പഹൽഗാമിലെ ഭീകരാക്രമണത്തിൽ 26 നിരപരാധികൾ കൊല്ലപ്പെട്ട സംഭവം ലോകരാഷ്ട്രങ്ങളുടെ ശ്രദ്ധയിൽപ്പെട്ടതുമുതൽ പല രാജ്യങ്ങളും ഈ വിഷയത്തിൽ ഇടപെടാൻ തുടങ്ങി. പൊതുവായി യുദ്ധം ഒഴിവാക്കണമെന്ന അഭ്യർത്ഥനയാണ് ഉയരുന്നത് എങ്കിലും, മൂന്ന് പ്രധാന ലോകശക്തികൾ ഏത് സാഹചര്യത്തിലും ഇന്ത്യക്കൊപ്പമാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അമേരിക്ക, റഷ്യ, ഇസ്രായേൽ എന്നീ രാജ്യങ്ങളാണ് ഇന്ത്യക്ക് പിന്തുണയുമായി രംഗത്തുള്ളത്. അതേസമയം, ചൈനയും തുർക്കിയും ഈ നിർണായക ഘട്ടത്തിലും പാകിസ്ഥാന് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്. ഈ രണ്ട് രാജ്യങ്ങളും പാകിസ്ഥാനെ ഒളിഞ്ഞും തെളിഞ്ഞും പിന്തുണയ്ക്കുന്നു എന്നത് ശ്രദ്ധേയമാണ്.
അമേരിക്ക
ഓപ്പറേഷൻ സിന്ദൂറിന് ശേഷം ട്രംപിൻ്റെ ആദ്യ പ്രതികരണം ഇന്ത്യയെ പിന്തുണച്ചുകൊണ്ടുള്ളതായിരുന്നു. ഇന്ത്യ പകരം വീട്ടുമെന്ന് തനിക്ക് ഉറപ്പായിരുന്നുവെന്ന് ട്രംപ് പറഞ്ഞു. ട്രംപിൻ്റെ വ്യക്തിപരമായ സൗഹൃദത്തിനപ്പുറം, അമേരിക്ക എന്ന രാഷ്ട്രം എന്ന നിലയിലും ഇന്ത്യക്കൊപ്പമാണെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി. അതേസമയം വൈസ് പ്രസിഡൻ്റ് ജെ.ഡി. വാൻസ് ഈ വിഷയം തങ്ങളുടേതല്ലെന്ന് പറഞ്ഞെങ്കിലും ഇന്ത്യയെ തള്ളിക്കളഞ്ഞിട്ടില്ല.
അമേരിക്ക വളർത്തിയെടുത്ത പാകിസ്ഥാനും ഭീകര സംഘടനകളും വേൾഡ് ട്രേഡ് സെൻ്റർ, പെൻ്റഗൺ ആക്രമണങ്ങളിലൂടെ അമേരിക്കയ്ക്ക് തന്നെ ഭീഷണിയായി മാറിയത് ചരിത്രമാണ്. ഇതിനെത്തുടർന്ന് അമേരിക്ക ഭീകരവാദത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചു. ഒസാമ ബിൻ ലാദന് അഭയം നൽകിയ പാകിസ്ഥാൻ അന്നുമുതൽ അമേരിക്കയ്ക്ക് അനഭിമതമാണ്.
അമേരിക്കയുടെ വ്യാപാര ശത്രുവായ ചൈന പാകിസ്ഥാനെ പിന്തുണയ്ക്കുന്നത് സ്ഥിതി കൂടുതൽ സങ്കീർണ്ണമാക്കിയേക്കാം. അതിനാൽ സ്ഥിതി വഷളായാൽ അമേരിക്കയ്ക്കും ട്രംപിനും തുറന്ന നിലപാട് പറഞ്ഞ് ഇന്ത്യക്കൊപ്പം നിൽക്കേണ്ടി വരും. ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യയുടെ നിലപാടിന് അമേരിക്കയുടെ പിന്തുണ നിർണായകമാണ്.
റഷ്യ
ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനായ സുഹൃത്താണ് റഷ്യ. ഈ ബന്ധം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല, 1950 മുതൽ ഇരു രാജ്യങ്ങളും തമ്മിൽ ദൃഢമായ സൗഹൃദം നിലനിൽക്കുന്നു. കശ്മീർ വിഷയത്തിൽ 75 വർഷം മുൻപ് ഐക്യരാഷ്ട്രസഭയുടെ രക്ഷാ കൗൺസിലിൽ ഇന്ത്യക്ക് വേണ്ടി ഉറച്ച നിലപാട് സ്വീകരിച്ച രാഷ്ട്രമാണ് റഷ്യ. 1971-ൽ അമേരിക്ക പാകിസ്ഥാനെ പിന്തുണച്ചപ്പോൾ ഇന്ത്യയുടെ കൈയ്കളിൽ ചേർന്നുനിന്ന പങ്കാളിയാണ് അന്നത്തെ സോവിയറ്റ് യൂണിയൻ. നിക്സൻ്റെ ഏഴാം കപ്പൽ പടയെ പോലും ഭയപ്പെടുത്തിയ ശക്തമായ കൂട്ടുകെട്ടായിരുന്നു ഇന്ത്യയും സോവിയറ്റ് യൂണിയനും തമ്മിലുണ്ടായിരുന്നത്. സോവിയറ്റ് യൂണിയൻ റഷ്യയായി മാറിയപ്പോഴും ഈ ബന്ധത്തിന് യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല.
ഇന്ത്യയുടെ ആയുധശേഖരത്തിലെ പ്രധാനികൾ, അത് ബ്രഹ്മോസ് മിസൈലാകട്ടെ അല്ലെങ്കിൽ സുഖോയ് യുദ്ധവിമാനങ്ങളുടെ പ്രത്യേകതകളാകട്ടെ, ഇവയെല്ലാം ഇരു രാജ്യങ്ങളുടെയും സംയുക്ത സംരംഭങ്ങളുടെ ഫലമാണ്. ഇന്ത്യയുടെ ഒന്നാം നമ്പർ ആയുധ പങ്കാളിയായ റഷ്യയെ അത്രയധികം വിശ്വസിക്കാൻ സാധിക്കും. വ്ലാഡിമിർ പുടിൻ്റെ ഭരണകാലത്ത് പോലും പാകിസ്ഥാനെക്കാൾ കൂടുതൽ വിശ്വാസവും ബഹുമാനവും റഷ്യയ്ക്ക് ഇന്ത്യയോടാണ്. ലോകത്തിലെ വളർന്നുവരുന്ന സാമ്പത്തിക ശക്തിയായ ഇന്ത്യയെ കൂടെ നിർത്തുന്നത് റഷ്യയ്ക്കും അത്രയധികം പ്രധാനപ്പെട്ട കാര്യമാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 70 ബില്യൺ ഡോളറിലധികം വരും. അതേസമയം പാകിസ്ഥാനുമായുള്ള റഷ്യയുടെ വ്യാപാര ബന്ധം വെറും ഒരു ബില്യൺ ഡോളർ മാത്രമാണ് എന്നതും ശ്രദ്ധേയമാണ്.
പഹൽഗാം ആക്രമണത്തിൽ റഷ്യ ഇന്ത്യയോടൊപ്പം ഉറച്ചു നിന്നു. ഇന്ത്യൻ തിരിച്ചടിയുടെ കാര്യത്തിലും റഷ്യയുടെ നിലപാടിൽ യാതൊരു മാറ്റവുമില്ല. പുടിനും മോദിയും നേരിട്ട് സംസാരിക്കുകയുമുണ്ടായി. ഏറ്റവും ഒടുവിലായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ റഷ്യയെക്കുറിച്ച് പറഞ്ഞ വാക്കുകൾ ഈ ബന്ധത്തിൻ്റെ ആഴം വ്യക്തമാക്കുന്നതാണ് – “ലോക രാഷ്ട്രീയത്തിലെ ഒരേയൊരു സ്ഥിരതയുള്ള ഘടകം” എന്നാണ് അദ്ദേഹം റഷ്യയെ വിശേഷിപ്പിച്ചത്. ഈ വാക്കുകളിൽ നിന്ന് തന്നെ ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധത്തിൻ്റെ തീവ്രത നമുക്ക് മനസ്സിലാക്കാൻ സാധിക്കും.
ഇസ്രയേൽ
പാകിസ്ഥാനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുകയും, ഭീകരവാദത്തെ അറബിക്കടലിൽ ഇല്ലായ്മ ചെയ്യാൻ ഇന്ത്യയോടൊപ്പം ആയുധമെടുത്ത് പോരാടുന്ന ഒരു പ്രധാന സഖ്യ രാഷ്ട്രമാണ് ഇസ്രായേൽ. ഇന്നലെ ഇന്ത്യൻ മണ്ണ് ലക്ഷ്യമിട്ടെത്തിയ പാക് മിസൈലുകളെ തകർത്ത ബരാക് മിസൈൽ പ്രതിരോധ സംവിധാനം ഇസ്രായേലി സാങ്കേതികവിദ്യയുടെ ഉത്തമ ഉദാഹരണമാണ്. ആയുധ കൈമാറ്റത്തിലും പ്രതിരോധ സാങ്കേതികവിദ്യയിലും ഇന്ത്യയുടെ വളരെ അടുത്ത പങ്കാളിയാണ് ഇസ്രായേൽ. ഹമാസ്-ഇസ്രായേൽ യുദ്ധത്തിൽ ഗാസയിൽ സമാധാനം സ്ഥാപിക്കാൻ ഇന്ത്യ ശ്രമം നടത്തിയെങ്കിലും, ഇസ്രായേലിന് ഇന്ത്യയോട് യാതൊരു അതൃപ്തിയുമില്ല. ഹമാസിനെ ഇന്ത്യ ഭീകര സംഘടനയായി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. എന്നിട്ടും, ഇരു രാജ്യങ്ങളും തമ്മിലുള്ള വിവിധ മേഖലകളിലെ സഹകരണം ഇത് മൂലം ഒട്ടും തടസ്സപ്പെട്ടിട്ടില്ല.
ആയുധ ഇടപാടുകളുടെ കാര്യത്തിൽ റഷ്യ കഴിഞ്ഞാൽ ഇന്ത്യയുടെ ഏറ്റവും വലിയ പങ്കാളിയാണ് ഇസ്രായേൽ. പഹൽഗാം ആക്രമണത്തിന് ശേഷം ഇസ്രായേൽ ശക്തമായ പിന്തുണയാണ് ഇന്ത്യക്ക് നൽകിയത്. ഓപ്പറേഷൻ സിന്ദൂറിനെ പരസ്യമായി പ്രശംസിക്കുകയും ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്ത രാഷ്ട്രങ്ങളിൽ മുൻപന്തിയിലാണ് ഇസ്രായേൽ. ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യയുടെ നിലപാടിനെ ഇസ്രായേൽ എപ്പോഴും പിന്തുണച്ചിട്ടുണ്ട്.
ഇസ്രായേലുമായുള്ള ഇന്ത്യയുടെ ഈ ദൃഢമായ ബന്ധം ഇരു രാജ്യങ്ങളുടെയും താൽപ്പര്യങ്ങൾക്ക് ഒരുപോലെ പ്രയോജനകരമാണ്. പ്രതിരോധം, കൃഷി, സാങ്കേതികവിദ്യ തുടങ്ങി വിവിധ മേഖലകളിൽ ഇസ്രായേൽ ഇന്ത്യക്ക് വലിയ സഹായം നൽകുന്നുണ്ട്. ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇരു രാജ്യങ്ങളും ഒരുമിച്ച് മുന്നോട്ട് പോകുമ്പോൾ, മേഖലയിലെ സുരക്ഷയും സമാധാനവും ഉറപ്പാക്കാൻ സാധിക്കും. ഇസ്രായേലിൻ്റെ ഈ പിന്തുണ ഇന്ത്യക്ക് ഒരു വലിയ മുതൽക്കൂട്ട് തന്നെയാണ്.