Input your search keywords and press Enter.

പാക് ആക്രമണം തുടരുന്നു; പഞ്ചാബിൽ ഡ്രോൺ തീ, പ്രധാനമന്ത്രിയുടെ വസതിയിൽ യോഗം

ന്യൂ ഡൽഹി: ജമ്മു കശ്മീരിലും പഞ്ചാബിലും പാകിസ്ഥാൻ്റെ ആക്രമണം തുടരുകയാണ്. പഞ്ചാബിലെ ഫിറോസ്‌പൂരിൽ ഒരു ഡ്രോൺ പതിച്ച് വലിയ തീപിടിത്തമുണ്ടായി. ഡ്രോണിൽ സ്ഫോടക വസ്തുക്കൾ ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല. വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച്, മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ ഒരു സ്ത്രീയുടെ നില ഗുരുതരമാണെന്നും വിവരമുണ്ട്. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഇതിനിടയിൽ പ്രധാനമന്ത്രിയുടെ വസതിയിൽ ഒരു നിർണായക യോഗം നടക്കുകയാണ്. വിദേശകാര്യ മന്ത്രി എസ് ജയശങ്കറും പ്രധാനമന്ത്രിയുടെ വസതിയിൽ എത്തിച്ചേർന്നിട്ടുണ്ട്.

രാത്രി എട്ട് മണിയോടെയാണ് പാകിസ്ഥാൻ്റെ ഭാഗത്തുനിന്ന് ആക്രമണം ആരംഭിച്ചത്. ഈ സമയത്താണ് ലാഹോറിന് മുകളിൽ ആകാശത്ത് രണ്ട് വിമാനങ്ങൾ ദൃശ്യമായത്. ആക്രമണത്തിന് യാത്രാവിമാനങ്ങളെ പാകിസ്ഥാൻ മറയാക്കുന്നു എന്ന് ഇന്ത്യ നേരത്തെ ആരോപിച്ചിരുന്നു. ഇന്നും ഇതേ രീതിയിൽ പാകിസ്ഥാൻ ആക്രമണം നടത്തി എന്നതാണ് ഇത് വ്യക്തമാക്കുന്നത്.

പഞ്ചാബിലെ ഫിറോസ്‌പൂരിൽ പതിച്ച ഡ്രോൺ ആണ് നാശനഷ്ടങ്ങൾക്ക് കാരണം. മൂന്ന് പേർക്കും പൊള്ളലേറ്റതായി എസ്പി ഭൂപീന്ദർ സിംഗ് സിദ്ധു അറിയിച്ചു. മൂന്ന് പേരെയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പരിക്കേറ്റവർ ഒരു കുടുംബത്തിൽ നിന്നുള്ളവരാണ് എന്നാണ് വിവരം. ഇതിനിടെ ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ ഡ്രോൺ ആക്രമണം നടന്നതായി ജമ്മു കശ്മീർ പോലീസ് സ്ഥിരീകരിച്ചു. ഹാജിബാലിൽ ഡ്രോൺ എത്തിയെന്നും അതിനെ കരസേന തകർത്തുവെന്നും വിവരമുണ്ട്. കൂടുതൽ മേഖലകളിലേക്ക് ആക്രമണം വ്യാപിക്കുകയാണ്. ശ്രീനഗർ, പഞ്ചാബിലെ തൺ തരൺ, ഗുരുദാസ്പൂർ എന്നിവിടങ്ങളിലും ഡ്രോണുകൾ എത്തി. ശ്രീനഗർ വിമാനത്താവളത്തിന് നേരെ നടന്ന ആക്രമണം തകർത്തു. ആരും പരിഭ്രാന്തരാകേണ്ടതില്ല എന്നാണ് അറിയിപ്പ്. ഹിമാചൽ പ്രദേശിലെ സോലൻ ജില്ലയിൽ ഒടുവിൽ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശ്രീനഗർ, ബദ്ഗാം, അവന്തിപോര, സോപോർ, ബാരാമുള്ള, പുൽവാമ, അനന്തനാഗ് എന്നിവിടങ്ങളിൽ ഡ്രോണുകൾ എത്തിയെങ്കിലും അവയെല്ലാം ആകാശത്ത് വെച്ച് നിർവീര്യമാക്കിയതായാണ് വിവരം.

error: Content is protected !!