തിരുവനന്തപുരം: സ്വർണ്ണമാല കാണാതായതുമായി ബന്ധപ്പെട്ട് ദളിത് സ്ത്രീയെ അന്യായമായി കസ്റ്റഡിയിലെടുത്ത് മാനസികമായി പീഡിപ്പിച്ച സംഭവത്തിൽ പോലീസിന് വീഴ്ച പറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മതിച്ചു. പോലീസ് സ്റ്റേഷനിൽ ഇങ്ങനെയൊന്ന് സംഭവിക്കാൻ പാടില്ലായിരുന്നുവെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. തൻ്റെ ഓഫീസിൽ പരാതി ലഭിച്ചപ്പോൾ പരിശോധിക്കാമെന്ന് മാത്രമാണ് പറഞ്ഞതെന്നും, പരിശോധനയ്ക്കുള്ള താമസം മാത്രമാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
ഇല്ലാത്ത മോഷണക്കുറ്റത്തിൻ്റെ പേരിൽ പേരൂർക്കട പോലീസ് സ്റ്റേഷനിൽ ദളിത് സ്ത്രീയായ ബിന്ദുവിന് കൊടിയ പീഡനമാണ് നേരിടേണ്ടി വന്നത്. കുടിക്കാനോ വെള്ളം പോലും നൽകാതെ 20 മണിക്കൂറോളം ക്രൂരമായി ചോദ്യം ചെയ്യുകയും മോഷണക്കുറ്റം സമ്മതിച്ചില്ലെങ്കിൽ പെൺമക്കളെ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ചട്ടങ്ങളും മനുഷ്യാവകാശങ്ങളും കാറ്റിൽപ്പറത്തിയാണ് ഒരു രാത്രി മുഴുവൻ ബിന്ദുവിനെ സ്റ്റേഷനിൽ നിർത്തി അധിക്ഷേപിച്ചത്. കസ്റ്റഡിയിലെടുക്കുമ്പോൾ ബന്ധുക്കളെ അറിയിക്കുക, രാത്രിയിൽ സ്ത്രീകളെ സ്റ്റേഷനിൽ പാർപ്പിക്കാതിരിക്കുക തുടങ്ങിയ നിയമപരമായ ബാധ്യതകൾ പോലീസ് പാലിച്ചില്ല. മാല കിട്ടിയെന്ന് പരാതിക്കാരി അറിയിച്ചിട്ടും ബിന്ദുവിനെ ഉച്ചയ്ക്ക് ഭർത്താവ് വന്നതിന് ശേഷം മാത്രമാണ് വിട്ടയച്ചത്.