Input your search keywords and press Enter.

കുഞ്ഞ് കല്യാണിക്ക് കണ്ണീരോടെ വിട

പ്രതികൂല കാലാവസ്ഥയിലും മൂഴിക്കുളത്ത് മൂന്നുവയസ്സുകാരിക്കായുള്ള തിരച്ചിൽ തുടരും; കണ്ടെത്തുംവരെ തിരച്ചിൽ തുടരുമെന്ന് റോജി എം ജോൺ എംഎൽഎ (വെളുപ്പിനെ 12 മണി)

തിരുവാങ്കുളത്ത് കാണാതായ മൂന്നുവയസ്സുകാരി കല്യാണിക്കായുള്ള തിരച്ചിൽ കനത്ത മഴയെ അവഗണിച്ചും തുടരുന്നു. അമ്മയോടൊപ്പം യാത്ര ചെയ്യവെയാണ് കുട്ടിയെ കാണാതായത്. കുട്ടിയെ ഉപേക്ഷിച്ചെന്നതടക്കമുള്ള പരസ്പര വിരുദ്ധമായ മൊഴികളാണ് അമ്മ നൽകുന്നത്. അമ്മയ്ക്ക് മാനസിക വെല്ലുവിളികളുണ്ടെന്ന് ബന്ധുക്കളും പറയുന്നു. കുട്ടിയെ കണ്ടെത്തുന്നത് വരെ തിരച്ചിൽ തുടരുമെന്ന് എംഎൽഎ റോജി എം ജോൺ അറിയിച്ചു. മൂഴിക്കുളം പാലത്തിന് സമീപത്തും ചാലക്കുടി പുഴയിലുമടക്കം തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

നിലവിൽ പൊലീസ് കസ്റ്റഡിയിലുള്ള കുട്ടിയുടെ അമ്മയും അച്ഛനും തമ്മിൽ അകൽച്ചയിലായിരുന്നെന്നും, കുടുംബ പ്രശ്നങ്ങളെത്തുടർന്ന് കുട്ടിയെ അച്ഛൻ്റെ വീട്ടിലേക്ക് കൊണ്ടുവന്നിരുന്നതായും പൊലീസ് പറയുന്നു. അവിടെ നിന്നാണ് അമ്മ കുട്ടിയെ കൊണ്ടുപോയത്. പ്രതികൂല കാലാവസ്ഥയിലും കനത്ത മഴയിലും ഇരുട്ടിലും പൊലീസും സ്കൂബാ ടീമും നാട്ടുകാരും ചേർന്ന് തിരച്ചിൽ തുടരുകയാണ്. ഒഴുക്ക് ശക്തമായ പുഴയിൽ വളരെ ദുഷ്കരമായ ദൗത്യമാണ് നടക്കുന്നത്.

മൂഴിക്കുളത്ത് കാണാതായ കല്യാണിയെ കണ്ടെത്താൻ അമ്മ ചൂണ്ടിക്കാട്ടിയ ഇടങ്ങളിൽ ജനറേറ്റർ വെളിച്ചത്തിൽ സ്കൂബാ ടീം തിരച്ചിൽ തുടരുന്നു (വെളുപ്പിനെ 1 മണി) 

അംഗനവാടിയിൽ നിന്ന് അമ്മയോടൊപ്പം പോകുംവഴി കാണാതായ മൂന്നുവയസ്സുകാരി കല്യാണിക്കായുള്ള തിരച്ചിൽ മൂഴിക്കുളം പാലത്തിന് സമീപം ഊർജ്ജിതമാക്കി. കുഞ്ഞിനെ ഉപേക്ഷിച്ചതായി അമ്മ ചൂണ്ടിക്കാണിച്ച സ്ഥലത്താണ് പ്രധാനമായും തിരച്ചിൽ നടക്കുന്നത്. മണിക്കൂറുകൾ പിന്നിട്ടിട്ടും പ്രതീക്ഷ കൈവിടാതെ പൊലീസും സേനകളും നാട്ടുകാരും തിരച്ചിൽ തുടരുകയാണ്. പുഴയിലെ തിരച്ചിൽ തുടരാൻ ജനറേറ്ററിൻ്റെ സഹായത്തോടെ വെളിച്ചം ഒരുക്കാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവർത്തകർ. കനത്ത മഴയും കലങ്ങിയ വെള്ളവും മരത്തടികളും തിരച്ചിലിന് തടസ്സമാണെങ്കിലും, ആലുവ ഡിവൈഎസ്പി അടക്കമുള്ളവരുടെ നേതൃത്വത്തിൽ ദൗത്യം പുരോഗമിക്കുകയാണ്.

രാത്രി തിരച്ചിൽ അവസാനിപ്പിക്കില്ലെന്ന് എംഎൽഎ അറിയിച്ചിട്ടുണ്ട്. ആലുവയിൽ നിന്ന് കൂടുതൽ പരിചയസമ്പന്നരായ മുങ്ങൽ വിദഗ്ധർ സ്ഥലത്തെത്തിയിട്ടുണ്ട്. കുട്ടിയുടെ മാതാപിതാക്കൾ തമ്മിൽ അകൽച്ചയിലായിരുന്നെന്നും, കുടുംബ പ്രശ്നങ്ങൾ കാരണം കുട്ടിയെ അച്ഛൻ്റെ വീട്ടിലേക്ക് കൊണ്ടുവന്നിരുന്നതായും പൊലീസ് പറയുന്നു. ഇവിടെ നിന്നാണ് അമ്മ കുട്ടിയെ കൂട്ടിക്കൊണ്ടുപോയത്. നിലവിൽ കല്യാണിയുടെ അമ്മ പൊലീസ് കസ്റ്റഡിയിലാണ്.

നിരാശയായി; മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ കല്യാണിയുടെ മൃതദേഹം കണ്ടെത്തി (വെളുപ്പിനെ 2:45-ന് )

ആലുവയിൽ കാണാതായ മൂന്ന് വയസ്സുകാരി കല്യാണിയുടെ മൃതദേഹം ചാലക്കുടി പുഴയിൽ നിന്ന് കണ്ടെത്തി. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ മുങ്ങൽ വിദഗ്ധരാണ് മൃതദേഹം കണ്ടെടുത്തത്. അംഗനവാടിയിൽ നിന്ന് അമ്മയോടൊപ്പം പോകുംവഴിയാണ് കുട്ടിയെ കാണാതായത്. മൃതദേഹം ആംബുലൻസിൽ സ്ഥലത്തുനിന്ന് മാറ്റി.

കുട്ടിയെ ഉപേക്ഷിച്ചെന്നതടക്കമുള്ള പരസ്പര വിരുദ്ധമായ മൊഴികളാണ് അമ്മ തുടക്കത്തിൽ നൽകിയിരുന്നത്. അമ്മയ്ക്ക് മാനസിക വെല്ലുവിളികളുണ്ടെന്നും ബന്ധുക്കൾ സൂചിപ്പിച്ചിരുന്നു. വിശദമായ ചോദ്യം ചെയ്യലിൽ മൂഴിക്കുളം പാലത്തിന് മധ്യഭാഗത്ത് വെച്ച് കുഞ്ഞിനെ പുഴയിലെറിഞ്ഞുവെന്ന് അമ്മ പൊലീസിനോട് സമ്മതിച്ചു. മരത്തടിയിൽ തട്ടിനിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയതെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചു. നിലവിൽ കല്യാണിയുടെ അമ്മ പൊലീസ് കസ്റ്റഡിയിലാണ്.

നാടിന്റെ നോവായി കല്യാണി: അമ്മ സന്ധ്യക്കെതിരെ കൊലക്കുറ്റം ചുമത്തും (രാവിലെ 7 മണി)

എറണാകുളം മൂഴിക്കുളത്ത് കാണാതായ മൂന്ന് വയസ്സുകാരി കല്യാണിയുടെ മൃതദേഹം ചാലക്കുടി പുഴയിൽ നിന്ന് കണ്ടെത്തി. കുട്ടിയെ പുഴയിൽ എറിഞ്ഞതാണെന്ന് അമ്മ സന്ധ്യ മൊഴി നൽകിയിട്ടുണ്ട്. ഇതിനെത്തുടർന്ന് സന്ധ്യക്കെതിരെ കൊലക്കുറ്റം ചുമത്താൻ എറണാകുളം റൂറൽ പൊലീസ് തീരുമാനിച്ചു. സന്ധ്യ ഇപ്പോൾ ചെങ്ങമനാട് പൊലീസിൻ്റെ കസ്റ്റഡിയിലാണ്.

രാത്രി മുഴുവൻ കനത്ത മഴയിലും ഇരുട്ടിലും നടന്ന തിരച്ചിലിനൊടുവിൽ പുലർച്ചെ മൂന്ന് മണിയോടെയാണ് മൂഴിക്കുളം പാലത്തിനടിയിൽ നിന്ന് കല്യാണിയുടെ ചേതനയറ്റ ശരീരം കണ്ടെത്തിയത്. കുട്ടിയുടെ മൃതദേഹം ഇപ്പോൾ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. സന്ധ്യയും ഭർത്താവിൻ്റെ കുടുംബവുമായുള്ള പ്രശ്നങ്ങളും, കൊടുംക്രൂരതയുടെ കാരണം എന്തെന്നും പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.

‘ഞാൻ കൊന്നു’ എന്ന് ഭാവഭേദമില്ലാതെ മറുപടി നൽകി സന്ധ്യ; മാനസികനില പരിശോധിക്കാൻ പൊലീസ് (രാവിലെ 10:30-ന്)

എറണാകുളം മൂഴിക്കുളത്ത് മൂന്നുവയസ്സുകാരി കല്യാണിയെ പുഴയിലെറിഞ്ഞു കൊന്നത് താനാണെന്ന് അമ്മ സന്ധ്യ സമ്മതിച്ചുവെന്ന് പൊലീസ് അറിയിച്ചു. ‘ഞാൻ കൊന്നു’ എന്ന് യാതൊരു ഭാവഭേദവുമില്ലാതെയാണ് സന്ധ്യ മറുപടി നൽകിയത്. സന്ധ്യയുടെ മാനസികനില പരിശോധിക്കാൻ മാനസികാരോഗ്യ വിദഗ്ധൻ സ്റ്റേഷനിലെത്തും.

സന്ധ്യയ്ക്ക് മാനസിക പ്രശ്നങ്ങളുണ്ടായിരുന്നില്ലെന്നും മുൻപും കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ടെന്നും കല്യാണിയുടെ അച്ഛൻ സുഭാഷ് പറഞ്ഞു. ടോർച്ച് ഉപയോഗിച്ച് കുട്ടിയുടെ തലയ്ക്ക് അടിച്ചതിനെ തുടർന്ന് സന്ധ്യയെ സ്വന്തം വീട്ടിൽ കൊണ്ടുവിട്ടിരുന്നു. ഒരു മാസം മുൻപാണ് സന്ധ്യയെ സ്വന്തം അമ്മയും സഹോദരിയും ചേർന്ന് പ്രശ്നങ്ങൾ പരിഹരിച്ച് തിരികെ അയച്ചത്. സന്ധ്യയും ഭർത്താവുമായി വഴക്ക് പതിവാണെന്നും ഭർത്താവ് മർദ്ദിക്കാറുണ്ടെന്നും സന്ധ്യയുടെ അമ്മ ആരോപിച്ചു. കല്യാണിയുടെ ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു, പോസ്റ്റ്‌മോർട്ടം കളമശേരി മെഡിക്കൽ കോളേജിൽ നടക്കും.

കല്യാണിയുടെ മരണം: വിഷം നൽകാൻ ശ്രമിച്ചിരുന്നെന്ന് വിവരം; കാരണം തേടി പൊലീസ് (ഉച്ചക്ക് 1 മണി)

എറണാകുളം മൂഴിക്കുളത്ത് മൂന്നുവയസ്സുകാരി കല്യാണിയെ പുഴയിലെറിഞ്ഞു കൊന്നത് താനാണെന്ന് അമ്മ സന്ധ്യ കുറ്റസമ്മതം നടത്തി. സന്ധ്യക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് പൊലീസ് അറിയിച്ചു. കുഞ്ഞിൻ്റെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി കളമശ്ശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം ആരംഭിച്ചു. കല്യാണിയുടെ അച്ഛൻ്റെ വീട്ടുകാർ മൃതദേഹം ഏറ്റുവാങ്ങി, ഇന്ന് നാല് മണിക്ക് തിരുവാണിയൂർ പൊതുശ്മശാനത്തിൽ സംസ്കരിക്കും.

കൊലപാതകത്തിൻ്റെ കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. സന്ധ്യയുടെ അമ്മയുടെ മൊഴി പ്രകാരം, സന്ധ്യയും ഭർത്താവും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. കൂടാതെ, സന്ധ്യ മുമ്പും കുഞ്ഞിനെ ഉപദ്രവിച്ചിട്ടുണ്ടെന്നും വിഷം കൊടുത്ത് കൊല്ലാൻ ശ്രമിച്ചിട്ടുണ്ടെന്നും അച്ഛൻ സുഭാഷും അയൽവാസിയും വെളിപ്പെടുത്തി. സന്ധ്യയുടെ മാനസിക നില പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

കണ്ണീരോടെ വിട നൽകി നാട്; തിരുവാങ്കുളത്ത് മൂന്നുവയസ്സുകാരി കല്യാണിയുടെ സംസ്കാരം പൂർത്തിയായി (വൈകിട്ട് 6 മണി)

കഴിഞ്ഞ ദിവസം അങ്കണവാടിയിൽ നിന്ന് അമ്മയോടൊപ്പം പോയ മൂന്നുവയസ്സുകാരി കല്യാണിയെ പുഴയിലെറിഞ്ഞ് കൊന്നത് അമ്മ സന്ധ്യയാണെന്ന് സമ്മതിച്ചു. തിരുവാങ്കുളത്തെ വീട്ടിൽ പൊതുദർശനത്തിന് വെച്ച കുഞ്ഞിന്റെ മൃതദേഹം നൂറുകണക്കിന് ആളുകളാണ് കാണാനെത്തിയത്. പൊതുശ്മശാനത്തിൽ സംസ്കാരച്ചടങ്ങുകൾ പൂർത്തിയായി. എട്ട് മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിലാണ് ചാലക്കുടിപ്പുഴയുടെ ആഴങ്ങളിൽ നിന്ന് കല്യാണിയുടെ മൃതദേഹം കണ്ടെത്തിയത്.

സന്ധ്യയെ വിശദമായി ചോദ്യം ചെയ്യുമെന്ന് റൂറൽ എസ്പി അറിയിച്ചു. കൊലപാതക കാരണം വ്യക്തമല്ലെന്നാണ് പൊലീസ് പറയുന്നത്. ഭർത്താവിനോടുള്ള ദേഷ്യമോ ഭർതൃവീട്ടുകാരോടുള്ള ദേഷ്യമോ ആകാം കാരണമെന്നും പൊലീസ് അന്വേഷിക്കുന്നു. മുൻപും കുഞ്ഞുങ്ങളെ അപായപ്പെടുത്താൻ സന്ധ്യ ശ്രമിച്ചിട്ടുണ്ടെന്ന് വിവരമുണ്ട്. മാനസിക പ്രശ്നങ്ങളുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിക്കും.

error: Content is protected !!