Input your search keywords and press Enter.

പാലക്കാട് ജില്ലാ വാർത്തകൾ (19/12/2025) : Part 2

ഗസ്റ്റ് അധ്യാപക നിയമനം

പട്ടാമ്പി സര്‍ക്കാര്‍ സംസ്‌കൃത കോളേജില്‍ ഇംഗ്ലീഷ് വിഷയത്തില്‍ നിലവിലുള്ള അതിഥി അധ്യാപക ഒഴിവിലേക്ക് അപേക്ഷിക്കാം. യു ജി സി മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള യോഗ്യത ഉള്ളവരും തൃശൂര്‍ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുമായിരിക്കണം. ഉദ്യോഗാര്‍ഥികള്‍ അവരുടെ വയസ്, പ്രവൃത്തി പരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ രേഖകള്‍ സഹിതം ഡിസംബര്‍ 22 രാവിലെ 10.30 ന് കൂടിക്കാഴ്ചയ്ക്ക് ഹാജരാവണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍ : 0466 2212223.

 

ക്വട്ടേഷന്‍ ക്ഷണിച്ചു

പാലക്കാട് അഡീഷണല്‍ ഐ.സി.ഡി.എസ് ഓഫീസിന്റെ ആവശ്യങ്ങള്‍ക്ക് 2025-26 വര്‍ഷത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ വാഹനം നല്‍കുന്നതിന് താല്‍പര്യമുള്ളവരില്‍ നിന്ന് ക്വട്ടേഷനുകള്‍ ക്ഷണിച്ചു. വാഹനം ഏഴ് വര്‍ഷത്തിലധികം കാലപ്പഴക്കം ഇല്ലാത്തതായിരിക്കണം. വാഹനത്തിന്റെ ഡ്രൈവറുടെ ശമ്പളം, ഇന്ധനച്ചെലവ്, ടാക്സ്, ഇന്‍ഷുറന്‍സ്, മെയിന്റനന്‍സ്, മറ്റ് അനുബന്ധ ചെലവുകളെല്ലാം വാഹന ഉടമ വഹിക്കണം. പ്രതിമാസം 1500 കി.മീറ്റര്‍ വരെ ഓടുന്നതിനുള്ള വാടക ക്വട്ടേഷനില്‍ രേഖപ്പെടുത്തണം. ക്വട്ടേഷനുകള്‍ ജനുവരി മൂന്ന് ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും. അന്നേ ദിവസം വൈകീട്ട് 3.30 ന് ക്വട്ടേഷന്‍ തുറന്ന് പരിശോധിക്കും. ഫോണ്‍: 0491 2847770

 

ഗതാഗതം നിരോധിച്ചു

ഒലവക്കോട്- മലമ്പുഴ റോഡില്‍ പുതിയപാലം മുതല്‍ ഒലവക്കോട് ജങ്ഷന്‍ വരെ ടാറിങ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഇന്ന് (ഡിസംബര്‍ 18) രാവിലെ ഏഴ് മുതല്‍ വൈകീട്ട് അഞ്ച് വരെ ഗതാഗതം പൂര്‍ണമായും നിരോധിക്കും. കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ വിക്ടോറിയ കോളേജില്‍ നിന്നും ചുണ്ണാമ്പുതറ വഴി ഒലവക്കോട് ജംങ്ഷനിലേക്കും, പാലക്കാട്ടേക്ക് വരുന്ന വാഹനങ്ങള്‍ തിരിച്ചും പോകണമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

 

ക്വട്ടേഷന്‍ ക്ഷണിച്ചു

ജില്ലാ സാമൂഹ്യനീതി ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം വാടകയ്ക്ക് എടുക്കുന്നതിന് വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും മത്സരാധിഷ്ഠിത ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഡിസംബര്‍ 30 വൈകീട്ട് മൂന്ന് വരെ ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ സ്വീകരിക്കും. അന്നേദിവസം വൈകിട്ട് നാലിന് ക്വട്ടേഷനുകള്‍ തുറന്നു പരിശോധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04912505791

 

എക്കോ/ടിഎംടി ടെക്നീഷ്യന്‍ തസ്തികയില്‍ ഒഴിവ്

പാലക്കാട് ജില്ലാ ആശുപത്രിയില്‍ എക്കോ/ടി.എം.ടി ടെക്നീഷ്യന്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ആശുപത്രി മാനേജ്മെന്റ് സമിതിയാണ് നിയമനം നടത്തുന്നത്. കാര്‍ഡിയോ വാസ്‌കുലര്‍ ടെക്നോളജിയില്‍ സര്‍ക്കാര്‍ അംഗീകൃത ഡിഗ്രി/ഡിപ്ലോമ, കേരള പാരാമെഡിക്കല്‍ രജിസ്ട്രേഷന്‍ (ഡി.എം.ഇ) യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്കാണ് അവസരം. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം ഡിസംബര്‍ 24 ന് രാവിലെ പത്തിന് എത്തിച്ചേരണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0491 2533327, 2534524

 

റോഡ് അടച്ചിടും

പുതിയ പട്ടാമ്പി പാലത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് പൈലിങ് പ്രവൃത്തികള്‍ നമ്പ്രം റോഡില്‍ ആരംഭിക്കുന്നതിനാല്‍ ഇംഎംഎസ് പാര്‍ക്ക് മുതല്‍ കെന്‍സ ഫാഷന്‍ വരെയുള്ള റോഡ് ഡിസംബര്‍ 20 മുതല്‍ അടച്ചിടും. സി.പി.ഐ പാര്‍ട്ടി ഓഫീസിന് എതിര്‍വശത്ത് കൂടി ഇന്റര്‍ലോക്ക് പാകിയ റോഡ് യാത്ര ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കണമെന്ന് കേരള റോഡ് ഫണ്ട് ബോര്‍ഡ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

 

ജില്ലാതല ബഡ്സ് ഒളിമ്പിയ കായിക മത്സരം 20 ന്

പാലക്കാട് ജില്ലാതല ബഡ്സ് ഒളിമ്പിയ കായിക മത്സരം പറളി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഡിസംബര്‍ 20ന് നടക്കും. കുടുംബശ്രീയുടെ മേല്‍നോട്ടത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പ് സ്ഥാപനങ്ങളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ബഡ്സ് സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുടെ കായികപരമായ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായാണ് ബഡ്സ് ഒളിമ്പിയ കായിക മത്സരം സംഘടിപ്പിക്കുന്നത്. ജില്ലയില്‍ 35 ബഡ്സ്/ബി.ആര്‍.സി സ്ഥാപനങ്ങളിലായി ഇരുന്നൂറോളം ഭിന്നശേഷി കുട്ടികള്‍ കായിക മത്സരത്തില്‍ പങ്കെടുക്കും.

 

ലേലം ചെയ്യും

പൊതുമരാമത്ത് വകുപ്പ് (നിരത്തുകൾ വിഭാഗം) കൊഴിഞ്ഞാമ്പാറ സെക്‍ഷന്‍ പരിധിയിലുള്ള വിവിധ റോഡുകളുടെ പാർശ്വഭാഗങ്ങളിൽ നിൽക്കുന്ന ഫലവൃക്ഷങ്ങളിൽ നിന്നുള്ള കായ്ഫലങ്ങൾ വിളവെടുക്കുന്നതിനുള്ള അവകാശം ലേലം ചെയ്യുന്നു. സെക്‍ഷന് കീഴിലുള്ള 14 പ്രധാന നിരത്തുകളുടെ വശങ്ങളിലുള്ള മരങ്ങളുടെ ആദായമാണ് ലേലം വിളിച്ചു നൽകുന്നത്. പാലക്കാട് – പൊള്ളാച്ചി റോഡിനെ ഈ ലേല നടപടികളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഡിസംബർ 24 ന് കൊഴിഞ്ഞാമ്പാറയിലുള്ള അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയത്തിൽ വെച്ച് ലേലം നടക്കും. അവകാശം സ്വന്തമാക്കുന്നവർക്ക് ലേലം ഉറപ്പിച്ച തീയതി മുതൽ 2026 ഒക്ടോബർ 31 വരെയുള്ള കാലയളവിലേക്ക് കായ്ഫലങ്ങൾ ശേഖരിക്കാനുള്ള അനുമതി ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾ ഓഫീസില്‍ നിന്നും ലഭിക്കും.

 

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

മലമ്പുഴ ഗവ. വനിത ഐ.ടി.ഐയില്‍ കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് (COPA) ട്രേഡിൽ താത്കാലികാടിസ്ഥാനത്തില്‍ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. അപേക്ഷകർ ബന്ധപ്പെട്ട ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റും (NTC) മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ നാഷണൽ അപ്രന്റീസ്ഷിപ്പ് സർട്ടിഫിക്കറ്റും (NAC) ഒരു വർഷത്തെ പ്രവൃത്തി പരിചയവും ഉള്ളവരായിരിക്കണം. ബന്ധപ്പെട്ട എഞ്ചിനീയറിങ് ബ്രാഞ്ചിൽ മൂന്ന് വർഷത്തെ ഡിപ്ലോമയോ അല്ലെങ്കിൽ ബിരുദമോ ഉള്ളവർക്കും അഭിമുഖത്തിൽ പങ്കെടുക്കാം. ഈഴവ/തിയ്യ വിഭാഗത്തിൽപ്പെട്ടവരായിരിക്കണം. ഡിസംബർ 19-ന് രാവിലെ 11 മണിക്ക് മലമ്പുഴ ഐ.ടി.ഐയിൽ വെച്ച് അഭിമുഖം നടക്കും. താല്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന അസ്സൽ രേഖകളും അവയുടെ പകർപ്പുകളും ഹാജരാവണം. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 0491-2815181.

മീനാക്ഷിപുരത്ത് പ്രവർത്തിക്കുന്ന പെരുമാട്ടി ഗവ. ഐ.ടി.ഐയിൽ മെക്കാനിക് അഗ്രികൾച്ചറൽ മെഷിനറി ട്രേഡിലേക്ക് താത്കാലികാടിസ്ഥാനത്തില്‍ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. അഗ്രികൾച്ചറൽ എഞ്ചിനീയറിങിൽ ഡിപ്ലോമയോ ബിരുദമോ ഉള്ളവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം. ബിരുദമുള്ളവർക്ക് ഒരു വർഷത്തെയും ഡിപ്ലോമയുള്ളവർക്ക് രണ്ട് വർഷത്തെയും പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. കൂടാതെ എൽ.എം.വി ഡ്രൈവിങ് ലൈസൻസും ഉണ്ടായിരിക്കണം. മെക്കാനിക് അഗ്രികൾച്ചറൽ മെഷിനറിയിൽ ഐ.ടി.ഐ സർട്ടിഫിക്കറ്റും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും എൽ.എം.വി ഡ്രൈവിങ് ലൈസൻസും ഉള്ളവര്‍ക്കും കൂടിക്കാഴ്ചയിൽ പങ്കെടുക്കാം. കൂടിക്കാഴ്ച ഡിസംബർ 19-ന് രാവിലെ 10 മണിക്ക് ഐ.ടി.ഐയിൽ വെച്ച് നടക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം പ്രിൻസിപ്പല്‍ മുമ്പാകെ ഹാജരാവണം. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 04923-234235, 9847070346.

 

വലത്കര മെയിൻ കനാൽ ഇന്ന് തുറക്കും

മേലാമുറി, മെഴുകുമ്പാറ, ചിറപ്പാടം, കൈതച്ചിറ എന്നിവിടങ്ങളിലേയ്ക്ക് വെള്ളം എത്തിക്കുന്ന കാഞ്ഞിരപ്പുഴ വലത് കര മെയിൻ കനാൽ ഇന്ന് (ഡിസംബര്‍ 18) രാവിലെ എട്ട് മണിക്ക് തുറക്കുമെന്ന് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

 

അപ്രന്റിസ്ഷിപ്പ് മേള 22-ന്

പ്രധാനമന്ത്രി ദേശീയ അപ്രന്റിസ്ഷിപ്പ് മേള ഡിസംബർ 22-ന് മലമ്പുഴ ഗവ. ഐ.ടി.ഐ ക്യാമ്പസ്സിൽ നടക്കും. ഐ.ടി.ഐ പഠനം പൂർത്തിയാക്കി എൻ.ടി.സി അല്ലെങ്കിൽ എസ്.ടി.സി സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കിയ ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. പങ്കെടുക്കാൻ താല്പര്യമുള്ളവർ ഡിസംബർ 22-ന് രാവിലെ ഒമ്പതു മണിക്ക് ക്യാമ്പസ്സിൽ റിപ്പോർട്ട് ചെയ്യണമെന്ന് ട്രെയിനിങ് ഓഫീസര്‍ അറിയിച്ചു. കൂടുതൽ വിവരങ്ങൾ 0491-2815761 എന്ന നമ്പറില്‍ ലഭിക്കും.

 

വാഹനം ആവശ്യമുണ്ട്

പാലക്കാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് മെഡിക്കൽ സയൻസസിന്റെ (ഗവ. മെഡിക്കൽ കോളേജ്) ഔദ്യോഗിക ആവശ്യങ്ങൾക്കായി കരാർ അടിസ്ഥാനത്തിൽ എസ്.യു.വി/ എം.യു.വി വാഹനം വാടകയ്ക്ക് എടുക്കുന്നു. രണ്ട് വർഷത്തിൽ കൂടുതൽ പഴക്കമില്ലാത്തതും ട്രാൻസ്പോർട്ട് വാഹനമായി രജിസ്റ്റർ ചെയ്തതുമായ വാഹനമായിരിക്കണം. താൽപ്പര്യമുള്ളവർ നിശ്ചിത മാതൃകയിലുള്ള ക്വട്ടേഷനുകൾ ഡിസംബർ 29-ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മുമ്പായി മെഡിക്കൽ കോളേജ് ഓഫീസിൽ സമർപ്പിക്കണം. അന്നേ ദിവസം ഉച്ചയ്ക്ക് 2.30 ന് ക്വട്ടേഷനുകൾ തുറന്നു പരിശോധിക്കും. ക്വട്ടേഷൻ ഫോമുകൾക്കും കൂടുതൽ വിവരങ്ങൾക്കുമായി പ്രവൃത്തി സമയങ്ങളിൽ കോളേജ് ഓഫീസുമായി നേരിട്ട് ബന്ധപ്പെടാം. ഫോണ്‍: 0491-2951010.

 

തപാൽ വകുപ്പിൽ വാഹനം: ഇ-ടെൻഡർ ക്ഷണിച്ചു

പാലക്കാട് ആർ.എം.എസ് ഓഫീസ് മുതൽ പാലക്കാട് പി.എച്ച് വരെയുള്ള റൂട്ടിൽ തപാൽ ഉരുപ്പടികൾ എത്തിക്കുന്നതിനായി കരാർ അടിസ്ഥാനത്തിൽ വാണിജ്യ വാഹനം വാടകയ്ക്കെടുക്കുന്നു. വാഹനം പത്ത് ക്വിന്റലിൽ (1000 കിലോഗ്രാം) കുറയാത്ത ഭാരം കയറ്റാൻ ശേഷിയുള്ള ഫോർ വീലർ ഗുഡ്‌സ് കാരിയർ ആയിരിക്കണം. മൂന്ന് വർഷത്തിൽ കൂടുതൽ പഴക്കം ഉണ്ടാകാൻ പാടില്ല. തപാൽ ഉരുപ്പടികൾ സുരക്ഷിതമായി കൊണ്ടുപോകുന്നതിനായി വാഹനത്തിന്റെ ബോഡി മഴ നനയാത്ത രീതിയിൽ ലോഹ ഷീറ്റുകൾ കൊണ്ട് പൊതിഞ്ഞതും കൃത്യമായ ലോക്കിങ് സംവിധാനത്തോട് കൂടിയതുമായിരിക്കണം. രണ്ട് വർഷത്തേക്കാണ് കരാർ കാലാവധി. നിബന്ധനകൾക്ക് വിധേയമായി ഇത് ഒരു വർഷം കൂടി നീട്ടി നൽകും. GEM/2025/B/7002688 എന്ന ടെൻഡർ ഐഡി വഴി ജനുവരി 19-ന് ഉച്ചയ്ക്ക് ഒരു മണി വരെ അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷിക്കുന്നവർ 48,000 രൂപ നിരതദ്രവ്യമായി (EMD) കെട്ടിവെക്കണം. താല്പര്യമുള്ളവർ http://eprocure.gov.in എന്ന വെബ്സൈറ്റ് വഴി ഡിജിറ്റൽ സിഗ്നേച്ചർ ഉപയോഗിച്ച് ഓൺലൈനായാണ് ടെൻഡർ നൽകേണ്ടത്. ഓൺലൈനായി അപേക്ഷിക്കുന്നതിനൊപ്പം ഇ.എം.ഡി, ടെൻഡർ ഫീ എന്നിവയുടെ അസ്സൽ രസീതുകൾ (ACG 67) ജനുവരി 19 ഉച്ചയ്ക്ക് ഒരു മണിക്ക് മുൻപായി കോഴിക്കോട്ടെ ആർ.എം.എസ് സൂപ്രണ്ടിന്റെ ഓഫീസിൽ നേരിട്ട് എത്തിക്കണം.

error: Content is protected !!