ്പത്തിക സഹായം നൽകരുതെന്ന് ഇന്ത്യ അഭ്യർത്ഥിച്ചിരുന്നു. എങ്കിലും, ഏഴ് ബില്യൺ ഡോളറിൻ്റെ വായ്പയുടെ രണ്ടാം ഗഡുവായി ഈ തുക ഐഎംഎഫ് നൽകി. ഈ തീരുമാനത്തിൽ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.

പാകിസ്ഥാനുള്ള ധനസഹായം നിർത്തണമെന്ന് ലോകബാങ്കിനോടും ഐഎംഎഫിനോടും ഇന്ത്യ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഐഎംഎഫ് യോഗത്തിൽ, പാകിസ്ഥാന് നൽകുന്ന പണം ഭീകരർക്ക് ലഭിക്കാനിടയുണ്ടെന്ന് ഇന്ത്യ ആരോപിച്ചു. പാകിസ്ഥാന് പണം നൽകുന്നതിനോട് എതിർപ്പില്ലെങ്കിലും, അവർ ആ പണം എങ്ങനെ ഉപയോഗിക്കുന്നു എന്ന് ലോകം കാണുന്നുണ്ടെന്നും ഇന്ത്യ വാഷിംഗ്ടണിൽ നടന്ന യോഗത്തിൽ തുറന്നടിച്ചു.

പാകിസ്ഥാന് നൽകുന്ന പണം കാര്യക്ഷമമായി ഉപയോഗിക്കപ്പെടുന്നില്ലെന്നും, പദ്ധതി നടത്തിപ്പിൽ വലിയ അഴിമതി നടക്കുന്നുവെന്നും ഇന്ത്യ കുറ്റപ്പെടുത്തി. പാകിസ്ഥാന്റെ ഉയർന്ന കടബാധ്യതയും ഇന്ത്യ ചൂണ്ടിക്കാട്ടി. ലഷ്കർ-ഇ-തൊയ്ബ, ജെയ്‌ഷെ-ഇ-മുഹമ്മദ് തുടങ്ങിയ തീവ്രവാദ സംഘടനകൾക്ക് പാകിസ്ഥാന് ലഭിക്കുന്ന പണം പരോക്ഷമായി എത്തുന്നുവെന്നും ഇന്ത്യ ആരോപിച്ചു. ഇതിനുപിന്നാലെ നടന്ന വോട്ടെടുപ്പിൽ ഇന്ത്യ പങ്കാളിയായില്ല. ജമ്മു കശ്മീരിലെ പഹൽഗാം ആക്രമണത്തിന് ശേഷം പാകിസ്ഥാനെതിരെ ഇന്ത്യ നടപടികൾ ശക്തമാക്കിയിരുന്നു. ഭീകരവാദ പ്രവർത്തനങ്ങളിലെ അവരുടെ പങ്ക് തടയുന്നതിനായി പാകിസ്ഥാനെ ഫിനാൻഷ്യൽ ആക്‌ഷൻ ടാസ്‌ക് ഫോഴ്‌സിൻ്റെ (എഫ്എടിഎഫ്) ‘ഗ്രേ പട്ടിക’യിൽ ഉൾപ്പെടുത്താനുള്ള ശ്രമങ്ങളും ഇന്ത്യ ആരംഭിച്ചിട്ടുണ്ട്.

error: Content is protected !!