തോട്ടപ്പുഴശ്ശേരിയില്‍ ഇന്ന് (22) മോക്ഡ്രില്‍
റീബില്‍ഡ് കേരള-പ്രോഗ്രാം ഫോര്‍ റിസല്‍ട്ട് പദ്ധതിയുടെ ഭാഗമായി ഇന്ന് (മാര്‍ച്ച് 22) തോട്ടപ്പുഴശ്ശേരി, നെടുംപ്രയാറിലെ മാരാമണ്‍ കണ്‍വെന്‍ഷന്‍ നടക്കുന്ന ഭാഗത്ത് മോക്ഡ്രില്‍ സംഘടിപ്പിക്കും.
സംസ്ഥാന-ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും കിലയും സംയുക്തമായാണ് നടത്തുക. പോലിസ്, അഗ്നിസുരക്ഷാസേന, ആരോഗ്യം, വൈദ്യുതി, ജലഅതോറിറ്റി വകുപ്പുകള്‍ മോക്ക്ഡ്രില്ലുമായി സഹകരിക്കും.
ഭൂമി ഏറ്റെടുക്കല്‍ : ഏജന്‍സികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു
ഭൂമി ഏറ്റെടുക്കല്‍ പ്രവൃത്തികളുടെ പ്രാരംഭ നടപടിയായി സാമൂഹിക പ്രത്യാഘാത വിലയിരുത്തല്‍ പഠനം നടത്തുന്നതിന് സംസ്ഥാനതല ‘സോഷ്യല്‍ ഇമ്പാക്ട് അസെസ്‌മെന്റ്’ അംഗീകൃത ഏജന്‍സികളുടെ പാനല്‍ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത, പ്രവൃത്തിപരിചയ രേഖ, ഫോണ്‍ നമ്പര്‍, ഇമെയില്‍ വിലാസം, വെബ്‌സൈറ്റ് വിലാസം ടീം അംഗങ്ങളുടെ പേര് വിവരങ്ങള്‍ എന്നിവ ഉള്‍പ്പെട്ട അപേക്ഷ മാര്‍ച്ച് 28 നകം ഡെപ്യൂട്ടി കലക്ടര്‍ (എല്‍.എ), കലക്ടറേറ്റ്, പത്തനംതിട്ട മേല്‍വിലാസത്തില്‍ അയക്കണം. കവറിന് പുറത്ത് ‘ഭൂമി ഏറ്റെടുക്കല്‍സാമൂഹിക പ്രത്യാഘാത പഠന ഏജന്‍സികളെ തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ’ എന്ന് രേഖപ്പെടുത്തണം. നിലവില്‍ സംസ്ഥാന/ജില്ലാ തല ലിസ്റ്റില്‍ ഉള്‍പ്പെട്ടവരും പുതുതായി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 0468 2222515.
സന്തോഷിക്കാന്‍ ഒരിടം ഹാപ്പിനെസ് പാര്‍ക്കുമായി പെരിങ്ങര ഗ്രാമപഞ്ചായത്ത്
സായാഹ്നങ്ങള്‍ ചെലവഴിക്കാന്‍ ഗ്രാമ തനിമയില്‍ മനോഹര പാര്‍ക്ക് ഒരുക്കി പെരിങ്ങര ഗ്രാമപഞ്ചായത്ത്. ശുദ്ധവായു ശ്വസിച്ചും പച്ചപ്പ് അനുഭവിച്ചും ഗ്രാമീണ കാഴ്ചകള്‍ കണ്ട് മനം കവരാന്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലെ വേളൂര്‍ – മുണ്ടകം പ്രദേശത്താണ് ഹാപ്പിനെസ് ഹരിത പാര്‍ക്ക്. ഒരുവശത്ത് വിശാലമായ പാടശേഖരവും മറുവശം ന്യൂ മാര്‍ക്കറ്റ് തോടുമാണ്. പാതയോരത്ത് ചാരുബെഞ്ചുകളും ആരോഗ്യ പരിപാലനത്തിന് ജിംനേഷ്യം ഉപകരണങ്ങള്‍, ഭക്ഷണശാലകള്‍ എന്നിവയും ക്രമീകരിച്ചിട്ടുണ്ട്. തോടിലൂടെ ബോട്ടിംഗ് സംവിധാനം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ്. അഞ്ചു അടിയോളം വലിപ്പമുള്ള ഇരുപതോളം വൃക്ഷതൈകള്‍ ചാരുബെഞ്ചുകള്‍ക്ക് ചുറ്റും നട്ടുപിടിപ്പിക്കും. മാലിന്യത്തില്‍ നിന്ന് നിര്‍മിച്ച കരകൗശല വസ്തുക്കളും ശില്‍പ്പങ്ങളും കൊണ്ട് പാര്‍ക്ക് അലങ്കരിക്കും. സെല്‍ഫി പോയിന്റുകളും ഇതിനൊപ്പമുണ്ട്. പദ്ധതിക്കായി ആറര ലക്ഷം രൂപയാണ് പഞ്ചായത്ത് വകയിരുത്തിയത്.
ജന്മദിന ആഘോഷങ്ങള്‍, സാംസ്‌കാരിക പരിപാടികള്‍, മറ്റ് കൂട്ടായ്മകള്‍ തുടങ്ങിയവ സംഘടിപ്പിക്കും വിധമാണ് പാര്‍ക്ക് ഒരുക്കുന്നത്. മാസത്തിലൊരിക്കല്‍ പാര്‍ക്കില്‍ ഹാപ്പിനെസ് ഡേ ആഘോഷിക്കും. ചെസ്, കാരംസ് തുടങ്ങിയവയ്ക്കും സൗകര്യമൊരുക്കും. കുടിവെള്ളം, സൗജന്യ വൈഫൈ, സിസിടിവി എന്നിവ തയ്യാറാക്കും. പരിസ്ഥിതി സംരക്ഷണം, കല, സര്‍ഗാത്മകത എന്നിവ വളര്‍ത്തി വേനലവധി ആഘോഷമാക്കാനാണ് ലക്ഷ്യം. ഏപ്രില്‍ ആദ്യ വാരത്തോടെ പാര്‍ക്ക് പൂര്‍ണസജ്ജമാകും. പാഴ്വസ്തുക്കള്‍ സൃഷ്ടിപരമായ രീതിയില്‍ ഉപയോഗിച്ചും സാധ്യമായ എല്ലാ വിധത്തിലും സന്തോഷം പകര്‍ന്ന് പഞ്ചായത്തിനെ വൃത്തിയുള്ളതും ഹരിതാഭവുമാക്കുക എന്നതാണ് ഹാപ്പിനെസ് പാര്‍ക്കിന്റെ ലക്ഷ്യമെന്ന് പ്രസിഡന്റ് എബ്രഹാം തോമസ് പറഞ്ഞു.
ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് ഹെല്‍ത്ത് കെയര്‍ മാനേജ്മെന്റ്
ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐയില്‍ ആറുമാസ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് ഹെല്‍ത്ത് കെയര്‍ മാനേജ്മെന്റ് കോഴ്സില്‍ സീറ്റ് ഒഴിവുണ്ട്. യോഗ്യത- പ്ലസ് ടു/ ബിരുദം ഫോണ്‍ : 7306119753.
സ്റ്റേഷനറി വിതരണം മുടങ്ങും
വാര്‍ഷിക സ്റ്റോക്കെടുപ്പ് പ്രമാണിച്ച് ഏപ്രില്‍ ഒന്ന്, രണ്ട് തീയതികളില്‍ സ്റ്റേഷനറി വിതരണം മുടങ്ങുമെന്ന് ജില്ലാ സ്റ്റേഷനറി ഓഫീസര്‍ അറിയിച്ചു
ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ്
ന്യൂനപക്ഷ കമ്മീഷന്‍ ജില്ലാ സിറ്റിംഗ് സര്‍ക്കാര്‍ അതിഥി മന്ദിര കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എ.എ റഷീദ് ഹര്‍ജികള്‍ പരിഗണിച്ചു. ഇലവുംതിട്ട ഡോ. അംബേദ്കര്‍ അണ്‍ എയ്ഡഡ് സ്‌കൂളിന് കോവിഡ് കാലത്ത് റദ്ദാക്കിയ അംഗീകാരം പുനഃസ്ഥാപിക്കാന്‍ നല്‍കിയ അപേക്ഷ നിരസിച്ചതിന് എതിര്‍കക്ഷികളായ പൊതുവിദ്യാഭ്യാസ സെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എന്നിവരോട് ഏപ്രില്‍ രണ്ടിന് തിരുവനന്തപുരത്തെ കമ്മീഷന്‍ ആസ്ഥാനത്ത് നടക്കുന്ന സ്പെഷ്യല്‍ സിറ്റിംഗില്‍ റിപ്പോര്‍ട്ടുമായി ഹാജരാകണമെന്ന് നിര്‍ദേശിച്ചു. വായ്പാ തിരിച്ചടവുമായി ബന്ധപ്പെട്ട് നാരങ്ങാനം സ്വദേശി സമര്‍പ്പിച്ച പരാതി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു.