Input your search keywords and press Enter.

തദേശ പൊതുതിരഞ്ഞെടുപ്പ്: പാലക്കാട് ജില്ലാ

തദ്ദേശ തിരഞ്ഞെടുപ്പ് നാളെ , പോളിങ് രാവിലെ ഏഴുമുതല്‍

ജില്ലയില്‍ 6724 സ്ഥാനാര്‍ഥികള്‍, 28 ലക്ഷത്തിലധികം വോട്ടര്‍മാര്‍, 3054 പോളിങ് ബൂത്തുകള്‍…

തദ്ദേശ തിരഞ്ഞെടുപ്പ് നാളെ(ഡിസംബര്‍ 11). പോളിങ് രാവിലെ ഏഴിന് ആരംഭിച്ച് വൈകീട്ട് ആറ് വരെ തുടരും. ജില്ല, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് മുന്‍സിപാലിറ്റികളിലായി 6724 സ്ഥാനാര്‍ഥികളാണ് ജില്ലയില്‍ മാറ്റുരയ്ക്കുന്നത്. അന്തിമ വോട്ടര്‍ പട്ടിക പ്രകാരം 2,86,24558 വോട്ടര്‍മാരാണ് ജില്ലയിലുളളത്. 3054 പോളിംഗ് ബൂത്തുകളുണ്ട്. ഡിസംബര്‍ 13 ന് രാവിലെ എട്ട് മുതല്‍ 20 കേന്ദ്രങ്ങളില്‍ വോട്ടെണ്ണല്‍ നടക്കും.

ഡിസംബര്‍ ഒന്‍പത് വൈകീട്ട് ആറ് മുതല്‍ വോട്ടെടുപ്പ് ദിവസമായ 11ന് പോളിങ് അവസാനിക്കുന്നതുവരെയുള്ള 48 മണിക്കൂര്‍ ഡ്രൈ ഡേ പ്രഖ്യാപിച്ചിട്ടുണ്ട്. പിന്നീട് വോട്ടെണ്ണല്‍ ദിവസമായ ഡിസംബര്‍ 13നും ഡ്രൈ ഡേ ആയിരിക്കും.

ജില്ലയില്‍ 3054 പോളിങ് ബൂത്തുകള്‍

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ളതെരഞ്ഞെടുപ്പിന് ജില്ലയില്‍ സജ്ജീകരിക്കുന്നത് ആകെ 3054 പോളിങ് ബൂത്തുകള്‍. ഓരോ പോളിങ് ബൂത്തിലും പരമാവധി 1300 വോട്ടര്‍മാരെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരു പോളിങ് ബൂത്തിന് കുറഞ്ഞത് 20 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്.കൂടാതെ, ഓരോ വാര്‍ഡിന്റെയും പരിധിയ്ക്കുള്ളില്‍ത്തന്നെ അതിന്റെ പോളിങ് സ്റ്റേഷന്‍ സ്ഥിതി ചെയ്യും. പഞ്ചായത്തുകളിലാകെ 2749 പോളിങ് ബൂത്തുകളും നഗരസഭകളില്‍ 305 പോളിങ് സ്റ്റേഷനുകളുമാണ് ഉള്ളത്.

തിരഞ്ഞെടുപ്പില്‍ എല്ലാവര്‍ക്കും പങ്കാളികളാകാന്‍ കഴിയുന്ന വിധത്തില്‍ ഭിന്നശേഷി സൗഹൃദമായ അടിസ്ഥാന സൗകര്യങ്ങള്‍ ഓരോ പോളിങ് സ്റ്റേഷനിലും ഉറപ്പാക്കിയിട്ടുണ്ട്. ഭിന്നശേഷിക്കാര്‍ക്കും പ്രായമായവര്‍ക്കും എത്താന്‍ സൗകര്യപ്രദമായ റാംപ് നിലവിലുണ്ടാകും. ശുചിമുറി, കുടിവെള്ളം, തടസ്സമില്ലാത്ത വൈദ്യുതി എന്നിവ പോളിംഗ് സ്റ്റേഷനുകളില്‍ ഉറപ്പാക്കിയിട്ടുണ്ട്. പോളിങ് സ്റ്റേഷനുകളിലേക്ക് പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് എത്തുന്നതിന് ആവശ്യമായ യാത്രാ സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ട്.

284 പ്രശ്‌നബാധിത ബൂത്തുകള്‍

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലയിലെ 3,054 ബൂത്തുകളില്‍ 284 എണ്ണം പ്രശ്‌നബാധിത ബൂത്തുകളായി കണ്ടെത്തി. പാലക്കാട്, ചിറ്റൂര്‍-തത്തമംഗലം, ചെര്‍പ്പുളശ്ശേരി മുനിസിപ്പാലിറ്റികളിലും അറുപതോളം ഗ്രാമപഞ്ചായത്തുകളിലുമാണ് ബൂത്തുകള്‍ ഉള്ളത്. രാഷ്ട്രീയകക്ഷികള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍, സാമുദായിക സംഘര്‍ഷങ്ങള്‍, അനധികൃത പോളിംഗ് ഏജന്റുമാരുടെ സാന്നിധ്യം, ഒരു പോളിങ് ബൂത്തില്‍ അമിതമായി വോട്ടര്‍മാര്‍ ഉള്‍പ്പെടുന്നത് തുടങ്ങിയ കാരണങ്ങളാലാണ് ഇത്തരം ബൂത്തുകളെ പ്രശ്‌നബാധിത ബൂത്തുകളായി രേഖപ്പെടുത്തിയിട്ടുള്ളത്. മുന്‍കാല വോട്ടിങ് പെരുമാറ്റരീതികള്‍ (ഉയര്‍ന്ന / കുറഞ്ഞ പോളിങ് ശതമാനം), ക്രമക്കേടുകളോ ഗുരുതരമായ ലംഘനങ്ങളോ ആരോപിച്ച് റീപോളിങ് നടത്താന്‍ ഉത്തരവിട്ട ബൂത്തുകള്‍, അക്രമം/ക്രമസമാധാന സംഭവങ്ങള്‍, ദുര്‍ബല ജനസംഖ്യാ വിഭാഗങ്ങള്‍ കൂടുതലായുള്ള പ്രദേശങ്ങള്‍, ക്രിമിനല്‍ ഘടകങ്ങളുടെ സ്വാധീനമുള്ള മേഖലകള്‍, ഭൂമിശാസ്ത്രപരമായ/വിദൂര ഘടകങ്ങള്‍, പ്രചാരണ ലംഘനങ്ങള്‍ / മാതൃകാ കോഡ് ലംഘനങ്ങള്‍, വോട്ടര്‍മാരെ ഭീഷണിപ്പെടുത്തല്‍ അല്ലെങ്കില്‍ ഭീഷണികള്‍ തുടങ്ങിയവയാണ് പ്രശ്‌നബാധിത ബൂത്തുകള്‍ തിരിച്ചറിയാന്‍ ഇലക്ഷന്‍ കമ്മീഷന്‍ നിശ്ചയിച്ച മാനദണ്ഡങ്ങള്‍. ഇത്തരം പ്രശ്‌നബാധിതമായ 180 ബൂത്തുകളില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം വെബ്കാസ്റ്റിങ് സംവിധാനം ഒരുക്കിയിട്ടുണ്ട്.

സുരക്ഷയ്ക്കായി 4500 പൊലീസ് ഉദ്യോഗസ്ഥര്‍

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ ക്രമസമാധാന പാലനം ഉറപ്പുവരുത്തുന്നതിനും സുരക്ഷയ്ക്കുമായി 4500 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. 25 ഡെപ്യൂട്ടി സൂപ്രണ്ടുമാര്‍ , 40 ഇന്‍സ്പെക്ടര്‍മാര്‍, 300 സബ് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് തിരഞ്ഞെടുപ്പ് സുരക്ഷാ ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. കൂടാതെ 140 പേര്‍ അടങ്ങുന്ന ഒരു കമ്പനി കേന്ദ്ര സേനയെയും ജില്ലയില്‍ വിന്യസിക്കും.

പ്രശ്‌നബാധിതമെന്ന് കണ്ടെത്തി വെബ്കാസ്റ്റിങ് സംവിധാനം ഒരുക്കുന്ന ജില്ലയിലെ 180 പോളിങ് ബൂത്തുകളിലും ഒരു അധിക പൊലീസ് ഉദ്യോഗസ്ഥനെ വീതം വിന്യസിക്കും. പ്രത്യേക ശ്രദ്ധ ആവശ്യമുള്ള മേഖലകളില്‍ നാല് പൊലീസ് ഉദ്യോഗസ്ഥരടങ്ങുന്ന ഓരോ സംഘത്തെ അധികമായി വിന്യസിക്കും. മാവോയിസ്റ്റ് ഭീഷണി നേരിടുന്ന അഗളി, അട്ടപ്പാടി മേഖലകളില്‍ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി അഞ്ഞൂറോളം പൊലീസ് ഉദ്യോഗസ്ഥരെയും അധികമായി നിയോഗിക്കും.

4366 കണ്‍ട്രോള്‍ യൂണിറ്റുകളും, 12393 ബാലറ്റ് യൂണിറ്റുകളും

തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിന് പാലക്കാട് ജില്ലയില്‍ 4366 കണ്‍ട്രോള്‍ യൂണിറ്റുകളും, 12393 ബാലറ്റ് യൂണിറ്റുകളുമാണ് ഉള്ളത്. പൊതുതിരഞ്ഞെടുപ്പിന് മള്‍ട്ടി പോസ്റ്റ് ഇ.വി.എം ആണ് ഉപയോഗിക്കുക. ഗ്രാമപഞ്ചായത്തുകളില്‍ ഉപയോഗിക്കുന്ന ഇവിഎമ്മിന് ഒരു കണ്‍ട്രോള്‍ യൂണിറ്റും മൂന്നു ബാലറ്റ് യൂണിറ്റുകളും ഉണ്ടായിരിക്കും. വോട്ടിംഗ് കംപാര്‍ട്ട്‌മെന്റില്‍ വച്ചിട്ടുള്ള മൂന്നു ബാലറ്റ് യൂണിറ്റുകള്‍ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നീ ക്രമത്തിലാണ് സജ്ജീകരിക്കുക. നഗരസഭകളില്‍ ഒരു കണ്‍ട്രോള്‍ യൂണിറ്റും ഒരു ബാലറ്റ് യൂണിറ്റുമാണ് ഉപയോഗിക്കുന്നത്.

ഒരു ബാലറ്റ് യൂണിറ്റില്‍ 15 വരെ സ്ഥാനാര്‍ഥികളെയാണ് ക്രമീകരിക്കുന്നത്. ഏതെങ്കിലും തലത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ എണ്ണം 15-ല്‍ കൂടുതലുണ്ടെങ്കില്‍ രണ്ടാമതൊരു ബാലറ്റ് യൂണിറ്റ് കൂടി സജ്ജമാക്കും. 16 മുതലുള്ള സ്ഥാനാര്‍ഥികളുടെ വിവരം രണ്ടാമത്തെ ബാലറ്റ് യൂണിറ്റിലാണ് ക്രമീകരിക്കുക.

വോട്ട് രേഖപ്പെടുത്തുന്നതെങ്ങനെ?

തദ്ദേശ തിരഞ്ഞെടുപ്പില്‍ ഓരോ സമ്മതിദായകനും ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നീ തലങ്ങളിലേയ്ക്ക് ഓരോ വോട്ട് വീതം ആകെ മൂന്ന് വോട്ടുകളാണ് രേഖപ്പെടുത്തേണ്ടത്. നഗരസഭാ തലത്തില്‍ ഒരു വോട്ടാണ് രേഖപ്പെടുത്തേണ്ടത്. വോട്ടിങ് കംപാര്‍ട്ട്‌മെന്റില്‍ വച്ചിട്ടുള്ള മൂന്ന് ബാലറ്റ് യൂണിറ്റുകള്‍ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നീ ക്രമത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്. ആദ്യത്തെ ബാലറ്റ് യൂണിറ്റില്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ പേരും അവരുടെ ചിഹ്നവും അടങ്ങുന്ന വെള്ളനിറത്തിലുള്ള ലേബല്‍ ആയിരിക്കും പതിച്ചിരിക്കുന്നത്. ബ്ലോക്ക് തലത്തിലേക്കുള്ള ബാലറ്റ് യൂണിറ്റില്‍ പിങ്ക് നിറത്തിലുള്ള ലേബലും ജില്ലാ തലത്തിലേക്കുള്ള ബാലറ്റ് യൂണിറ്റില്‍ ഇളം നീല നിറത്തിലുള്ള ലേബലും ആയിരിക്കും പതിച്ചിരിക്കുന്നത്.

വോട്ടര്‍ പോളിംഗ് ബൂത്തില്‍ പ്രവേശിക്കുമ്പോള്‍ അവരുടെ തിരിച്ചറിയല്‍ രേഖയും വോട്ടര്‍പട്ടികയിലെ പേര് വിവരങ്ങളും ഒന്നാം പോളിംഗ് ഉദ്യോഗസ്ഥന്‍ പരിശോധിക്കും. തുടര്‍ന്ന് രണ്ടാം പോളിംഗ് ഉദ്യോഗസ്ഥന്‍ വോട്ടറുടെ കൈവിരലില്‍ മഷി പുരട്ടി വോട്ട് രജിസ്റ്ററില്‍ ഒപ്പോ വിരലടയാളമോ രേഖപ്പെടുത്തി വോട്ടിങ് സ്ലിപ്പ് നല്‍കും. സ്ലിപ്പ് വോട്ടിംഗ് യന്ത്രത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനെ ഏല്‍പ്പിക്കണം. ഉദ്യോഗസ്ഥന്‍ കണ്‍ട്രോള്‍ യൂണിറ്റിലെ ബട്ടണ്‍ അമര്‍ത്തി ബാലറ്റ് യൂണിറ്റുകള്‍ വോട്ടിംഗിന് സജ്ജമാക്കും. തുടര്‍ന്ന് സമ്മതിദായകന്‍ വോട്ടിങ് കമ്പാര്‍ട്ട്മെന്റിലേക്ക് നീങ്ങണം. ബാലറ്റ് യൂണിറ്റുകള്‍ വോട്ടു രേഖപ്പെടുത്താന്‍ തയാറാണെന്നതിന്റെ സൂചനയായി യൂണിറ്റില്‍ ഏറ്റവും മുകളില്‍ ഇടതുഭാഗത്തായി നിര നിരയായി പച്ചലൈറ്റ് തെളിഞ്ഞിട്ടുണ്ടാകും. സ്ഥാനാര്‍ത്ഥിയുടെ ചിഹ്നത്തിനു നേരെയുള്ള ബട്ടണില്‍ വിരല്‍ അമര്‍ത്തിയാല്‍ ദീര്‍ഘമായ ബീപ് ശബ്ദം കേള്‍ക്കുകയും വോട്ട് രേഖപ്പെടുത്തല്‍ പൂര്‍ണ്ണമാവുകയും ചെയ്യും. ശേഷം വോട്ടര്‍ക്ക് മടങ്ങാവുന്നതാണ്. എന്നാല്‍, ബട്ടണ്‍ അമര്‍ത്തിയിട്ടും ബീപ്പ് ശബ്ദം കേള്‍ക്കാതിരുന്നാല്‍ വോട്ടര്‍മാര്‍ ഉടനെ പ്രിസൈഡിങ് ഓഫീസറെ വിവരം അറിയിക്കേണ്ടതുണ്ട്.

ബാലറ്റ് യൂണിറ്റില്‍ ഏതെങ്കിലും തലത്തിലെ വോട്ട് രേഖപ്പെടുത്താന്‍ താത്പര്യമില്ലെങ്കില്‍ താല്‍പര്യമുള്ള തലത്തിലെ വോട്ട് രേഖപ്പെടുത്തിയശേഷം അവസാനത്തെ ബാലറ്റ് യൂണിറ്റിലെ അവസാന ബട്ടണ്‍ (END ബട്ടണ്‍) അമര്‍ത്തി വോട്ടിങ് പൂര്‍ത്തിയാക്കേണ്ടതാണ്. ഈ ബട്ടണ്‍ അമര്‍ത്തുമ്പോള്‍ വോട്ടിങ് പൂര്‍ത്തിയായി എന്ന് വ്യക്തമാക്കുന്ന നീണ്ട ഒരു ബീപ്പ് ശബ്ദം കേള്‍ക്കും.

ഒരേ സമയം ഒന്നില്‍ കൂടുതല്‍ ബട്ടണ്‍ അമര്‍ത്തിയാല്‍ ഒരു വോട്ട് മാത്രമേ രേഖപ്പെടുത്തുകയുള്ളൂ. അത് പോലെ ഒന്നില്‍ കൂടുതല്‍ തവണ ഒരേ ബട്ടണില്‍ അമര്‍ത്തിയാലും ഒരു വോട്ട് മാത്രമേ രേഖപ്പെടുത്തുകയുള്ളൂ. മൂന്ന് തലത്തിലേയും വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞിട്ടുണ്ടെങ്കില്‍ END ബട്ടണ്‍ അമര്‍ത്തേണ്ടതില്ല.

വോട്ട് ചെയ്യാന്‍ ഒന്‍പത് തിരിച്ചറിയല്‍ രേഖകള്‍

ഡിസംബര്‍ 11-ന് നടക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച ഒന്‍പത് തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിക്കാം.

1. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡ്
2. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ വോട്ടേര്‍സ് സ്ലിപ്പ് (തിരിച്ചറിയല്‍ രേഖ)
3. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ നല്‍കുന്ന ഓഫീസ് തിരച്ചറിയല്‍ കാര്‍ഡ്
4. ആധാര്‍ കാര്‍ഡ്
5. പാസ് പോര്‍ട്ട്
6. ഡ്രൈവിങ് ലൈസന്‍സ്
7. പാന്‍ കാര്‍ഡ്
8. ഫോട്ടോ പതിപ്പിച്ച എസ്.എസ്.എല്‍.സി ബുക്ക്
9. ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ നിന്നുള്ള തിരഞ്ഞെടുപ്പ് തീയതിക്ക് ആറ് മാസ കാലയളവിന് മുന്‍പ് വരെ നല്‍കിയിട്ടുള്ള ഫോട്ടോ പതിപ്പിച്ച പാസ് ബുക്ക്

ഭാഷാ ന്യൂനപക്ഷപ്രദേശം: ബാലറ്റ് പേപ്പറില്‍ തമിഴ് ഭാഷകളിലും പേരുണ്ടാകും

തിരഞ്ഞെടുപ്പില്‍ ഭാഷാ ന്യൂനപക്ഷങ്ങളുള്ള നിയോജകമണ്ഡലങ്ങളില്‍ ബാലറ്റ് പേപ്പര്‍, വോട്ടിങ് മെഷീനില്‍ പതിപ്പിക്കുന്ന ബാലറ്റ് ലേബല്‍ എന്നിവയില്‍ സ്ഥാനാര്‍ത്ഥികളുടെ പേര് തമിഴ് ഭാഷകളിലുമുണ്ടാവും. ജില്ലയില്‍ ആറ് ഗ്രാമപഞ്ചായത്തുകളിലായി 93 വാര്‍ഡുകളില്‍ തമിഴ് ഭാഷയില്‍ കൂടി വിവരങ്ങള്‍ ബാലറ്റ് ലേബലിലും, ബാലറ്റ് പേപ്പറിലും ഉണ്ടാകും. ഈ ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന ബ്ലോക്ക് പഞ്ചായത്ത്, ജില്ലാപഞ്ചായത്ത് വാഡുകളിലേയ്ക്കുള്ള ബാലറ്റ് പേപ്പറിലും, ബാലറ്റ് ലേബലിലും അതാത് ഭാഷകളില്‍ കൂടി വിവരങ്ങള്‍ അച്ചടിച്ചിട്ടിണ്ടാവും.

അന്ധതയോ മറ്റു ശാരീരിക അവശതകളോ ഉള്ളവര്‍ക്ക് സഹായിയെ അനുവദിക്കും

തദ്ദേശ തിരഞ്ഞെടുപ്പില്‍ അന്ധതയോ മറ്റു ശാരീരിക അവശതകളോ ഉള്ള സമ്മതിദായകര്‍ക്ക് വോട്ട് ചെയ്യാനായി സഹായിയെ അനുവദിക്കും. അവരുടെ ആഗ്രഹപ്രകാരം 18 വയസിനു മുകളിലുള്ള ഒരു സഹായിയെയാണ് വോട്ട് രേഖപ്പെടുത്താനായി വോട്ടിങ് കമ്പാര്‍ട്മെന്റിലേക്ക് കൊണ്ടുപോകാന്‍ അനുവദിക്കുക. സമ്മതിദായകന് ബാലറ്റ് യൂണിറ്റിലെ ചിഹ്നം തിരിച്ചറിയാനും ബട്ടണ്‍ അമര്‍ത്തി വോട്ട് ചെയ്യാനും സാധിക്കില്ലെന്ന് പ്രിസൈഡിങ് ഓഫീസര്‍ക്ക് ബോധ്യപ്പെട്ടാല്‍ മാത്രമേ സഹായിയെ അനുവദിക്കൂ.

വോട്ട് ചെയ്യുമ്പോള്‍ വോട്ടറുടെ ഇടതു കൈയ്യിലെ ചൂണ്ടുവിരലിലും സഹായിയുടെ വലതു കൈയ്യിലെ ചൂണ്ടുവിരലിലും മായാത്ത മഷി പുരട്ടും. സ്ഥാനാര്‍ഥികളെയും പോളിങ് ഏജന്റുമാരെയും സഹായികളാകാന്‍ അനുവദിക്കില്ല. ഒരാളെ ഒന്നിലധികം സമ്മതിദായകരുടെ സഹായിയാക്കാനും അനുവദിക്കില്ല.

ഭിന്നശേഷിക്കാര്‍ ക്യൂ നില്‍ക്കേണ്ടതില്ല

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഭിന്നശേഷിക്കാര്‍, രോഗബാധിതര്‍, പ്രായമായവര്‍ തുടങ്ങിയ പ്രത്യേക വിഭാഗത്തില്‍പ്പെട്ട വോട്ടര്‍മാര്‍ക്ക് പോളിങ് സ്റ്റേഷനുകളില്‍ പ്രത്യേക പരിഗണന ലഭിക്കും. ഈ വിഭാഗക്കാര്‍ക്ക് ക്യൂവില്‍ കാത്തുനില്‍ക്കാതെ പോളിങ് ബൂത്തില്‍ പ്രവേശിച്ച് വോട്ട് രേഖപ്പെടുത്തി ഉടന്‍ മടങ്ങാന്‍ സൗകര്യമുണ്ടാകും. കാഴ്ച പരിമിതര്‍, അംഗപരിമിതര്‍, ഗുരുതര രോഗങ്ങളുള്ളവര്‍, മുതിര്‍ന്ന പൗരന്മാര്‍ തുടങ്ങിയവര്‍ക്കാണ് മുന്‍ഗണന ലഭിക്കുക. അവശരായ വോട്ടര്‍മാര്‍ക്കും കാഴ്ച പരിമിതിയുള്ളവര്‍ക്കും വോട്ട് രേഖപ്പെടുത്തുന്നതിന് പ്രായപൂര്‍ത്തിയായ ഒരാളുടെ സഹായം തേടാവുന്നതാണ്. എന്നാല്‍ ഇതിനായി നിയമപരമായ വ്യവസ്ഥകളും നടപടിക്രമങ്ങളും പൂര്‍ണമായും പാലിക്കണം. പോളിങ് ബൂത്തുകളില്‍ വൈദ്യുതി, ശുദ്ധജലം, ഫര്‍ണീച്ചര്‍, ശുചിമുറി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കും. കൂടാതെ, വോട്ട് ചെയ്യാനായി പുറത്ത് ക്യൂവില്‍ കാത്തുനില്‍ക്കുന്ന വോട്ടര്‍മാര്‍ക്ക് ഇരിക്കാനുള്ള പ്രത്യേക സൗകര്യങ്ങളും ഏര്‍പ്പെടുത്തും. മുതിര്‍ന്നാ പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ആവശ്യമെങ്കില്‍ വിശ്രമിക്കുന്നതിനായി പോളിങ് ബൂത്തിന് സമീപം പ്രത്യേക മുറിയൊരുക്കും. തിരഞ്ഞെടുപ്പിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും പരിസ്ഥിതി സൗഹൃദപരമായിരിക്കും. ഹരിതച്ചട്ടം കര്‍ശനമായി പാലിച്ചായിരിക്കും തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കു.

വോട്ടെടുപ്പ് ദിവസം പോളിങ് സ്റ്റേഷനു സമീപം സ്ഥാനാര്‍ത്ഥികളുടെ ബൂത്തുകള്‍ സ്ഥാപിക്കേണ്ടത് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച്

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടെടുപ്പ് ദിവസം പോളിങ് സ്റ്റേഷനു സമീപം സ്ഥാനാര്‍ത്ഥികളുടെ ബൂത്തുകള്‍ സ്ഥാപിക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗ്ഗനിര്‍ദ്ദേങ്ങള്‍ പാലിക്കണം. ഗ്രാമപഞ്ചായത്തില്‍ ബൂത്തുകള്‍ സ്ഥാപിക്കുമ്പോള്‍ പോളിങ് സ്റ്റേഷനില്‍നിന്ന് 200 മീറ്റര്‍ അകലവും, നഗരസഭയില്‍ 100 മീറ്റര്‍ അകലവും പാലിക്കണം. സ്ഥാനാര്‍ത്ഥിയുടെ പേര്, പാര്‍ട്ടി ചിഹ്നം എന്നിവ വ്യക്തമാക്കുന്ന ഒരു ബാനര്‍ ബൂത്തില്‍ സ്ഥാപിക്കാം. ബൂത്തുകള്‍ നിര്‍മ്മിക്കുന്നതിന് ബന്ധപ്പെട്ട അധികാരിയില്‍ നിന്ന് രേഖാമൂലമുള്ള അനുമതി വാങ്ങേണ്ടതാണ്. പോളിങ്ദിനത്തില്‍ ഗ്രാമപഞ്ചായത്തുകളിലെ പോളിങ് സ്റ്റേഷന്റെ 200 മീറ്റര്‍ പരിധിയിലും, നഗരസഭയില്‍ 100 മീറ്റര്‍ പരിധിയിലും വോട്ട് അഭ്യര്‍ത്ഥന പാടില്ല.

ഒബ്സര്‍വര്‍, വരണാധികാരി, സുരക്ഷാ ഉദ്യോഗസ്ഥര്‍, പ്രിസൈഡിങ് ഓഫീസര്‍, സെക്ടറല്‍ ഓഫീസര്‍ എന്നിവര്‍ക്കൊഴികെ പോളിങ് സ്റ്റേഷനകത്ത് മൊബൈല്‍ ഫോണ്‍ അനുവദിക്കില്ല. പോളിങ് ദിനത്തില്‍ രാഷ്ട്രീയകക്ഷികള്‍ക്കോ സ്ഥാനാര്‍ത്ഥിക്കോ വോട്ടര്‍മാരെ പോളിങ് സ്റ്റേഷനില്‍ എത്തിക്കുന്നതിന് വാഹനമേര്‍പ്പെടുത്താന്‍ പാടില്ല. നേരിട്ടോ അല്ലാതെയോ ഇത്തരം സൗകര്യം ഒരുക്കുന്നത് കുറ്റകരമാണ്.

ജില്ലയില്‍ 20 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ 20 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ . പോളിങ് സ്റ്റേഷനുകളിലേക്കുള്ള സാധനസാമഗ്രികള്‍ വിതരണം ചെയ്യുന്നതും സ്വീകരിക്കുന്നതും ഈ കേന്ദ്രങ്ങളിലാണ്. ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്തുകള്‍ക്കായി 13 കേന്ദ്രങ്ങളും മുനിസിപ്പാലിറ്റികള്‍ക്ക് ഏഴ് കേന്ദ്രങ്ങളുമാണ് അനുവദിച്ചിട്ടുള്ളത്.മുനിസിപ്പാലിറ്റി തലത്തില്‍ ഷൊര്‍ണ്ണൂര്‍ സെന്റ.് തെരാസസ് കോണ്‍വെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഒറ്റപ്പാലം എല്‍ എസ് എന്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പാലക്കാട് മുനിസിപ്പല്‍ ഹാള്‍ (പുതിയ കെട്ടിടം ഗ്രൗണ്ട് ഫ്ലോര്‍), ചിറ്റൂര്‍ അമ്പാട്ടുപാളയം തത്തമംഗലം മുനിസിപ്പല്‍ ഓഫീസ്, പട്ടാമ്പി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, ചെര്‍പ്പുളശ്ശേരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ (മെയിന്‍ ബ്ലോക്ക്), മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിങ്ങനെയാണ് കേന്ദ്രങ്ങള്‍.

ബ്ലോക്ക് – ഗ്രാമ പഞ്ചായത്ത് തലത്തില്‍ തൃത്താല കൂറ്റനാട് വട്ടേനാട് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍,പട്ടാമ്പി ശ്രീ നീലകണ്ഠ സംസ്‌കൃത കോളേജ്, ഒറ്റപ്പാലം എന്‍.എസ്.എസ്.കെ.പി.ടി വൊക്കേഷണല്‍ ഹൈസ്‌കൂള്‍ ആന്‍ഡ് എന്‍.എസ്.എസ്.ബി.എഡ് ട്രെയിനിങ് കോളേജ്, ശ്രീകൃഷ്ണപുരം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മണ്ണാര്‍ക്കാട് നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയല്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ്, പാലക്കാട് കല്ലേക്കാട് വ്യാസ വിദ്യാപീഠം, സെന്‍ട്രല്‍ സ്‌കൂള്‍, കുഴല്‍മന്ദം പെരിയപാലം സി എ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ചിറ്റൂര്‍ കൊഴിഞ്ഞാംപാറ നാട്ടുകല്‍ ഗവണ്‍മെന്റ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ്, കൊല്ലങ്കോട് ബി.എസ്.എസ്.എസ്.എച്ച്.എസ്.എസ് സ്‌കൂള്‍, നെന്മാറ എന്‍എസ്എസ് കോളേജ്, മലമ്പുഴ പാലക്കാട് വിക്ടോറിയ കോളേജ്, ആലത്തൂര്‍ എ എസ് എം എം എച്ച് എസ് എസ് എന്നിങ്ങനെയാണ് കേന്ദ്രങ്ങള്‍

ജില്ലയില്‍ തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം ഇന്ന്

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുളള തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം ഇന്ന് (ഡിസംബര്‍ 10)രാവിലെ 11 മുതല്‍ നടക്കും . തിരഞ്ഞെടുപ്പ് പ്രിസൈഡിങ് ഓഫീസറും മറ്റ് പോളിങ് ഉദ്യോഗസ്ഥരും അതാത് കേന്ദ്രങ്ങളിലെത്തി സാമഗ്രികള്‍ കൈപറ്റണം. ജില്ലയിലെ ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുകള്‍ക്കായി അനുവദിച്ചിട്ടുള്ള 13 കേന്ദ്രങ്ങളിലും മുന്‍സിപാലിറ്റികള്‍ക്കായി അനുവദിച്ചിട്ടുള്ള ഏഴ് കേന്ദ്രങ്ങളിലുമായാണ് തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം നടക്കുന്നത്. പോളിങ് സ്റ്റേഷനുകളിലേക്കുള്ള സാധനസാമഗ്രികള്‍ വിതരണം ചെയ്യുന്നതും സ്വീകരിക്കുന്നതും ഈ കേന്ദ്രങ്ങളിലാണ്.

മുനിസിപ്പാലിറ്റി തലത്തില്‍ ഷൊര്‍ണ്ണൂര്‍ സെന്റ് തെരാസസ് കോണ്‍വെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഒറ്റപ്പാലം എല്‍.എസ്.എന്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പാലക്കാട് മുനിസിപ്പല്‍ ഹാള്‍ (പുതിയ കെട്ടിടം ഗ്രൗണ്ട് ഫ്‌ലോര്‍), ചിറ്റൂര്‍ അമ്പാട്ടുപാളയം തത്തമംഗലം മുനിസിപ്പല്‍ ഓഫീസ്, പട്ടാമ്പി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, ചെര്‍പ്പുളശ്ശേരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ (മെയിന്‍ ബ്ലോക്ക്), മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് കേന്ദ്രങ്ങള്‍. ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് തലത്തില്‍ തൃത്താല കൂറ്റനാട് വട്ടേനാട് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, പട്ടാമ്പി ശ്രീ നീലകണ്ഠ സംസ്‌കൃത കോളേജ്, ഒറ്റപ്പാലം എന്‍.എസ്.എസ്.കെ.പി.ടി വൊക്കേഷണല്‍ ഹൈസ്‌കൂള്‍ ആന്‍ഡ് എന്‍.എസ്.എസ്.ബി.എഡ് ട്രെയിനിങ് കോളേജ്, ശ്രീകൃഷ്ണപുരം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മണ്ണാര്‍ക്കാട് നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയല്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, പാലക്കാട് കല്ലേക്കാട് വ്യാസ വിദ്യാപീഠം സെന്‍ട്രല്‍ സ്‌കൂള്‍, കുഴല്‍മന്ദം പെരിയപാലം സി.എ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ചിറ്റൂര്‍ കൊഴിഞ്ഞാംപാറ നാട്ടുകല്‍ ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, കൊല്ലങ്കോട് ബി.എസ്.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, നെന്മാറ എന്‍.എസ്.എസ് കോളേജ്, പാലക്കാട് വിക്ടോറിയ കോളേജ്, ആലത്തൂര്‍ എ.എസ്.എം.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിങ്ങനെയാണ് കേന്ദ്രങ്ങള്‍

എക്‌സൈസ് സ്‌പെഷ്യല്‍ ഡ്രൈവ് : 118 അബ്കാരി കേസുകളും 38 മയക്കുമരുന്ന് കേസുകളും കണ്ടെത്തി

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് -ക്രിസ്മസ് പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് എക്‌സൈസ് വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് സ്‌പെഷ്യല്‍ ഡ്രൈവില്‍ ജില്ലയില്‍ നടത്തിയ 855 പ്രത്യേക പരിശോധനകളില്‍ 118 അബ്ക്കാരി കേസുകളും 38 മയക്കു മരുന്ന് കേസുകളും കണ്ടെത്തി. ഈ കേസുകളിലായി 125 പേരെ അറസ്റ്റ് ചെയ്തു. അബ്ക്കാരി കേസുകളില്‍ 475.450 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം, 121.5 ലിറ്റര്‍ ചാരായം,7447 ലിറ്റര്‍ വാഷ്, 6.5 ലിറ്റര്‍ ബിയര്‍, 2543 ലിറ്റര്‍ കള്ള്, അഞ്ച് വാഹനങ്ങള്‍ എന്നിവ പിടിച്ചെടുത്തു. മയക്കുമരുന്ന് കേസുകളില്‍ നിന്ന് 81.181 കിലോ ഗ്രാം കഞ്ചാവ്, 3797 എണ്ണം കഞ്ചാവ് ചെടികള്‍, 1100 ഗ്രാം ഹാഷിഷ് ഓയില്‍, 1000 ബ്രൂപ്രിനോര്‍ഫിന്‍ ടാബ്, മൂന്ന് ഇ- സിഗരറ്റ്, ഒരു വാഹനം എന്നിവ പിടിച്ചെടുത്തു. പുകയില ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട് 665 കേസുകള്‍ കണ്ടെത്തുകയും ഈ കേസുകളിലായി 37.421 കിലോഗ്രാം പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്ത് 1.35 ലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്തു. 889 കള്ളുഷാപ്പുകളും 653 കള്ള് കടത്ത് വാഹനങ്ങളും പരിശോധിച്ച് 191 കള്ള് സാമ്പിളുകളും 55 ബാറുകളില്‍ പരിശോധിച്ചു. 12782 വാഹനങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കി. 573 കള്ള് ചെത്ത് തോട്ടങ്ങളില്‍ പരിശോധന നടത്തി. 193 സ്‌കൂള്‍, 18 റെയില്‍വേ സ്റ്റേഷന്‍ പരിസരങ്ങളിലും 21 അതിഥി തൊഴിലാളി ക്യാമ്പുകളിലും പരിശോധന നടത്തി.

കള്ള് ഷാപ്പുകള്‍ ഉള്‍പ്പെടെയുള്ള ലൈസന്‍സ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ ഈ കാലയളവില്‍ പ്രത്യേകം നിരീക്ഷിച്ച് വരുന്നുണ്ട്. കൂടാതെ എല്ലാ ഡിസ്റ്റിലറി/ബ്രിവറികളിലും പ്രത്യേക നിരീക്ഷണം നടത്തുന്നുണ്ട്. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ്, പൊലീസ്, റവന്യൂ, ഫോറസ്റ്റ് തുടങ്ങിയ വകുപ്പുകളും ആയി ചേര്‍ന്ന സംയുക്ത പരിശോധനകള്‍ നടത്തി. അട്ടപ്പാടി ചിറ്റൂര്‍ മേഖല എന്നിവിടങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തി പ്രത്യേക റെയിഡുകള്‍ നടത്തി. അതിര്‍ത്തി വഴികളിലൂടെയുള്ള കടത്തല്‍ കര്‍ശനമായി നിരീക്ഷിച്ച് നടപടി എടുക്കുന്നതിന് കര്‍ശന നിര്‍ദ്ദേശം ഉള്ളതായി പാലക്കാട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ പി കെ സതീഷ് അറിയിച്ചു.

error: Content is protected !!