Input your search keywords and press Enter.

പാക് പ്രധാനമന്ത്രിയുടെ വീടിന് 20 കി.മീറ്ററിനടുത്ത് സ്ഫോടനം; ഇസ്ലാമാബാദിലും ഇന്ത്യൻ മിസൈൽ ആക്രമണം

ഇസ്ലാമാബാദ്: ഇന്ത്യ പാക് മണ്ണിൽ ആക്രമണം ശക്തമായി തുടരുകയാണ്. പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്‍റെ വീടിന് 20 കിലോമീറ്റർ അടുത്ത് സ്ഫോടനം നടന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇസ്ലാമാബാദിൽ ഇന്ത്യ മിസൈൽ ആക്രമണം നടത്തിയെന്നും, സിയാൽകോട്ട്, കറാച്ചി, ലാഹോർ എന്നിവിടങ്ങളിലും തുടർ ആക്രമണങ്ങൾ ഉണ്ടായെന്നും വിവരങ്ങളുണ്ട്. പാകിസ്ഥാനിലെ പ്രധാന നഗരങ്ങളിൽ ഇന്ത്യൻ വ്യോമാക്രമണം തുടരുകയാണ്. ഇതിനിടെ നാല് പാക് പോർവിമാനങ്ങളും കച്ചിൽ മൂന്ന് ഡ്രോണുകളും ഇന്ത്യ വെടിവെച്ചിട്ടു.

കറാച്ചി തുറമുഖത്തും ആക്രമണം നടന്നതായി റിപ്പോർട്ടുകളുണ്ട്. പാകിസ്ഥാൻ എയർ ഫോഴ്സിൻ്റെ ഒരു വിമാനം പത്താൻകോട്ടിൽ വെച്ച് ഇന്ത്യൻ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകർത്തു. സൈന്യത്തിന് പൂർണ്ണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്ന നിലപാട് കേന്ദ്ര സർക്കാർ ആവർത്തിച്ചു. പാകിസ്ഥാനിലെ പ്രധാന നഗരങ്ങളിൽ വൈദ്യുതി ബന്ധം തടസ്സപ്പെട്ടിരിക്കുകയാണ്. ജലന്ധറിൽ രണ്ട് ഡ്രോണുകൾ ഇന്ത്യ വെടിവെച്ചിട്ടെന്നും, പാകിസ്ഥാൻ്റെ മൂന്ന് പോർവിമാനങ്ങൾ കൂടി തകർത്തെന്നും റിപ്പോർട്ടുകളുണ്ട്.

ഇതിനിടെ രണ്ട് പാകിസ്ഥാൻ പൈലറ്റുമാർ ഇന്ത്യയുടെ കസ്റ്റഡിയിലായി എന്ന വിവരവും പുറത്തുവരുന്നു. ജയ്സാൽമീർ, അഖ്നൂർ എന്നിവിടങ്ങളിൽ നിന്നാണ് ഇവരെ പിടികൂടിയതെന്നാണ് സൂചന. അഖ്നൂർ ജമ്മു മേഖലയിലാണ്. ഈ രണ്ട് പ്രദേശങ്ങളിലും പാകിസ്ഥാൻ ആക്രമണം നടത്തിയിരുന്നു. ഈ ആക്രമണങ്ങളിൽ പങ്കെടുത്ത യുദ്ധവിമാനങ്ങളിൽ നിന്നുള്ളവരാണ് ഈ പൈലറ്റുമാർ. വിമാനങ്ങൾ തകരാറിലായതിനെ തുടർന്ന് ഇവർ പുറത്തേക്ക് ചാടിയതാകാമെന്നാണ് അനുമാനം. ഇവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ സേനാ വൃത്തങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

error: Content is protected !!