തിരുവനന്തപുരം: കള്ള മോഷണക്കുറ്റം ആരോപിച്ച് പേരൂർക്കട പൊലീസ് സ്റ്റേഷനിൽ ദളിത് സ്ത്രീയെ മാനസികമായി പീഡിപ്പിച്ച സംഭവം പുറത്തുവന്നതിന് പിന്നാലെ സർക്കാർ നടപടിയെടുത്തു. സംഭവത്തിൽ വീഴ്ച വരുത്തിയ പേരൂർക്കട സ്റ്റേഷനിലെ എസ്ഐ പ്രസാദിനെ സസ്പെൻഡ് ചെയ്തു. സ്പെഷ്യൽ ബ്രാഞ്ചിന്റെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷണറുടെ ഈ നടപടി. കന്റോൺമെന്റ് എസിപിയുടെ വിശദമായ അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും കമ്മീഷണർ അറിയിച്ചിട്ടുണ്ട്.
ജോലി ചെയ്യുന്ന വീട്ടിൽ നിന്നും സ്വർണ്ണമാല മോഷ്ടിച്ചെന്ന പരാതിയെ തുടർന്ന് കഴിഞ്ഞ മാസം 23നാണ് പേരൂർക്കട സ്വദേശി ബിന്ദുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. താൻ മോഷണം നടത്തിയിട്ടില്ലെന്ന് കെഞ്ചി പറഞ്ഞിട്ടും എസ്ഐയും സംഘവും ബിന്ദുവിനോട് മോശമായി പെരുമാറിയെന്നും അധികാരം ദുർവിനിയോഗം ചെയ്തുവെന്നുമാണ് കണ്ടെത്തൽ. വെള്ളം പോലും നൽകാതെ 20 മണിക്കൂറോളം ബിന്ദുവിനെ സ്റ്റേഷനിൽ ചോദ്യം ചെയ്തു. മോഷണം സമ്മതിച്ചില്ലെങ്കിൽ പെൺമക്കളെ കേസിൽ കുടുക്കുമെന്നും ഭീഷണിപ്പെടുത്തി. പിറ്റേന്ന് വീട്ടിൽ നിന്ന് സ്വർണം കണ്ടെത്തിയതോടെയാണ് ബിന്ദുവിനെ വിട്ടയച്ചത്. താൻ നേരിട്ട ദുരനുഭവങ്ങൾ ബിന്ദു ഒരു വാർത്താ ചാനലിലൂടെ തുറന്നുപറഞ്ഞിരുന്നു. അമ്പലമുക്ക് സ്വദേശി ഓമന ഡാനിയേലാണ് ബിന്ദുവിനെതിരെ മോഷണ പരാതി നൽകിയത്. സ്ത്രീകളെ രാത്രി സ്റ്റേഷനിൽ വിളിച്ചുകൊണ്ടുപോയി ചോദ്യം ചെയ്യരുതെന്ന നിയമം നിലനിൽക്കെയാണ് പേരൂർക്കട പൊലീസ് ഇത്രയും ക്രൂരമായി പെരുമാറിയത്.