Input your search keywords and press Enter.

പാലക്കാട് ജില്ലാ വാർത്തകൾ (20/03/2025)

അപ്ലൈക്കിളിങ് ആര്‍ട്ട് മെഗാ പരിശീലന പരിപാടി 22 ന്

അജൈവ മാലിന്യങ്ങളില്‍ നിന്നും ഉപകാരപ്രദമായ ഉല്‍പന്നങ്ങളും, വിവിധ തരം അലങ്കാര വസ്തുക്കളും, വില്പനയ്ക്ക് കഴിയുന്നതുമായ വസ്തുക്കളും നിര്‍മ്മിക്കുന്നതിനുള്ള മെഗാ പരിശീലന പരിപാടി മാര്‍ച്ച് 22 ന് ഉച്ചയ്ക്ക് രണ്ടിന് കോട്ടമൈതാനിയില്‍ നടക്കും. പാലക്കാട് കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ മാലിന്യമുക്ത നവകേരള കാംപയിനുമായി ബന്ധപ്പെട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. അപ്‌സൈക്കിളിംഗ് ആര്‍ട്ട് എന്ന പേരിലാരംഭിക്കുന്ന പരിശീലന പരിപാടി മാലിന്യ സംസ്‌കരണ രംഗത്തെ കുടുംബശ്രീയുടെ പുതിയ കാല്‍വയ്പ്പാണ്. ഭൂമിയെ സംരക്ഷിക്കാന്‍ അജൈവ മാലിന്യങ്ങളെ അപ് സൈക്ലിങ്ങിലൂടെ ഉപകാരപ്രദവും വില്പനയ്ക്ക് യോഗ്യമായതുമായ വസ്തുക്കളാക്കി മാറ്റുകയാണ് പരിപാടിയുടെ ലക്ഷ്യം. ജില്ലയിലെ 97 സിഡിഎസ്സുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 400ലധികം വനിതകള്‍ക്ക് വിവിധ തരത്തിലുള്ള പരിശീലനം നല്‍കുന്ന മെഗാ പരിപാടിയാണിത്.

 

സ്റ്റേഷനറി വിതരണമില്ല

വാര്‍ഷിക സ്റ്റോക്കെടുപ്പുമായി ബന്ധപ്പെട്ട് ഏപ്രില്‍ ഒന്ന്, രണ്ട്, മൂന്ന് തിയതികളില്‍ ഷൊര്‍ണ്ണൂര്‍ മേഖലാ സ്റ്റേഷനറി ഓഫീസില്‍ നിന്നും സ്റ്റേഷനറി വിതരണം ഉണ്ടായിരിക്കില്ലെന്ന് അസിസ്റ്റന്റ് സ്റ്റേഷനറി കണ്‍ട്രോളര്‍ അറിയിച്ചു. ഫോണ്‍: 0466 2220572

 

ലേലം ചെയ്യും

പാലക്കാട് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയര്‍ റോഡ്‌സ് സെക്ഷന്‍ (ഒന്ന്) ഓഫീസിന്റെ പരിധിയിലുള്ള മരങ്ങളും ശിഖരങ്ങളും മാര്‍ച്ച് 25 ന് ലേലം ചെയ്യും. മാങ്കുറിശ്ശി -കല്ലൂര്‍ റോഡില്‍ കി.മി 0/150 ല്‍ ഇടതുവശത്ത് മതിലിന് ഭീഷണിയായ മരം രാവിലെ 10.30 നും, പാലക്കാട്- പൊന്നാനി റോഡില്‍ കി.മി 20/200 മങ്കര പഞ്ചായത്ത് ഓഫീസിന് എതിര്‍ വശം രണ്ട് മരങ്ങള്‍ (നെല്ലി-ഒന്ന്, വാക-ഒന്ന്) രാവിലെ 11.15നും, പാലക്കാട് – പൊന്നാനി റോഡില്‍ കി മി 20/050 എല്‍. എച്ച്.എസ് ല്‍ എ.എച്ച് പാലസിന് എതിര്‍വശം ഉങ്ങ് മരത്തിന്റെ ഭീഷണിയുള്ള ശിഖരങ്ങള്‍ രാവിലെ 11.45 നും, പാലക്കാട്- പൊന്നാനി റോഡില്‍ കി മി 21/800 എല്‍.എച്ച്.എസ് ല്‍ പത്തിരിപ്പാല എച്ച് പി പെട്രോള്‍ പമ്പിന് സമീപം രണ്ട് മരങ്ങള്‍ (ഗുല്‍മോഹര്‍ -ഒന്ന്, മഴ വാക-1) ഉച്ചയ്ക്ക് 2.15 നും, മങ്കര – കുഴല്‍മന്ദം റോഡില്‍ കി.മി 14/400 (ആര്‍.എച്ച്.എസ്)ല്‍ താവളം ഭാഗത്ത് ഉങ്ങ് മരത്തിന്റെ ഭീഷണിയുള്ള രണ്ട് ശിഖരങ്ങള്‍ ഉച്ചയ്ക്ക് 12.30 ന് അതാത് മരങ്ങളുടെ സമീപത്ത് ലേലം ചെയ്യും.

 

ലേലം ചെയ്യും

പുതുക്കോട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നില്‍ക്കുന്ന തേക്ക് മരം (ഒന്ന്) മാര്‍ച്ച് 24 ന് രാവിലെ 11 മണിക്ക് ആശുപത്രിയില്‍ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04922 267243.

 

റേഷന്‍ കാര്‍ഡ് മസ്റ്ററിങ്

ഇ-കെ.വൈ.സി മസ്റ്ററിങ് ചെയ്യാത്തതിനാല്‍ ഇ-പോസില്‍ നിലവില്‍ പേരില്ലാത്ത ആലത്തൂര്‍ താലൂക്കിലെ എ.എ.വൈ/ പി.എച്ച്.എച്ച് റേഷന്‍ കാര്‍ഡ് അംഗങ്ങള്‍ മാര്‍ച്ച് 24 ന് മുമ്പ് റേഷന്‍ കടയിലെത്തി ഇ- പോസ് മെഷീന്‍ വഴി മസ്റ്ററിങ് ചെയ്യണമെന്ന് ആലത്തൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. റേഷന്‍കടയിലെത്തിയാല്‍ ബന്ധപ്പെടേണ്ട നമ്പറുകള്‍: 04922-222325, (താലൂക്ക് സപ്ലൈ ഓഫീസ്), 9188527388 (ആലത്തൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍), 9188527768 (റേഷനിങ് ഇന്‍സ്‌പെക്ടര്‍ ആലത്തൂര്‍, മാത്തൂര്‍ ഫര്‍ക്കകള്‍), 9188527767 (റേഷനിങ് ഇന്‍സ്‌പെക്ടര്‍ വടക്കഞ്ചേരി, കുഴല്‍മന്ദം ഫര്‍ക്കകള്‍)

 

മള്‍ട്ടി പര്‍പസ് വര്‍ക്കര്‍ കൂടിക്കാഴ്ച

പിരായിരി ഗ്രാമപഞ്ചായത്ത് ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറിയിലേക്ക് മള്‍ട്ടി പര്‍പസ് വര്‍ക്കര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ജി.എന്‍.എം യോഗ്യതയുള്ള നഴ്‌സുമാരെ നിയമിക്കുന്നു. മാര്‍ച്ച് 22 ന് രാവിലെ 10.30 ന് കൂടിക്കാഴ്ച്ച നടക്കും. 40 വയസാണ് ഉയര്‍ന്ന പ്രായപരിധി. പ്രവൃത്തി പരിചയം ഉണ്ടെങ്കില്‍ 50 വയസ്സ് വരെ ഉള്ളവരേയും പരിഗണിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ :9447845230, 9495729997, 04912932438.

 

ഇഞ്ചിക്കുന്ന്-അമ്പലവഴി റോഡ് ഉദ്ഘാടനം ചെയ്തു

തച്ചമ്പാറ ഗ്രാമപഞ്ചായത്തിലെ പാലക്കയം മേഖലയിലെ ഇഞ്ചിക്കുന്ന്-അമ്പലവഴി കോണ്‍ക്രീറ്റ് റോഡിന്റെ ഉദ്ഘാടനം മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത നിര്‍വ്വഹിച്ചു. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് 2024-25 വാര്‍ഷിക വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപ വിനിയോഗിച്ച് 187 മീറ്റര്‍ റോഡാണ് നിര്‍മിച്ചിട്ടുള്ളത്. പരിപാടിയില്‍ തച്ചമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.വി കുര്യന്‍, വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഐസക് ജോണ്‍, മെമ്പര്‍ കൃഷ്ണന്‍കുട്ടി, മറ്റു പഞ്ചായത്ത് അംഗങ്ങള്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു

 

കൂടിക്കാഴ്ച്ച 28 ന്

ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ഒഴിവുള്ള കുക്ക് (ഗ്രേഡ് രണ്ട് ) തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ 90 ദിവസത്തേക്ക് നിയമനം നടത്തുന്നു. മാര്‍ച്ച് 28 ന് രാവിലെ 10.30 ന് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ കൂടിക്കാഴ്ച്ച നടത്തും. ഏഴാംക്ലാസ് യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാമെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491-2546260

 

വിവിധ കേസുകളില്‍ ഉള്‍പ്പെട്ട 300 കിലോ കഞ്ചാവ് നശിപ്പിച്ചു

വിവിധ കേസുകളില്‍ ഉള്‍പ്പെട്ട് പാലക്കാട് എക്‌സൈസ് റെയിഞ്ച് ഓഫീസിന് കീഴില്‍ സൂക്ഷിച്ചിരുന്ന 300 കിലോ കഞ്ചാവ് നശിപ്പിച്ചു. പാലക്കാട് ഡിവിഷനിലെ എന്‍.ഡി.പി.എസ് ആന്റ് കണ്‍വെയന്‍സ് ഡിസ്‌പോസല്‍ കമ്മിറ്റി ചെയര്‍മാനായ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ വൈ.ഷിബു, കമ്മിറ്റി മെമ്പറായ പാലക്കാട് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഓഫീസിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍.ജി അജയകുമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ മലമ്പുഴ ആനക്കലിലെ ഇമേജ് എന്ന സ്ഥാപനത്തിലെ ഇന്‍സിനേറ്ററില്‍ വെച്ച് തീ വെച്ചാണ് നശിപ്പിച്ചത്. സ്ഥാപനത്തിലെ ആധുനിക സൗകര്യമുള്ള പുക രഹിത ഡ്രൈ ടൈപ്പ് ഇന്‍സിനേറ്ററില്‍ പ്രകൃതിക്കും പരിസ്ഥിതിക്കും ദോഷകരമല്ലാത്ത രീതിയിലാണ് കഞ്ചാവ് നശിപ്പിച്ചത്. ഇമേജ് ഓപ്പറേഷണല്‍ മാനേജര്‍ പീറ്റര്‍ സാമുവല്‍, എന്‍വയോണ്‍മെന്റ് എഞ്ചിനീയര്‍ ശ്രുതി തോമസ്, ഓപ്പറേഷണല്‍ കോ ഓര്‍ഡിനേറ്റര്‍ ജിനീഷ് രാജ്, പി എം നിഖില്‍, പാലക്കാട് എക്‌സൈസ് റെയിഞ്ച് ഓഫീസിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആര്‍ റിനോഷ്, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ കെ നാരായണന്‍, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് കെ.രജീഷ്‌കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ ഗുരുവായൂരപ്പന്‍, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് കെ.അഭിലാഷ്, ടി എസ് അനില്‍കുമാര്‍, കെ.സുരേഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ എ അരവിന്ദാക്ഷന്‍, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ വി.ബിന്ദു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കഞ്ചാവ് നശിപ്പിച്ചത്.

 

ജില്ലാ ആസൂത്രണ സമിതി യോഗം 22 ന്

2024-25 വാര്‍ഷിക പദ്ധതി ഭേദഗതി പൂര്‍ത്തീകരിക്കാത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭേദഗതി അംഗീകാരത്തിനായുള്ള ജില്ലാ ആസൂത്രണ സമിതി മാര്‍ച്ച് 22 ന് വൈകിട്ട് 3.30 ന് ജില്ലാ പഞ്ചായത്ത് കൗണ്‍സില്‍ ഹാളില്‍ ചേരുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

 

ലേലം ചെയ്യും

കാഞ്ഞിരപ്പുഴ ജലസേചന പദ്ധതി അസി. എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ ഓഫീസ് പരിധിയില്‍ വലതുകര മെയിന്‍ കനാലിന്റെ ചൂരിയോട് ഉപകനാലില്‍ ഇടതുബണ്ടില്‍ ചെയിനേജ് 1/850 ല്‍ നില്‍ക്കുന്ന പ്ലാവ്, ചടച്ചി മരങ്ങള്‍ മാര്‍ച്ച് 26 ന് രാവിലെ 11 മണിക്ക് കാഞ്ഞിരപ്പുഴ കെ.പി.ഐ.പി ഹെഡ് വര്‍ക്‌സ് സബ്ഡിവിഷന്‍ (3) അസി. എക്‌സിക്യുട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ വെച്ച് ലേലം ചെയ്തു വില്‍ക്കും. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ 1250 രൂപ നിരതദ്രവ്യമായി കെട്ടിവെക്കണമെന്ന് അസി. എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

 

ലേലം ചെയ്യും

ആലത്തൂര്‍ മിനി സിവില്‍ സ്റ്റേഷനിലെ പൊതു ശൗചാലയം പണം ഈടാക്കി ഉപയോഗിക്കുന്ന വ്യവസ്ഥയില്‍ നടത്തികൊണ്ടു പോകുന്നതിന് ലേലം നടത്തുന്നു. കരാര്‍ ഏറ്റെടുത്ത് നടത്തുവാന്‍ താല്‍പര്യമുള്ള വ്യക്തികള്‍ക്കും, കുടുംബശ്രീ യൂണിറ്റുകള്‍ക്കും ആലത്തൂര്‍ മിനി സിവില്‍സ്റ്റേഷനില്‍ മാര്‍ച്ച് 27 ന് രാവിലെ 11 ന് നടക്കുന്ന ലേലത്തില്‍ പങ്കെടുക്കാമെന്ന് തഹസില്‍ദാര്‍ അറിയിച്ചു. ഫോണ്‍: 04922 222324

 

കരസേനയില്‍ അഗ്‌നിവീര്‍: ഏപ്രില്‍ 10 വരെ അപേക്ഷിക്കാം

ഇന്ത്യന്‍ കരസേനയില്‍ 2025-2026 വര്‍ഷത്തെ അഗ്‌നിവീര്‍ നിയമന റിക്രൂട്ട്‌മെന്റ് റാലിക്കായുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പാലക്കാട്, കോഴിക്കോട്, കാസര്‍ഗോഡ്, കണ്ണൂര്‍, മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ നിന്നും ലക്ഷദ്വീപില്‍ നിന്നുമുള്ള അവിവാഹിതരായ പുരുഷ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് www.joinindianarmy.nic.in ല്‍ ഏപ്രില്‍ 10 വരെ ഓണ്‍ലൈനായി അപേക്ഷ നല്‍കാം. രണ്ട് തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക് അവരുടെ യോഗ്യത അനുസരിച്ച് അപേക്ഷിക്കാനാവും. ശാരീരികക്ഷമതാ പരീക്ഷയുടെയും ഓണ്‍ലൈന്‍ പരീക്ഷയുടെയും അടിസ്ഥാനത്തിലാണ് നിയമനം. ഓണ്‍ലൈന്‍ പരീക്ഷ ജൂണ്‍ മാസത്തില്‍ നടക്കും. യോഗ്യതയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും www.joinindianarmy.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ 0495-2383953 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യണം.

 

ഭൂമി വില കുറച്ച് കാണിച്ചുള്ള ആധാരം രജിസ്‌ട്രേഷന്‍: അദാലത്ത് 26 ന്

ഭൂമിയുടെ വില കുറച്ച് കാണിച്ച് ആധാരം രജിസ്റ്റര്‍ ചെയ്തവര്‍ക്ക് റവന്യു റിക്കവറി ഉള്‍പ്പടെയുള്ള നിയമ നടപടികളില്‍ നിന്ന് ഒഴിവാകുന്നതിനായി രജിസ്‌ട്രേഷന്‍ വകുപ്പ് സംഘടിപ്പിക്കുന്ന അദാലത്ത് മാര്‍ച്ച് 26 ന് ജില്ലാ രജിസ്ട്രാര്‍ ഓഫീസില്‍ നടക്കും. രജിസ്‌ട്രേഷന്‍ വകുപ്പിന്റെ സെറ്റില്‍മെന്റ് സ്‌കീം പ്രകാരമാണ് അദാലത്ത് നടത്തുന്നത്. പാലക്കാട് ജില്ലയിലെ 1986 മുതല്‍ 2017 മാര്‍ച്ച് 31 തിയതി വരെയുള്ള കാലയളവില്‍ അണ്ടര്‍ വാല്വേഷന്‍ നടപടി നേരിടുന്ന ആധാരങ്ങള്‍ക്കാണ് സെറ്റില്‍മെന്റ് സ്‌കീം പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. കളക്ടറുടെ/ജില്ലാ രജിസ്ട്രാറുടെ അന്തിമ ഉത്തരവ് പ്രകാരം അടക്കേണ്ട കുറവ് മുദ്രയുടെ പരമാവധി 60 ശതമാനവും രജിസ്‌ട്രേഷന്‍ ഫീസിന്റെ പരമാവധി 75 ശതമാനം കുറച്ച് നല്കും.

രജിസ്‌ട്രേഷന്‍ സമയത്ത് ശരിയായ വില കാണിക്കാതെ രജിസ്റ്റര്‍ ചെയ്ത ആധാരങ്ങളിലെ കുറവ് മുദ്രയും ഫീസും ഈടാക്കുന്നതിനുള്ള നടപടികള്‍ സമയബന്ധിതമായി തീര്‍പ്പാക്കുന്നതിനായുള്ള സര്‍ക്കാര്‍ ഉത്തരവ് പ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്. ഉത്തരവ് പ്രകാരം മാര്‍ച്ച് 31 നകം കുറവ് തുക ഒടുക്കി റവന്യു റിക്കവറി ഉള്‍പ്പടെയുള്ള നിയമ നടപടികളില്‍ നിന്ന് ഒഴിവാകാം. ആധാരം അണ്ടര്‍വാല്യുവേഷന്‍ നടപടിക്ക് വിധേയമായിട്ടുണ്ടോ എന്ന് പൊതുജനങ്ങള്‍ക്ക് www.pearl.registration.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് പരിശോധിക്കാമെന്ന് ജില്ലാ രജിസ്ട്രാര്‍ (ജനറല്‍) അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ രജിസ്ട്രാര്‍ ഓഫീസുമായോ സബ് രജിസ്ട്രാര്‍ ഓഫീസുമായോ (ഫോണ്‍ 0491 2505201) ബന്ധപ്പെടാം.

 

ലേലം ചെയ്യും

ഷൊര്‍ണൂര്‍ ഐ. പി. ടി ആന്റ് ഗവണ്‍മെന്റ് പോളിടെക്നിക് കോളേജ് വിദ്യാര്‍ത്ഥിനികളുടെ ഹോസ്റ്റല്‍ കോമ്പൗണ്ടില്‍ മുറിച്ച തേക്ക് മരം ഏപ്രില്‍ രണ്ടിന് രാവിലെ 11 മണിക്ക് ഓഫീസ് പരിസരത്ത് വെച്ച് പരസ്യമായി ലേലം ചെയ്ത് വില്‍ക്കും. ലേലത്തില്‍ പരിഗണിക്കുന്നതിനായി മുദ്ര വച്ച ക്വട്ടേഷനുകള്‍ ഏപ്രില്‍ ഒന്നിന് വൈകിട്ട് നാല് മണി വരെ ഓഫീസില്‍ നല്‍കാമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 9400006447, 0466-2220450.

 

ഗതാഗത നിയന്ത്രണം

പാലക്കാട് സിവില്‍ സ്റ്റേഷന്‍ റോഡില്‍ ഐ.എം.എ ജങ്ഷന്‍ മുതല്‍ സിവില്‍ സ്റ്റേഷന്‍ വരെയുള്ള ഭാഗത്ത് ടാറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ മാര്‍ച്ച് 25 ന് ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് പാലക്കാട് പൊതുമരാമത്ത് വകുപ്പ് (നിരത്തുകള്‍ വിഭാഗം, സെക്‍ഷന്‍ 1) അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

 

പെന്‍ഷന്‍ പദ്ധതികളുടെ ജില്ലാതല ഉദ്ഘാടനം 24 ന്

അസംഘടിത മേഖലയിലെ തൊഴിലാളികളുടേയും ചെറുകിട കച്ചവടക്കാരുടേയും ക്ഷേമത്തിനും സുരക്ഷയ്ക്കുമായി കേന്ദ്ര-സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച പെന്‍ഷന്‍ പദ്ധതികളായ പി.എം.എസ്.വൈ.എം (പ്രധാന്‍ മന്ത്രി ശ്രംയോഗി മാന്‍ ധന്‍ യോജന), എന്‍.പി.എസ് (നാഷണല്‍ പെന്‍ഷന്‍ സ്‌കീം ഫോര്‍ ട്രേഡേഴ്‌സ്) എന്നിവയുടെ ജില്ലാതല ഉദ്ഘാടനവും ബോധവത്കരണ ക്ലാസും മാര്‍ച്ച് 24 ന് രാവിലെ 11 മണിക്ക് പാലക്കാട് കെ.എസ്.ആര്‍.ടി.സി സ്റ്റാന്റിന് എതിര്‍വശത്തുള്ള ടോപ് ഇന്‍ ടൗണ്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ജില്ലയില്‍ തൊഴില്‍ വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് പദ്ധതികള്‍ നടപ്പിലാക്കുന്നത്. പെന്‍ഷന്‍ പദ്ധതിയിലേക്കുള്ള രജിസ്‌ട്രേഷന്‍ ക്യാമ്പുകളും അന്നേ ദിവസം നടക്കുമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) അറിയിച്ചു.

 

മുണ്ടൂര്‍ കുമ്മാട്ടി: മദ്യ നിരോധനം ഏര്‍പ്പെടുത്തി

മുണ്ടൂര്‍ കുമ്മാട്ടി ഉത്സവത്തോടനുബന്ധിച്ച് ഏപ്രില്‍ മൂന്നിന് മൂണ്ടൂര്‍ ഗ്രാമപഞ്ചായത്തിലും കോങ്ങാട് ഗ്രാമപഞ്ചായത്തിലെ 10,11 വാര്‍ഡുകളിലും മദ്യ നിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. അന്നേ ദിവസം രാവിലെ ആറു മണി മുതല്‍ രാത്രി പത്ത് മണി വരെ ഈ പ്രദേശങ്ങളിലെ മദ്യവില്‍പ്പന ശാലകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ പാടില്ല. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കേരള അബ്കാരി ആക്ട് 54 അനുസരിച്ച് നിയമ നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

error: Content is protected !!