ന്യൂ ഡൽഹി: ഇന്ത്യാ-പാക് സംഘർഷം കൂടുതൽ ഗുരുതരമായ സാഹചര്യത്തിലേക്ക് നീങ്ങുകയാണ്. ജമ്മുവിൽ തുടർച്ചയായ രണ്ടാം രാത്രിയിലും ഡ്രോൺ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. പലതവണ അപായ സൈറൺ മുഴങ്ങിയതിനെ തുടർന്ന് ആകാശത്ത് പാകിസ്ഥാൻ്റെ ഡ്രോണുകൾ ഇന്ത്യൻ പ്രതിരോധ സംവിധാനത്തിൽ തകർന്നുവീഴുന്നത് കണ്ടതായി ദൃക്സാക്ഷികൾ പറയുന്നു. ജമ്മുവിനും പത്താൻകോട്ടിനും പുറമെ മറ്റ് സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടാണ് പാകിസ്ഥാൻ ആക്രമണം നടത്തുന്നത്. എന്നാൽ ഇതുവരെ ഒരു ഡ്രോണിനും ലക്ഷ്യം കാണാൻ സാധിച്ചിട്ടില്ല എന്നത് ഇന്ത്യൻ പ്രതിരോധത്തിൻ്റെ കരുത്ത് വ്യക്തമാക്കുന്നു.
ജമ്മു നഗരം കൂടാതെ ഫിറോസ്പൂർ, അംബാല, പഞ്ച്കുല, സാംബ, അമൃത്‌സർ, പഞ്ചാബിലെ പത്താൻകോട്ട് എന്നിവിടങ്ങളിലും പാക് ഡ്രോണുകൾ എത്തിയെങ്കിലും, ഇന്ത്യൻ സൈന്യം അവയെല്ലാം ആകാശത്ത് വെച്ചുതന്നെ തകർത്തു. ഇന്നലെ രാത്രി ഏകദേശം 400 ഓളം ഡ്രോൺ ആക്രമണങ്ങളാണ് പാകിസ്ഥാൻ നടത്തിയത്. എന്നാൽ അവയിൽ ആയുധങ്ങൾ ഉണ്ടായിരുന്നില്ല. ഇപ്പോൾ വരുന്ന ഡ്രോണുകളിൽ ആയുധങ്ങളുണ്ടോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും, ഇന്ത്യൻ സൈന്യം അതീവ ജാഗ്രതയോടെ ഈ ഭീഷണിയെ നേരിടുകയാണ്.
ജമ്മു നഗരത്തിൻ്റെ ആകാശത്ത് ഇടവേളകളില്ലാതെ ഇരു സേനകളും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്. അമൃത്സറിലും ഫിറോസ്പൂരിലും ഡ്രോൺ ആക്രമണങ്ങൾ നടന്നതായി വിവരങ്ങൾ പുറത്തുവരുന്നുണ്ട്. ഇന്നലെ രാത്രിയും ഇതേ സമയത്താണ് പാകിസ്ഥാൻ ആക്രമണം നടത്തിയത്. ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ട്വിറ്ററിലൂടെ തുടർച്ചയായ സ്ഫോടന ശബ്ദങ്ങൾ കേൾക്കുന്നതായി അറിയിച്ചു. അദ്ദേഹം നിലവിൽ ജമ്മുവിൽ സ്ഥിതിഗതികൾ വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്.