Input your search keywords and press Enter.

പാലക്കാട് ജില്ലാ വാർത്തകൾ (10/05/2024)

വനം ട്രിബ്യൂണല്‍ സിറ്റിങ്

കോഴിക്കോട് ആസ്ഥാനമായ വനം ട്രിബ്യൂണലിന്റെ പാലക്കാട് ജില്ലയിലെ ക്യാമ്പ് സിറ്റിങ് ഒമ്പത്, പത്ത്, 24, 25 തിയ്യതികളില്‍ നടക്കും. എസ്.ബി.ഐ ജങ്ഷനിലുള്ള ചില്‍ഡ്രന്‍സ് പാര്‍ക്കിന് സമീപത്തെ ഡി.ടി.പി.സി കോമ്പൗണ്ടിലാണ് സിറ്റിങ്.

 

ഹൈസ്‌കൂള്‍ ടീച്ചര്‍ (അറബിക്) അഭിമുഖം 24

ജില്ലയിലെ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (അറബിക്) (കാറ്റഗറി നമ്പര്‍: 703/2022) തസ്തികയുടെ അഭിമുഖം 24ന് രാവിലെ 9:30 ന് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജില്ല ഓഫീസില്‍ വച്ച് നടത്തും. അര്‍ഹരായ എല്ലാ ഉദ്യോഗാര്‍ത്ഥികള്‍ക്കും പ്രൊഫൈല്‍/എസ്.എം.എസ് വഴി അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്റര്‍വ്യൂവിന് ഹാജരാകുന്ന ഉദ്യോഗാര്‍ത്ഥികള്‍ വണ്‍ ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ അസ്സലും അസ്സല്‍ പ്രമാണങ്ങളും ഇന്റര്‍വ്യൂ മെമ്മോയും തിരിച്ചറിയല്‍ രേഖയും സഹിതം നിശ്ചിത തീയതിയിലും സമയത്തും പി.എസ്.സി ഓഫീസില്‍ നേരിട്ട് എത്തണമെന്ന് ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505398.

 

റെസിഡന്റ് ട്യൂട്ടര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ കൊഴിഞ്ഞാമ്പാറയില്‍ പ്രവര്‍ത്തിക്കുന്ന ഗവ പ്രീമെട്രിക് ഹോസ്റ്റലില്‍ (പെണ്‍കുട്ടികളുടെ) രാത്രികാല പഠന മേല്‍നോട്ട ചുമതലകള്‍ വഹിക്കുന്നതിന് റെസിഡന്റ് ട്യൂട്ടര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത ഡിഗ്രിയും ബി.എഡും. അധിക യോഗ്യത അഭികാമ്യം. അപേക്ഷകര്‍ ചിറ്റൂര്‍ ബ്ലോക്ക് പരിധിയില്‍ സ്ഥിരതാമസക്കാരായിരിക്കണം. തമിഴ് ഭാഷ നന്നായി കൈകാര്യം ചെയ്യാന്‍ കഴിയണം. 12,000 രൂപ ഓണറേറിയം ലഭിക്കും. പ്രവൃത്തി സമയം വൈകിട്ട് നാലു മുതല്‍ രാവിലെ എട്ട് വരെ. താത്പര്യമുള്ളവര്‍ സ്വയം തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ 25ന് വൈകിട്ട് അഞ്ചിനകം ചിറ്റൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ നല്‍കണമെന്ന് പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 8547630128.

 

വെട്ടിക്കെട്ട് അപേക്ഷ നിരസിച്ചു

മുടപ്പല്ലൂര്‍ ശ്രീ അഴീക്കുളങ്ങര ഭഗവതി വേലയോടനുബന്ധിച്ച് മുടപ്പല്ലൂര്‍ വേല ഉത്സവക്കമ്മിറ്റി പ്രസിഡന്റും ആലത്തൂര്‍ ശ്രീകുറുമ്പ ഭഗവതി ക്ഷേത്രത്തിലെ വേലയോടനുബന്ധിച്ച് കണ്ണമ്പ്ര ദേശം വേലക്കമ്മിറ്റി ജോയിന്റ് സെക്രട്ടറിയും സമര്‍പ്പിച്ച വെടിക്കെട്ട് അനുമതിക്കായുള്ള അപേക്ഷകള്‍ നിരസിച്ച് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് സി. ബിജു ഉത്തരവിട്ടു.

പെസോ അംഗീകാരമുള്ള സംഭരണമുറിയുടെ ലൈസന്‍സ് വിവരങ്ങള്‍, വെടിക്കെട്ട് നടത്തുന്ന സ്ഥലത്തിന്റെ റിസ്‌ക് അസസ്‌മെന്റ് പ്ലാന്‍, ഓണ്‍ സൈറ്റ് എമര്‍ജന്‍സി പ്ലാന്‍ എന്നിവ ഹാജരാക്കിയിട്ടില്ല, പെസോ മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിച്ചിട്ടില്ല എന്നീ കാരണങ്ങളാണ് വെടിക്കെട്ട് അപേക്ഷകള്‍ നിരസിച്ചത്.

 

മുട്ടക്കോഴി കുഞ്ഞുങ്ങളും കോഴിമുട്ടയും വില്പനയ്ക്ക്

മലമ്പുഴ മേഖലാ കോഴി വളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്നും എടുക്കുന്ന 45 ദിവസം പ്രായമായ ഗ്രാമശ്രീ മുട്ടക്കോഴി കുഞ്ഞുങ്ങളെ കുഞ്ഞൊന്നിന് 130 രൂപ നിരക്കില്‍ ലൈസന്‍സ്ഡ് എഗര്‍ നഴ്‌സറികളില്‍ നിന്നും ലഭിക്കും. ഈ കേന്ദ്രത്തില്‍ നിന്നും കോഴി മുട്ട ആറുരൂപ നിരക്കില്‍ ലഭിക്കും. താല്പര്യമുള്ളവര്‍ 8590663940, 9526126636 എന്നീ നമ്പറുകളില്‍ വിളിച്ച് മുന്‍കൂട്ടി ബുക്ക് ചെയ്യണമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.

 

പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് ക്ലെയിം

പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ 2023-24 അധ്യയന വര്‍ഷത്തെ പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് ഫ്രഷ്/റിന്യൂവല്‍ ക്ലെയിമുകള്‍ മെയ് 20 വരെ സമര്‍പ്പിക്കാമെന്നും സ്ഥാപനങ്ങളില്‍ നിന്നുള്ള ഫ്രഷ്/റിന്യൂവല്‍ അപേക്ഷകള്‍ 31 വരെ ഫോര്‍വേഡ് ചെയ്യാമെന്നും മറ്റൊരു അവസരം നല്‍കുന്നതല്ലെന്നും പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ അറിയിച്ചു.

 

ട്യൂട്ടര്‍, റെസിഡന്റ് ട്യൂട്ടര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന ഗവ പ്രീമെട്രിക് ഹോസ്റ്റല്‍ മുണ്ടൂര്‍ (പെണ്‍കുട്ടികള്‍), ഗവ പ്രീമെട്രിക് ഹോസ്റ്റല്‍ കോങ്ങാട് (ആണ്‍കുട്ടികള്‍) എന്നിവിടങ്ങളിലേക്ക് 2024-25 വര്‍ഷത്തേക്ക് യു.പി വിഭാഗത്തിലും എട്ട്, ഒമ്പത്, 10 ക്ലാസുകളില്‍ ഇംഗ്ലീഷ്, ഹിന്ദി, കണക്ക്, നാച്ചുറല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ് എന്നീ വിഷയങ്ങള്‍ക്കും ട്യൂഷന്‍ നല്‍കുന്നതിന് ട്യൂട്ടര്‍മാരുടെയും രാത്രികാല പഠന മേല്‍നോട്ട ചുമതല വഹിക്കുന്നതിനായി റെസിഡന്റ് ട്യൂട്ടര്‍മാരുടെയും അപേക്ഷ ക്ഷണിച്ചു. ബി.എഡ്, ടി.ടി.സി യോഗ്യതയുള്ളവര്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകള്‍ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം 27ന് രാവിലെ 10:30 ന് പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നേരിട്ട് അഭിമുഖത്തിന് എത്തണമെന്ന് പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 8547630126.

 

ഡിജിറ്റല്‍ സര്‍വെ പൂര്‍ത്തിയാക്കി; ആക്ഷേപം അറിയിക്കാന്‍ 30 ദിവസം

പാലക്കാട് ജില്ലയില്‍ മണ്ണാര്‍ക്കാട് താലൂക്കില്‍പ്പെട്ട കോട്ടോപ്പാടം – 3 വില്ലേജില്‍ ഉള്‍പ്പെട്ടുവരുന്ന പ്രദേശങ്ങളിലെ ഡിജിറ്റല്‍ സര്‍വെ പൂര്‍ത്തിയാക്കി. തയ്യാറായ സര്‍വ്വേ റിക്കാര്‍ഡുകള്‍ ‘എന്റെ ഭൂമി’ പോര്‍ട്ടലിലും കോട്ടോപ്പാടം – 3 ക്യാമ്പ് ഓഫീസിലും, വില്ലേജ് ഓഫീസ് കോട്ടോപ്പാടം-3 ലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സര്‍വ്വേ റിക്കാര്‍ഡുകളില്‍ ആക്ഷേപമുള്ളപക്ഷം പരസ്യം പ്രസിദ്ധപ്പെടുത്തി 30 ദിവസങ്ങള്‍ക്കകം പാലക്കാട് റിസര്‍വ്വേ അസിസ്റ്റന്റ് ഡയറക്ടര്‍ക്ക് ഫോറം 160 ല്‍ നേരിട്ടോ ‘എന്റെ ഭൂമി’ പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായോ സമര്‍പ്പിക്കാം. നിശ്ചിത ദിവസങ്ങള്‍ക്കകം അപ്പീല്‍ സമര്‍പ്പിക്കാത്തപക്ഷം റീസര്‍വേ റിക്കാര്‍ഡുകളില്‍ രേഖപ്പെടുത്തിയ ഉടമസ്ഥരുടെ പേരുവിവരം, അളവുകള്‍, അതിരുകള്‍, വിസ്തീര്‍ണ്ണം എന്നിവ കുറ്റമറ്റതായി പ്രഖ്യാപിച്ച് സര്‍വ്വേ അതിരടയാളം നിയമ വകുപ്പ് (13 ) അനുസരിച്ചുള്ള ഫൈനല്‍ നോട്ടിഫിക്കേഷന്‍ പരസ്യപ്പെടുത്തി റിക്കാര്‍ഡുകള്‍ അന്തിമമാക്കും. ഭൂഉടമസ്ഥര്‍ക്ക് https://enteboomi.kerala.gov.in പോര്‍ട്ടല്‍ സന്ദര്‍ശിച്ച് ഭൂമിയുടെ രേഖകള്‍ ഓണ്‍ലൈനായോ ക്യാമ്പ് ഓഫീസില്‍ സജ്ജീകരിച്ചിട്ടുള്ള സംവിധാനം വഴിയോ പരിശോധിക്കാം.

 

വനിതാ കമ്മിഷന്‍ അദാലത്ത് 24ന്

വനിതാ കമ്മിഷന്‍ ജില്ലാതല അദാലത്ത് 24ന് രാവിലെ 10ന് ഗസ്റ്റ്ഹൗസ് ഹാളില്‍ നടക്കും.

error: Content is protected !!