Input your search keywords and press Enter.

പത്തനംതിട്ട ജില്ലാ വാർത്തകൾ (25/11/2025)

പോസ്റ്റല്‍ ബാലറ്റ് വിതരണം നവംബര്‍ 26 മുതല്‍

തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലെ സമ്മതിദായകര്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റ് വിതരണം നവംബര്‍ 26 ന് (ബുധന്‍) ആരംഭിക്കും. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ജീവനക്കാര്‍ക്കുള്ള ഉത്തരവ് ബന്ധപ്പെട്ട ജില്ല തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, ജില്ല പോലീസ് മേധാവി, വരണാധികാരി, ഉപവരണാധികാരി എന്നിവര്‍ യഥാസമയം പുറപ്പെടുവിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചു. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവര്‍ ഉത്തരവിന്റെ ശരിപകര്‍പ്പ് സഹിതം നിശ്ചിത ഫോറത്തിലും സമയത്തിലും ആവശ്യപ്പെടുന്ന പക്ഷം പോസ്റ്റല്‍ ബാലറ്റ് പേപ്പര്‍ നല്‍കേണ്ടതാണെന്ന് കമ്മീഷന്‍ വരണാധികാരികള്‍ക്ക് നിര്‍ദേശം നല്‍കി. ത്രിതല പഞ്ചായത്തുകളെ സംബന്ധിച്ച് മൂന്ന് ബാലറ്റും മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവയിലേയ്ക്ക് ഓരോ ബാലറ്റുമാണ് നല്‍കേണ്ടത്. പോളിംഗ് ഡ്യൂട്ടിയുള്ള സമ്മതിദായകരുടെ പോസ്റ്റല്‍ വോട്ടിനുള്ള അപേക്ഷ കൃത്യമായി സ്വീകരിക്കുന്നതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയതായി ജില്ലാ വരണാധികാരിയായ ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലയിലെ പോസ്റ്റല്‍ ബാലറ്റ് സംബന്ധിച്ച പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് പത്തനംതിട്ട എല്‍എസ്ജിഡി ജോയിന്റ് ഡയറക്ടര്‍ ഓഫീസ് ഇന്റേണല്‍ വിജിലന്‍സ് ഓഫീസറായ അസിസ്റ്റന്റ് ഡയറക്ടര്‍ ബി ജയരാജിനെ നിയമിച്ചു.

പോസ്റ്റല്‍ ബാലറ്റ് ലഭിക്കാന്‍ അര്‍ഹതയുള്ളവര്‍

പോളിംഗ് സ്റ്റേഷനില്‍ പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്നവര്‍, പോളിംഗ് ദിവസം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിലെ മുഴുവന്‍ ജീവനക്കാര്‍, ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസുകളിലെയും പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലെയും ഇലക്ഷന്‍ വിഭാഗം ജീവനക്കാര്‍, വരണാധികാരി, ഉപവരണാധികാരി എന്നിവരുടെ ഓഫീസുകളിലെ ഇലക്ഷന്‍ വിഭാഗം ജീവനക്കാര്‍, നിരീക്ഷകര്‍, സെക്ടറല്‍ ഓഫീസര്‍മാര്‍, ആന്റി ഡിഫെയ്‌സ്‌മെന്റ് സ്‌ക്വാഡ് ഉദ്യോഗസ്ഥര്‍, തിരഞ്ഞെടുപ്പ് സുരക്ഷാ ചുമതലകളില്‍ നിയോഗിക്കപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥര്‍.

തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള വോട്ടര്‍മാര്‍ പോസ്റ്റല്‍ ബാലറ്റിനായി ഫോറം 15 ല്‍ ബന്ധപ്പെട്ട വരണാധികാരിക്ക് അപേക്ഷ നല്‍കണം. അപേക്ഷ ഫോറം വരണാധികാരിയുടെ ഓഫീസിലും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ് സൈറ്റിലും (https://sec.kerala.gov.in/) ലഭിക്കും.

അപേക്ഷ ബന്ധപ്പെട്ട വരണാധികാരിക്ക് വോട്ടെടുപ്പിന് ഏറ്റവും കുറഞ്ഞത് ഏഴ് ദിവസം മുമ്പോ അല്ലെങ്കില്‍ വരണാധികാരിക്ക് അനുവദിക്കാവുന്ന കുറഞ്ഞ കാലാവധിക്ക് മുമ്പോ ലഭിക്കത്തക്കവിധം അയക്കുകയോ നേരിട്ടോ നല്‍കാം. നേരിട്ട് നല്‍കുമ്പോള്‍ അപേക്ഷകന്‍ സ്വന്തം ഐഡന്റിറ്റി വരണാധികാരിയെ ബോധ്യപ്പെടുത്തണം.

ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്ക് ഓരോ വരണാധികാരിക്കും പ്രത്യേകം അപേക്ഷ നല്‍കണം. മൂന്ന് അപേക്ഷയും ഒരു കവറിലാക്കി നല്‍കാം. എല്ലാ തലത്തിലെയും പോസ്റ്റല്‍ ബാലറ്റിനായി മൂന്ന് വരണാധികാരികള്‍ക്കുമുള്ള ഫോറം 15 ലെ മൂന്ന് അപേക്ഷയും ഒരു കവറിലാക്കി ഏതെങ്കിലും ഒരു വരണാധികാരിക്ക് നല്‍കാം.

ത്രിതല പഞ്ചായത്തുകളിലേക്കുള്ള അപേക്ഷ ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ ഒന്നിച്ചാണ് പരിഗണിക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ ബാലറ്റ് അയയ്ക്കുന്നത് ചുമതലപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിക്കാണ്.

ത്രിതല പഞ്ചായത്തുകളിലേക്കുള്ള പോസ്റ്റല്‍ ബാലറ്റ് പേപ്പര്‍, ഫോറം 16 ലെ സത്യപ്രസ്താവന (3 വീതം), ഫോറം 17 ലെ സമ്മതിദായകര്‍ക്കുള്ള നിര്‍ദേശം (1 വീതം), ഫോറം 18 ലെ ചെറിയ കവര്‍ (3 വീതം), ഫോറം 19 ലെ വലിയ കവര്‍ (3 വീതം) എന്നിവ ഒന്നിച്ച് ഒരു വലിയ കവറിലാക്കി അപേക്ഷകന് നേരിട്ടോ സ്പീഡ് പോസ്റ്റായോ നല്‍കും. മുനിസിപ്പാലിറ്റിയില്‍ ഇവയെല്ലാം ഒന്നു വീതമാണ് നല്‍കുക. നേരിട്ട് കൈമാറുകയാണെങ്കില്‍ അപേക്ഷകന്‍ സ്വന്തം ഐഡന്റിറ്റി വരണാധികാരിയെ ബോധ്യപ്പെടുത്തണം.

 

പ്രചാരണത്തില്‍ ചട്ടലംഘനമുണ്ടായാല്‍ കര്‍ശന നടപടി: തിരഞ്ഞെടുപ്പ് കമ്മീഷന്‍

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് ചട്ടലംഘനമുണ്ടായാല്‍ കര്‍ശന നടപടിയെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

പൊതുയോഗം നടത്തുന്ന സമയം, സ്ഥലം എന്നിവ പൊലീസ് അധികാരികളെ മുന്‍കൂട്ടി അറിയിക്കണം. നിയന്ത്രണ ഉത്തരവോ നിരോധനാജ്ഞയോ നിലവില്ലെന്ന് ഉറപ്പാക്കണം. മറ്റു കക്ഷികളുടെ യോഗം, ജാഥ എന്നിവ തടസപ്പെടുത്തരുത്. ഉച്ചഭാഷിണി, വാഹനം എന്നിവ ഉപയോഗിക്കുന്നതിന്  അധികാരികളില്‍ നിന്ന് അനുവാദം വാങ്ങണം.

നിയമങ്ങളും കോടതി ഉത്തരവും പാലിച്ച് ജാഥ സംഘടിപ്പിക്കണം. ജാഥ പോകുന്ന റൂട്ടും സമയവും പൊലീസ് അധികൃതരെ മുന്‍കൂട്ടി അറിയിക്കണം.
നിയന്ത്രണ ഉത്തരവും ട്രാഫിക്ക് നിയമവും പാലിക്കണം. ഗതാഗത കുരുക്ക് ഒഴിവാക്കണം. വാഹനങ്ങളില്‍ രൂപമാറ്റം, മൈക്ക് അനൗണ്‍സ്മെന്റ് എന്നിവ നിയമം പാലിച്ചാകണം. പ്രചാരണ വാഹനം അനുമതി ലഭിച്ചശേഷം ഉപയോഗിക്കുക. പൊതുസ്ഥലം വികൃതമാക്കുന്ന രീതിയില്‍ കൊടി, ബാനര്‍ എന്നിവ സ്ഥാപിക്കരുത്.

ആരാധനാലയം, മതസ്ഥാപനം, വിദ്യാഭ്യാസ സ്ഥാപനം എന്നിവ പ്രചാരണത്തിന് ഉപയോഗിക്കരുത്. സ്ഥലം, കെട്ടിടം, മതില്‍ എന്നിവയില്‍ ഉടമസ്ഥന്റെ അനുവാദം കൂടാതെയും പൊതുജനങ്ങള്‍ക്ക് അസൗകര്യമോ ശല്യമോ ഉണ്ടാകുന്ന വിധത്തില്‍ പ്രചാരണ സാമഗ്രികള്‍ സ്ഥാപിക്കരുത്. മറ്റു പാര്‍ട്ടിക്കാരുടെ കോലം കൊണ്ടുനടക്കാനോ കത്തിക്കാനോ പാടില്ല. വീടുകള്‍ക്ക് മുമ്പില്‍ പ്രകടനം, പ്രതിഷേധം, പിക്കറ്റിംഗ് തുടങ്ങിയവ പാടില്ല.

ലഘുലേഖ, പോസ്റ്റര്‍ തുടങ്ങിയവയുടെ പുറംചട്ടയില്‍ അച്ചടിച്ച പ്രസ്സ്, പ്രസാധകന്റെ മേല്‍വിലാസം, കോപ്പിയുടെ എണ്ണം എന്നിവ രേഖപ്പെടുത്തണം. പ്രസാധകനെ തിരിച്ചറിയുന്നതിന് രണ്ട് പേര്‍ സാക്ഷ്യപ്പെടുത്തിയ നിശ്ചിത ഫോറത്തിലുള്ള പ്രഖ്യാപനം അച്ചടിക്കുന്നയാള്‍ക്ക് കൈമാറണം. അച്ചടിച്ച ശേഷം പ്രഖ്യാപനം അച്ചടിരേഖയുടെ പകര്‍പ്പ് സഹിതം പ്രസ്സുടമ ജില്ലാതിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് അയയ്ക്കണം. ബാനര്‍, പരസ്യബോര്‍ഡ് എന്നിവ സംബന്ധിച്ച് വരണാധികാരിക്ക് നിശ്ചിതഫോറത്തില്‍ വിവരം നല്‍കണം.

ജാതി, മതം, വംശം, ഭാഷ എന്നിവയുടെ പേരില്‍ സംഘര്‍ഷങ്ങളോ വിദ്വേഷമോ ഉണ്ടാകുന്ന രീതിയിലുള്ള പ്രചാരണം ഒഴിവാക്കണം. ജാതിയുടെയും സമുദായത്തിന്റെയും പേരില്‍ വോട്ട് ചോദിക്കരുത്. സാമൂഹിക ബഹിഷ്‌കരണം, സാമൂഹിക ജാതി ഭ്രഷ്ട് തുടങ്ങിയ തരത്തിലുള്ള ഭീഷണി പാടില്ല.

 

പാരാ ലീഗല്‍ വോളന്റിയര്‍ നിയമനം

ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയിലേക്കും കോഴഞ്ചേരി, തിരുവല്ല, അടൂര്‍, റാന്നി താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റികളിലേക്കും ഒരു വര്‍ഷത്തേയ്ക്ക് പാരാ ലീഗല്‍ വോളന്റിയര്‍മാരെ തിരഞ്ഞെടുക്കുന്നു. ഓണറേറിയം ലഭിക്കും. നിയമം, സോഷ്യല്‍ വര്‍ക്ക് എന്നിവ പഠിക്കുന്ന വിദ്യാര്‍ഥികള്‍, ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍, അധ്യാപകര്‍, ഡോക്ടര്‍മാര്‍, മുതിര്‍ന്ന പൗരന്‍മാര്‍, സര്‍വീസസില്‍ നിന്നും വിരമിച്ചവര്‍ തുടങ്ങിയവര്‍ക്ക് അപേക്ഷിക്കാം.

അപേക്ഷകര്‍ പേര്, മേല്‍വിലാസം, പഞ്ചായത്ത്, വിദ്യാഭ്യാസ യോഗ്യത, ചിത്രം, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം അതത് താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ചെയര്‍മാന് അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി ഡിസംബര്‍ എട്ട്. ഫോണ്‍ – 0468 2220141.

error: Content is protected !!