തദ്ദേശ തിരഞ്ഞെടുപ്പ് ഇലക്ഷന്‍ ഗൈഡ് പുറത്തിറക്കി
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ലോക്കല്‍ ബോഡി ഇലക്ഷന്‍ അവയര്‍നെസ് പ്രോഗ്രാമിന്റെ(ലീപ്) ഭാഗമായി പുറത്തിറക്കിയ ഇലക്ഷന്‍ ഗൈഡ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ എം. എസ് മാധവിക്കുട്ടി ചേബറില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എസ്.സജീദിന് നല്‍കി പ്രകാശനം ചെയ്തു. ലീപ് കേരളയുടെ ഭാഗമായി ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ സഹായത്തോടെയാണ് ഇലക്ഷന്‍ ഗൈഡ് തയ്യാറാക്കിയിരിക്കുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം, ഹരിതചട്ടം, തിരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥരുടെ വിശദാംശങ്ങള്‍, വോട്ടര്‍ പട്ടികയുടെ കണക്ക്, പോളിങ് സ്റ്റേഷനുകളുടെ വിവരങ്ങള്‍, തിരഞ്ഞെടുപ്പ് സാമഗ്രി വിതരണ കേന്ദ്രങ്ങളും വോട്ടെണ്ണല്‍ വിതരണ കേന്ദ്രങ്ങളുടെ വിവരങ്ങള്‍ തുടങ്ങി ജില്ലയില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ വിവരങ്ങളാണ് ഗൈഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന പരിപാടിയില്‍ എഡിഎം കെ. സുനില്‍കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രീയ കെ. ഉണ്ണികൃഷ്ണന്‍, തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഗോപിനാഥന്‍, പി.ആര്‍.ഡി അസിസ്റ്റന്റ് എഡിറ്റര്‍ എം.പി അബ്ദുറഹ്‌മാന്‍ ഹനീഫ്, ജില്ലാ ഇലക്ഷന്‍ അസിസ്റ്റന്റ് പി. എ ടോംസ്,സബ് എഡിറ്റര്‍ മുനവിറ വകയില്‍ എന്നിവര്‍ പങ്കെടുത്തു.
തദ്ദേശ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകന്റെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ വിലയിരുത്തി
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലയിലെ പൊതുനിരീക്ഷകന്‍ നരേന്ദ്രനാഥ് വേളൂരിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ തിരഞ്ഞെടുപ്പ് വരണാധികാരികള്‍, നോഡല്‍ ഓഫീസര്‍മാര്‍, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സുതാര്യവും നീതിയുക്തവുമാക്കണമെന്നും മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും പൊതുനിരീക്ഷകന്‍ ഓര്‍മ്മിപ്പിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തിരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടത്തിലും കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ഹരിത ചട്ടം കര്‍ശനമായി പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിലെ വിവിധ ബ്ലോക്ക്, നഗരസഭാ സ്വീകരണ- വിതരണ കേന്ദ്രങ്ങളിലേക്കുള്ള വോട്ടിങ് മെഷീന്‍ വിതരണം ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഡിസംബര്‍ മൂന്നിന് വിതരണം പൂര്‍ത്തിയാകും. തുടര്‍ന്ന് ഡിസംബര്‍ 5, 6, 7 തീയതികളിലായി വോട്ടിങ് യന്ത്രങ്ങളുടെ കമ്മീഷനിങ് നടക്കും. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലായിരിക്കും ഈ പ്രക്രിയ. കമ്മീഷനിങിന് ശേഷം വോട്ടിങ് യന്ത്രങ്ങള്‍ വിതരണത്തിനായി സ്‌ട്രോങ് റൂമുകളിലേക്ക് മാറ്റും.
പോളിങ് സാമഗ്രികള്‍ സ്വീകരിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള കേന്ദ്രങ്ങള്‍ സജ്ജീകരിക്കുമ്പോള്‍ മതിയായ കൗണ്ടറുകള്‍ ഒരുക്കണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയും ജില്ലാ കളക്ടറുമായ എം.എസ് മാധവിക്കുട്ടി വരണാധികാരികളോട് നിര്‍ദ്ദേശിച്ചു. പോളിങ് ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഈ കേന്ദ്രങ്ങളില്‍ ഉറപ്പാക്കണം.
ക്രമസമാധാന പാലനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ജില്ലാ പൊലീസ് മേധാവി അജിത്കുമാര്‍ വിശദീകരിച്ചു.
എ.ഡി.എം കെ. സുനില്‍കുമാര്‍, തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ എസ്. സജീദ്, തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഗോപിനാഥന്‍, പാലക്കാട് ഡി.എഫ്.ഒ രവികുമാര്‍ മീണ, വിവിധ തദ്ദേശ സ്ഥാപന വരണാധികാരികള്‍, തിരഞ്ഞെടുപ്പ് നോഡല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്: രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ ഇലക്ഷന്‍ ഓഫീസറും ജില്ലാ കളക്ടറുമായ എം.എസ്. മാധവിക്കുട്ടിയുടെ അധ്യക്ഷതയില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. തിരഞ്ഞെടുപ്പ് സമാധാനപരമായി നടത്തുന്നതിനുള്ള വിപുലമായ നടപടികള്‍ സ്വീകരിച്ചതായി തിരഞ്ഞെടുപ്പ് വിഭാഗം അധികൃതര്‍ യോഗത്തില്‍ അറിയിച്ചു. നിലവില്‍ ജില്ലയില്‍ ക്രമസമാധാന പ്രശ്‌നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. പൊതുജനങ്ങള്‍ക്കും, രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ 9447979019 എന്ന നമ്പറില്‍ പൊതു നിരീക്ഷകനെ അറിയിക്കാം.
കളക്ടറുടെ ചേമ്പറില്‍ നടന്ന യോഗത്തില്‍ തിരഞ്ഞെടുപ്പ് പൊതു നിരീക്ഷകന്‍ നരേന്ദ്രനാഥ് വേളൂരി, ജില്ലാ ഇലക്ഷന്‍ അസിസ്റ്റന്റ് പി.എ. ടോംസ്, മറ്റ് ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
ക്വട്ടേഷന്‍ ക്ഷണിച്ചു
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ പ്രശ്‌നബാധിത ബൂത്തുകളില്‍ വെബ് കാസ്റ്റിങ്ങിനായി വീഡിയോഗ്രാഫി സൗകര്യം ഏര്‍പ്പെടുത്തുന്നതിന് താല്‍പര്യമുള്ളവരില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഒരു ദിവസം രാവിലെ ആറ് മുതല്‍ വൈകീട്ട് ഏഴ് വരെ വീഡിയോഗ്രാഫി ചെയ്യുന്നതിനും അതിന്റെ വീഡിയോ സി.ഡി. രൂപത്തില്‍ നല്‍കുന്നതിനുമുള്ള തുക (ജി.എസ്.റ്റി ഉള്‍പ്പെടെ) രേഖപ്പെടുത്തിയ ക്വട്ടേഷനുകള്‍ ഡിസംബര്‍ നാലിന്് രണ്ടിന് മുമ്പായി ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ മുമ്പാകെ സമര്‍പ്പിക്കേണ്ടതാണ്. ക്വട്ടേഷനുകള്‍ അന്നേ ദിവസം വൈകീട്ട് നാലിന് ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടറുടെ ചേമ്പറില്‍ തുറന്നു പരിശോധിക്കും. ഫോണ്‍ : 0491 2505160
വിജ്ഞാപനം റദ്ദാക്കി
ജില്ലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍.പി.എസ് ആറാം എന്‍.സി.എ- പട്ടികവര്‍ഗം (കാറ്റഗറി നമ്പര്‍- 81/2025) തസ്തികകള്‍ക്കായി 2025 ഏപ്രില്‍ 30ന് ഗസറ്റില്‍ പ്രസിദ്ധീകരിച്ച വിജ്ഞാപനപ്രകാരം അപേക്ഷകള്‍ ലഭിച്ചിട്ടില്ലാത്തതിനാല്‍ വിജ്ഞാപന പ്രകാരമുള്ള തിരഞ്ഞെടുപ്പ് നടപടികള്‍ റദ്ദാക്കിയതായി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു
റെയില്‍വേ ഗേറ്റ് അടച്ചിടുന്ന തീരുമാനം റദ്ദാക്കി
പറളിക്കും ലക്കിടിക്കും ഇടയിലുള്ള ലക്കിടി റെയില്‍വേ ഗേറ്റ് ( ഗേറ്റ് നം.164 എ) ഡിസംബര്‍ മൂന്നിന് രാവിലെ ആറു മുതല്‍ ഡിസംബര്‍ നാലിന് വൈകീട്ട് ആറ് വരെ അടച്ചിടുമെന്ന തീരുമാനം റദ്ദാക്കിയതായി പാലക്കാട് അസി. ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു.
ബി.എല്‍.ഒ., ബി.എല്‍.എ. യോഗം നാലിന്
തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണവും (എസ്.ഐ.ആര്‍), തിരഞ്ഞെടുപ്പ് പോളിങ് സ്റ്റേഷന്‍ പുനഃക്രമീകരണം എന്നിവുമായി ബന്ധപ്പെട്ട് പിരായിരി വില്ലേജ് പരിധിയിലെ 105 മുതല്‍ 137 വരെയുള്ള ബൂത്തുകളിലെ ബി.എല്‍.ഒമാര്‍., ബി.എല്‍.എമാര്‍. എന്നിവരുടെ യോഗം ഡിസംബര്‍ നാലിന് ഉച്ചയ്ക്ക് രണ്ടിന് പിരായിരി പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. വില്ലേജ് പരിധിയിലെ എല്ലാ ബി.എല്‍.ഒമാരും ബൂത്ത് ലെവല്‍ ഏജന്റുമാരും നിര്‍ബന്ധമായും യോഗത്തില്‍ പങ്കെടുക്കണമെന്ന് വില്ലേജ് ഓഫീസര്‍ അറിയിച്ചു.