Input your search keywords and press Enter.

പാലക്കാട് ജില്ലാ വാർത്തകൾ (10/11/2022)

എ.ബി.സി.ഡി പദ്ധതി : ആധാർ കാർഡ് ഇല്ലാത്ത എസ്.സി/എസ്. ടി വിഭാഗക്കാർക്കായി പ്രത്യേക ക്യാമ്പയിൻ

എ.ബി.സി.ഡി (അക്ഷയ ബിഗ് ക്യാമ്പയിൻ ഫോർ ഡോക്യുമെന്റ് ഡിജിറ്റലൈസേഷൻ) പദ്ധതിയുമായി ബന്ധപ്പെട്ട് ആധാർ കാർഡ് ഇല്ലാത്ത പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാര്‍ക്കായി ജില്ലയിൽ പ്രത്യേക ക്യാമ്പയിൻ ആരംഭിക്കുമെന്ന് ജില്ലാ കലക്ടർ മൃണ്മയി ജോഷി അറിയിച്ചു. പട്ടികജാതി/ പട്ടികവർഗ്ഗ വകുപ്പ് പ്രമോട്ടർമാർ മുഖേന ഓരോ പഞ്ചായത്തിലെയും ആധാർ കാർഡ് ഇല്ലാത്തവരെ കണ്ടെത്തിയാണ് ക്യാമ്പയിൻ നടത്തുക. ആദ്യഘട്ടത്തിൽ ആധാർ കാർഡ് ലഭ്യമാക്കി പിന്നീട് മറ്റു സേവനാവകാശ രേഖകൾ ഈ വിഭാഗക്കാർക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം.

 

പാഠ്യപദ്ധതി രൂപീകരണം ജനകീയ ചര്‍ച്ച: ജില്ലാ സംഘാടകസമിതി രൂപീകരിച്ചു

വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരണം പൊതുസമൂഹത്തിലും വിദ്യാലയത്തിലും നടപ്പാക്കുന്ന ജനകീയ ചര്‍ച്ചയ്ക്ക് ജില്ലാതല സംഘാടകസമിതി രൂപീകരിച്ചു. കൈറ്റ് ജില്ലാ ഓഫീസില്‍ നടന്ന സംഘാടകസമിതി രൂപീകരണ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ഉദ്ഘാടനം ചെയ്തു. ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ. പി.പി ശശിധരന്‍ അധ്യക്ഷനായി. 26 ഫോക്കസ് ഗ്രൂപ്പുകളായി നടക്കുന്ന ജനകീയ ചര്‍ച്ചകള്‍ സ്‌കൂള്‍, പഞ്ചായത്ത്, ബ്ലോക്ക്, ജില്ലാതലങ്ങളില്‍ നടക്കും. അതത് തലങ്ങളില്‍ സംഘാടകസമിതികള്‍ രൂപീകരിക്കും. ചര്‍ച്ചകള്‍ക്ക് ഡയറ്റ്, എസ്.എസ്.കെ, കൈറ്റ്, വിദ്യാകിരണം, ഏജന്‍സികള്‍ നേതൃത്വം നല്‍കും.

സ്‌കൂള്‍തല ചര്‍ച്ചകള്‍ ഇന്നും (നവംബര്‍ 11), പഞ്ചായത്ത് തലത്തില്‍ 15 നകവും ബ്ലോക്ക്തല ചര്‍ച്ചകള്‍ 17 നകവും പൂര്‍ത്തിയാക്കും. ജില്ലാതല ചര്‍ച്ച നവംബര്‍ അവസാനം നടക്കുമെന്നും വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു. യോഗത്തില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.വി. മനോജ് കുമാര്‍, എസ്.സി.ഇ.ആര്‍.ടി റിസര്‍ച്ച് അസിസ്റ്റന്റ് ഡോ. അഭിലാഷ് ബാബു, വിദ്യാകിരണം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ടി. ജയപ്രകാശ്, എ.ഇ.ഒമാരായ വി. കുഞ്ഞിലക്ഷ്മി, വി.എം. ബുഷറ, ബി.ടി. ബിന്ദു, വിവിധ ബി.ആര്‍.സികളെ പ്രതിനിധീകരിച്ച് സി.ആര്‍.സിമാര്‍, കുഴല്‍മന്ദം എ.ഇ.ഒ രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

 

കൃഷിയധിഷ്ഠിത വികസന പരിപാടിയിലേക്ക് അപേക്ഷിക്കാം

കൃഷി വകുപ്പ് നടപ്പാക്കുന്ന കൃഷിയധിഷ്ഠിത വികസന പരിപാടിയിലേക്ക് കര്‍ഷകര്‍ക്ക് അപേക്ഷിക്കാം. വിവിധ സാങ്കേതിക വിദ്യകള്‍ കൃഷിയിടത്തില്‍ നടപ്പാക്കാന്‍ താത്പര്യമുള്ള 10 സെന്റ് മുതല്‍ രണ്ട് ഏക്കര്‍ വരെ കൃഷിയിടമുള്ള കര്‍ഷകര്‍ നവംബര്‍ 17 നകം ബന്ധപ്പെട്ട കൃഷിഭവനുകളില്‍ അപേക്ഷ നല്‍കണം. വിവിധ മാനദണ്ഡങ്ങള്‍ പ്രകാരം 10 കര്‍ഷകരെയാണ് ഓരോ കൃഷിഭവനുകളില്‍ നിന്ന് തെരഞ്ഞെടുക്കുകയെന്ന് അഗളി കൃഷി അസിസ്റ്റന്റ് അറിയിച്ചു.

 

സര്‍ട്ടിഫിക്കറ്റ് കോഴ്സ് പ്രവേശനം

വിമുക്തഭടന്മാര്‍ക്കും വിധവകള്‍ക്കും ആശ്രിതര്‍ക്കും പുനരധിവാസ പരിശീലനം നല്‍കുന്നതിന്റെ ഭാഗമായി കെല്‍ട്രോണിന്റെ ആഭിമുഖ്യത്തില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ അഡ്വാന്‍സ്ഡ് ഗ്രാഫിക് ഡിസൈന്‍, ഓഡിയോ വീഡിയോ എഡിറ്റിങ് ആന്‍ഡ് വി.ഫ് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. നവംബറില്‍ ആരംഭിക്കുന്ന മൂന്നും രണ്ടും മാസം ദൈര്‍ഘ്യമുള്ള കോഴ്സുകളില്‍ ചേരാന്‍ താത്പര്യമുള്ളവര്‍ വിശദവിവരങ്ങള്‍ക്കായി ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടണമെന്ന് അസിസ്റ്റന്റ് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.

 

വിശ്വാസ് സര്‍വീസ് പ്രൊവൈഡിങ് സെന്റര്‍ ഉദ്ഘാടനം ഇന്ന്

ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി നിര്‍വഹിക്കും

വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള വിശ്വാസ് സര്‍വീസ് പ്രൊവൈഡിങ് സെന്ററിന്റെ ഉദ്ഘാടനം ഇന്ന് (നവംബര്‍ 11) ഉച്ചയ്ക്ക് രണ്ടിന് ചിറ്റൂര്‍-തത്തമംഗലം നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി നിര്‍വഹിക്കും. ചിറ്റൂര്‍-തത്തമംഗലം നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.എല്‍ കവിത അധ്യക്ഷയാകും. വിശ്വാസ് സെക്രട്ടറി പി. പ്രേംനാഥ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. വിശ്വാസ് നിയമവേദി കണ്‍വീനര്‍ അഡ്വ. കെ. വിജയ ഗാര്‍ഹിക പീഡന നിയമം വിഷയത്തില്‍ ബോധവത്ക്കരണ ക്ലാസ് നയിക്കും. ചിറ്റൂര്‍-തത്തമംഗലം നഗരസഭ വൈസ് ചെയര്‍മാന്‍ എം. ശിവകുമാര്‍, ചിറ്റൂര്‍-തത്തമംഗലം നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. റാഫി, ചിറ്റൂര്‍-തത്തമംഗലം നഗരസഭ ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഓമനകണ്ണന്‍കുട്ടി, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.

കുറ്റകൃത്യങ്ങള്‍ക്കും അധികാര ദുര്‍വിനിയോഗത്തിനും അവകാശ നിഷേധത്തിനും ഇരകളായവരുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ഏക സംഘടനയാണ് വിശ്വാസ്. ഗാര്‍ഹിക പീഡനം അനുഭവിക്കുന്ന സ്ത്രീകളെ നിയമപരമായി സഹായിക്കുന്നതിനായി ഗാര്‍ഹിക പീഡന നിയമം 2005 പ്രകാരം സേവനങ്ങള്‍ നല്‍കാനാണ് ചിറ്റൂരില്‍ വിശ്വാസ് സര്‍വീസ് പ്രൊവൈഡിങ് സെന്റര്‍ ആരംഭിക്കുന്നത്. സെന്ററിലെ സേവനം സൗജന്യമാണ്. ആഴ്ചയില്‍ മൂന്ന് ദിവസം ഉച്ചയ്ക്ക് രണ്ട് മുതല്‍ അഞ്ച് വരെ ലീഗല്‍ കൗണ്‍സിലറുടെ സേവനവും ലഭിക്കും.

 

ലീഗല്‍ കൗണ്‍സിലറുടെ സേവനങ്ങള്‍

ലീഗല്‍ കൗണ്‍സിലര്‍ പരാതിക്കാരിയുടെ താത്പര്യ പ്രകാരം ഇരുകക്ഷികളെയും വിളിച്ചുവരുത്തി ഒത്തുതീര്‍പ്പിന് ശ്രമിക്കും. പ്രശ്‌ന പരിഹാരത്തിനായി ഫാമിലി കൗണ്‍സലിങ് ആവശ്യമെങ്കില്‍ ലഭ്യമാക്കും. ഗുരുതരമായ ഗാര്‍ഹിക പീഡനം നടന്നുവെന്ന് ബോധ്യപ്പെടുന്ന പരാതികളില്‍ പരാതിക്കാരി കോടതിയില്‍ കേസ് ഫയല്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ പരാതിക്കാരിക്കുവേണ്ടി ആക്ട് 2005 പ്രകാരമുള്ള ഗാര്‍ഹിക സംഭവ റിപ്പോര്‍ട്ടിങ്, അപേക്ഷ, സത്യവാങ്മൂലം എന്നിവ തയ്യാറാക്കി ജില്ലയിലെ വനിതാ സംരക്ഷണ ഓഫീസറുടെ അംഗീകാരത്തോടെ ലീഗല്‍ കൗണ്‍സിലര്‍ കോടതികള്‍ക്ക് നല്‍കും.

വനിതാ സംരക്ഷണ ഓഫീസര്‍ ഗാര്‍ഹിക സംഭവ റിപ്പോര്‍ട്ട് നല്‍കുന്ന കേസുകളില്‍ വനിത സംരക്ഷണ ഓഫീസറുടെ നിര്‍ദ്ദേശപ്രകാരം ലീഗല്‍ കൗണ്‍സിലര്‍മാര്‍ ബന്ധപ്പെട്ട കോടതികളില്‍ ഹാജരായി പരാതിക്കാരിക്ക് ആവശ്യമായ ഉത്തരവുകള്‍ ലഭ്യമാക്കും. പരാതിക്കാരിക്ക് വേണ്ടി ബന്ധപ്പെട്ട കോടതിയില്‍ ലീഗല്‍ കൗണ്‍സിലര്‍ ഹാജരാവുകയും പ്രത്യേക ഫീസ് ഈടാക്കാതെ നിയമസഹായം നല്‍കുകയും ചെയ്യും.

 

കെ.എസ്.ആര്‍.ടി.സി നെഫര്‍റ്റിറ്റി ആഢംബര കപ്പല്‍ യാത്ര 15 ന്

കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം പാലക്കാട് സെല്‍ സംഘടിപ്പിക്കുന്ന നെഫര്‍റ്റിറ്റി ആഢംബര കപ്പല്‍ യാത്ര നവംബര്‍ 15 ന് നടക്കും. അറബിക്കടലില്‍ 12 നോട്ടിക്കല്‍ മൈല്‍ (44 കി.മീ.) ദൂരമാണ് സഞ്ചരിക്കുക. അഞ്ച് മണിക്കൂര്‍ നീളുന്ന യാത്രയുടെ ഒമ്പത് ടിക്കറ്റുകള്‍ ബാക്കിയുണ്ട്. 15 ന് രാവിലെ 10.30 ന് പാലക്കാട് നിന്ന് പുറപ്പെട്ട് രാത്രി 12 ന് തിരിച്ചെത്തുന്ന തരത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. എ.സി ലോ ഫ്‌ളോര്‍ ബസില്‍ ബോള്‍ഗാട്ടി ജെട്ടിയില്‍ എത്തിക്കുകയും കപ്പല്‍ യാത്രക്ക് ശേഷം തിരിച്ച് പാലക്കാട് എത്തിക്കുകയും ചെയ്യുന്ന പാക്കേജില്‍ അഞ്ചിനും പത്തിനുമിടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് 1999 രൂപയും 10 ന് മുകളില്‍ 3499 രൂപയുമാണ് ചാര്‍ജ്ജ്.

സംഗീത വിരുന്നും വിഭവ സമൃദ്ധമായ ഭക്ഷണവും പാക്കേജില്‍ ഉള്‍പ്പെടുന്നു. പാലക്കാട് നിന്നും ബോള്‍ഗാട്ടി വരെയുള്ള യാത്രാസമയത്തെ ഭക്ഷണ ചെലവ് യാത്രികര്‍ വഹിക്കണം. ടിക്കറ്റ് ബുക്ക് ചെയ്യാന്‍ 9947086128 ല്‍ വിളിക്കാം.

 

പാലക്കാട് താലൂക്ക് വികസന സമിതി യോഗം ഡിസംബര്‍ മൂന്നിന്

പാലക്കാട് താലൂക്ക് വികസന സമിതി യോഗം ഡിസംബര്‍ മൂന്നിന് രാവിലെ 10.30 ന് പാലക്കാട് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

 

തൊഴിലാളികളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങളുടെ മക്കള്‍ക്ക് പ്ലസ് വണ്‍ മുതല്‍ ബിരുദാനന്തര ബിരുദം വരെയും പ്രൊഫഷണല്‍ കോഴ്‌സുകളും പഠിക്കുന്നതിന് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. അപേക്ഷയോടൊപ്പം സ്‌കൂളില്‍ നിന്നുള്ള സാക്ഷ്യപത്രം, അംഗത്വ രജിസ്‌ട്രേഷന്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്-ആധാര്‍ കാര്‍ഡ്-മാര്‍ക്ക് ലിസ്റ്റ്- ഗ്രേഡ് ഷീറ്റ് എന്നിവയുടെ പകര്‍പ്പുമായി നവംബര്‍ 30 നകം ജില്ലാ ക്ഷേമനിധി ഓഫീസില്‍ നല്‍കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2545121.

 

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങളുടെ മക്കള്‍ക്ക് ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം. 2021-22 അധ്യയന വര്‍ഷം ബിരുദ/ബിരുദാനന്തര പ്രൊഫഷണല്‍ കോഴ്‌സുകളില്‍ 60 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് വാങ്ങി ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവാര്‍ഡ്. അപേക്ഷയോടൊപ്പം അംഗത്വ രജിസ്‌ട്രേഷന്‍ കാര്‍ഡ്-പാസ്ബുക്ക്-ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ്, മാര്‍ക്ക്‌ലിസ്റ്റുകളുടെയും ഗ്രേഡ് ഷീറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, രണ്ട് ഫോട്ടോ സഹിതം നവംബര്‍ 30 നകം പാലക്കാട് ജില്ലാ ക്ഷേമനിധി ഓഫീസില്‍ നല്‍കണം. ഫോണ്‍: 0491 2545121.

 

ബയോഗ്യാസ് പ്ലാന്റ് അറ്റകുറ്റപ്പണിക്ക് ദര്‍ഘാസ് ക്ഷണിച്ചു

ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ പ്രവര്‍ത്തനരഹിതമായ ബയോഗ്യാസ് പ്ലാന്റ് അറ്റകുറ്റപ്പണി നടത്തുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. 2000 രൂപയാണ് നിരതദ്രവ്യം. നവംബര്‍ 16 ന് രാവിലെ 11 വരെ ദര്‍ഘാസ് സ്വീകരിക്കും. അന്നേദിവസം ഉച്ചയ്ക്ക് മൂന്നിന് ദര്‍ഘാസുകള്‍ തുറക്കുമെന്നും സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0466 2344053.

 

മണക്കടവ് വിയറില്‍ 2259.42 ദശലക്ഷം ഘനയടി ജലം ലഭിച്ചു

മണക്കടവ് വിയറില്‍ 2021 ജൂലൈ ഒന്ന് മുതല്‍ 2022 നവംബര്‍ ഒമ്പത് വരെ 2259.42 ദശലക്ഷം ഘനയടി ജലം ലഭിച്ചു. പറമ്പിക്കുളം ആളിയാര്‍ കരാര്‍ പ്രകാരം 4990.58 ദശലക്ഷം ഘനയടി ജലം ലഭിക്കാനുള്ളതായി സംയുക്ത ജലക്രമീകരണ വിഭാഗം ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. പറമ്പിക്കുളം ആളിയാര്‍ പദ്ധതി പ്രകാരമുള്ള നിലവിലെ ജലലഭ്യത ദശലക്ഷം ഘനയടിയില്‍ ചുവടെ കൊടുക്കുന്നു. ബ്രാക്കറ്റില്‍ പരമാവധി ജലസംഭരണശേഷി ദശലക്ഷം ഘനയടിയില്‍. ലോവര്‍ നീരാര്‍-110.95 (274), തമിഴ്നാട് ഷോളയാര്‍-5339.33 (5392), കേരള ഷോളയാര്‍-5053.80 (5420), പറമ്പിക്കുളം-11,191.45 (17,820), തുണക്കടവ്-538.46 (557), പെരുവാരിപ്പള്ളം-595.66 (620), തിരുമൂര്‍ത്തി- 1325.73 (1935), ആളിയാര്‍-3713.72 (3864).

 

ജില്ലാ ആസൂത്രണ സമിതി യോഗം ഇന്ന്

തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2022-23 വാര്‍ഷിക പദ്ധതി ഭേദഗതി പ്രോജക്ടുകള്‍ക്ക് അംഗീകാരം നല്‍കുന്നതിനായി ജില്ലാ ആസൂത്രണ സമിതി യോഗം ഇന്ന് (നവംബര്‍ 11) രാവിലെ 11.30 ന് ജില്ലാ പഞ്ചായത്ത് കൗണ്‍സില്‍ ഹാളില്‍ നടക്കും.

 

മണ്ണ് ലേലം ഇന്ന്

ജില്ലാ പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ റോഡ്‌സ് സെക്ഷന്‍ നമ്പര്‍ രണ്ട് ഓഫീസിന്റെ കീഴില്‍ ഗവ വിക്‌ടോറിയ കോളെജ്-കല്‍പ്പാത്തി റോഡില്‍ നടന്ന പ്രവൃത്തിയുടെ ഭാഗമായി കി.മീ 0/600 മുതല്‍ 1/200 വരെ ശേഖരിച്ചിട്ടുള്ള മണ്ണ് ഇന്ന് (നവംബര്‍ 11) രാവിലെ 11 ന് കല്‍പ്പാത്തി പുതിയപാലത്തിനു സമീപം ചെയ്യാന്‍ ലേലം ചെയ്യുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. 1500 രൂപയാണ് ലേല തുക.

error: Content is protected !!