Input your search keywords and press Enter.

സംസ്ഥാന തദ്ദേശ തിരഞ്ഞെടുപ്പ്: പാലക്കാട് പത്തനംതിട്ട കൊല്ലം ജില്ലാ വാർത്തകൾ

തദ്ദേശ തിരഞ്ഞെടുപ്പ്: പാലക്കാട് ജില്ലാ വാർത്തകൾ

തദ്ദേശ തിരഞ്ഞെടുപ്പ്: പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

ജില്ലയില്‍ തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പരസ്യപ്രചാരണം ഇന്ന് (ഡിസംബര്‍ ഒമ്പത്) വൈകുന്നേരം ആറ് മണിക്ക് അവസാനിക്കും. പരസ്യപ്രചാരണം അവസാനിക്കുന്ന സമയത്ത് രാഷ്ട്രീയപാര്‍ട്ടികള്‍ നടത്തുന്ന കൊട്ടിക്കലാശം പോലുള്ള പരിപാടികള്‍ സമാധാനപരമായിരിക്കണമെന്നും ക്രമസമാധാനപ്രശ്‌നങ്ങള്‍ ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ നിര്‍ദേശിച്ചു.

പൊതുജനങ്ങള്‍ക്ക് മാര്‍ഗ തടസം സൃഷ്ടിച്ചു കൊണ്ടുള്ള സമാപന പരിപാടികള്‍ പാടില്ല. പരസ്യ പ്രചാരണത്തിന്റെ സമാപനത്തിലുണ്ടാകുന്ന തര്‍ക്കങ്ങളും വെല്ലുവിളികളും ശബ്ദ നിയന്ത്രണമില്ലാതെയുള്ള അനൗണ്‍സ്‌മെന്റുകളും പ്രചാരണ ഗാനങ്ങള്‍ ഉച്ചത്തില്‍ കേള്‍പ്പിച്ചു മത്സരിക്കുന്ന പ്രവണതയും കര്‍ശനമായി നിയന്ത്രിക്കാന്‍ കമ്മീഷണര്‍ ജില്ലാ കളക്ടര്‍മാര്‍ക്കും പൊലീസ് അധികൃതര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പരസ്യപ്രചാരണത്തിന്റെ സമാപനത്തിലും മാതൃകാ പെരുമാറ്റ ചട്ടവും ഹരിതച്ചട്ടവും പാലിക്കുന്നുണ്ടെന്ന് സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും ഉറപ്പുവരുത്തണം. 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 126(1) പ്രകാരം വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് പരസ്യ പ്രചാരണം അവസാനിപ്പിക്കണം. ഈ വ്യവസ്ഥ തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പിനും ബാധകമാണ്.

 

തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലയില്‍ സുരക്ഷയ്ക്കായി 4500 പൊലീസ് ഉദ്യോഗസ്ഥര്‍

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ ക്രമസമാധാന പാലനം ഉറപ്പുവരുത്തുന്നതിനും സുരക്ഷയ്ക്കുമായി 4500 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. 25 ഡെപ്യൂട്ടി സൂപ്രണ്ടുമാര്‍ , 40 ഇന്‍സ്‌പെക്ടര്‍മാര്‍, 300 സബ് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് തിരഞ്ഞെടുപ്പ് സുരക്ഷാ ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. കൂടാതെ 140 പേര്‍ അടങ്ങുന്ന ഒരു കമ്പനി കേന്ദ്ര സേനയെയും ജില്ലയില്‍ വിന്യസിക്കും.

പ്രശ്നബാധിതമെന്ന് കണ്ടെത്തി വെബ്കാസ്റ്റിങ് സംവിധാനം ഒരുക്കുന്ന ജില്ലയിലെ 180 പോളിങ് ബൂത്തുകളിലും ഒരു അധിക പൊലീസ് ഉദ്യോഗസ്ഥനെ വീതം വിന്യസിക്കും. പ്രത്യേക ശ്രദ്ധ ആവശ്യമുള്ള മേഖലകളില്‍ നാല് പൊലീസ് ഉദ്യോഗസ്ഥരടങ്ങുന്ന ഓരോ സംഘത്തെ അധികമായി വിന്യസിക്കും. മാവോയിസ്റ്റ് ഭീഷണി നേരിടുന്ന അഗളി, അട്ടപ്പാടി മേഖലകളില്‍ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി അഞ്ഞൂറോളം പൊലീസ് ഉദ്യോഗസ്ഥരെയും അധികമായി നിയോഗിക്കും.

 

തദ്ദേശ തിരഞ്ഞെടുപ്പ്: ഹരിത ചട്ടം ലംഘനത്തില്‍ 2.31 ലക്ഷം പിഴ ഈടാക്കി

തദ്ദേശ തിരഞ്ഞെടുപ്പില്‍ ഹരിത ചട്ടം പാലനം ഉറപ്പാക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി ജില്ലയില്‍ രൂപീകരിച്ച പ്രത്യേക സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 2.31 ലക്ഷം രൂപ പിഴ ഈടാക്കി. 229 പരിശോധനകള്‍ നടത്തിയതില്‍ 750 കിലോയോളം നിരോധിത വസ്തുക്കളും പിടിച്ചെടുത്തു. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതുമുതല്‍ ഇതുവരെയുള്ള കണക്കാണിത്. സ്‌ക്വാഡുകള്‍ കര്‍ശന പരിശോധന തുടരുകയാണ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പുന:ചക്രമണം ചെയ്യാന്‍ കഴിയുന്ന പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ മാത്രമേ ഉപയോഗിക്കാവൂ എന്നതാണ് ഹരിതച്ചട്ടപാലനം.

 

തദ്ദേശ തിരഞ്ഞെടുപ്പ്: പത്തനംതിട്ട ജില്ലാ വാർത്തകൾ

തദ്ദേശതിരഞ്ഞെടുപ്പ് : 10,62,815 വോട്ടര്‍മാര്‍ ബൂത്തിലേക്ക്

തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പില്‍ ജില്ലയില്‍ 10,62,815 വോട്ടര്‍മാര്‍ ഡിസംബര്‍ ഒമ്പതിന് സമ്മതിദാനവകാശം വിനിയോഗിക്കും. സ്ത്രീകള്‍ 5,71,974, പുരുഷന്‍മാര്‍ 4,90,838, ട്രാന്‍സ്‌ജെന്‍ഡര്‍ മൂന്ന് എന്നിങ്ങനെയാണ് കണക്ക്. നഗരസഭ, ത്രിതല പഞ്ചായത്ത് വാര്‍ഡുകളിലേക്ക് ആകെ 3,549 സ്ഥാനാര്‍ഥികളുണ്ട്. 1909 വനിതകള്‍, 1640 പുരുഷന്മാരുമാണ് മത്സരരംഗത്തുള്ളത്. 53 ഗ്രാമപഞ്ചായത്തുകളിലെ 833 നിയോജകമണ്ഡലങ്ങളിലായി 2710 സ്ഥാനാര്‍ഥികളും എട്ട് ബ്ലോക്ക് പഞ്ചായത്തുകളിലെ 114 നിയോജകമണ്ഡലങ്ങളിലായി 346 സ്ഥാനാര്‍ഥികളും ജില്ലാ പഞ്ചായത്തിലെ 17 നിയോജകമണ്ഡലങ്ങളിലായി 54 സ്ഥാനാര്‍ഥികളും നഗരസഭയില്‍ 135 നിയോജകമണ്ഡലങ്ങളിലായി 439 സ്ഥാനാര്‍ഥികളും ജനവിധി തേടും. 1,225 പോളിംഗ് ബൂത്തുകളിലായി 6250 ബാലറ്റ് യൂണിറ്റും 2210 കണ്‍ട്രോള്‍ യൂണിറ്റും സജ്ജമായി. 5,896 പോളിംഗ് ഉദ്യോഗസ്ഥര്‍ വോട്ടെടുപ്പ് നിയന്ത്രിക്കും.

പോളിംഗ് തുടങ്ങുന്നതിന് മുമ്പ് സ്ഥാനാര്‍ഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തില്‍ മോക്ക്‌പോള്‍ രാവില ആറിന് തുടങ്ങും. പോളിംഗ് സ്റ്റേഷനില്‍ നാല് പോളിംഗ് ഉദ്യോഗസ്ഥരും ഒരു പോലീസ് ഉദ്യോഗസ്ഥനും ഉണ്ടാകും. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം ക്യൂ ഉണ്ടാകും. കാഴ്ച പരിമിതിയുള്ളവരും ശാരീരിക അവശതയുള്ളവരും രോഗബാധിതരും പ്രായമായവരുമായ വോട്ടര്‍മാര്‍ക്ക് ക്യൂ ഇല്ലാതെ വോട്ട് രേഖപ്പെടുത്താം.

 

പോളിംഗ് സാമഗ്രികള്‍ ബൂത്തിലേയ്ക്ക് വിതരണം ചെയ്തു; കേന്ദ്രങ്ങള്‍ ജില്ലാ കലക്ടറും പൊതുനിരീക്ഷകനും സന്ദര്‍ശിച്ചു

തദ്ദേശ സ്വയംഭരണ പൊതുതിരഞ്ഞെടുപ്പിനുള്ള പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്യുന്ന ജില്ലയിലെ കേന്ദ്രങ്ങള്‍ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണനും പൊതു നിരീക്ഷകന്‍ എ നിസാമുദ്ദീനും സന്ദര്‍ശിച്ചു. കോഴഞ്ചേരി സെന്റ് തോമസ് കോളജ്, എലിയറയ്ക്കല്‍ അമൃത വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പന്തളം എന്‍.എസ്.എസ് കോളജ്, അടൂര്‍ കേരള യൂണിവേഴ്സിറ്റി ബിഎഡ് സെന്റര്‍ എന്നീ കേന്ദ്രങ്ങള്‍ ജില്ലാ കലക്ടര്‍ സന്ദര്‍ശിച്ചു. ജില്ലാ തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ബീന എസ് ഹനീഫ്, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. റാന്നി സെന്റ് തോമസ് കോളജിലെ വിതരണ കേന്ദ്രത്തില്‍ പൊതുനിരീക്ഷകന്‍ സന്ദര്‍ശനം നടത്തി.

മല്ലപ്പള്ളി സി.എം.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, തിരുവല്ല കാവുംഭാഗം ദേവസ്വം ബോര്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഇരവിപേരൂര്‍ സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നും പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്തു. അടൂര്‍ ഹോളി ഏഞ്ചല്‍സ് സ്‌കൂള്‍, പത്തനംതിട്ട കാതോലിക്കേറ്റ് കോളജ്, തിരുവല്ല എം.ജി.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പന്തളം എന്‍.എസ്.എസ് കോളജ് എന്നിവിടങ്ങളില്‍ നഗരസഭയിലേക്കുള്ള പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്തു.

 

പൊതുതിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെ

തദ്ദേശ പൊതുതിരഞ്ഞെടുപ്പില്‍ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന പത്തനംതിട്ട ഉള്‍പ്പെടെയുള്ള ജില്ലകളില്‍ വോട്ടെടുപ്പ് ഡിസംബര്‍ ഒമ്പത് രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെ നടക്കും.

ത്രിതല പഞ്ചായത്തില്‍ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിങ്ങനെ മൂന്ന് വോട്ടിംഗ് മെഷീനുകള്‍ ഉണ്ടാകും. നഗരസഭയില്‍ ഒരു വോട്ടിംഗ് മെഷീനാണുള്ളത്. പോളിംഗ് ബൂത്തില്‍ പ്രവേശിക്കുന്ന വോട്ടര്‍ പോളിംഗ് ഉദ്യോഗസ്ഥരെ തിരിച്ചറിയല്‍ രേഖ കാണിച്ച് ബോധ്യപ്പെടുത്തണം. ഉദ്യോഗസ്ഥര്‍ നല്‍കുന്ന രജിസ്റ്ററില്‍ ഒപ്പ്, വിരലടയാളം വോട്ടര്‍ പതിക്കണം. പോളിംഗ് ഉദ്യോഗസ്ഥര്‍ വോട്ടറുടെ ചൂണ്ടു വിരലില്‍ വോട്ട് രേഖപ്പെടുത്തി എന്നു തിരിച്ചറിയാന്‍ മഷി പുരട്ടും. പോളിംഗ് ഉദ്യോഗസ്ഥര്‍ വോട്ടെടുപ്പിന്റെ പുരോഗതി പോള്‍ മാനേജര്‍ ആപ്ലിക്കേഷനില്‍ രേഖപ്പെടുത്തും. ക്രമസമാധാന പ്രശ്‌നം ഉണ്ടായാല്‍ ജില്ലാ പോലീസ് മേധാവിയുമായി ബന്ധപ്പെട്ട് അടിയന്തര നടപടി സ്വീകരിക്കും. വോട്ടെടുപ്പ് വേളയില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ തകരാറ് ഉണ്ടായാല്‍ പരിഹരിക്കാന്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വോട്ടെടുപ്പിനുശേഷം രേഖകള്‍ പ്രത്യേക പായ്ക്കറ്റുകളിലാക്കി പോളിംഗ് ഉദ്യോഗസ്ഥര്‍ സ്വീകരണ കേന്ദ്രത്തില്‍ തിരികെ എത്തിക്കും.

 

തദ്ദേശ തിരഞ്ഞെടുപ്പ് : മഷി സൂക്ഷിക്കാന്‍ പേപ്പര്‍ ഗ്ലാസ് ഉപയോഗിക്കരുത്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പില്‍ ഹരിതചട്ടം പാലിക്കുന്നതിന് വോട്ടെടുപ്പിന് വിരലില്‍ പുരുട്ടുന്ന മഷി സൂക്ഷിക്കാന്‍ പേപ്പര്‍ ഡിസ്‌പോസിബിള്‍ ഗ്ലാസ് ഉപയോഗിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം. മഷി സൂക്ഷിച്ചിരിക്കുന്ന പേപ്പര്‍ ബോക്സില്‍ തന്നെയോ അല്ലെങ്കില്‍ ഉചിതമായ തരത്തില്‍ പേപ്പര്‍ ചുരുട്ടിയെടുത്ത് സുരക്ഷിതമായി മണല്‍ നിറച്ച് ശേഷം മഷി കുപ്പി സൂക്ഷിക്കുകയോ ചെയ്യാം. റിട്ടേണിംഗ് ഓഫീസര്‍മാര്‍ ചെറിയ സ്റ്റീല്‍ ഗ്ലാസ് / സ്ഫടിക ഗ്ലാസ് ലഭ്യമാക്കണമെന്നും തിരഞ്ഞടുപ്പ് കമ്മീഷന്‍ അറിയിച്ചു.

 

ബാലറ്റ് യൂണിറ്റില്‍ ബ്രെയിലി ലിപി ഉണ്ടാകും

അന്ധത/കാഴ്ച പരിമിതിയുള്ള വോട്ടര്‍മാര്‍ക്ക് തദേശ തിരഞ്ഞെടുപ്പില്‍ സ്വയം വോട്ട് രേഖപ്പെടുത്താന്‍ കഴിയുന്ന വിധത്തില്‍ ബാലറ്റ് യൂണിറ്റിന്റെ വലതു വശത്തു ബ്രെയിലി ലിപി ആലേഖനം ചെയ്തിട്ടുണ്ട്.

കാഴ്ച പരിമിതിയുള്ളവരും ശാരീരിക അവശതയുള്ളവരും രോഗബാധിതരും പ്രായമായവരുമായ വോട്ടര്‍മാര്‍ക്ക് ക്യൂ ഇല്ലാതെ പോളിംഗ് സ്റ്റേഷനില്‍ പ്രവേശിച്ച് വോട്ടുരേഖപ്പെടുത്താനും ഭിന്നശേഷി വോട്ടര്‍മാര്‍ക്ക് റാമ്പ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പോളിങ് സ്റ്റേഷനില്‍ കുടിവെള്ളം, ഇരിക്കാനുള്ള സൗകര്യം എന്നിവ ഒരുക്കും.

 

തദ്ദേശ തിരഞ്ഞെടുപ്പ്: കൊല്ലം ജില്ലാ വാർത്തകൾ

ഇന്ന് (ഡിസംബര്‍ 9) പോളിംഗ് ബൂത്തിലേക്ക്; തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ക്രമീകരണങ്ങള്‍ സുസജ്ജമെന്ന് ജില്ലാ കലക്ടര്‍

ജില്ലയിലെ തദ്ദേശ തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ കുറ്റമറ്റരീതിയില്‍ സജ്ജമാക്കിയതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ എന്‍.ദേവിദാസ്. ജില്ലയിലെ വിതരണ-സ്വീകരണ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് സംവിധാനങ്ങളെല്ലാം വിലയിരുത്തി. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിധേയമായി വീഡിയോഗ്രഫിക്കായി സ്ഥാനാര്‍ത്ഥികള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്. ജില്ലയിലെ 61 പ്രശ്‌നബാധിത ബൂത്തുകളില്‍ വെബ്കാസ്റ്റിംഗ് ഏര്‍പ്പെടുത്തി. ബസുകളും, മിനി ബസുകളും, കാറുകളും ജീപ്പുകളും ഉള്‍പ്പെടെ 1161 വാഹനങ്ങള്‍ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സജ്ജമാക്കിയെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.

രാവിലെ ആറിന് അതത് പോളിംഗ്‌സ്റ്റേഷനുകളില്‍ രാഷ്ട്രീയകക്ഷി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ മോക്‌പോളിംഗ്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പോളിംഗ് സമയം.

തിരഞ്ഞെടുപ്പ് സുരക്ഷിതവും സുഗമവുമായി നടത്തുന്നതിന് ജില്ലയില്‍ 5136 പോലീസ് ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചു. സിറ്റിയില്‍ 8 ഡി.വൈ.എസ്.പിമാര്‍ 33 ഇന്‍സ്പെക്ടര്‍മാര്‍, 173 സബ് ഇന്‍സ്പെക്ടര്‍മാര്‍, 1781 സിവില്‍ പോലീസ് ഓഫീസര്‍മാര്‍, 414 സ്പെഷ്യല്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്നു. റൂറല്‍ മേഖലയിലെ പ്രശ്നബാധിത ബൂത്തുകളില്‍ 237 പോലീസ് ഉദ്യോഗസ്ഥരെയും ഇലക്ഷന്‍ സബ് ഡിവിഷനുകളില്‍ 96 ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്.

വോട്ടുചെയ്യുന്നതിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ വോട്ടര്‍ ഐഡി കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ച എസ്.എസ്.എല്‍.സി ബുക്ക്, തിരഞ്ഞെടുപ്പ് തീയതിക്ക് ആറുമാസം മുമ്പെങ്കിലും ഏതെങ്കിലും ദേശസാല്‍കൃത ബാങ്ക് നല്‍കിയ ഫോട്ടോ പതിച്ച പാസ് ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ താല്‍ക്കാലിക തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലും ഒന്ന് തിരിച്ചറിയല്‍രേഖയായി ഉപയോഗിക്കാം.

പോളിംഗിനുശേഷം സ്വീകരണ-വിതരണ കേന്ദ്രങ്ങളിലെത്തിക്കുന്ന വോട്ടിംഗ് യന്ത്രങ്ങള്‍ സ്‌ട്രോംഗ് റൂമുകളിലേക്ക് മാറ്റും. ഇതേകേന്ദ്രങ്ങളില്‍ ഡിസംബര്‍ 13ന് വോട്ടെണ്ണല്‍. പൂര്‍ണ്ണമായും ഹരിതചട്ടം പാലിച്ചായിരിക്കും തിരഞ്ഞെടുപ്പ് നടപടികളെല്ലാം. സമാധാനപരമായ തിരഞ്ഞെടുപ്പ് നടത്തുന്നതിന് എല്ലാവിഭാഗങ്ങളുടേയും സഹകരണം ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു.

 

പരാതികളിലെല്ലാം നടപടി: ജില്ലാ കലക്ടര്‍

തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടലംഘനവുമായി ബന്ധപ്പെട്ട പരാതികളിലെല്ലാം നടപടി സ്വീകരിച്ചെന്ന് ചേമ്പറില്‍ ചേര്‍ന്ന നീരീക്ഷണസമിതിയോഗത്തില്‍ ചെയര്‍മാനും ജില്ലാതിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനുമായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. അനധികൃതമായി ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനെതിരെയാണ് ഭൂരിഭാഗം പരാതികളും. അവയെല്ലാം ആന്റ് ഡിഫേസ്‌മെന്റ് സ്‌ക്വാഡ് മുഖാന്തിരം നീക്കംചെയ്തു. 2000 ത്തോളമാണ് മാറ്റിയത്.

താത്ക്കാലിക ഡ്രൈവര്‍ സ്ഥാനാര്‍ഥിക്കൊപ്പം പ്രചാരണത്തിനിറങ്ങുന്നുവെന്ന പരാതി ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറിക്ക് കൈമാറി റിപോര്‍ട്ട് തേടി. അനുമതിയില്ലാതെ വാഹനത്തിലൂടെ മൈക്ക് പ്രചാരണം എന്ന പരാതി പൊലിസിനും മോട്ടര്‍വാഹന വകുപ്പിനും കൈമാറിയാണ് നടപടി സ്വീകരിച്ചത്. ശബരിമലയുമായി ബന്ധപ്പെട്ട ലഘുലേഖകളുടെ വിതരണത്തിനെതിരെയും നടപടിയെടുത്തു. പ്രചാരണവസ്തുക്കള്‍ നശിപ്പിക്കുന്നുവെന്ന ആക്ഷേപത്തില്‍ നടപടിക്കായി ബന്ധപ്പെട്ട വരണാധികാരിയെ ചുമതലപ്പെടുത്തി. നിശബ്ദപ്രചാരണ വേളയില്‍ ഫോണുകള്‍ മുഖേന ശബ്ദസന്ദേശം പ്രചരിപ്പിക്കുന്നുവെന്ന പരാതിയില്‍ നിര്‍ത്തിവയ്ക്കുന്നതിന് നടപടി സ്വീകരിച്ചു. സഹപ്രവര്‍ത്തകനായ സ്ഥാനാര്‍ഥിക്ക് വേണ്ടി സ്‌കൂള്‍ അധ്യാപിക വാട്ട്‌സ്ആപ് ഗ്രൂപ് വഴി പണപിരിവ് നടത്തിയെന്ന ആക്ഷേപം മുന്‍നിറുത്തി അന്വേഷിച്ച് വിവരം നല്‍കുന്നതിന് വിദ്യാഭ്യാസ ഉപഡയറക്ടറെ ചുമതലപ്പെടുത്തിയെന്നും അറിയിച്ചു.

സമിതി കണ്‍വീനറായ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് സെക്രട്ടറി എസ്. സുബോധ്, അംഗങ്ങളായ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എല്‍. ഹേമന്ത് കുമാര്‍, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ബി. ജയശ്രീ, സ്‌പെഷ്യല്‍ ബ്രാഞ്ച് എ.സി.പി പ്രതീപ് കുമാര്‍, റൂറല്‍ ഡി.വൈ.എസ്.പി രവിസന്തോഷ്, ഫിനാന്‍സ് ഓഫീസര്‍ സുരേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

 

ബാലറ്റ് ലേബലുകള്‍ വെള്ള, പിങ്ക്, നീല നിറങ്ങളില്‍

വോട്ടു ചെയ്യേണ്ടത് ഇങ്ങനെ:

* വോട്ടര്‍ പോളിംഗ് സ്റ്റേഷനില്‍ പ്രവേശിക്കുമ്പോള്‍ തിരിച്ചറിയല്‍ വിവരങ്ങള്‍ പോളിംഗ് ഓഫീസര്‍ വോട്ടര്‍പട്ടിക പരിശോധിച്ച് ഉറപ്പാക്കും.

* പരിശോധന പൂര്‍ത്തിയാക്കി വോട്ടര്‍ അടുത്ത പോളിംഗ് ഓഫീസറെ സമീപിക്കുമ്പോള്‍ വിരലില്‍ മഷി പുരട്ടും. തുടര്‍ന്ന് രജിസ്റ്ററില്‍ ഒപ്പ്/വിരലടയാളം രേഖപ്പെടുത്തണം. ഇതു കഴിയുമ്പോള്‍ വോട്ടര്‍ക്ക് സ്ലിപ്പ് നല്‍കും.

* സ്ലിപ് വോട്ടിംഗ് യന്ത്രത്തിന്റെ ചുമതലയുള്ള പോളിംഗ് ഓഫീസര്‍ക്കു കൈമാറണം. ഓഫീസര്‍ കണ്‍ട്രോള്‍ യൂണിറ്റിലെ’ബാലറ്റ്’ ബട്ടണ്‍ അമര്‍ത്തി വോട്ട് ചെയ്യാന്‍ യന്ത്രം സജ്ജമാക്കും.

ബാലറ്റ് ബട്ടണ്‍ അമര്‍ത്തുമ്പോള്‍, കണ്‍ട്രോള്‍ യൂണിറ്റിലെ ചുവന്ന ബിസി ലൈറ്റും ബാലറ്റ് യൂണിറ്റിലെ പച്ച റെഡി ലൈറ്റും പ്രകാശിക്കും. വോട്ട് രേഖപ്പെടുത്താന്‍ തയാറാണെന്ന് ഇത് സൂചിപ്പിക്കുന്നു.

* ത്രിതല പഞ്ചായത്തിലേക്കുള്ള പോളിംഗിന്
വോട്ടിംഗ് കമ്പാര്‍ട്ട്‌മെന്റില്‍ വോട്ട് രേഖപ്പെടുത്താനായി സജ്ജീകരിച്ച മൂന്നു ബാലറ്റ് യൂണിറ്റിലെയും പച്ച റെഡി ലൈറ്റ് പ്രകാശിച്ചു നില്‍ക്കും.

വോട്ടു രേഖപ്പെടുത്തല്‍:

* ത്രിതല പഞ്ചായത്തില്‍ ഓരോ വോട്ടറും ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവയ്ക്ക് ഓരോ വോട്ട് വീതം, മൊത്തം മൂന്ന് വോട്ട് രേഖപ്പെടുത്തണം.

* ബാലറ്റ് യൂണിറ്റുകള്‍ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്ന ക്രമത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്.

* ആദ്യത്തെ ബാലറ്റ് യൂണിറ്റില്‍ ഗ്രാമപഞ്ചായത്ത് തലത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ പേരും ചിഹ്നങ്ങളുമുള്ള വെള്ള നിറത്തിലുള്ള ബാലറ്റ് ലേബല്‍ ഉണ്ടാകും.

* വോട്ടര്‍ വോട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്ന സ്ഥാനാര്‍ഥിയുടെ പേരിന് നേരെയുള്ള ബട്ടണ്‍ അമര്‍ത്തണം.

* ബട്ടണ്‍ അമര്‍ത്തുമ്പോള്‍ ഒരു ബീപ് ശബ്ദം കേള്‍ക്കുകയും സ്ഥാനാര്‍ഥിയുടെ ബട്ടണിന് നേരെയുള്ള ലൈറ്റ് തെളിയുകയും ചെയ്യും. ഇത് വോട്ട് ആ സ്ഥാനാര്‍ഥിക്ക് രേഖപ്പെടുത്തിയെന്ന് ഉറപ്പാക്കുന്നു.

* മറ്റ് രണ്ട് തലങ്ങളിലേക്കുമുള്ള വോട്ടുകളും മുകളില്‍ പറഞ്ഞ രീതിയില്‍ തന്നെ രേഖപ്പെടുത്തണം. ബ്ലോക്ക് പഞ്ചായത്തിനുള്ള ബാലറ്റ് ലേബലുകള്‍ പിങ്ക് നിറത്തിലും ജില്ലാ പഞ്ചായത്തിനുള്ളത് നീലയുമാണ്.

* മൂന്നു തലങ്ങളിലേക്കുമുള്ള വോട്ട് രേഖപ്പെടുത്തല്‍ ശരിയായ രീതിയില്‍ പൂര്‍ത്തിയാക്കുമ്പോള്‍ ഒരു നീണ്ട ബീപ് ശബ്ദം കേള്‍ക്കാം.

* ഒന്നോ രണ്ടോ തലങ്ങളിലേക്ക് വോട്ട് ചെയ്യാതെ ഒഴിവാക്കാന്‍ വോട്ടര്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവസാനത്തെ ബാലറ്റ് യൂണിറ്റിലെ ചുവന്ന എന്‍ഡ് ബട്ടണ്‍ (END BUTTON) അമര്‍ത്തി വോട്ടിംഗ് പ്രക്രിയ പൂര്‍ത്തിയാക്കണം. എന്‍ഡ് ബട്ടണ്‍ അമര്‍ത്തുമ്പോള്‍ പ്രക്രിയ പൂര്‍ത്തിയായതായി സൂചിപ്പിച്ചുകൊണ്ട് ഒരു നീണ്ട ബീപ് ശബ്ദം ഉണ്ടാകും.

* ഒന്നോ രണ്ടോ തലങ്ങളിലെ വോട്ട് ഒഴിവാക്കി വോട്ടിംഗ് പ്രക്രിയ പൂര്‍ത്തിയാക്കുമ്പോള്‍ മാത്രമേ എന്‍ഡ് ബട്ടണ്‍ ഉപയോഗിക്കാന്‍ പാടുള്ളൂ.

* മൂന്ന് തട്ടുകളിലേക്കുമുള്ള വോട്ട് രേഖപ്പെടുത്തി കഴിഞ്ഞിട്ടുണ്ടെങ്കില്‍ എന്‍ഡ് ബട്ടണ്‍ അമര്‍ത്തേണ്ട ആവശ്യമില്ല.

* വോട്ടര്‍ എന്‍ഡ് ബട്ടണ്‍ അമര്‍ത്തിക്കഴിഞ്ഞാല്‍ ഒരു തട്ടിലേക്കും വോട്ട് രേഖപ്പെടുത്താന്‍ കഴിയില്ല.

* രണ്ട് ബട്ടണുകള്‍ ഒരേ സമയം അമര്‍ത്തിയാല്‍ ഒരു വോട്ടേ രേഖപ്പെടുത്തുകയുള്ളൂ. ഒരു ബട്ടണ്‍ ഒന്നിലധികം തവണ അമര്‍ത്തിയാലും ഒരു വോട്ടേ രേഖപ്പെടുത്തുകയുള്ളൂ.

* വോട്ടിംഗ് നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ടോ സംശയമോ ഉണ്ടെങ്കില്‍ പോളിംഗ് ഉദ്യോഗസ്ഥരെ അറിയിക്കാം.

 

തദ്ദേശ തിരഞ്ഞെടുപ്പ്: പ്രശ്‌നബാധിതബൂത്തുകള്‍ സന്ദര്‍ശിച്ച് പൊതു നിരീക്ഷകന്‍

തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രശ്‌നബാധിതബൂത്തുകള്‍ സന്ദര്‍ശിച്ച് പൊതുനിരീക്ഷകന്‍ സബിന്‍ സമീദ്. ബൂത്തുകളിലെ വെബ്കാസ്റ്റിംഗ് സൗകര്യങ്ങളും സാങ്കേതിക സംവിധാനങ്ങളും പരിശോധിച്ച് സുരക്ഷാക്രമീകരണങ്ങള്‍ ഉറപ്പുവരുത്തി. ചവറ ബ്ലോക്കിലാണ് ഏറ്റവും കൂടുതല്‍ പ്രശ്നബാധിത ബൂത്തുകള്‍. ജില്ലയിലാകെ 61 പ്രശ്‌നബാധിത ബൂത്തുകളാണുള്ളത്.

error: Content is protected !!