Input your search keywords and press Enter.

കൊല്ലം ജില്ലയുടെ അറിയിപ്പുകള്‍

നെടുവത്തൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ഇന്ന് ( മാര്‍ച്ച് 16)
 നെടുവത്തൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ്  മന്ത്രി കെ രാജന്‍ ഇന്ന് ( മാര്‍ച്ച് 16) വൈകിട്ട് ആറിന്  നാടിന് സമര്‍പ്പിക്കും. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അധ്യക്ഷനാകും. മാവേലിക്കര എം പി കൊടിക്കുന്നില്‍ സൂരേഷ്, ജില്ലാകലക്ടര്‍ അഫ്‌സാന പര്‍വീണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി സുമലാല്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ക്ഷീരകര്‍ഷക അവാര്‍ഡ് വിതരണം മാര്‍ച്ച് 18ന്
ജില്ലയിലെ മികച്ച ക്ഷീരകര്‍ഷകനും ജന്തു ക്ഷേമ പ്രവര്‍ത്തകനും  മൃഗസംരക്ഷണ വകുപ്പ് നല്‍കുന്ന പുരസ്‌കാരങ്ങളുടെ വിതരണവും പരിപാടിയുടെ ഉദ്ഘാടനവും കൊട്ടിയം മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ മാര്‍ച്ച് 18ന് ഉച്ചയ്ക്ക് രണ്ടിന് മന്ത്രി ജെ ചിഞ്ചുറാണി നിര്‍വഹിക്കും. ജി.എസ് ജയലാല്‍ എം എല്‍എ അധ്യക്ഷനാകും. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ എ. കൗശിഗന്‍ മുഖ്യ പ്രഭാഷണം നടത്തും.  മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍  ബി അജിത്ത് ബാബു ‘കാലി വളര്‍ത്തല്‍ കാലത്തിനൊത്ത്’  എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തും. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ കെ അജിലാസ്റ്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍, സംസ്ഥാന മൃഗക്ഷേമ ബോര്‍ഡ് അംഗം  ഹണി ബഞ്ചമിന്‍, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം കെ ശ്രീകുമാര്‍, ജില്ലാ പഞ്ചായത്തംഗം ശ്രീജ ഹരീഷ്,  ആദിച്ചനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  ഷീലാ ബിനു,  പഞ്ചായത്തംഗങ്ങള്‍,   സംസ്ഥാന മൃഗക്ഷേമ ബോര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

മത്സ്യതൊഴിലാളികളുടെ മക്കള്‍ക്ക്   ലാപ് ടോപ്പ് വിതരണം ചെയ്തു
   ബിരുദ വിദ്യാര്‍ഥികളായ മത്സ്യതൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ ലാപ് ടോപ്പ് വിതരണോദ്ഘാടനം സെന്റ് ജോസഫ് സ്‌കൂളില്‍ ഡെപ്യൂട്ടി മേയര്‍ കൊല്ലം മധുവിന്റെ അധ്യക്ഷതയില്‍  മേയര്‍ പ്രസന്നാ ഏണസ്റ്റ് നിര്‍വഹിച്ചു.  34 പേര്‍ക്കാണ് ലാപ് ടോപ്പ് വിതരണം ചെയ്തത്.  മത്സ്യ തൊഴിലാളികള്‍ക്ക് വള്ളവും വലയും എഫ് ആര്‍ പി കട്ടാരം, ചെറിയ വള്ളം, ഇരുചക്ര മോട്ടോര്‍ വാഹനം, ഐസ് ബോക്‌സ് , ഫിഷ് ഐസ് ഹോള്‍ഡിംഗ് പെട്ടികള്‍ എന്നീ പ്രോജക്ടുകളുടെയും നിര്‍വഹണം നടത്തിവരുന്നതായി മേയര്‍ അറിയിച്ചു.
വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എസ് ഗീതാകുമാരി, കൗണ്‍സില്‍ അംഗങ്ങളും  ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് ഫീഷറീസ് തുടങ്ങിയവര്‍ പങ്കെടുത്തു.

ബാലികാ-ബാലമന്ദിരത്തില്‍ സ്‌നേഹസ്പര്‍ശം
 സ്‌നേഹസ്പര്‍ശം പദ്ധതിയുടെ ഭാഗമായി ത്രി കേരള ഗേള്‍സ് ബറ്റാലിയന്റെ നേതൃത്വത്തില്‍ കൊല്ലം ബാലികാ മന്ദിരത്തിലും ബാലമന്ദിരത്തിലും എന്‍ സി സി കേഡറ്റുകള്‍     കലാപരിപാടികള്‍  അവതരിപ്പിച്ചു.   മന്ദിരത്തിലെ മുഴുവന്‍ അന്തേവാസികള്‍ക്കും അന്നേദിവസം ഉച്ച ഭക്ഷണവും മറ്റ് അവശ്യസാധനങ്ങളും  ത്രികേരള ഗേള്‍സ് ബറ്റാലിയന്റെ നേതൃത്വത്തില്‍ നല്‍കി. ബറ്റാലിയന്‍ കമാന്‍ഡിങ് ഓഫീസര്‍ കേണല്‍ ആര്‍ എസ് രാജീവ്, സേനാമെഡല്‍ പരിപാടി  ഉദ്ഘാടനം ചെയ്തു.

നിയുക്തി 2023- മെഗാ തൊഴില്‍മേള മാര്‍ച്ച് 25ന്
  തിരുവനന്തപുരം മോഡല്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ നേതൃത്വത്തില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ എംപ്ലോയ്ബിലിറ്റി സെന്ററുകള്‍ കരിയര്‍ ഡെവലപ്പ്‌മെന്റ് സെന്ററുകള്‍  സംയുക്തമായി  മാര്‍ച്ച് 25ന്  തിരുവനന്തപുരം യൂണിവേഴ്‌സിറ്റി എഞ്ചിനിയറിങ് കോളജില്‍ നിയുക്തി -2023 മെഗാ തൊഴില്‍മേള നടത്തും.
എസ് എസ് എല്‍ സി മിനിമം യോഗ്യതയുള്ള 35 വയസ് വരെ പ്രായമുള്ളവര്‍ക്കും അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും പരീക്ഷാ ഫലം കാത്തിരിക്കുന്നവര്‍ക്കും പങ്കെടുക്കാം. www.jobfest.kerala.gov.in  വെബ്‌സൈറ്റിലെ തിരുവനന്തപുരം പോര്‍ട്ടലില്‍  ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം.   വിവരങ്ങള്‍ക്ക്   എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ എംപ്ലോയ്ബിലിറ്റി സെന്ററുകള്‍ കരിയര്‍ ഡെവലപ്പ്‌മെന്റ് സെന്ററുകളുമായി ബന്ധപ്പെടാം. ഫോണ്‍ -0471 2741713, 2992609, 2740615.

കിഡ്‌നി ഫൗണ്ടേഷന്‍ യോഗം മാര്‍ച്ച് 20ന്
 ജില്ലാ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ജീവനം കിഡ്‌നി വെല്‍ഫയര്‍ ഫൗണ്ടേഷന്റെ പൊതുയോഗം മാര്‍ച്ച് 20ന് ഉച്ചക്ക് മൂന്നിന് ജില്ലാ പഞ്ചായത്ത് കൗണ്‍സില്‍ ഹാളില്‍ ചെയര്‍മാന്റെ അധ്യക്ഷതയില്‍ കൂടും. യോഗത്തില്‍ എല്ലാ അംഗങ്ങളും കൃത്യമായും പങ്കെടുക്കണം.

കുടുംബശ്രീ മൈക്രോ എന്റര്‍പ്രൈസസ് റിസോഴ്‌സ് സെന്റര്‍ ഉദ്ഘാടനം ചെയ്തു
  കുടുംബശ്രീ സംരംഭങ്ങള്‍ക്ക്  പിന്തുണ നല്‍കുന്നതിന്  ആരംഭിച്ച മൈക്രോ എന്റര്‍പ്രൈസസ് റിസോഴ്‌സ് സെന്ററിന്റെ ജില്ലാതല ഉദ്ഘാടനം ചടയമംഗലം   ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരന്‍  നിര്‍വഹിച്ചു. ഗുണഭോക്തൃ തിരഞ്ഞെടുപ്പ് മുതല്‍ സംരംഭ രൂപീകരണം വരെ കുറ്റമറ്റ രീതിയില്‍ നിര്‍വഹിക്കുകയാണ്   പദ്ധതിയുടെ ലക്ഷ്യം.
ചടയമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ വി ബിന്ദു അധ്യക്ഷയായി.   കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍  ആര്‍ വിമല്‍ ചന്ദ്രന്‍   നിലമേല്‍ ഗ്രാമപഞ്ചായത് പ്രസിഡന്റ് വി വിനീത, ഇട്ടിവ  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  സി അമൃത, ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്   ഹരി വി നായര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍   എസ് ഷൈന്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

അപേക്ഷ ക്ഷണിച്ചു
  ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ് വകുപ്പില്‍  വനിത ഹോം ഗാര്‍ഡ്  തസ്തികയിലേക്ക് അപേക്ഷിക്കാം.   സൈനിക/അര്‍ധസൈനിക വിഭാഗങ്ങളില്‍ നിന്നും വിരമിച്ചവര്‍ക്കും, കേരള പൊലീസ്,  ജയില്‍, ഫോറസ്റ്റ്, എക്സൈസ് വകുപ്പുകളിലെ യൂണിഫോം സര്‍വീസില്‍ നിന്നും വിരമിച്ച എസ് എസ് എല്‍ സി/തത്തുല്യ യോഗ്യതയുള്ള ശാരീരികക്ഷമതയുള്ളവര്‍ക്ക് അപേക്ഷിക്കാം.   പ്രായപരിധി 35നും 58നും മധ്യേ.  അപേക്ഷ ഫോമിന് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷനുമായോ 9497920062 നമ്പരിലോ രാവിലെ 11 മണി മുതല്‍ നാല് വരെ ബന്ധപ്പെടാം. വിദ്യാഭ്യാസയോഗ്യത, സര്‍വീസില്‍ നിന്ന് വിരമിച്ച ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റ്  എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം   മാര്‍ച്ച് 31 വൈകിട്ട് അഞ്ചിനകം ജില്ലാ ഫയര്‍ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ – 0474 2746200.

ഉത്സവമേഖല-സമ്പൂര്‍ണ മദ്യനിരോധനം
 ചിറ്റുമല ശ്രീ ദുര്‍ഗാ ദേവി ക്ഷേത്രത്തിലെ  ഉത്സവത്തോടനുബന്ധിച്ച് ഏപ്രില്‍ നാല്  കിഴക്കേ കല്ലട ഗ്രാമപഞ്ചായത്ത് പരിധിയില്‍ വരുന്ന  പ്രദേശങ്ങള്‍ സമ്പൂര്‍ണ മദ്യ നിരോധനമേഖലയായി   ജില്ലാകലക്ടര്‍   പ്രഖ്യാപിച്ചു.

ഉത്സവമേഖല-സമ്പൂര്‍ണ മദ്യനിരോധനം
 പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രത്തിലെ മലകുടമഹോത്സവത്തോ ടനുബന്ധിച്ച് മാര്‍ച്ച് 24ന് ക്ഷേത്രത്തിന് രണ്ട് കിലോമീറ്റര്‍ ചുറ്റളവ് പരിധിയില്‍ വരുന്ന  പ്രദേശങ്ങള്‍ സമ്പൂര്‍ണ മദ്യ നിരോധനമേഖലയായി   ജില്ലാകലക്ടര്‍   പ്രഖ്യാപിച്ചു.

ടെന്‍ഡര്‍ ക്ഷണിച്ചു
കൊല്ലം സര്‍ക്കാര്‍ വിക്‌ടോറിയ ആശുപത്രിയിലേക്ക്  ഏപ്രില്‍ ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെ ഒ പി ടിക്കറ്റ് (200000 എണ്ണം) അച്ചടിച്ചു വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങള്‍/ വ്യക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. മാര്‍ച്ച് 30ന് ഉച്ചയ്ക്ക് രണ്ട് മണിക്കകം സമര്‍പ്പിക്കണം. ഫോണ്‍: 0474 2752700.

error: Content is protected !!