Input your search keywords and press Enter.

തിരുവനന്തപുരത്തിന് പുറത്ത് നിന്നുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കണം: മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: സ്വർണ്ണമാല മോഷ്ടിച്ചെന്നാരോപിച്ച് വീട്ടുകാർ നൽകിയ പരാതിയിൽ ദലിത് വീട്ടുജോലിക്കാരിയെ 20 മണിക്കൂർ പൊലീസ് മാനസികമായി പീഡിപ്പിച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു. ഡിവൈഎസ്പി റാങ്കിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥനെ തിരുവനന്തപുരം ജില്ലയ്ക്ക് പുറത്ത് നിന്ന് അന്വേഷണത്തിനായി നിയമിക്കാൻ കമ്മീഷൻ ഉത്തരവിട്ടു. ജില്ലാ പൊലീസ് മേധാവി സൗത്ത് സോൺ ഐ.ജിയുമായി ആലോചിച്ച് ഉദ്യോഗസ്ഥനെ നിയമിക്കണം. വനിതാ അഭിഭാഷകയുടെ സാന്നിധ്യത്തിൽ ഇരയുടെ മൊഴിയെടുക്കാനും, സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാനും, ജനറൽ ഡയറിയും എഫ്ഐആറും പരിശോധിച്ച് ഇര സ്റ്റേഷനിൽ എത്ര സമയം ഉണ്ടായിരുന്നെന്ന് വിലയിരുത്താനും കമ്മീഷൻ നിർദ്ദേശിച്ചു.

മോഷണ കേസിന്റെ അന്വേഷണം പൂർത്തിയായിട്ടില്ലെങ്കിൽ, അത് സത്യസന്ധവും സുതാര്യവുമായ അന്വേഷണത്തിനായി ഡിവൈഎസ്പിക്ക് കൈമാറണം. ഇര പട്ടികജാതി വിഭാഗത്തിൽപ്പെട്ടതിനാൽ, എസ്സി/എസ്ടി അതിക്രമ നിയമപ്രകാരം പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് കുറ്റകൃത്യം നടന്നിട്ടുണ്ടോ എന്നും അന്വേഷിക്കണം. കുറ്റക്കാരായ ഉദ്യോഗസ്ഥരുടെ പേര്, പെൻ നമ്പർ, ഔദ്യോഗിക/താമസ സ്ഥലത്തിൻ്റെ വിലാസങ്ങൾ എന്നിവയും ഇരയുടെ വിലാസവും കമ്മീഷനെ അറിയിക്കണം. അന്വേഷണ റിപ്പോർട്ട് മൂന്നാഴ്ചക്കകം ജില്ലാ പൊലീസ് മേധാവിക്ക് കൈമാറുകയും, അദ്ദേഹം ഒരു മാസത്തിനകം വിലയിരുത്തൽ റിപ്പോർട്ട് കമ്മീഷന് സമർപ്പിക്കുകയും വേണം. കേസ് ജൂലൈ 3 ന് നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥൻ ഹാജരാകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസാണ്.

error: Content is protected !!