തദ്ദേശ തിരഞ്ഞെടുപ്പ്: പരസ്യപ്രചാരണം ഇന്ന് അവസാനിക്കും
ജില്ലയില്‍ തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പരസ്യപ്രചാരണം ഇന്ന് (ഡിസംബര്‍ ഒമ്പത്) വൈകുന്നേരം ആറ് മണിക്ക് അവസാനിക്കും. പരസ്യപ്രചാരണം അവസാനിക്കുന്ന സമയത്ത് രാഷ്ട്രീയപാര്‍ട്ടികള്‍ നടത്തുന്ന കൊട്ടിക്കലാശം പോലുള്ള പരിപാടികള്‍ സമാധാനപരമായിരിക്കണമെന്നും ക്രമസമാധാനപ്രശ്‌നങ്ങള്‍ ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ നിര്‍ദേശിച്ചു.
പൊതുജനങ്ങള്‍ക്ക് മാര്‍ഗ തടസം സൃഷ്ടിച്ചു കൊണ്ടുള്ള സമാപന പരിപാടികള്‍ പാടില്ല. പരസ്യ പ്രചാരണത്തിന്റെ സമാപനത്തിലുണ്ടാകുന്ന തര്‍ക്കങ്ങളും വെല്ലുവിളികളും ശബ്ദ നിയന്ത്രണമില്ലാതെയുള്ള അനൗണ്‍സ്‌മെന്റുകളും പ്രചാരണ ഗാനങ്ങള്‍ ഉച്ചത്തില്‍ കേള്‍പ്പിച്ചു മത്സരിക്കുന്ന പ്രവണതയും കര്‍ശനമായി നിയന്ത്രിക്കാന്‍ കമ്മീഷണര്‍ ജില്ലാ കളക്ടര്‍മാര്‍ക്കും പൊലീസ് അധികൃതര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പരസ്യപ്രചാരണത്തിന്റെ സമാപനത്തിലും മാതൃകാ പെരുമാറ്റ ചട്ടവും ഹരിതച്ചട്ടവും പാലിക്കുന്നുണ്ടെന്ന് സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും ഉറപ്പുവരുത്തണം. 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 126(1) പ്രകാരം വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് പരസ്യ പ്രചാരണം അവസാനിപ്പിക്കണം. ഈ വ്യവസ്ഥ തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പിനും ബാധകമാണ്.
തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലയില്‍ സുരക്ഷയ്ക്കായി 4500 പൊലീസ് ഉദ്യോഗസ്ഥര്‍
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ ക്രമസമാധാന പാലനം ഉറപ്പുവരുത്തുന്നതിനും സുരക്ഷയ്ക്കുമായി 4500 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. 25 ഡെപ്യൂട്ടി സൂപ്രണ്ടുമാര്‍ , 40 ഇന്‍സ്‌പെക്ടര്‍മാര്‍, 300 സബ് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് തിരഞ്ഞെടുപ്പ് സുരക്ഷാ ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. കൂടാതെ 140 പേര്‍ അടങ്ങുന്ന ഒരു കമ്പനി കേന്ദ്ര സേനയെയും ജില്ലയില്‍ വിന്യസിക്കും.
പ്രശ്നബാധിതമെന്ന് കണ്ടെത്തി വെബ്കാസ്റ്റിങ് സംവിധാനം ഒരുക്കുന്ന ജില്ലയിലെ 180 പോളിങ് ബൂത്തുകളിലും ഒരു അധിക പൊലീസ് ഉദ്യോഗസ്ഥനെ വീതം വിന്യസിക്കും. പ്രത്യേക ശ്രദ്ധ ആവശ്യമുള്ള മേഖലകളില്‍ നാല് പൊലീസ് ഉദ്യോഗസ്ഥരടങ്ങുന്ന ഓരോ സംഘത്തെ അധികമായി വിന്യസിക്കും. മാവോയിസ്റ്റ് ഭീഷണി നേരിടുന്ന അഗളി, അട്ടപ്പാടി മേഖലകളില്‍ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി അഞ്ഞൂറോളം പൊലീസ് ഉദ്യോഗസ്ഥരെയും അധികമായി നിയോഗിക്കും.
തദ്ദേശ തിരഞ്ഞെടുപ്പ്: ഹരിത ചട്ടം ലംഘനത്തില്‍ 2.31 ലക്ഷം പിഴ ഈടാക്കി
തദ്ദേശ തിരഞ്ഞെടുപ്പില്‍ ഹരിത ചട്ടം പാലനം ഉറപ്പാക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി ജില്ലയില്‍ രൂപീകരിച്ച പ്രത്യേക സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 2.31 ലക്ഷം രൂപ പിഴ ഈടാക്കി. 229 പരിശോധനകള്‍ നടത്തിയതില്‍ 750 കിലോയോളം നിരോധിത വസ്തുക്കളും പിടിച്ചെടുത്തു. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതുമുതല്‍ ഇതുവരെയുള്ള കണക്കാണിത്. സ്‌ക്വാഡുകള്‍ കര്‍ശന പരിശോധന തുടരുകയാണ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പുന:ചക്രമണം ചെയ്യാന്‍ കഴിയുന്ന പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ മാത്രമേ ഉപയോഗിക്കാവൂ എന്നതാണ് ഹരിതച്ചട്ടപാലനം.
സ്വീകരണ വിതരണ കേന്ദ്രങ്ങള്‍ക്കും പോളിങ് സ്റ്റേഷനുകളായ സ്ഥാപനങ്ങള്‍ക്കും അവധി
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടെടുപ്പ് സാമഗ്രികളുടെ സ്വീകരണ വിതരണ കേന്ദ്രങ്ങളായി നിശ്ചയിച്ചിരിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഡിസംബര്‍ ഒന്‍പത് മുതല്‍ 12 വരെയും, നിര്‍ദ്ദിഷ്ട പോളിങ് സ്റ്റേഷനുകളായി പ്രഖ്യാപിച്ചിട്ടുള്ള സ്ഥാപനങ്ങള്‍ക്ക് വോട്ടെടുപ്പ് ദിവസത്തിന് പുറമെ തലേദിവസമായ ഡിസംബര്‍ പത്തിനും അവധി പ്രഖ്യാപിക്കുന്നതായി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കളക്ടര്‍ എം എസ് മാധവിക്കുട്ടി അറിയിച്ചു.ജില്ലയിലെ വോട്ടെടുപ്പ് ദിവസമായ ഡിസംബര്‍ 11 ന് എല്ലാ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചിരുന്നു.
മതസൗഹാര്‍ദ്ദ യോഗം ചേര്‍ന്നു
ജില്ലയിലെ ക്രമസമാധാനം നിലനിര്‍ത്തുന്നതിനും മത സൗഹാര്‍ദ്ദം ഉറപ്പാക്കുന്നതിനും സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി മത സൗഹാര്‍ദ്ദ യോഗം ചേര്‍ന്നു. കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ മാധവിക്കുട്ടി എം എസ് അധ്യക്ഷത വഹിച്ചു. ജില്ലാ പൊലീസ് മേധാവി അജിത് കുമാര്‍, ഒറ്റപ്പാലം സബ് കളക്ടര്‍ അഞ്ജീത് സിങ്, പാലക്കാട് എ.എസ്.പി രാജേഷ് കുമാര്‍, വിവിധ രാഷ്ട്രീയ മത സാമുദായിക സംഘടനാ നേതാക്കള്‍, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
തൊഴില്‍ തര്‍ക്ക കേസുകളുടെ വിചാരണ
പാലക്കാട് വ്യാവസായിക ട്രൈബ്യൂണലും, ഇന്‍ഷൂറന്‍സ് കോടതി ജഡ്ജിയും, എംപ്ലോയീസ് കോമ്പന്‍സേഷന്‍ കമ്മീഷണറുമായ സാബു സെബാസ്റ്റ്യന്‍ ഇന്ന്(ഡിസംബര്‍ 9), 15, 16, 22, 23, 29, 30 തീയതികളില്‍ പാലക്കാട് റവന്യു ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതി ഹാളില്‍ തൊഴില്‍ തര്‍ക്ക കേസ്സുകളും, ഇന്‍ഷൂറന്‍സ് കേസുകളും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസുകളും വിചാരണ ചെയ്യുമെന്ന് വ്യാവസായിക ട്രൈബ്യൂണല്‍ സെക്രട്ടറി അറിയിച്ചു.
ജില്ലാ തല ജൈവവൈവിധ്യ കോൺഗ്രസ്: അപേക്ഷാ തിയ്യതി നീട്ടി
18-ാമത് വിദ്യാർഥികളുടെ ജൈവവൈവിധ്യ കോൺഗ്രസിന്റെ ഭാഗമായി സംസ്ഥാന ജൈവവൈവിധ്യ ബോർഡ് നടത്തുന്ന ജില്ലാതല മത്സരങ്ങളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 15 വരെ നീട്ടി. സ്‌കൂൾ, കോളേജ് വിദ്യാർഥികൾക്കായി പ്രൊജക്‌ട് അവതരണം, സ്‌കൂൾ വിദ്യാർഥികൾക്കായി പുരയിട ജൈവവൈവിധ്യ സംരക്ഷണ അവതരണം, പെയിന്റിങ്, പെൻസിൽ ഡ്രോയിങ് എന്നീ മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്. പങ്കെടുക്കാന്‍ താല്പര്യമുള്ള സ്കൂൾ, കോളേജ് വിദ്യാർഥികൾ പൂരിപ്പിച്ച അപേക്ഷകള്‍ plddcksbb@gmail.com എന്ന ഇമെയിൽ വിലാസത്തിൽ ഡിസംബര്‍ 15നുള്ളില്‍ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങളും അപേക്ഷാ ഫോറവും https://keralabiodiversity.org/ എന്ന വെബ്‍സൈറ്റില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9539517632.
റാങ്ക് പട്ടിക റദ്ദായി
പാലക്കാട് ജില്ലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ തുന്നല്‍ ടീച്ചര്‍ (ഹൈസ്‌കൂള്‍-കാറ്റഗറി നമ്പര്‍ 335/2020) തസ്തികയിലെ നിയമനത്തിനായി 2022 ഡിസംബര്‍ അഞ്ചിന് നിലവില്‍ വന്ന റാങ്ക് പട്ടികയുടെ കാലാവധി പൂര്‍ത്തിയായതിനാല്‍ 2025 ഡിസംബര്‍ അഞ്ച് പ്രാബല്യത്തില്‍ പട്ടിക റദ്ദായതായി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു.