റാന്നി വനം ഡിവിഷന്‍റെ ഭാഗമായ ഗൂഡ്രിക്കൽ, വടശേരിക്കര റേഞ്ചുകളിൽപ്പെട്ട സീതത്തോട് വനമേഖലയോട് ചേർന്ന പ്രദേശങ്ങളിലെ വീടുകളിൽനിന്ന് നിരന്തരം ഭക്ഷണ സാധനങ്ങൾ മോഷണം പോകുന്ന സംഭവത്തെക്കുറിച്ചുള്ള പരാതിയില്‍ പോലീസും വനം വകുപ്പും അന്വേഷണം വ്യാപിപ്പിച്ചു. വീടുകളില്‍ നിന്നും ഭക്ഷണ സാധനവും ഭക്ഷണവും ചോദിച്ചു വാങ്ങുകയും ആളില്ലാ വീടുകളില്‍ നിന്നും ഭക്ഷണം എടുത്തു കൊണ്ട് പോകുന്നതും വയനാട് അടക്കമുള്ള സ്ഥലങ്ങളില്‍ സജീവമായ മാവോയിസ്റ്റ് ബന്ധം ഉള്ള ആളുകളുടെ സ്ഥിരം രീതിയായതിനാല്‍ സീതത്തോട് വനമേഖല കേന്ദ്രീകരിച്ച് ഊര്‍ജിത അന്വേഷണം നടത്തുവാന്‍ ആണ് അന്വേഷണ വിഭാഗങ്ങളുടെ തീരുമാനം.
ഏതാനും നാളുകളായി സീതത്തോട് വന മേഖലയിലെ വീടുകളില്‍ നിന്നും ഭക്ഷണവും ഭക്ഷണ സാധനങ്ങളും മോഷണം പോകുന്നു. മറ്റു വിലപിടിപ്പ് ഉള്ള സാധനങ്ങള്‍ മോഷണം പോയിട്ടില്ല. ഇതാണ് മാവോയിസ്റ്റ് സാന്നിധ്യത്തില്‍ നാട്ടുകാര്‍ ആശങ്ക പ്രകടിപ്പിക്കുന്നത്. ഏതാനും മാസമായി അരി ഉൾപ്പെടെ ഭക്ഷ്യ സാധനങ്ങൾ മാത്രം മോഷ്ടിക്കുന്ന പത്തോളം സംഭവങ്ങൾ വനാതിർത്തി മേഖലയിലെ വീടുകളില്‍ നിന്നും ഉണ്ടായി.
വീട്ടുകാര്‍ പോലീസിൽ പരാതി നൽകിയെങ്കിലും പ്രതികളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. മോഷ്ടാക്കളുടെ ലക്ഷ്യം അറിയാഹാരമാണ്. മറ്റു സാധനങ്ങള്‍ ഒന്നും തന്നെ കടത്തിയിട്ടില്ല എന്നത് ആണ് മാവോയിസ്റ്റ് സാന്നിധ്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നത്.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ശക്തമായ രീതിയില്‍ മാവോയിസ്റ്റ് വേട്ട ആരംഭിച്ചു കഴിഞ്ഞു. 2026 ഓടെ ഇന്ത്യയില്‍ നിന്നും പൂര്‍ണ്ണമായും മാവോയിസ്റ്റ് ബന്ധം ഉള്ള ആളുകളെ പിടികൂടും എന്നാണ് കേന്ദ്ര അഭ്യന്തര മന്ത്രി പോലും പറയുന്നത്. മാവോയിസ്റ്റ് വേട്ടയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ സൈന്യത്തെ ഇറക്കിയിരുന്നു.
വന മേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നിരവധി മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ ഉണ്ട്. ഇവരുടെ സാന്നിധ്യം ആണോ സീതത്തോട് വന മേഖലയില്‍ ഉള്ളത് എന്ന് പോലീസ് സ്പെഷ്യല്‍ ബ്രാഞ്ച് പോലും സംശയിക്കുന്നു. കേരള പോലീസിലെ ഉന്നത സംഘങ്ങൾ അരിയാഹാരം മോഷണംനടന്ന വീട്ടുകളിൽ എത്തി വിവരങ്ങൾ ശേഖരിച്ചു പോയിരുന്നു.
പ്രതികൾക്കായി വനം വകുപ്പ് പോലീസ് ഉദ്യോഗസ്ഥ സംഘങ്ങൾ അന്വേഷണം നടത്തുന്നുണ്ടെങ്കിലും തെളിവുകള്‍ ഒന്നും ലഭിച്ചില്ല. ജനവാസ കേന്ദ്രത്തിലെ വന മേഖലയോട് ചേര്‍ന്നുള്ള കാടുകളില്‍ കഴിഞ്ഞ ദിവസം വനം വകുപ്പ് തിരച്ചില്‍ നടത്തിയിരുന്നു. ഉള്‍ക്കാടുകളില്‍ തെരച്ചില്‍ നടത്താന്‍ ഉള്ള സാങ്കേതിക ബുദ്ധിമുട്ട് വനം വകുപ്പിന് ഉണ്ട്.
മാവോയിസ്റ്റ് സാന്നിധ്യം ഉള്ള വന മേഖലയില്‍ തിരച്ചില്‍ നടത്തുന്ന തണ്ടര്‍ ബോള്‍ട്ട് സംഘത്തിനെ എത്തിച്ചു പരിശോധന നടത്തണം എന്നാണ് നാട്ടുകാരുടെ ആവശ്യം. നാഷണൽ സെക്യൂരിറ്റി ഗാർഡ് മാതൃകയിൽ കേരളത്തിൽ പോലീസ് രൂപവത്കരിച്ച കമാൻഡോ സംഘമാണ് കേരള തണ്ടർ ബോൾട്ട്. മോഷ്ടാക്കളെ ഭയന്ന് വനാതിർത്തിയിൽ താമസിക്കുന്നവർക്കു വീട് വിട്ട് പുറത്ത് പോകാൻ കഴിയാത്ത അവസ്ഥയില്‍ ജന പ്രതിനിധികളുടെ കൂട്ടായ്മയില്‍ നാട്ടുകാര്‍ ചേര്‍ന്നുള്ള സമിതി രൂപീകരിച്ചു വന ഭാഗത്ത് പരിശോധന നടത്തേണ്ടി വരും എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. എന്നാല്‍ കാട്ടിലേക്ക് പൊതു ജനങ്ങളെ പ്രവേശിപ്പിക്കാന്‍ കഴിയില്ല എന്ന് വനം വകുപ്പ് പറയുന്നു.
വീടുകളില്‍ നിന്നും ഭക്ഷണ സാധനങ്ങള്‍ മോഷ്ടിക്കുന്ന ആളുകളെ എത്രയും വേഗം കണ്ടെത്തണം എന്നാണ് നാട്ടുകാരുടെ ആവശ്യം. താമസമില്ലാതെ അടഞ്ഞു കിടന്ന കൊച്ചുകോയിക്കൽ 4- ബ്ലോക്കിലെ കാവിത്തടം ലില്ലിക്കുട്ടിയുടെ വീടിന്റെ പിന്നിലെ ജനൽ തകർത്ത് അകത്ത് കടന്ന മോഷ്ടാക്കൾ ആഹാരസാധനങ്ങളും പാത്രങ്ങളും മോഷ്ടിച്ചതാണ് അവസാന സംഭവം. ലില്ലിക്കുട്ടി മക്കൾക്കൊപ്പം മുബൈയിലാണ് താമസം. വീട് നോക്കുന്ന സഹോദരൻ മാത്യു ഇന്നലെ രാവിലെ വീട്ടിൽ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
ചരുവിൽ ബാബുരാജിന്റെ വീട്ടിൽ നിന്നും അരിയും ഭക്ഷണ സാധനങ്ങളും മോഷണം പോയിരുന്നു. വനത്തിൽ തിരച്ചിൽ തുടങ്ങിയെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ലെന്നാണ് വനപാലകർ പറയുന്നത്.ഗുരുനാഥൻ മണ്ണ്,ആങ്ങമൂഴി, വാലുപാറ, കൊച്ചു കോയിക്കൽ ഭാഗങ്ങളിലെ വന മേഖലയോട് ചേര്‍ന്ന വീടുകളില്‍ ആണ് ഭക്ഷണ സാധനങ്ങള്‍ മോഷണം പോയത്.
വാതിൽ, ജനൽ എന്നിവ വെട്ടിപ്പൊളിച്ച് അകത്ത് കടക്കുന്ന അജ്ഞാത സംഘങ്ങൾ അരി,പാത്രങ്ങൾ,ഭക്ഷണ സാധനങ്ങൾ,വീട്ടുകളിലെ നിത്യോപയോഗ ആയുധങ്ങൾ തുടങ്ങിയവയാണ് മോഷ്ടിക്കുന്നത്. പോലീസ് നായയുടെ സഹായത്തോടെയും ഫോറൻസിക് വിദഗ്ധരുടെ സാന്നിധ്യത്തിലും മോഷണം നടന്ന വീടുകൾ പോലീസ് പരിശോധിച്ചിരുന്നു. വനപാലകർ അവരുടെ രീതിയില്‍ കാടുകളിൽ തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. വനമേഖല കേന്ദ്രീകരിച്ച് നിയമ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സംഘങ്ങളാണോ സംഭവത്തിനു പിന്നില്‍ എന്നാണ് ഇപ്പോള്‍ പരിശോധിക്കുന്നത്. എന്തായാലും ജനകീയ സമിതികള്‍ രൂപീകരിക്കാന്‍ ഉള്ള ആലോചന നടക്കുന്നു.