Input your search keywords and press Enter.

പാലക്കാട് ജില്ലാ വാർത്തകൾ ( 08/05/2024)

ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പില്ല,ജാഗ്രത തുടരണമെന്ന് ജില്ല കലക്ടര്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു

മെയ് 8 മുതല്‍ 10 വരെ പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39°C* വരെ ഉയരാന്‍ സാധ്യതയുളളതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുളള സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത തുടരണമെന്നും എന്നാല്‍ ഉഷ്ണതരംഗസാധ്യത മുന്നറിയിപ്പില്ലാത്തതിനാല്‍ ജില്ലയില്‍ നിലവിലുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിക്കുകയാണെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ല കലക്ടര്‍ ഡോ.എസ്.ചിത്ര അറിയിച്ചു. ക്ലാസുകള്‍ ഉള്‍പ്പെടെയുളള പ്രവര്‍ത്തനങ്ങള്‍ പരമാവധി ഓണ്‍ലൈനാക്കുന്നത് ഉചിതമായിരിക്കുമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ താഴെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

1. പകല്‍ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക.

2. ശരീരത്തില്‍ നേരിട്ട് വെയിലേല്‍ക്കുന്ന എല്ലാതരം പുറം ജോലികളും കായിക വിനോദങ്ങളും മറ്റ് പ്രവര്‍ത്തനങ്ങളും പൂര്‍ണ്ണമായും നിര്‍ത്തി വെക്കുക.

3. ധാരാളമായി വെള്ളം കുടിക്കുക.

4. അത്യാവശ്യങ്ങള്‍ക്ക് മാത്രം പുറത്തിറങ്ങുക. പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും കുടയും പാദരക്ഷയും ഉപയോഗിക്കുക.

5. കായികാദ്ധ്വാനമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ ഇടവേളകള്‍ എടുത്തും വിശ്രമിച്ച് കൊണ്ടും മാത്രം ജോലിയില്‍ ഏര്‍പ്പെടുക.

6. നിര്‍ജലീകരണം ഉണ്ടാക്കുന്ന മദ്യം, കാര്‍ബണേറ്റഡ് പാനീയങ്ങള്‍, ചായ, കാപ്പി എന്നിവ പകല്‍ സമയത്ത് പൂര്‍ണ്ണമായും ഒഴിവാക്കുക.

7. വൈദ്യുത ഉപകരണങ്ങള്‍ നിരന്തര ഉപയോഗം മൂലം ചൂട് പിടിച്ചും വയര്‍ ഉരുകിയും തീപിടുത്തത്തിന് സാധ്യത ഉള്ളതിനാല്‍ ഓഫീസുകളിലും വീടുകളിലും ഉപയോഗ ശേഷം ഇവ ഓഫ് ചെയ്യേണ്ടതാണ്. രാത്രിയില്‍ ഓഫീസുകളിലെയും ഉപയോഗമില്ലാത്ത മുറികളിലെയും ഫാന്‍, ലൈറ്റ്, എ.സി എന്നിവ ഓഫ് ചെയ്ത് സൂക്ഷിക്കുക.

8. വീട്ടിലും ഓഫീസിലും തൊഴിലിടത്തിലും വായു സഞ്ചാരം ഉറപ്പാക്കുക.

9. മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങള്‍ (ഡംപിങ് യാര്‍ഡ്), ചപ്പ് ചവറുകളും ഉണങ്ങിയ പുല്ലും ഉള്ള ഇടങ്ങള്‍ എന്നിവടങ്ങളില്‍ തീപിടുത്ത സാധ്യത കൂടുതലാണ്. ഇവിടങ്ങളില്‍ ഫയര്‍ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേര്‍ന്ന് താമസിക്കുന്നവരും സ്ഥാപനങ്ങള്‍ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.

10. തൊഴിലുറപ്പ് പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും പുറം തൊഴിലില്‍ ഏര്‍പ്പെടുന്നവരും പോലീസ് ഉദ്യോഗസ്ഥരും പകല്‍ 11 മുതല്‍ വൈകീട്ട് മൂന്നുവരെ കുട ഉപയോഗിക്കുകയും നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് കുടിവെള്ളം നല്‍കി നിര്‍ജലീകരണം തടയുവാന്‍ പൊതുസമൂഹം സഹായിക്കുക.

11. വിദ്യാര്‍ഥികളുടെ കാര്യത്തില്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികള്‍ക്ക് കൂടുതല്‍ വെയിലേല്‍ക്കുന്ന പരിപാടികള്‍ ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകള്‍ പകല്‍ 11 മുതല്‍ മൂന്നുവരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.

12. അംഗണവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാന്‍ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.

13. കിടപ്പ് രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് പ്രത്യേക കരുതല്‍ ഉറപ്പാക്കണം.

14. എല്ലാവിധ പൊതുപരിപാടികളും വൈകുന്നേരങ്ങളിലേക്ക് മാറ്റി വക്കുന്നത് ഉചിതമായിരിക്കും.

15. പൊതുജനങ്ങള്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തി പരമാവധി പുറത്തിറങ്ങാതെ സുരക്ഷിതരായി ഇരിക്കണം.

 

പൊതുതെളിവെടുപ്പ് ഇന്ന്

പാലക്കാട് താലൂക്കില്‍ പുതുശ്ശേരി സെന്‍ട്രല്‍ വില്ലേജില്‍ ജിയോ ജോസിന്റെ ഉടമസ്ഥതയിലുള്ള കൈരളി സ്റ്റീല്‍സ് ആന്‍ഡ് അലോയ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഇരുമ്പുരുക്ക് വ്യവസായ സ്ഥാപനത്തിന്റെ വിപുലീകരണവുമായി ബന്ധപ്പെട്ട് നടത്തുന്ന പൊതുതെളിവെടുപ്പ് മെയ് 9ന് രാവിലെ 11ന് കഞ്ചിക്കോട് ആലാമരം ചോയിസ് ഓഡിറ്റോറിയത്തില്‍ നടത്തുമെന്ന് എന്‍വയോണ്‍മെന്റ് എന്‍ജിനീയര്‍ അറിയിച്ചു. ഫോണ്‍: 0491 2505542.

 

പ്രീമെട്രിക് ഹോസ്റ്റല്‍ പ്രവേശനം: അപേക്ഷ മെയ് 21 വരെ

അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ തച്ചമ്പാറ, പൊറ്റശ്ശേരി, അഗളി (ആണ്‍കുട്ടികള്‍) ഗവ. പ്രീമെട്രിക് ഹോസ്റ്റലുകളില്‍ പ്രവേശനത്തിന് അഞ്ച് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി/ മറ്റര്‍ഹ വിഭാഗം വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 17ന് വൈകീട്ട് അഞ്ചിനകം അപേക്ഷ നല്‍കണം. പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് താമസം, ഭക്ഷണം, ട്യൂഷന്‍, ചെരിപ്പ്, ബാഗ്, നൈറ്റ് ഡ്രസ്സ്, യൂണിഫോം എന്നിവ സൗജന്യമായി ലഭിക്കും. എല്ലാ വര്‍ഷവും വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ വിനോദയാത്രയും ഉണ്ടായിരിക്കും. ആകെയുള്ള സീറ്റിന്റെ 10 ശതമാനം സാമ്പത്തികയമായി പിന്നോക്കം നില്‍ക്കുന്ന മറ്റു സമുദായത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. ഹെഡ്മാസ്റ്റര്‍ സാക്ഷ്യപ്പെടുത്തിയ നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ മണ്ണാര്‍ക്കാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിലോ ബന്ധപ്പെട്ട പ്രീമെട്രിക് ഹോസ്റ്റലുകളിലോ ലഭിക്കുമെന്ന് പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 8547630125.

 

എല്‍.ഡി.സി തീവ്രപരീക്ഷാ പരിശീലനം

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ കുഴല്‍മന്ദം ചന്തപ്പുര ഇ.പി.ടവറില്‍ പ്രവര്‍ത്തിക്കുന്ന ഗവ പ്രീ എക്സാമിനേഷന്‍ ട്രെയിനിങ് സെന്ററില്‍ സൗജന്യ എല്‍.ഡി.സി തീവ്രപരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി/പട്ടികവര്‍ഗ്ഗ/ഒ.ബി.സി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. ഒ.ബി.സി വിഭാഗത്തില്‍ ഒരു ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ളവര്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി പരിശീലനാര്‍ത്ഥികളുടെ എണ്ണത്തിന്റെ 30 ശതമാനം മാത്രമേ ഒ.ബി.സി വിഭാഗത്തില്‍ നിന്നും പ്രവേശനം നല്‍കുകയുള്ളു. അപേക്ഷിക്കുന്നവര്‍ പത്താംക്ലാസ്സ്/ഡിഗ്രി പാസായിരിക്കണം. ജാതി, വരുമാനം(ഒ.ബി.സിക്കാര്‍ക്കു മാത്രം), വിദ്യാഭ്യാസ യോഗ്യത എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം പൂരിപ്പിച്ച അപേക്ഷകള്‍ 25ന് വൈകീട്ട് അഞ്ചിനകം കുഴല്‍മന്ദം ഗവ പ്രീ എക്സാമിനേഷന്‍ ട്രെയിനിങ് സെന്ററില്‍ നല്‍കണം. തെരഞ്ഞെടുക്കുന്ന പട്ടികജാതി പരിശീനാര്‍ത്ഥികള്‍ക്ക് സ്‌റ്റൈപ്പന്റ് നല്‍കും. അപേക്ഷയുടെ മാതൃക ഓഫീസിലും ജില്ലാ പട്ടികജാതി വികസന ഓഫീസിലും ബ്ലോക്ക്/മുനിസിപ്പല്‍ പട്ടികജാതി വികസന ഓഫീസുകളിലും ലഭിക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 04922 273777.

 

ഗതാഗത നിയന്ത്രണം

ഐ.എം.എ ജങ്ഷനില്‍ നിന്നും റോഡ് ക്രോസ് ചെയ്ത് പ്രവൃത്തികള്‍ നടത്തുന്നതിനാല്‍ ഐ.എം.എ ജങ്ഷന്‍ മുതല്‍ സിവില്‍ സ്റ്റേഷന്‍ വഴി പോകുന്ന വാഹനങ്ങള്‍ക്ക് പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതുവരെ പൂര്‍ണ്ണമായും നിയന്ത്രണം ഏര്‍പ്പെടുത്തിയെന്ന് പാലക്കാട് ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

 

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ 2023 ഒക്ടോബര്‍ 21 ന് നടത്തിയ ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് (തമിഴ്, മലയാളം – കാറ്റഗറി നമ്പര്‍ 800/2022), 2023 നവംബര്‍ 22 ന് നടത്തിയ വുമണ്‍ സിവില്‍ എക്സൈസ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍ 613/2021) എന്നീ തസ്തികളുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

error: Content is protected !!