Input your search keywords and press Enter.

രാജ്യസേവനത്തിന് തയ്യാർ; ബിജെപിയിലേക്ക് പോകില്ലെന്ന് ശശി തരൂർ

ശശി തരൂർ ബിജെപിയിലേക്ക് പോകില്ലെന്ന് വ്യക്തമാക്കി. രാജ്യസേവനത്തിനുള്ള ഏത് നിർദ്ദേശവും അംഗീകരിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയിലേക്ക് പോകുമെന്നത് അർത്ഥമില്ലാത്ത ചർച്ചകളാണ്. എല്ലാവരും ബിജെപിയിലേക്ക് പോയാൽ ജനാധിപത്യം എന്താകും? രാഷ്ട്രത്തെ സേവിക്കാനാണ് താൻ രാഷ്ട്രീയത്തിലേക്ക് വന്നത്. രാജ്യത്തിനായി എന്ത് സേവനത്തിനും താൻ തയ്യാറാണ്. രാജ്യത്തിനായി തൻ്റെ കഴിവ് സർക്കാർ ഉപയോഗിക്കുന്നുവെങ്കിൽ അംഗീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ശശി തരൂരിന് കേന്ദ്രസർക്കാർ പുതിയ പദവി നൽകാൻ ആലോചിക്കുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഈ പ്രതികരണം. രാജ്യസ്നേഹമാണ് വലുതെന്നും പാർട്ടി സ്നേഹം അതുകഴിഞ്ഞാണെന്നും ശശി തരൂർ വ്യക്തമാക്കുന്നു. സർക്കാർ ഏത് പദവി നൽകിയാലും അംഗീകരിക്കുമെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.

കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന വിദേശകാര്യ വിദഗ്ധനായ ശശി തരൂരിൻ്റെ സേവനം പ്രയോജനപ്പെടുത്താൻ കേന്ദ്ര സർക്കാർ നീക്കം നടത്തുന്നതായാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ശശി തരൂരിനോട് സംസാരിച്ചുവെന്നും സൂചനയുണ്ട്. വിദേശങ്ങളുമായി ബന്ധപ്പെട്ട ഒരു നയതന്ത്ര തസ്തികയിൽ ശശി തരൂരിനെ നിയമിക്കാൻ പ്രധാനമന്ത്രി താത്പര്യപ്പെടുന്നു. ഒരു ഓണററി പദവിയാണെങ്കിൽ ശശി തരൂർ എംപി സ്ഥാനം രാജിവയ്ക്കേണ്ടതില്ല. രാഷ്ട്രീയ പദവിയല്ലെങ്കിൽ അയോഗ്യതയ്ക്കുള്ള മാനദണ്ഡം ബാധകമാകുകയുമില്ല. ഇത്തരം നീക്കമുണ്ടായാൽ കോൺഗ്രസ് പദവി സ്വീകരിക്കാൻ തരൂരിനെ അനുവദിക്കില്ലെന്നാണ് വിലയിരുത്തൽ. തരൂരിൻ്റെ നീക്കങ്ങളെ കോൺഗ്രസ് ഏറെ ജാഗ്രതയോടെയാണ് നോക്കിക്കാണുന്നത്. വിദേശകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനത്ത് നിന്ന് തരൂരിനെ മാറ്റണമെന്ന ആവശ്യം എഐസിസി നേതൃത്വത്തിന് മുന്നിലെത്തിയിട്ടുണ്ട്. നിരന്തരം അച്ചടക്കം ലംഘിക്കുന്ന ശശി തരൂരിനെ പ്രവർത്തക സമിതിയിൽ നിന്ന് പുറത്താക്കാനും സമ്മർദ്ദമുണ്ട്.

error: Content is protected !!