Input your search keywords and press Enter.

ലഹരി വിരുദ്ധ ക്യാമ്പയിന്‍ ജില്ലാതല ഉദ്ഘാടനം നടന്നു

ലഹരി വിരുദ്ധ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടന പരിപാടിയുടെ ഭാഗമായി അരങ്ങേറിയ മൈം.

പാലക്കാട്: കുടുംബശ്രീ ജില്ലാ മിഷന്റെയും ജില്ലാ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ജില്ലാതല ലഹരി വിരുദ്ധ ക്യാമ്പയിന്‍ ചെര്‍പ്പുളശ്ശേരി സര്‍വീസ് ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വഹിച്ചു. ചെര്‍പ്പുളശ്ശേരി നഗരസഭ ചെയര്‍മാന്‍ പി. രാമചന്ദ്രന്‍ അധ്യക്ഷനായി. ക്യാമ്പയിന്റെ ഭാഗമായി കുടുംബശ്രീ ജീവനക്കാര്‍ ഫ്‌ലാഷ് മോബ്, മൈം എന്നിവ അവതരിപ്പിച്ചു. പരിപാടിയില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.ടി പ്രമീള, വാര്‍ഡ് കൗണ്‍സിലര്‍മാരായ അബ്ദുല്‍ ഗഫൂര്‍, കമലം, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പ്രിയ, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ബി.എസ് മനോജ് ജില്ലാ പ്രോഗ്രാം മാനേജര്‍ നിഷിദ സൈബൂനി എന്നിവര്‍ സംസാരിച്ചു.

ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി വിപുലമായ പരിപാടികള്‍ ആവിഷ്‌കരിച്ച് കുടുംബശ്രീ

ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി വിപുലമായി പരിപാടികളാണ് കുടുംബശ്രീ നടപ്പിലാക്കുന്നത്. കുട്ടികള്‍ക്കിടയില്‍ ലഹരി ഉപയോഗം തടയുന്നതിനും ബോധവത്ക്കരണം നടത്തുന്നതിനും വേണ്ടി ജില്ലാ തലത്തിലും മുഴുവന്‍ പഞ്ചായത്തുകളിലും കുട്ടികളുടെ മാരത്തോണും ആശയമരവും സംഘടിപ്പിച്ചു.

ബാലസഭയുടെ നേതൃത്വത്തില്‍ എല്ലാ പഞ്ചായത്തിലും വാര്‍ഡ് തലത്തിലും തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. കുടുംബശ്രീ ജില്ലാ മിഷന് കീഴിലുള്ള ജന്‍ഡര്‍ റിസോഴ്‌സ് സെന്ററുകളുടെ കീഴില്‍ നാടകം, ബോധവത്ക്കരണ ക്ലാസുകള്‍, പോസ്റ്റര്‍ നിര്‍മാണം, ഒപ്പ് ശേഖരണം തുടങ്ങി വിവിധ തരത്തിലുള്ള ലഹരി വിരുദ്ധ പരിപാടികള്‍ സംഘടിപ്പിച്ചു.

ജില്ലയിലെ 30,044 കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളിലും ഒക്‌ടോബര്‍ 22 മുതല്‍ 25 വരെ അയല്‍ക്കൂട്ട അംഗങ്ങളും കുടുംബാംഗങ്ങളും ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളും പങ്കെടുക്കുന്ന അയല്‍ക്കൂട്ട തല ലഹരി വിരുദ്ധ സഭകള്‍ നടക്കും. ഒക്‌ടോബര്‍ 22 ന് പഞ്ചായത്ത് തലത്തില്‍ നടക്കുന്ന ജനജാഗ്രത സദസ്സുകളില്‍ കുടുംബശ്രീ അംഗങ്ങള്‍ പങ്കെടുക്കും. 24 ന് അയല്‍കൂട്ട വീടുകളില്‍ ദീപം തെളിയിക്കും. 28 ന് സൈക്കിള്‍ റാലി, 30ന് ലഹരി വിരുദ്ധ ശൃംഖല, പ്രചാരണ വിളംബര ജാഥ എന്നിവ മുഴുവന്‍ അയല്‍ക്കൂട്ട അംഗങ്ങളെയും ഉള്‍പ്പെടുത്തി പഞ്ചായത്തുകളില്‍ സംഘടിപ്പിക്കും. നവംബര്‍ ഒന്നിന് കേരള പിറവിയോടനുബന്ധിച്ച് അയല്‍ക്കൂട്ട അംഗങ്ങള്‍ ലഹരി വിരുദ്ധ ശൃംഖലയുടെ ഭാഗമാവും. ആദിവാസി ഊരുകളില്‍ ലഹരി വ്യാപനം നിയന്ത്രിക്കുന്നതിനായി പ്രത്യേക പദ്ധതി രൂപീകരിച്ചും കുടുംബശ്രീ പ്രവര്‍ത്തനം നടത്തുന്നുണ്ട്.

error: Content is protected !!