ക്വട്ടേഷന്‍ ക്ഷണിച്ചു
അട്ടപ്പാടി താലൂക്ക് ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് ഐ.ഇ.സി ബോര്‍ഡുകളും മറ്റും നിര്‍മ്മിച്ച് സ്ഥാപിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജനുവരി 27 രാവിലെ 11 വരെ ഓഫീസില്‍ സ്വീകരിക്കും. അന്നേദിവസം ഉച്ചയ്ക്ക് രണ്ടിന് ക്വട്ടേഷന്‍ തുറന്ന് പരിശോധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9048088101
ജോബ് ഡ്രൈവ് 23ന്
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 23 ന് രാവിലെ 10ന് ജോബ് ഡ്രൈവ് സംഘടിപ്പിക്കുന്നു. മൂന്ന് പ്രമുഖ സ്വകാര്യ കമ്പനികള്‍ക്കായി ടെക്‌നീഷ്യന്‍, ടെലികോളര്‍, ഗ്രോത് മാനേജര്‍, ഏജന്‍സി ലീഡര്‍, ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍, ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് എന്നീ ഒഴിവുകളിലേക്കാണ് അഭിമുഖം നടത്തുന്നത്. ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനോട് അനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ വെച്ചാണ് ജോബ് ഡ്രൈവ്. എസ്എസ്എല്‍സി, പ്ലസ് ടു, ഏതെങ്കിലും വിഷയത്തില്‍ ബിരുദം, ഐടിഐ, ഡിപ്ലോമ എന്നിവയാണ് യോഗ്യത. എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമാണ് മേളയില്‍ പ്രവേശനം. രജിസ്റ്റര്‍ ചെയ്യാന്‍ താല്പര്യമുള്ളവര്‍ ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ഫീസായി 300 രൂപയും സഹിതം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നേരിട്ട് എത്തണം. എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ രസീതി, ബയോഡേറ്റ കോപ്പി എന്നിവ ഹാജരാക്കിയാല്‍ മതിയാകുമെന്ന് ജില്ല എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04912505435, 2505204
ഫാര്‍മസിസ്റ്റ് നിയമനത്തിന് അപേക്ഷിക്കാം
കൊടുവായൂര്‍ സാമൂഹിക ആരോഗ്യകേന്ദ്രത്തിലേക്ക് എച്ച്.എം.സി മുഖേന ദിവസവേതനാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റ് നിയമനം നടത്തുന്നു. കേരള സ്‌റ്റേറ്റ് ഫാര്‍മസി കൗണ്‍സില്‍ അംഗീകരിച്ച ഡി.ഫാം/ ബി.ഫാമാണ് യോഗ്യത. അപേക്ഷകര്‍ക്ക് പ്രായം 40 വയസ്സ് കവിയരുത്. താല്‍പര്യമുള്ളവര്‍ ജനുവരി 29ന് വൈകീട്ട് അഞ്ചിന് മുന്‍പായി അപേക്ഷ ലഭ്യമാക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു.
ഡോക്ടര്‍ ഒഴിവ് ; അഭിമുഖം 28 ന്
ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പിന് കീഴില്‍ പാലക്കാട് ജില്ലയിലെ ഇ.എസ്.ഐ ആശുപത്രികളിലേക്കും ഡിസ്‌പെന്‍സറികളിലേക്കും അസിസ്റ്റന്റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍മാരെ (അലോപ്പതി) കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഒരു വര്‍ഷത്തേക്കാണ് നിയമനം. എം.ബി.ബി.എസ് ബിരുദവും ടി.സി.എം.സി (TCMC) രജിസ്‌ട്രേഷനുമാണ് വിദ്യാഭ്യാസ യോഗ്യത.
താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 28-ന് രാവിലെ 11 മണിക്ക് കോഴിക്കോട് മാങ്കാവിലുള്ള ഉത്തരമേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ (സായ് ബില്‍ഡിങ്, എരഞ്ഞിക്കല്‍ ഭഗവതി ക്ഷേത്രം റോഡ്) അസ്സല്‍ രേഖകളും പകര്‍പ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0495-2322339
ട്രസ്റ്റി നിയമനം
പട്ടാമ്പി താലൂക്കില്‍ ഉള്‍പ്പെടുന്ന ശ്രീ തിരുവാനിപ്പുറ ദേവസ്വത്തില്‍ പാരമ്പര്യേതര ട്രസ്റ്റി ഒഴിവിലേക്ക് നിയമനം നടത്തുന്നു. താല്‍പര്യമുള്ളവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ ജനുവരി 30-ന് വൈകീട്ട് അഞ്ചിന് മുന്‍പായി തിരൂര്‍ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ദേവസ്വം ബോര്‍ഡ് മലപ്പുറം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭ്യമാക്കണം. അപേക്ഷാ ഫോറത്തിന്റെ മാതൃകയ്ക്കും നിയമനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്കുമായി മലപ്പുറം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസുമായോ അല്ലെങ്കില്‍ വകുപ്പിന്റെ ഗുരുവായൂര്‍ ഡിവിഷന്‍ ഇന്‍സ്പെക്ടറുടെ ഓഫീസുമായോ നേരിട്ട് ബന്ധപ്പെടാം. ഫോണ്‍: 0494 2431066
കാര്‍ഷിക സര്‍വെ: ജില്ലാതല പരിശീലന പരിപാടി സംഘടിപ്പിച്ചു
സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ നേതൃത്വത്തില്‍ 2025-26 വര്‍ഷത്തെ കാര്‍ഷിക സര്‍വെയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്കായി ജില്ലാതല പരിശീലന പരിപാടി സംഘടിപ്പിച്ചു. അസിസ്റ്റന്റ് കളക്ടര്‍ രവി മീണ പരിപാടി ഉദ്ഘാടനം ചെയ്തു. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ‘ഇഎആര്‍എഎസ്’ (Establishment of an agency for reporting agriculture statistics) പ്രകാരം സംസ്ഥാനത്ത് നടത്തുന്ന വിവരശേഖരണ പരിപാടിയുടെ ഭാഗമായാണ് പരിശീലനം നടത്തിയത്. സംസ്ഥാനത്തെ 811 സോണുകളായി തിരിച്ച്, ഓരോ കാര്‍ഷിക വര്‍ഷത്തിലും വിവിധ കാര്‍ഷിക വിളകളുടെ വിസ്തൃതി, ഉല്പാദനം, ഉല്പാദനക്ഷമത, വിവിധ ജല സ്രോതസ്സുകളുടെ വിസ്തീര്‍ണ്ണം, ഭൂമിയുടെ വിവിധ തരത്തിലുള്ള വിനിയോഗം തുടങ്ങിയ സ്ഥിതിവിവരക്കണക്കുകള്‍ പ്രസ്തുത പദ്ധതിയിലൂടെ ശേഖരിക്കുന്നു.
ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എസ് കിരണ്‍ അധ്യക്ഷത വഹിച്ചു. സാമ്പത്തിക സ്ഥിതിവിവരകണക്ക് ഡയറക്ടര്‍ സി.പി രശ്മി വിശിഷ്ടാതിഥിയായി. ജോയിന്റ് ഡയറക്ടര്‍ കെ സെലീന മുഖ്യപ്രഭാഷണം നടത്തി. വിവിധ വിഷയങ്ങളില്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്‌പെക്ടര്‍മാരായ പി ഉസ്സന്‍കുട്ടി, കെ.ബി ബാലാജി ശങ്കര്‍, കെ ശ്രീകുമാരന്‍, താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ എന്‍.വി മധുസൂദനന്‍, സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ആര്‍ രതീഷ്, അഡീഷണല്‍ ജില്ലാ ഓഫീസര്‍ റീമി കൊച്ചു വര്‍ക്കി, റിസര്‍ച്ച് അസിസ്റ്റന്റ് കെ കബീര്‍, റിസര്‍ച്ച് ഓഫീസര്‍ പി.ഒ ബെന്നി എന്നിവര്‍ സാങ്കേതിക സെഷനുകള്‍ അവതരിപ്പിച്ചു. സാമ്പത്തിക സ്ഥിതി വിവരക്കണക്ക് ഡെപ്യൂട്ടി ഡയറക്ടര്‍ സതീഷ് കുമാര്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ ഏലിയാമ്മ നൈനാന്‍, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ സി.ജി രാജേഷ്, സീനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ അന്‍വര്‍ ഹുസൈന്‍, അസിസ്റ്റന്റ് ഡയറക്ടര്‍ പി.ഇ ശ്രീഷ്മ, ജില്ലാ ഓഫീസര്‍ എം.വി പ്രേമ എന്നിവര്‍ സംസാരിച്ചു.
ഗതാഗതം നിരോധിക്കും
കൂട്ടിലക്കടവ് കരിമ്പുഴ റോഡില്‍ കി.മി. 0/000 മുതല്‍ 1/700 വരെ ബിഎം ആന്‍ഡ് ബിസി ചെയ്ത് നവീകരിക്കുന്നതിന്റെ ഭാഗമായി വാഹന ഗതാഗതം നിരോധിക്കും. ജനുവരി 19 മുതല്‍ 31 വരെ 13 ദിവസത്തേക്കാണ് നിരോധനം. ഇതുവഴി പോകുന്ന വാഹനങ്ങള്‍ ശ്രീകൃഷ്ണപുരം എസ്.ബി.ടി ജംങ്ഷനില്‍ നിന്ന് ശ്രീകൃഷ്ണപുരം ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളേജിനു(മണ്ണമ്പറ്റ ജങ്ഷന്‍) മുന്‍വശത്തിലൂടെ പുലിയങ്ങാട് തെരുവ് റോഡിലൂടെ കൂട്ടിലക്കടവ് പ്രവേശിക്കണമെന്ന് മണ്ണാര്‍ക്കാട് പൊതുമരാമത്ത് വകുപ്പ് നിരത്ത് ഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
കേരള മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡ് അംഗത്വം പുതുക്കാം
കേരള മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡില്‍ വിവിധ കാലയളവില്‍ അംഗത്വം എടുക്കുകയും ശേഷം വിഹിതമടവ് മുടങ്ങുകയും ചെയ്ത 60 വയസ്സ് തികയാത്ത ക്ഷേമനിധി അംഗങ്ങള്‍ക്ക് പിഴയോടുകൂടി അംഗത്വം പുതുക്കുന്നതിന് 2026 ജൂണ്‍ 30 വരെ അപേക്ഷിക്കാമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0495 2966577
കുടിശ്ശിക ഒടുക്കാം
കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് പാലക്കാട് ഓഫീസിലെ അംശാദായം 24 മാസത്തിലധികം കുടിശ്ശിക വരുത്തി അംഗത്വം നഷ്ടപ്പെട്ട കർഷക തൊഴിലാളി ക്ഷേമനിധി അംഗങ്ങൾക്ക് ഫെബ്രുവരി രണ്ടു വരെ കുടിശ്ശിക ഒടുക്കാമെന്ന് ജില്ലാ എക്സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു. കുടിശ്ശിക അടക്കാൻ വരുന്ന അംഗങ്ങൾ ക്ഷേമനിധി പാസ്ബുക്ക്, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക് ഒരു ഫോട്ടോ എന്നിവ കൊണ്ടു വരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ: 0491-2530558.
ലാബ് ടെക്നീഷ്യൻ നിയമനം; അഭിമുഖം 21-ന്
പാലക്കാട് ഗവ. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലേക്ക് കാസ്പ് പദ്ധതിയില്‍ ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. ആശുപത്രി സൂപ്രണ്ടിന്റെ ചേംബറിൽ വെച്ച് ജനുവരി 21-ന് രാവിലെ 11 മണിക്ക് അഭിമുഖം നടക്കും. ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ നൽകുന്ന ഡിപ്ലോമ ഇൻ മെഡിക്കൽ ലാബ് ടെക്നോളജി (DMLT), അല്ലെങ്കിൽ ബി.എസ്.സി / എം.എൽ.ടി എന്നിവയിൽ ഏതെങ്കിലും ഒന്നിലുള്ള യോഗ്യതാ സർട്ടിഫിക്കറ്റും പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും ഉള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. അപേക്ഷകർ 35 വയസ്സിൽ താഴെയുള്ളവരായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 16,000 രൂപയാണ് വേതനം നൽകുന്നത്. പാലക്കാട് നഗര പരിധിയിലുള്ള ഉദ്യോഗാർത്ഥികൾക്ക് നിയമനത്തിൽ മുൻഗണന നല്‍കും. താല്പര്യമുള്ളവർ അസ്സൽ രേഖകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ ഓരോ പകർപ്പുകളും ആധാർ കാർഡും സഹിതം നിശ്ചിത സമയത്ത് ഹാജരാകേണ്ടതാണ്. ജോലിക്ക് തിരഞ്ഞെടുക്കപ്പെടുന്നവർ പത്ത് ദിവസത്തിനകം പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കുകയും വേണം.
വിരമിച്ച വിമുക്തഭടന്മാരുടെ ആശ്രിതര്‍ക്കായി ക്യാമ്പ് 29ന്
ദക്ഷിണ നാവിക ആസ്ഥാനമായ കൊച്ചിയിലെ ഐ.എന്‍.എസ് വെണ്ടുരുത്തിയില്‍ നിന്നും ഇന്ത്യന്‍ നേവിയുടെ പ്രതിനിധികള്‍ ജനുവരി 29ന് ജില്ലയില്‍ ക്യാമ്പ് നടത്തുന്നു. രാവിലെ 11 മുതല്‍ ഒന്ന് വരെ ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് ക്യാമ്പ്. നേവിയിലെ പുതിയ ക്ഷേമ പദ്ധതികളെകുറിച്ചും പെന്‍ഷന്‍ സംബന്ധമായ അന്വേഷണങ്ങള്‍ക്കും പരാതി പരിഹാരത്തിനുമായി ഇന്ത്യന്‍ നേവിയില്‍ നിന്ന് വിരമിച്ച വിമുക്തഭടന്‍മാരും അവരുടെ ആശ്രിതരും എത്തണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.
പി.എസ്.സി അഭിമുഖം 21 മുതൽ
പാലക്കാട് ജില്ലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പിൽ വിവിധ അധ്യാപക തസ്തികകളിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖം ജനുവരി 21 മുതല്‍ നടക്കും. ഡ്രോയിങ് ടീച്ചർ (കാറ്റഗറി നം. 079/2024) തസ്തികയിലേക്കുള്ള അഭിമുഖം ജനുവരി 21, 22 തീയതികളിൽ തൃശ്ശൂർ ജില്ലാ പി.എസ്.സി ഓഫീസിലും ജനുവരി 23-ന് പാലക്കാട് ജില്ലാ പി.എസ്.സി ഓഫീസിലും ഓഫീസിലും നടക്കും. ഹൈസ്കൂൾ ടീച്ചർ (കണക്ക് – തമിഴ് മാധ്യമം, കാറ്റഗറി. നം 331/2024) തസ്തികയിലേക്ക് ജനുവരി 22, 23 തീയതികളിൽ തൃശ്ശൂർ ജില്ലാ പി.എസ്.സി ഓഫീസിലാണ് അഭിമുഖം. ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക് – എൽ.പി.എസ് എൻ.സി.എ-എസ്.സി, കാറ്റഗറി നം. 080/2025), പാർട്ട് ടൈം ഹൈസ്കൂൾ ടീച്ചർ -അറബിക്(കാറ്റഗറി നം. 201/2024) എന്നീ തസ്തികകളുടെ അഭിമുഖം ജനുവരി 28-ന് പാലക്കാട് ജില്ലാ പി.എസ്.സി ഓഫീസിൽ നടക്കും. ഹൈസ്കൂൾ ടീച്ചർ -തമിഴ് (കാറ്റഗറി നം. 248/2024) തസ്തികയിലേക്ക് ജനുവരി 28, 29 തീയതികളിലും പാർട്ട് ടൈം ഹൈസ്കൂൾ ടീച്ചർ -ഹിന്ദി (കാറ്റഗറി നം. 619/2024) തസ്തികയിലേക്ക് ജനുവരി 30, ഫെബ്രുവരി 4, 5 തീയതികളിലും പാലക്കാട് ജില്ലാ പി.എസ്.സി ഓഫീസിൽ വെച്ച് അഭിമുഖം നടക്കും. അഭിമുഖത്തിന് അർഹരായ എല്ലാ ഉദ്യോഗാർത്ഥികൾക്കും അവരുടെ പ്രൊഫൈൽ വഴിയും എസ്.എം.എസ് വഴിയും അറിയിപ്പുകൾ നൽകിയിട്ടുണ്ട്. വൺ ടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റിന്റെ അസ്സൽ, യോഗ്യത തെളിയിക്കുന്ന മറ്റ് അസ്സൽ പ്രമാണങ്ങൾ, ഇന്റർവ്യൂ മെമ്മോ, തിരിച്ചറിയൽ രേഖ എന്നിവ അഭിമുഖത്തിന് ഹാജരാവണമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.
അധ്യാപക ഒഴിവ്
വെണ്ണക്കര ഗവൺമെന്റ് ഹൈസ്കൂളിൽ എച്ച്.എസ്.ടി ഗണിതം തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. താല്പര്യമുള്ളവർ ജനുവരി 20 ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് സ്കൂളിൽ വെച്ച് നടത്തുന്ന അഭിമുഖത്തിൽ യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകൾ സഹിതം കൃത്യസമയത്ത് ഹാജരാവണം. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: ഫോൺ: 0491 2515872
റോഡ് സുരക്ഷാ കൗൺസിൽ യോഗം ചേർന്നു
ജില്ലാ റോഡ് സുരക്ഷാ കൗണ്‍സില്‍ യോഗം ജില്ലാ കളക്ടർ എം എസ് മാധവിക്കുട്ടിയുടെ അധ്യക്ഷതയിൽ ചേര്‍ന്നു. പാലക്കാട് നഗരത്തിലെ ഗതാഗത പ്രശ്നങ്ങൾ തിരിച്ചറിയുന്നതിനും പരിഹരിക്കുന്നതിനുമായി ഐ.ഐ.ടിയുടെ നേതൃത്വത്തിൽ പൊലീസ്, മോട്ടോർ വാഹന വകുപ്പ് എന്നിവരെ ഉൾപ്പെടുത്തി പ്രത്യേക ടീം യോഗത്തില്‍ രൂപീകരിച്ചു. സ്കൂൾ മേഖലകളിൽ റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി ജില്ലയിലെ 14 സ്കൂൾ മേഖലകൾക്കായി സമർപ്പിച്ച പ്രൊപ്പോസലുകൾ ആർടിഒ എൻഫോഴ്സ്മെന്റ്റ് പാലക്കാട്, ആർടിഒ പാലക്കാട് എന്നിവർ സംയുക്തമായി പരിശോധിച്ചു. സംസ്ഥാന റോഡ് സേഫ്റ്റി അതോറിറ്റിയില്‍ നിന്നും (കെ.ആര്‍.എസ്.എ) ഫണ്ട് അനുവദിക്കുന്നതിനായി നിർദ്ദിഷ്ട ഫോർമാറ്റിലും മാർഗനിർദേശങ്ങൾക്കും അനുസൃതമായും പുതുക്കിയ പ്രൊപ്പോസലുകൾ സമർപ്പിക്കാൻ ബന്ധപ്പെട്ട റോഡുകളുടെ ചുമതലയുള്ള പി.ഡബ്ല്യു.ഡി. നിരത്തു വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയർക്കു ജില്ലാ കളക്ടർ നിർദ്ദേശം നൽകി.. ജില്ലാ കളക്ടറുടെ ചേംബറിൽ ചേര്‍ന്ന യോഗത്തിൽ ജില്ലാ പൊലീസ് മേധാവി അജിത് കുമാർ, റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ മുജീബ്, റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ(എൻഫോഴ്സ്മെന്റ്) കെ ഡി രഘു, ഐഐടി അസോസിയേറ്റ് പ്രൊഫസർ ബി.കെ ഭവത്രതൻ, മറ്റ് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.
നവകേരളം സിറ്റിസണ്‍ റെസ്‌പോൺസ് പ്രോഗ്രാം; കര്‍മ്മ സേനാംഗങ്ങള്‍ക്കുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു
നവകേരളം സിറ്റിസണ്‍ റെസ്‌പോൺസ് പ്രോഗ്രാം വികസന ക്ഷേമ പഠന പരിപാടിയുടെ ഭാഗമായി, മണ്ണാർക്കാട് മണ്ഡലത്തിലെ കര്‍മ്മ സേനാംഗങ്ങള്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു. അലനല്ലൂർ, കോട്ടോപ്പാടം, കുമരംപുത്തൂർ ഗ്രാമ പഞ്ചായത്തുകളിലെയും മണ്ണാർക്കാട് മുനിസിപ്പാലിറ്റിയിലെയും കര്‍മ്മ സേനാംഗങ്ങള്‍ക്കാണ് പരിശീലനം നല്‍കിയത്.
ജനങ്ങളില്‍ നിന്ന് വികസന നിര്‍ദ്ദേശങ്ങളും, ക്ഷേമ പദ്ധതികള്‍ സംബന്ധിച്ച അഭിപ്രായങ്ങളും ആശയങ്ങളും ലഭ്യമാക്കുന്നതിനും, പ്രാദേശികമായി വികസന ആവശ്യങ്ങള്‍ മനസ്സിലാക്കി ആസൂത്രണം നടത്തുന്നതിനുമായി അഭിപ്രായങ്ങള്‍ സമാഹരിക്കുകയാണ് നവകേരളം സിറ്റിസണ്‍ റെസ്‌പോൺസ് പരിപാടിയുടെ ലക്ഷ്യം. ഇതിന്റെ തുടര്‍ച്ചയായി 2026 ജനുവരി 1 മുതല്‍ 31 വരെ കര്‍മ്മ സേനാംഗങ്ങളുടെ നേതൃത്വത്തിൽ ഗൃഹ സന്ദര്‍ശനവും നടക്കും. കുമരംപുത്തൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ മണ്ഡലതല ചാര്‍ജ്ജ് ഓഫീസര്‍ ശ്രീതാര ആമുഖ പ്രസംഗം അവതരിപ്പിച്ചു. റിസോഴ്സ് പേഴ്സണ്‍മാരായ ശ്രീനിവാസൻ, ഹസ്സൻ മുഹമ്മദ്, വിജയൻ തീമാറ്റിക് എക്സ്‌പേര്‍ട്ട്മാരായ ബിബിത, വസന്തമണി എന്നിവർ വിശദീകരണം നൽകി. മണ്ഡലം സമിതി അംഗം മുഹമ്മദ് ബഷീർ, പഞ്ചായത്ത്തല ചാർജ് ഓഫീസർമാരായ വി മനു, സാബു, കര്‍മ്മ സേനാംഗങ്ങള്‍ തുടങ്ങിയവർ പങ്കെടുത്തു.
തൃത്താലയിലെ വികസനോത്സവത്തിന് തുടക്കമായി ഓണപ്പറമ്പ് നഗർ നിർമ്മാണോദ്ഘാടനം മന്ത്രി എം ബി രാജേഷ് നിർവ്വഹിച്ചു
ഫെബ്രുവരി 24 വരെ നീണ്ടു നിൽക്കുന്ന തൃത്താല മണ്ഡലത്തിൻ്റെ വികസനോത്സവത്തിന് തുടക്കമായി. നാഗലശ്ശേരി ഗ്രാമ പഞ്ചായത്തിലെ ഓണപ്പറമ്പ് നഗർ നിർമ്മാണോദ്ഘാടനം തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെൻ്റെറി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് നിർവ്വഹിച്ചു.
വികസനം കടലാസിലൊതുക്കാതെ ജനങ്ങൾക്ക് മുന്നിൽ പ്രാവർത്തികമാക്കി നൽകുന്ന സർക്കാരാണിതെന്നും കേരളത്തിലാകെയുള്ള വികസന പ്രവർത്തനങ്ങളുടെ കണ്ണഞ്ചിപ്പിക്കുന്ന മാറ്റം തൃത്താലയിലും പ്രകടമാണെന്നും മന്ത്രി പറഞ്ഞു.
പട്ടികജാതി വികസന വകുപ്പിന്റെ 2025-26 വർഷത്തെ അംബേദ്‌കർ ഗ്രാമം പദ്ധതി പ്രകാരം ഒരു കോടി രൂപ വിനിയോഗിച്ചാണ് വികസന പ്രവർത്തനങ്ങൾ നടത്തുന്നത്.
36 എസ് സി കുടുംബങ്ങൾ താമസിക്കുന്ന ഓണപ്പറമ്പ് നഗറിൻ്റെ സമഗ്ര വികസനത്തിനായി മന്ത്രി എം ബി രാജേഷ് നടത്തിയ ശ്രമഥമായാണ് അംബേദ്കർ ഗ്രാമം പദ്ധതിയിലൂടെ ഫണ്ട് ലഭ്യമായത്.
കമ്മ്യൂണിറ്റി ഹാൾ, റോഡ് വികസനം, മാലിന്യ സംസ്കരണം, അഴുക്കുച്ചാൽ, സൈഡ് പ്രൊട്ടക്‌ഷൻ, മിനി മാസ്റ്റ് ലൈറ്റ് തുടങ്ങിയ വികസന പ്രവർത്തനങ്ങളാണ് പദ്ധതി മുഖേന നടപ്പാക്കുന്നത്. അടിസ്ഥാന സൗകര്യം വിപുലപ്പെടുത്തി പ്രദേശവാസികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ ഇതു വഴി കഴിയും.
തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി ആർ കുഞ്ഞുണ്ണി അധ്യക്ഷനായി. നാഗലശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഡോ. ടി വി നിഷ മുഖ്യാതിഥിയായി. ബോക്ക് പഞ്ചായത്ത് അംഗം ടി കെ നീതു, രജിഷ, നാഗലശ്ശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മോഹനൻ, വാർഡ് മെമ്പർ ടി എം ലിബിൻ ദാസ്, ഉദ്യേഗസ്ഥർ, മോണിറ്ററിങ് കമ്മിറ്റി അംഗങ്ങൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു. നിർമ്മിതി കേന്ദ്രം പ്രാജക്ട് എഞ്ചിനീയർ എ ഉസ്മാൻ റിപ്പോർട്ട് അവതരിപ്പിച്ചു.