Input your search keywords and press Enter.

പാലക്കാട് ജില്ലാ വാർത്തകൾ (21/11/2025)

തദ്ദേശ തിരഞ്ഞെടുപ്പില്‍ പൂര്‍ണ്ണ സുതാര്യത ഉറപ്പാക്കും – തിരഞ്ഞെടുപ്പ് കമ്മീഷണര്‍

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പൂര്‍ണ്ണമായ സുതാര്യത ഉറപ്പാക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍. സ്വതന്ത്രവും നീതിപൂര്‍വ്വവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ കര്‍ശന നിരീക്ഷണത്തിനായി നിയോഗിച്ചിട്ടുള്ള പൊതുനിരീക്ഷകര്‍ കമ്മീഷന്റെ കണ്ണും കാതുമായി പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. കമ്മീഷണറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുനിരീക്ഷകരുടെ ആദ്യ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നോമിനേഷന്‍ സമര്‍പ്പിക്കാനുള്ള അവസാന ദിവസം മുതല്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നത് വരെയാണ് നിരീക്ഷകരുടെ പ്രവര്‍ത്തനം. ഈ കാലയളവില്‍ ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ നിരീക്ഷണമാണ് ഇവര്‍ മുഖ്യമായും നിര്‍വഹിക്കേണ്ടത്.

എല്ലാ പോളിങ് കേന്ദ്രങ്ങളിലും മതിയായ മിനിമം സൗകര്യമുണ്ടെന്ന് ഉറപ്പാക്കാനും, മുന്‍കാല സംഭവങ്ങളുടെയും ക്രമസമാധാന റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തില്‍ പ്രശ്നബാധിത പോളിങ് സ്റ്റേഷനുകളില്‍ ആവശ്യമായ പ്രത്യേക സുരക്ഷാ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കാനും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. വനമേഖലകള്‍, എത്തിപ്പെടാന്‍ പ്രയാസമുള്ള പ്രദേശങ്ങള്‍, നക്സല്‍ പ്രവര്‍ത്തനമുള്ള സ്ഥലങ്ങള്‍, സംസ്ഥാന അതിര്‍ത്തി പ്രദേശങ്ങള്‍, അനധികൃതമായ മദ്യം, പണം, ലഹരിവസ്തുക്കള്‍ എന്നിവയുടെ നീക്കം തുടങ്ങിയ വിഷയങ്ങള്‍ കൃത്യമായി ശ്രദ്ധിക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. മാതൃകാ പെരുമാറ്റച്ചട്ടം കൃത്യമായി പാലിക്കുന്നുണ്ടെന്നും, ആന്റി ഡിഫേസ്മെന്റ് സ്‌ക്വാഡ് നടപടിയെടുക്കുന്നുണ്ടെന്നും ഉറപ്പുവരുത്തണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കിയ ശേഷം എല്ലാ നിരീക്ഷകരും വിശദമായ റിപ്പോര്‍ട്ട് കമ്മീഷന് സമര്‍പ്പിക്കണം.

 

നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണ സമയപരിധി ഇന്ന് അവസാനിക്കും

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി ഇന്ന് (നവംബര്‍ 21) ഉച്ചകഴിഞ്ഞ് മൂന്നിന് അവസാനിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. പത്രിക സമര്‍പ്പിക്കുന്നയാള്‍ക്ക് സ്വന്തമായോ അല്ലെങ്കില്‍ തന്റെ നിര്‍ദ്ദേശകന്‍ വഴിയോ പൊതുനോട്ടീസില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള സ്ഥലത്ത് ഫോറം രണ്ടില്‍ പത്രിക സമര്‍പ്പിക്കാം. സ്ഥാനാര്‍ത്ഥി ആ തദ്ദേശ സ്ഥാപനത്തിലെ ഏതെങ്കിലും വാര്‍ഡിലെ വോട്ടറായിരിക്കണം, കൂടാതെ പത്രിക സമര്‍പ്പിക്കുന്ന തീയതിയില്‍ 21 വയസ്സ് പൂര്‍ത്തിയായിരിക്കണം. സ്ഥാനാര്‍ത്ഥി ബധിരനോ മൂകനോ ആയിരിക്കരുത്. സ്ഥാനാര്‍ത്ഥിയെ നാമനിര്‍ദ്ദേശം ചെയ്യുന്നയാള്‍ ആ വാര്‍ഡിലെ വോട്ടറായിരിക്കണം. ഒരു സ്ഥാനാര്‍ത്ഥിക്ക് മൂന്ന് സെറ്റ് പത്രിക സമര്‍പ്പിക്കാം. സംവരണ സീറ്റുകളില്‍ മത്സരിക്കുന്നവര്‍ ആ വിഭാഗത്തില്‍പ്പെട്ടവരായിരിക്കണം. പട്ടികജാതി പട്ടികവര്‍ഗ സംവരണവാര്‍ഡുകളില്‍ മത്സരിക്കുന്നവര്‍ അധികാരപ്പെട്ട ഉദ്യോഗസ്ഥനില്‍ നിന്നുള്ള ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

പത്രികയോടൊപ്പം അതത് സ്ഥാനങ്ങളിലേക്ക് കെട്ടിവയ്ക്കേണ്ട തുകയും നിശ്ചയിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്തില്‍ 2000 രൂപയും , ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവിടങ്ങളില്‍ 4000 രൂപയും , കോര്‍പ്പറേഷന്‍, ജില്ലാപഞ്ചായത്ത് എന്നിവിടങ്ങളില്‍ 5000 രൂപയുമാണ് കെട്ടിവയ്ക്കേണ്ടത്. പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് ഈ തുകയുടെ പകുതിയാണ് നല്‍കേണ്ടത്. സ്ഥാനാര്‍ത്ഥിയുടെ വിദ്യാഭ്യാസ യോഗ്യത, ക്രിമിനല്‍ കേസുകള്‍, സ്ഥാനാര്‍ത്ഥിയുടേയും കുടുംബത്തിന്റെയും ആസ്തിയും ബാധ്യതയും, സര്‍ക്കാരിനോ തദ്ദേശസ്ഥാപനത്തിനോ നല്‍കാനുള്ള കുടിശ്ശിക തുടങ്ങിയ വിവരങ്ങള്‍ പത്രികയോടൊപ്പം ഫോം രണ്ട് എ യില്‍ സമര്‍പ്പിക്കണം. ഒരാള്‍ക്ക് ഒരു തദ്ദേശ സ്ഥാപനത്തിലെ ഒരു വാര്‍ഡില്‍ മാത്രമേ മത്സരിക്കാന്‍ പാടുള്ളൂ എങ്കിലും, ത്രിതല പഞ്ചായത്തുകളില്‍ വ്യത്യസ്ത തലങ്ങളില്‍ മത്സരിക്കുന്നതിന് തടസ്സമില്ല.

നാമനിര്‍ദ്ദേശ പത്രികയും രണ്ട് -എ ഫോമും പൂര്‍ണ്ണമായി പൂരിപ്പിക്കണം. സ്ഥാനാര്‍ത്ഥികള്‍ വരണാധികാരി/ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ പക്കല്‍ സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്ത് നിശ്ചിത ഫോമില്‍ ഒപ്പുവച്ച് പത്രികയോടൊപ്പം നല്‍കണം.

 

ആദ്യ ഘട്ട റാന്‍ഡമൈസേഷന്‍: ജില്ലയില്‍ 17,132 പോളിങ് ജീവനക്കാരെ തിരഞ്ഞെടുത്തു

ജില്ലയില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ പോളിങ് ജോലിക്കുള്ള ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്നതിനുള്ള ആദ്യഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കളക്ടര്‍ എം.എസ് മാധവിക്കുട്ടിയാണ് റാന്‍ഡമൈസേഷന്‍ നിര്‍വഹിച്ചത്.

ഇതില്‍ 4,283 വീതം പ്രിസൈഡിങ് ഓഫീസര്‍മാരും ഫസ്റ്റ് പോളിങ് ഓഫീസര്‍മാരും, 8566 പോളിങ് ഓഫീസര്‍മാരും ഉള്‍പ്പെടുന്നു. ആവശ്യമുള്ളതിനേക്കാള്‍ 40 ശതമാനം പേരെ കൂടുതലായി ഉള്‍പ്പെടുത്തിയതാണ് ആദ്യഘട്ട ലിസ്റ്റ്. രണ്ടാം ഘട്ടത്തില്‍ ഇതില്‍ നിന്ന് 20 ശതമാനം പേരെ ഒഴിവാക്കും. ഇ ഡ്രോപ്പ് സോഫ്റ്റ് വെയറിലൂടെ വിവരങ്ങള്‍ ശേഖരിച്ചാണ് ഉദ്യോഗസ്ഥരെ തിരഞ്ഞെടുത്തത്.

ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെട്ട പ്രിസൈഡിങ് ഓഫീസര്‍മാര്‍ക്കും ഫസ്റ്റ് പോളിങ് ഓഫീസര്‍മാര്‍ക്കും നവംബര്‍ 25 മുതല്‍ 28 വരെ ബ്ലോക്ക് പഞ്ചായത്ത്, നഗരസഭാ തലങ്ങളില്‍ പരിശീലനം നല്‍കും. ജോലിക്ക് നിയോഗിച്ചുകൊണ്ടുള്ള ഉത്തരവ് ഓഫീസ് മേധാവികള്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്റെ https://www.edrop.sec.kerala.gov.in എന്ന സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ജീവനക്കാര്‍ക്കു കൈമാറണമെന്ന് ജില്ലാകളക്ടര്‍ അറിയിച്ചു.

കളക്ടറേറ്റില്‍ നടന്ന ആദ്യഘട്ട റാന്‍ഡമൈസേഷനില്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റും, ഇ ഡ്രോപ്പ് നോഡല്‍ ഓഫീസറുമായ കെ.സുനില്‍കുമാര്‍ , എന്‍.ഐ.സി സീനിയര്‍ ഡയറക്ടര്‍ പി. സുരേഷ്, ട്രെയിനിങ് ഓഫീസര്‍ പി.മധു, എച്ച്.എസ് വി.കെ ഷീജ എന്നിവര്‍ പങ്കെടുത്തു.

 

സ്ഥാനാര്‍ത്ഥിക്ക് ചിഹ്നം ലഭിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ ശിപാര്‍ശക്കത്ത് 24 വരെ

സ്ഥാനാര്‍ത്ഥികള്‍ക്ക് ചിഹ്നം നല്‍കുന്നതിന് അധികാരപ്പെടുത്തിയ രാഷ്ട്രീയപാര്‍ട്ടി ഭാരവാഹികളുടെ ശിപാര്‍ശ കത്ത് നവംബര്‍ 24 ന് വൈകീട്ട് മൂന്നിന് മുമ്പായി നല്‍കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതിയായ നവംബര്‍ 24 ന് വൈകിട്ട് മൂന്നു മണി കഴിഞ്ഞാണ് വരണാധികാരി സ്ഥാനാര്‍ത്ഥികള്‍ക്ക് ചിഹ്നം അനുവദിക്കുന്നത്. തുടര്‍ന്നാണ് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെയും ചിഹ്നങ്ങളുടെയും പട്ടിക വരണാധികാരി ഫോം ആറില്‍ പ്രസിദ്ധീകരിക്കുന്നത്.
മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന മുറയ്ക്ക് സ്ഥാനാര്‍ത്ഥികള്‍ക്ക് ഓരോ തിരഞ്ഞെടുപ്പ് ഏജന്റിനെ നിയമിച്ചു കൊണ്ടുള്ള ഫോം എട്ടിലുള്ള നോട്ടീസ് വരണാധികാരിക്ക് നല്‍കാം.

 

നിക്ഷേപതുക പണമായി നല്‍കാം

നാമനിര്‍ദ്ദേശപത്രികയോടൊപ്പം കെട്ടിവയ്ക്കേണ്ട നിക്ഷേപ തുക വരണാധികാരിക്ക് പണമായി നല്‍കാം. കൂടാതെ, ബന്ധപ്പെട്ട തദ്ദേശസ്ഥാപനത്തിലും, ട്രഷറിയിലും തുക അടയ്ക്കാം.

 

റോഡ് വികസനം: ഭൂമി വിട്ടുനല്‍കാന്‍ താല്‍പര്യമുള്ളവര്‍ അറിയിക്കണം

ഷൊര്‍ണൂര്‍ ഐ പി ടി റോഡില്‍ റെയില്‍വേ കമാനം മുതല്‍ നിള ഹോസ്പിറ്റല്‍ വരെയുള്ള റോഡ് വികസനത്തിന് സൗജന്യമായി ഭൂമി വിട്ടുനല്‍കുന്നതിന് താല്‍പര്യമുള്ളവര്‍ മൂന്നുദിവസത്തിനകം കെ ആര്‍ എഫ് ബി- പി എം യു ഡിവിഷന്‍ ഓഫീസില്‍ അറിയിക്കണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍: 7012648297

 

തിരഞ്ഞെടുപ്പ് മാതൃകാപെരുമാറ്റ ചട്ടം: ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനം ആരംഭിച്ചു

പാലക്കാട് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥികള്‍, പൊതുജനങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കുളള സംശയങ്ങള്‍ ദുരീകരിക്കുന്നതിനും പരാതികളില്‍ ഉടന്‍ പരിഹാരം കാണുന്നതിനുമായി ജില്ലാതല മാതൃകാ പെരുമാറ്റ ചട്ടം (എം.സി.സി) ഹെല്‍പ് ഡെസ്‌ക് രൂപീകരിച്ച് ഉത്തരവായി. പൊതുജനങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഹെല്‍പ് ഡെസ്‌കുമായി ബന്ധപ്പെടാനുള്ള നമ്പറുകള്‍ താഴെ നല്‍കുന്നു:
• എം.സി.സി ഹെല്‍പ് ഡെസ്‌ക് ലാന്‍ഡ് ഫോണ്‍ നമ്പര്‍: 0491-2950085
• എം.സി.സി ഹെല്‍പ് ഡെസ്‌ക് മൊബൈല്‍ നമ്പര്‍: 8281 499 634

ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടര്‍ ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു.

കളക്ടറേറ്റ് സീനിയര്‍ സൂപ്രണ്ട് (ഐ &എ) സബിത.എം.പി. ഉള്‍പ്പെടെ എട്ട് ഉദ്യോഗസ്ഥരെയാണ് ഹെല്‍പ് ഡെസ്‌ക് ചുമതലകള്‍ക്കായി നിയോഗിച്ചിട്ടുള്ളത്. ഹെല്‍പ് ഡെസ്‌കിലേക്ക് വരുന്ന എല്ലാ ഫോണ്‍ കോളുകളും പ്രത്യേക രജിസ്റ്ററില്‍ ചേര്‍ക്കുകയും അവയ്ക്ക് യഥാസമയം മറുപടി നല്‍കുകയും ചെയ്യും. ജില്ലാതല മോണിറ്ററിങ് സമിതിയുടെയോ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെയോ പരിഗണന ആവശ്യമുള്ള വിഷയങ്ങള്‍ അടിയന്തിരമായി സമിതിയുടെ മുന്‍പാകെ സമര്‍പ്പിക്കും.

 

തീവ്ര വോട്ടർപട്ടിക പരിഷ്കരണം: പ്രത്യേക ഹെൽപ്പ് ഡെസ്‌കുകൾ 22, 23 തീയതികളില്‍

തീവ്ര വോട്ടർപട്ടിക പരിഷ്കരണ പരിപാടിയുടെ ഭാഗമായി പിരായിരി വില്ലേജ് പരിധിയിൽ നവംബർ 22, 23 (ശനി, ഞായർ) തീയതികളിൽ പ്രത്യേക ഹെൽപ്പ് ഡെസ്‌കുകൾ പ്രവർത്തിക്കുമെന്ന് വില്ലേജ് ഓഫീസര്‍ അറിയിച്ചു. സാധാരണക്കാർക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനും, തിരുത്തുന്നതിനും, വിവരങ്ങൾ പുതുക്കുന്നതിനും ആവശ്യമായ സഹായം നൽകുന്നതിനാണ് ക്രമീകരണം. വിവിധ ബൂത്തുകൾക്കായി പ്രത്യേകം നിശ്ചയിച്ചിട്ടുള്ള കേന്ദ്രങ്ങളുടെയും അവയുടെ പ്രവർത്തന ദിവസങ്ങളുടെയും വിശദാംശങ്ങൾ താഴെക്കൊടുക്കുന്നു.

ബുത്ത് നം. 105, 106 വ്യാസവിദ്യാപീഠം കല്ലേക്കാട് (ശനി), ബൂത്ത് നം.108,109,110 വി.എം.യു.പി.സ്കൂള്‍ കല്ലേക്കാട് (ശനി,ഞായര്‍), ബൂത്ത് നം.107 വി.എം.യു.പി.സ്കൂള്‍ കല്ലേക്കാട് (ശനി), ബൂത്ത് നം. 112,117,118 റോയല്‍ പാലസ് കല്യാണമണ്ഡപം, മേപ്പറമ്പ് (ശനി,ഞായര്‍), ബൂത്ത് നം. 114 രണ്ടാം മൈല്‍ ടി.എം മെഡിക്കല്‍സിന് സമീപം (ശനി ,ഞായര്‍), ബൂത്ത് നം. 120 ദേവി നഗര്‍ 35-ാം നമ്പര്‍ നമ്പര്‍ വീട് (ശനി), ഉപാസന നഗര്‍ അങ്കണവാടി (ഞായര്‍), ബൂത്ത് നം. 121, 127, 128 ലക്ഷ്മണചന്ദ്ര സ്കൂള്‍ പിരായിരി (ശനി), ബൂത്ത് നം. 121,128 ലക്ഷ്മണചന്ദ്ര സ്കൂള്‍ പിരായിരി (ഞായര്‍), ബൂത്ത് നം.127 യുവശക്തിക്ലബ് കണ്ണുക്കോട്ട് കാവ് (ഞായര്‍), ബൂത്ത് നം. 122,123 ജി.എല്‍.പി.എസ് പിരായിരി (ശനി, ഞായര്‍), ബൂത്ത് നം.124,125 മോഴിപുലം അങ്കണവാടി(ശനി, ഞായര്‍), ബൂത്ത് നം.129 പൂഴിക്കുന്നം അങ്കണവാടി (ശനി), ബൂത്ത് നം. 130 ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരം (ശനി, ഞായര്‍), ബൂത്ത് നം. 132 ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരം (ശനി), ബൂത്ത് നം. 134, 135 എസ്. എന്‍.യു.പിസ്കൂള്‍ അത്താലൂര്‍ (ശനി), ബൂത്ത് നം.134 പൂടൂര്‍ അങ്കണവാടി(ഞായര്‍), ബൂത്ത് നം. 135 ഒടുകന്‍പൊറ്റ അങ്കണവാടി(ഞായര്‍).

 

ബന്ധുക്കളെ തേടുന്നു

താണാവ് ബീവറേജിന് സമീപം നവംബര്‍ 16 ന് കുഴഞ്ഞു വീണ് മരിച്ച നിലയില്‍ കണ്ടെത്തിയ വ്യക്തിയുടെ ബന്ധുക്കളെ തേടുന്നു. സുമാര്‍ 50 വയസ്സ് പ്രായമുള്ള വിജയന്‍ എന്ന് പേരുള്ള ഇയാളുടെ വലത് കൈയില്‍ എട്ട് സെ.മീ നീളത്തിലും ആറ് സെ.മീ വീതിയിലും കുരിശ് പച്ചകുത്തിയിട്ടുണ്ട്. വലത് നെറ്റിയുടെ മുകളിലായി മുറിപാട് ഉണ്ട്. മൃതദേഹം പാലക്കാട് ജില്ലാ ഹോസ്പിറ്റൽ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇയാളെ പറ്റി കൂടുതൽ വിവരം ലഭിക്കുന്നവര്‍ പാലക്കാട് ടൗൺ നോർത്ത് പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കണമെന്ന് സബ് ഇന്‍സ്പെക്ടര്‍ അറിയിച്ചു. ഫോൺ 0491 2502375, 9497980633, 9497987147.

 

ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്ക് എ.എം.ആർ ബോധവത്ക്കരണ ക്ലാസ് നടത്തി

ജില്ലാ മെഡിക്കൽ ഓഫീസ് ആരോഗ്യം, ദേശീയ ആരോഗ്യ ദൗത്യം, മുതലമട കുടുംബാരോഗ്യ കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലോക ആന്റി മൈക്രോബിയൽ റെസിസ്റ്റന്റ് (എ.എം.ആർ) വാരാചരണത്തോടനുബന്ധിച്ച് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസ് നടത്തി.

ആന്റിബയോട്ടിക് സാക്ഷര കേരളം ആരോഗ്യസുരക്ഷിത കേരളം എന്ന സന്ദേശം വിദ്യാർത്ഥികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചത്.

ഹയർസെക്കൻഡറി വിഭാഗം സീനിയർ അധ്യാപകൻ സജിത്ത് ആൻറണി അധ്യക്ഷത വഹിച്ച ചടങ്ങിൽ എ.എം.ആർ ജില്ലാ നോഡൽ ഓഫീസർ ഡോ. അനീഷ് സേതുമാധവൻ ആൻറിബയോട്ടിക്കുകളുടെ ശരിയായ വിനിയോഗം എന്ന വിഷയത്തെക്കുറിച്ച് ക്ലാസ് എടുത്തു. ഏകാരോഗ്യം എന്ന വിഷയത്തെക്കുറിച്ച് ആർദ്രം മിഷൻ ജില്ലാ നോഡൽ ഓഫീസർ ഡോ. അനൂബ് റസാഖ്, മുതലമട കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ഗണേഷ് ബാബു എന്നിവർ ക്ലാസ് എടുത്തു. മുതലമട കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ അരുൺരാജ് , ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ രജീന രാമകൃഷ്ണൻ, ഹയർ സെക്കൻഡറി വിഭാഗം അധ്യാപകൻ സൽജിത്ത് എന്നിവർ സംസാരിച്ചു. ഹയർസെക്കൻഡറി വിഭാഗത്തിലെ 150 ഓളം വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു.

പരിപാടിയുടെ ഭാഗമായി ബോധവൽക്കരണ പ്രതിജ്ഞ വിദ്യാർത്ഥികൾ ഏറ്റുചൊല്ലി. ആൻറിബയോട്ടിക്കുകളുടെ ശരിയായ വിനിയോഗം സംബന്ധിച്ച് സംസ്ഥാന തലത്തിൽ ഇറക്കിയിട്ടുള്ള 10 സന്ദേശങ്ങൾ അടങ്ങിയ പോസ്റ്ററുകൾ പരിപാടിയിൽ പ്രദർശിപ്പിച്ചു.

ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിരിക്കുന്ന ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് (എഎംആര്‍) അവബോധ വാരാചരണമായ നവംബര്‍ 18 മുതല്‍ 24 വരെ ശക്തമായ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നു. ‘ഇപ്പോള്‍ പ്രവര്‍ത്തിക്കുക: വര്‍ത്തമാനം സംരക്ഷിച്ചാല്‍, ഭാവി സുരക്ഷിതമാകും’ (Act Now: Protect Our Present, Secure Our Future) എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. ആന്റിബയോട്ടിക് മരുന്നുകളുടെ തെറ്റായ ഉപയോഗത്തിനെതിരെ ഇപ്പോള്‍ തന്നെ നടപടി സ്വീകരിച്ചാല്‍ ഭാവി ആരോഗ്യകരമാക്കാം എന്ന ആശയമാണ് ഇതിലൂടെ നല്‍കുന്നത്. ആന്റിബയോട്ടിക് മരുന്നുകളുടെ തെറ്റായ ഉപയോഗം മൂലം ഉണ്ടാകുന്ന ആന്റിബയോട്ടിക് പ്രതിരോധം ആര്‍ജിച്ച അണുബാധകളെക്കുറിച്ച് സമൂഹത്തില്‍ അവബോധം സൃഷ്ടിക്കുകയാണ് ഈ വാരാചരണത്തിന്റെ ലക്ഷ്യം.

ആന്റിബയോട്ടിക് മരുന്നുകളുടെ ദുരുപയോഗം മൂലം അപകടകാരികളായ ബാക്ടീരിയകള്‍ ശക്തിപ്രാപിക്കുകയും അവയ്ക്കെതിരെ ചികിത്സ ഫലപ്രദമാകാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ്. ആന്റിബയോട്ടിക് ദുരുപയോഗം ലോകം നേരിടുന്ന ഏറ്റവും വലിയ ആരോഗ്യ പ്രതിസന്ധികളിലൊന്നായി മാറിക്കഴിഞ്ഞിരിക്കുന്നു.

ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍

1. ആന്റിബയോട്ടിക് മരുന്നുകള്‍ ഫലിക്കാതായാല്‍ കാന്‍സര്‍, ക്ഷയരോഗം, ന്യൂമോണിയ തുടങ്ങിയ ഗുരുതര രോഗങ്ങള്‍ മാത്രമല്ല ചെറിയ മുറിവില്‍ നിന്നുള്ള അണുബാധപോലും ഗുരുതരമായി മാറിയേക്കാം. ശസ്ത്രക്രിയകള്‍ അസാധ്യമാകും, പ്രസവ ചികിത്സ ദുഷ്‌കരമാകും.

2. ബാക്റ്റീരിയ മൂലമുള്ള ചില രോഗങ്ങള്‍ക്ക് മാത്രമേ ആന്റിബയോട്ടിക് മരുന്നുകള്‍ ആവശ്യമുള്ളൂ. പനി, ചുമ, ജലദോഷം തുടങ്ങി നമുക്കുണ്ടാകുന്ന രോഗങ്ങള്‍ ഭൂരിഭാഗവും വൈറസുകള്‍ മൂലമാണ്. അവയെ ഭേദമാക്കാന്‍ ആന്റിബയോട്ടിക്കുകള്‍ക്ക് കഴിയില്ല.

3. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമല്ലാതെ ആന്റിബയോട്ടിക് മരുന്നുകള്‍ ഒരിക്കലും ഉപയോഗിക്കരുത്.

4. ആന്റിബയോട്ടിക്കുകള്‍ നിര്‍ദ്ദേശിക്കണമെന്ന് ഡോക്ടറോട് ആവശ്യപ്പെടുകയോ ഡോക്ടറുടെ കുറിപ്പടിയില്ലാതെ അവ വാങ്ങിക്കഴിക്കുകയോ ചെയ്യരുത്

5. ചികിത്സയ്ക്ക് ശേഷം അവശേഷിക്കുന്ന ആന്റിബയോട്ടിക്കുകള്‍ മറ്റൊരു അവസരത്തില്‍ വീണ്ടും ഉപയോഗിക്കരുത്.

6. അവശേഷിക്കുന്നതോ കാലാവധി കഴിഞ്ഞതോ ആയ ആന്റിബയോട്ടിക്കുകള്‍ കരയിലോ ജലാശയങ്ങളിലോ വലിച്ചെറിയരുത്.

7. ഡോക്ടര്‍ നിര്‍ദ്ദേശിച്ച ആന്റിബയോട്ടിക് മരുന്നുകള്‍ പൂര്‍ണമായും കൃത്യമായും കഴിക്കുക. രോഗലക്ഷണങ്ങള്‍ കുറഞ്ഞുവെന്ന കാരണത്താല്‍ അവ ഇടയ്ക്കുവെച്ച് നിര്‍ത്തരുത്

8. ഡോക്ടര്‍ ഒരാള്‍ക്ക് നിര്‍ദ്ദേശിച്ച ആന്റിബയോട്ടിക് മരുന്നുകള്‍ മറ്റുള്ളവരുമായി പങ്കുവെയ്ക്കരുത്. മറ്റുള്ളവര്‍ക്ക് നിര്‍ദ്ദേശിച്ച മരുന്നുകള്‍ വാങ്ങി കഴിക്കുകയുമരുത്.

9. കോഴി വളര്‍ത്തലിലും കന്നുകാലി വളര്‍ത്തലിലും മത്സ്യകൃഷിയിലും ആന്റിബയോട്ടിക് മരുന്നുകള്‍ വെറ്ററിനറി ഡോക്ടറുടെ നിദ്ദേശപ്രകാരം മാത്രം ഉപയോഗിക്കുക. കോഴികളുടെ വളര്‍ച്ചകൂട്ടാനായി ഒരുകാരണവശാലും ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കരുത്.

10. ആരോഗ്യകരമായ ജീവിതത്തിന് ഏറ്റവും നല്ലത് അണുബാധകള്‍ തടയുകയാണ്. അതിനായി അടിയ്ക്കടി കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുന്നത് ശീലമാക്കുക. പ്രതിരോധ കുത്തിവെയ്പ്പുകള്‍ കൃത്യമായി എടുക്കുക.

error: Content is protected !!