പോസ്റ്ററടിക്കൂ, സമ്മാനം നേടാം
സാമൂഹ്യമാധ്യമങ്ങളിലേക്ക് പോസ്റ്റര്‍ തയ്യാറാക്കി സമ്മാനം നേടാന്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അവസരം ഒരുക്കുന്നു. കൊല്ലം ജില്ലയിലുടനീളം സര്‍ക്കാര്‍ നടപ്പിലാക്കിയ വികസനപ്രവര്‍ത്തനങ്ങളുടെ ചിത്രം ഉള്‍പ്പെടുത്തി ആകര്‍ഷകമായി തയ്യാറാക്കുന്നവയ്ക്ക് വിലപ്പെട്ട പുസ്തകങ്ങള്‍ ഉള്‍പ്പടെ സമ്മാനമായി നല്‍കും. ഇന്‍സ്റ്റഗ്രം, ഫെയ്സ്ബുക്ക് തുടങ്ങിയ മാധ്യമങ്ങള്‍ക്ക് ഇണങ്ങുംവിധമുള്ള രൂപകല്‍പനയോടെ ഓരോ രചനകള്‍ അയക്കണം. ഏതുപ്രായക്കാര്‍ക്കും പങ്കെടുക്കാം. reelkeralaprd2025@gmail.com ഇ-മെയിലിലേക്ക് മെയ് നാലിനകം അയക്കാം.
കുളമ്പുരോഗത്തിനെതിരെ പ്രതിരോധ കുത്തിവയ്പ്പ്
കുളമ്പുരോഗത്തിനെതിരെയുള്ള പ്രതിരോധ കുത്തിവയ്പ്പ് മെയ് രണ്ടുമുതല്‍ 23 വരെ കൊല്ലം ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ നടക്കും. മെയ് രണ്ടിന് രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി കെ ഗോപന്‍ ക്യാമ്പയിന്‍ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കും. ആറാംഘട്ട കുളമ്പുനിരോധന കുത്തിവെയ്പ്പാണ് നടപ്പാക്കുന്നത്. 110542 പശുക്കള്‍ക്കും 8658 എരുമകള്‍ക്കും കുത്തിവയ്പ്പ് നല്‍കും.
കര്‍ഷകരുടെ വീട്ടുപടിക്കലെത്തുന്ന മൃഗസംരക്ഷണ വകുപ്പ് സ്‌ക്വാഡുകള്‍ കുത്തിവെയ്പ്പ് നല്‍കി ചെവിയില്‍ ടാഗ് പതിപ്പിക്കും. 140 സ്‌ക്വാഡുകളെ ഇതിനായി പ്രവര്‍ത്തന സജ്ജമാക്കി. കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ്പ് പൂര്‍ണമായും സൗജന്യമാണ്. നാല് മാസത്തില്‍ താഴെ പ്രായമുള്ള കിടാങ്ങള്‍, രോഗമുള്ള പശുക്കള്‍, പ്രസവിക്കാറായ ഉരുക്കള്‍ എന്നിവയെ കുത്തിവെയ്പ്പില്‍ നിന്നും ഒഴിവാക്കും. ഫോണ്‍: 0476 2797276.
സാമ്പ്രാണിക്കോടി തുരുത്തില്‍ ഇനി മുതല്‍ ഓണ്‍ലൈന്‍ ടിക്കറ്റിംഗ്
സാമ്പ്രാണിക്കോടി തുരുത്തില്‍ സന്ദര്‍ശിക്കുന്നവര്‍ ഇനി മുതല്‍ ഓണ്‍ലൈന്‍ ടിക്കറ്റ് എടുക്കണം. മെയ് ഒന്നുമുതല്‍ www.dtpckollam.com വഴിയാണ് സാമ്പ്രാണിക്കോടി, മണലില്‍, കുരീപ്പുഴ എന്നീ ടെര്‍മിനുകളിലേക്ക് സന്ദര്‍ശകര്‍ ബുക്ക് ചെയ്യേണ്ടത്. അത്യാവശ്യ ഘട്ടങ്ങളില്‍ സ്‌പോട്ട് ബുക്കിംഗ് സംവിധാനം ഉണ്ടാകുമെങ്കിലും ജൂണ്‍ ഒന്ന് മുതല്‍ സാമ്പ്രാണിക്കോടി തുരുത്തില്‍ പൂര്‍ണമായും ഓണ്‍ലൈന്‍ ടിക്കറ്റിങ് സംവിധാനം ഏര്‍പ്പെടുത്തും.
വുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കര്‍ നിയമനം
ജില്ലയിലെ വിവിധ ക്ഷീരവികസന യൂണിറ്റുകളിലേക്ക് വുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കറെ നിയമിക്കുന്നു. ജില്ലയിലെ ക്ഷീര സംഘങ്ങളില്‍ അംഗങ്ങളായ 18നും 45നുമിടയില്‍ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. അടിസ്ഥാന യോഗ്യത- എസ് എസ് എല്‍ സി. മെയ് 14 ന് വൈകിട്ട് മൂന്നിനകം ബ്ലോക്ക് തലത്തിലെ അതത് ക്ഷീരവികസന യൂണിറ്റ് ഓഫീസുകളില്‍ അപേക്ഷ സമര്‍പ്പിക്കണം. മെയ് 20ന് രാവിലെ 10.30 ന് ജില്ലാ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ അഭിമുഖം നടക്കും. ഫോണ്‍: 0474 2748098.
ഡയറി പ്രൊമോട്ടര്‍ നിയമനം
ജില്ലയിലെ വിവിധ ക്ഷീരവികസന യൂണിറ്റുകളിലേക്ക് ഡയറി പ്രൊമോട്ടറെ നിയമിക്കുന്നു. അടിസ്ഥാന യോഗ്യത- എസ് എസ് എല്‍ സി. പ്രായപരിധി 18- 45 വയസ്. മെയ് 14 ന് വൈകിട്ട് മൂന്നിനകം ബ്ലോക്ക് തലത്തിലെ അതത് ക്ഷീരവികസന യൂണിറ്റ് ഓഫീസുകളില്‍ അപേക്ഷ സമര്‍പ്പിക്കണം. അഭിമുഖം മെയ് 19ന് രാവിലെ 10.30 ന് ജില്ലാ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കും. ഫോണ്‍: 0474 2748098.
സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം
കിലെ ഐ.എ.എസ് അക്കാദമിയില്‍ സിവില്‍ സര്‍വ്വീസ് പരീക്ഷ പരിശീലനത്തിന് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം. കോഴ്‌സ് ദൈര്‍ഘ്യം ഒരു വര്‍ഷം. പൊതുവിഭാഗക്കാര്‍ക്ക് ഫീസ് 50000 രൂപ. ക്ഷേമനിധി ബോര്‍ഡുകളില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികളുടെ ആശ്രിതര്‍ക്ക് 50 ശതമാനം ഫീസിളവ്. വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും www.kile.kerala.gov.in/kileiasacademy സന്ദര്‍ശിക്കുക. ഫോണ്‍: 8075768537, 0471-2479966, 8075768537.
ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ സിറ്റിങ്
കൊല്ലം ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ സുനിത വിമല്‍ മെയ് 5, 12, 19, 26 തീയതികളില്‍ കോട്ടയത്തും 7, 14, 21, 28 തീയതികളില്‍ പുനലൂരിലും 13, 17, 24, 31 തീയതികളില്‍ പീരുമേടും 27ന് തൊടുപുഴയിലും മറ്റു പ്രവൃത്തിദിനങ്ങളില്‍ ആസ്ഥാനത്തും തൊഴില്‍ തര്‍ക്ക കേസുകളിലും എംപ്ലോയീസ് ഇന്‍ഷുറന്‍സ് കേസുകളിലും എംപ്ലോയീസ് കേസുകളിലും കോമ്പന്‍സേഷന്‍ കേസുകളിലും വിചാരണ നടത്തും.
കുടുംബശ്രീയുടെ ‘അരങ്ങ് ‘ കലാമേള അഞ്ച് മുതല്‍
കുടുംബശ്രീ അയല്‍ക്കൂട്ട – ഓക്‌സിലറി അംഗങ്ങള്‍ക്കായി ‘ അരങ്ങ് ‘ കലാമേള ബ്ലോക്ക് ക്ലസ്റ്റര്‍ തലം മെയ് അഞ്ച് മുതല്‍ സംഘടിപ്പിക്കുന്നു. ഇത്തിക്കര – മുഖത്തല- കൊല്ലം ക്ലസ്റ്റര്‍, ശാസ്താംകോട്ട – ചിറ്റുമല ക്ലസ്റ്റര്‍, ഓച്ചിറ – ചവറ – കരുനാഗപള്ളി ക്ലസ്റ്റര്‍, പത്തനാപുരം- വെട്ടിക്കവല ക്ലസ്റ്റര്‍, കൊട്ടാരക്കര – ചടയമംഗലം ക്ലസ്റ്റര്‍, പുനലൂര്‍ – അഞ്ചല്‍ ക്ലസ്റ്റര്‍ എന്നിങ്ങനെ ജില്ലയിലെ 74 സിഡിഎസുകളുടേ പങ്കാളിത്തം ഉറപ്പാക്കി ആറ് ബ്ലോക്ക് ക്ലസ്റ്ററുകളായി മെയ് അഞ്ച് മുതല്‍ ഒമ്പത് വരെയുള്ള തീയതികളില്‍ കലാ മത്സരങ്ങള്‍ നടത്തും. അരങ്ങ് ജനകീയമാക്കുന്നതിനുള്ള പ്രചരണ ക്യാമ്പയിനുകള്‍ സിഡിഎസ് തലത്തിലും ജില്ലാതലത്തിലും നടക്കുന്നു.
പ്രാഥമിക ഘട്ടത്തില്‍ നടത്തിയ എഡിഎസ് മത്സരങ്ങളില്‍ നിന്നുള്ള വിജയികളാണ് സിഡിഎസ് തലത്തില്‍ മത്സരിക്കുന്നത്. തുടര്‍ന്ന്, മത്സരത്തില്‍ വിജയിക്കുന്നവര്‍ ബ്ലോക്ക് തലത്തില്‍ പങ്കെടുക്കുന്നു. ജൂനിയര്‍ സീനിയര്‍ വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍. 18 മുതല്‍ 40 വയസ് വരെയുള്ള അയല്‍ക്കൂട്ട ഓക്‌സിലറി അംഗങ്ങള്‍ക്ക് ജൂനിയര്‍ വിഭാഗത്തിലും 40 വയസിന് മുകളിലുള്ള അയല്‍ക്കൂട്ട ഓക്‌സിലറി അംഗങ്ങള്‍ക്ക് സീനിയര്‍ വിഭാഗത്തിലും മത്സരിക്കാം. നാടകം, ചവിട്ട് നാടകം, ശിങ്കാരി മേളം എന്നീ ഇനങ്ങള്‍ മാത്രമാണ് പൊതു വിഭാഗം. വ്യക്തിഗത മത്സരങ്ങളായ ലളിതഗാനം, മാപ്പിള പാട്ട്, പ്രച്ഛന്ന വേഷം, മിമിക്രി, സംഘ ഇനങ്ങളായ കേരള നടനം, ഭരതനാട്യം,തിരുവാതിര തുടങ്ങി 33 സ്റ്റേജ് ഇനങ്ങളില്‍ പങ്കെടുക്കാം. കഥാ രചന, ചിത്ര രചന, കവിത രചന തുടങ്ങി 16 സ്റ്റേജ് ഇതര ഇനങ്ങളുമുണ്ട്. ബ്ലോക്ക് ക്ലസ്റ്റര്‍ അരങ്ങിലെ വിജയികള്‍ ജില്ലാതല അരങ്ങില്‍ മാറ്റുരയ്ക്കും.
അഭിമുഖം മാറ്റിവച്ചു
ഹോമിയോപ്പതി വകുപ്പിലെ സ്വാസ്ഥ്യം ചികിത്സാ പദ്ധതിയിലേക്ക് മെഡിക്കല്‍ ഓഫീസറെ താത്കാലികമായി നിയമിക്കുന്നതിന് മെയ് രണ്ടിന് തേവള്ളി ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ നടത്താനിരുന്ന അഭിമുഖം മെയ് ആറിന് രാവിലെ 10.30 ന് ജില്ലാ പഞ്ചായത്തില്‍ നടത്തും. ഫോണ്‍: 04742797220.
ഇലക്ട്രിക്കല്‍ വയര്‍മാന്‍ എഴുത്തു പരീക്ഷ
ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് നടത്തുന്ന ഇലക്ട്രിക്കല്‍ വയര്‍മാന്‍ തസ്തികയിലേക്കുള്ള എഴുത്തുപരീക്ഷ മെയ് എട്ടിന് ബീച്ച് റോഡിലെ സര്‍ക്കാര്‍ ടീച്ചേഴ്‌സ് ട്രെയിനിംഗ് ഇന്സ്റ്റിട്യൂട്ടില്‍ നടക്കും. ഹാള്‍ ടിക്കറ്റ് https://samraksha.ceikerala.gov.in ല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ഫോണ്‍: 0471 2339233