Input your search keywords and press Enter.

പാക് നഗരങ്ങളിൽ ഇന്ത്യൻ ഡ്രോൺ ആക്രമണം ആരോപിച്ച് 12 എണ്ണം വെടിവെച്ചിട്ടെന്ന് പാകിസ്ഥാൻ; ഇന്ത്യ നിഷേധിച്ചു

തീവ്രവാദ കേന്ദ്രങ്ങള്‍ തകര്‍ത്ത ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായിരിക്കുകയാണ്. കറാച്ചിയിലും ലാഹോറിലുമുൾപ്പെടെ പാകിസ്ഥാനിലെ ഒമ്പത് നഗരങ്ങളിൽ ഇന്ത്യ ഡ്രോൺ ഉപയോഗിച്ച് ആക്രമണം നടത്തിയെന്ന് പാകിസ്ഥാൻ ആരോപിച്ചു. 12 ഡ്രോണുകൾ വെടിവെച്ചിട്ടെന്നും, ആക്രമണങ്ങളിൽ നാല് സൈനിക ഉദ്യോഗസ്ഥർക്ക് പരിക്കേറ്റെന്നും പാക് സൈന്യത്തിന്‍റെ പബ്ലിക് റിലേഷൻസ് ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ അഹമ്മദ് ഷെരീഫ് മാധ്യമങ്ങളെ അറിയിച്ചു.

ഇന്ത്യൻ ഡ്രോൺ ആക്രമണ ഭീഷണിയിലാണ് പാകിസ്ഥാനിലെ പ്രധാന നഗരങ്ങളെന്നാണ് അവരുടെ വാദം. ഇസ്രായേൽ നിർമ്മിത ഹാരോപ് ഡ്രോണുകളാണ് ഇന്ത്യ വ്യാപകമായി ഉപയോഗിച്ചതെന്നും പാകിസ്ഥാൻ ആരോപിക്കുന്നു. ഏകദേശം 24 ഡ്രോണുകളാണ് ഇന്ത്യ ഉപയോഗിച്ചതെന്നും, സാധാരണക്കാരെയും സൈനികരെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും പാകിസ്ഥാൻ കൂട്ടിച്ചേർത്തു.

എന്നാൽ, ഇങ്ങനെയൊരു ആക്രമണം നടത്തിയതായി കേന്ദ്ര സർക്കാരോ ഇന്ത്യൻ സൈന്യമോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പാകിസ്ഥാൻ്റെ ആരോപണങ്ങളെ ഇന്ത്യ തള്ളി. ഡ്രോൺ ആക്രമണം നടത്തിയെന്ന പാകിസ്ഥാൻ്റെ വാദം ഓപ്പറേഷൻ സിന്ദൂർ സർജിക്കൽ സ്ട്രൈക്കിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്നാണ് ഇന്ത്യയുടെ നിലപാട്. ഇന്ത്യയെ ആക്രമിക്കാൻ പാകിസ്ഥാൻ ഇതിലൂടെ ന്യായീകരണം കണ്ടെത്താൻ ശ്രമിക്കുകയാണെന്നും കേന്ദ്ര സർക്കാർ വിലയിരുത്തുന്നു.

ഓപ്പറേഷൻ സിന്ദൂറിന് ശേഷം പാകിസ്ഥാനിലെ ലാഹോറിലും കറാച്ചിയിലും സ്ഫോടനങ്ങൾ നടന്നതായി പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കറാച്ചിയിലെ ഷറാഫി ഗോതിൽ സ്ഫോടനം നടന്നുവെന്നും, ഇത് ഡ്രോൺ ആക്രമണമായിരുന്നുവെന്നും പാക് സൈന്യം അറിയിച്ചു. ലാഹോറിലെ ഡ്രോൺ ആക്രമണത്തിൽ നാല് പാക് സൈനികർക്ക് പരിക്കേറ്റെന്നും ഒരാൾ മരിച്ചെന്നും പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിനിടെ, പാകിസ്ഥാനെ വിറപ്പിച്ച മിന്നലാക്രമണം ഒരു തുടക്കം മാത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. നിയന്ത്രണ രേഖയിലെ പാക് വെടിവയ്പിൽ 13 പേർ കൊല്ലപ്പെട്ടതായും സർക്കാർ സ്ഥിരീകരിച്ചു.

ലാഹോറിൽ സ്ഫോടനം നടന്നതിൻ്റെ ദൃശ്യങ്ങൾ രാവിലെ 8:30 ഓടെ പുറത്തുവന്നു. വലിയ ശബ്ദം കേട്ടെന്നും മൂന്ന് സ്ഥലങ്ങളിൽ പുക ഉയർന്നെന്നും പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വോൾട്ടൻ വിമാനത്താവളത്തിന് അടുത്തായിരുന്നു സ്ഫോടനം. ഇന്ത്യയുടെ ഒരു ഡ്രോൺ വെടിവച്ചിട്ടെന്നും പാക് മാധ്യമങ്ങൾ അവകാശപ്പെടുന്നു.

ഇതിനിടെ, കഴിഞ്ഞ രാത്രി ഇന്ത്യക്ക് നേരെ വ്യോമാക്രമണത്തിന് പാകിസ്ഥാൻ സേന നീക്കം നടത്തിയതായി സൂചനയുണ്ട്. പാക് വിമാനങ്ങളുടെ സാന്നിധ്യം തിരിച്ചറിഞ്ഞ ഇന്ത്യൻ സേന ഏത് സാഹചര്യവും നേരിടാൻ തയ്യാറെടുത്ത് നിന്നു. എന്നാൽ പാക് വിമാനങ്ങൾ അതിർത്തി കടന്നില്ല. ഒരു പാക് വിമാനം ഇന്ത്യയുടെ എസ് 400 പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകർത്തുവെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും സർക്കാർ ഇത് സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യൻ ഭാഗത്ത് അമൃത്സറിനടുത്ത് മജീദയിലും രാത്രി നാട്ടുകാർ സ്ഫോടന ശബ്ദം കേട്ടു. പഞ്ചാബ് അതിർത്തിയിൽ കഴിഞ്ഞ രാത്രി വൈദ്യുതി വിച്ഛേദിച്ചതും ആശങ്കയ്ക്ക് ഇടയാക്കി. മജീദയിൽ നിന്ന് ഡ്രോണിൻ്റേതെന്ന് തോന്നുന്ന ചില ഭാഗങ്ങൾ കണ്ടുകിട്ടിയിട്ടുണ്ട്. ഈ സംഭവവികാസങ്ങൾ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം വർദ്ധിപ്പിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. തുടർനടപടികൾ ഉണ്ടാകുമെന്ന സൂചന പ്രധാനമന്ത്രി നൽകിയതായും റിപ്പോർട്ടുകളുണ്ട്.

error: Content is protected !!